മാളയുടെ തക്കിടമുണ്ടൻ താറാവ്...

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 45
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
mala-kaloor
SHARE

വാക്കുകളില്ലാതെ, എഴുത്തുകളില്ലാതെ, പുസ്തകങ്ങളില്ലാതെ ചരിത്രമുണ്ടാകില്ലെന്ന് പറയുന്നതു പോലെയാണ് വിദൂഷകരില്ലാതെ ഹാസ്യരംഗങ്ങളില്ലാതെ പോപ്പുലർ സിനിമകൾ ഉണ്ടാക്കാൻ കഴിയില്ലെന്നാണ് മലയാളത്തിലെ കച്ചവട സിനിമയുടെ സൂത്രധാരനായിരുന്ന ഹിറ്റ് മേക്കർ ശശികുമാർ സർ പറഞ്ഞിട്ടുള്ളത്. ഒരു സൗഹൃദ സംഭാഷണത്തിലാണ് സാർ ഇങ്ങനെ ഒരഭിപ്രായം എന്നോടു പറഞ്ഞത്. ആദ്യകാലത്ത് ഞാൻ രണ്ടു സിനിമകൾ ശശികുമാർ സാറിനു വേണ്ടി െചയ്തിട്ടുണ്ട്. നസീറും മധുവും അഭിനയിച്ച കെ.പി. കൊട്ടാരക്കരയുടെ ‘യുദ്ധവും’ മോഹന്‍ലാലും കാർത്തികയും നായികാനായകന്മാരായ ‘എന്റെ എന്റേതുമാത്രവും’

‘യുദ്ധ’ത്തിന്റെ ഷൂട്ടിങ് മദ്രാസ് മുരുകാലയ സ്റ്റുഡിയോയിൽ നടക്കുമ്പോൾ ലഞ്ച് ബ്രേക്ക് സമയത്താണ് സാർ എന്നോട് ഇങ്ങിനെ ഒരഭിപ്രായം പറഞ്ഞിട്ടുള്ളത്. അതുകേട്ടപ്പോൾ സ്വതസിദ്ധമായി എന്റെ മനസ്സിൽ പെട്ടെന്നു ഒരു മറുപടി കടന്നു വരികയും ചെയ്തു. 

"കോമഡിയല്ലാത്ത എത്ര സീരിയസ്സ് സിനിമകൾ മലയാളത്തിലിറങ്ങുന്നുണ്ട് സാറെ,  അതൊക്കെ വൻ വിജയങ്ങളുമായിരുന്നില്ലേ?" 

ശശികുമാർ സാറിനെ പോലെ സിനിമയിൽ ഒത്തിരി അനുഭവങ്ങളുള്ള ആ വലിയ മനുഷ്യനോട് അങ്ങിനെ കയറി ഒരു മറുചോദ്യം ചോദിക്കരുതായിരുന്നു എന്ന് എന്റെ മനസ്സ് ഉടനെ വിലക്കുകയും ചെയ്തു. 

"അപൂർവം സിനിമകൾ അങ്ങനെ ഉണ്ടായിട്ടുണ്ടാവും.  എന്നാൽ ഭൂരിഭാഗം വിജയചിത്രങ്ങളും അങ്ങനെയുള്ളതല്ല. "

mala-aravindan

അതിന് അദ്ദേഹം എന്റെ മുന്നിൽ ചില ഉദാഹരണങ്ങള്‍ നിരത്തുകയും ചെയ്തു. അതിന്റെ സാരാംശം ഇങ്ങിനെയായിരുന്നു. നസീർ സർ ഏറ്റവും താര മൂല്യമുള്ള നടനായി വിലസുമ്പോഴും കോമഡി വിളമ്പുന്ന അടൂർ ഭാസിയെ കൂടി അദ്ദേഹത്തിന്റെ സന്തത സഹചാരിയായി ഇടണമെന്ന് അന്നത്തെ നിര്‍മാതാക്കളും വിതരണക്കാരുമൊക്കെ നിര്‍ബന്ധം പിടിച്ചിരുന്നത്രേ. അടൂർ ഭാസിയുടെ കോമഡിക്ക് അത്ര വിലയുള്ള സമയമാണത്. ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടി നടന്ന് അഭിനയിച്ചു കൊണ്ടിരുന്ന ഭാസിയേയും കാത്ത്  നസീർ സാർ വരെ പലപ്പോഴും വൈറ്റ് ചെയ്തിട്ടുണ്ട്. അതിൽ ഭാസിയോട് നസീർ സാറിന് ഒരു പിണക്കമോ പരിഭവമോ ഒന്നും തോന്നിയിട്ടുമില്ല. 

സിനിമ അങ്ങനെയാണെന്ന് നസീർ സാറിന് നന്നായിട്ടറിയാം. ആ ഒരു മാർക്കറ്റിന്റെ വലുപ്പത്തിൽ അടൂർ ഭാസി ഒത്തിരി അഹങ്കരിച്ചിട്ടുമുണ്ട്.  ഈ അഹങ്കാരം പല നിർമാതാക്കൾക്കും സംവിധായകർക്കും സഹിക്കാനാകാതെ വന്നപ്പോൾ അന്നത്തെ ഏറ്റവും പ്രശസ്ത സംവിധായകരായ ഹരിഹരൻ, ഐ. വി. ശശി, ശശികുമാർ, എ. ബി. രാജ് തുടങ്ങിയവർ അടൂർഭാസിയെ ഒന്ന് ഒതുക്കുവാൻ വേണ്ടി തങ്ങളുടെ സിനിമയിലൊന്നും അഭിനയിപ്പിക്കരുതെന്ന ഒരു തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അതോടെ അടൂർ ഭാസിക്ക് പടമില്ലാതെ കുറേനാൾ വീട്ടിലിരിക്കേണ്ടതായും വന്നിട്ടുണ്ട്.  

ഓരോ കാലത്തും ഓരോ  കോമഡി നടന്മാർക്ക് പെട്ടെന്ന് മാർക്കറ്റ് ഉണ്ടാവുക സിനിമയിൽ മാത്രം കാണുന്നൊരു കാഴ്ചാശീലമാണ്. ഇതേ പോലെ തന്നെ 1980 കാലത്ത് ഞാൻ സിനിമയിൽ സജീവമായി വരുന്ന സമയത്ത് ഭാസിയെപ്പോലെ തന്നെ മറ്റൊരു ഹാസ്യനടനും കടന്നു വന്നിട്ടുണ്ട്. അടൂർ ഭാസിയുടെ അത്രയും റെയിഞ്ചൊന്നുമില്ലെങ്കിലും ഒരു പ്രത്യേക തരം കോമഡി നമ്പറുകൾ കൊണ്ട് പൊട്ടിച്ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചുള്ള നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട നടനായിരുന്ന മാള അരവിന്ദനായിരുന്നു ആ കക്ഷി. ഈ സമയത്തു തന്നെയാണ് ജഗതി ശ്രീകുമാറും പുതിയൊരു ഹാസ്യ രസായന കൂട്ടുമായി മലയാളി മനസ്സുകളിൽ സ്ഥാനം പിടിക്കാൻ തുടങ്ങിയത്.  ജഗതി സിനിമയിൽ വന്നു കയറിയ അന്നു മുതൽ കാർ ആക്സിഡന്റുണ്ടാകുന്നതു വരെ ഒരേ നിലവാരം പുലർത്തിയിരുന്നു. 

ഞാനും സംവിധായകൻ ജേസിയും കൂടി ചെയ്ത 'താറാവി'ലൂടെയാണ് മാള അരവിന്ദൻ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറുന്നത്.  മധുവും, ശ്രീവിദ്യയും നായികാനായകന്മാരായ  ‘താറാവി’ൽ മന്ദബുദ്ധിയും, ചട്ടുകാലനുമായ ഒരു പ്രത്യേക കഥാപാത്രത്തെയാണ് ഞങ്ങൾ മാളയ്ക്ക് നൽകിയത്. അതിൽ ഒഎൻവി എഴുതി യേശുദാസ് സംഗീതം നൽകിയ ‘തക്കിടി മുണ്ടൻ താറാവേ’ എന്ന ഗാനരംഗത്ത് മാളയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരന്നു. താറാവിന് മുൻപു ഞാൻ കഥ എഴുതി ജേസി സംവിധാനം ചെയ്ത ‘അകലങ്ങളിൽ അഭയ’ത്തിലെ ലൊക്കേഷനിൽ വച്ചാണ് ഞാൻ മാളയെ ആദ്യമായി കാണുന്നത്. 

ഒരു വേഷം ചെയ്യാൻ വരുമ്പോൾ ആ കഥാപാത്രത്തിന്റെ സ്വഭാവവും മാനറിസങ്ങളും എല്ലാം മാള ചോദിച്ചു മനസ്സിലാക്കും.  പിന്നെ ആ കഥാപാത്രത്തിന് തന്നിൽ നിന്നും എന്തൊക്കെ സംഭാവന ചെയ്യാൻ പറ്റുമെന്ന ചിന്തയുമായി നടക്കുന്നതു കാണാം. ‘അകലങ്ങളിൽ അഭയ’ത്തിൽ കോടതിയിൽ കളള സാക്ഷി പറഞ്ഞു നടക്കുന്ന ഒരു രസികൻ കഥാപാത്രമായിരുന്നു.  എന്നാൽ താറാവിന്റെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നത്.  മിക്ക ദിവസങ്ങളിലും രാത്രിയിൽ മാള എന്നെ വിളിക്കും. എന്റെ ഈ രണ്ടു ചിത്രങ്ങളിലും നല്ല കഥാപാത്രം കിട്ടിയതിന്റെ സന്തോഷവും നന്ദിയും ഒക്കെ തമാശയിൽ പൊതിഞ്ഞു പറഞ്ഞു കൊണ്ടിരിക്കും.  പിന്നെ ഏതെങ്കിലും പുതിയ ചിത്രങ്ങൾ വരുമ്പോൾ എന്നെ വിളിച്ചു ചോദിച്ച് എന്റെ അഭിപ്രായം ആരായുകയും ചെയ്യും. 

‘‘ഇപ്പോൾ സെലക്ടീവാകാനൊന്നും നോക്കണ്ട. കിട്ടുന്ന റോളുകൾ ചെറുതായാലും, വലുതായാലും ഭംഗിയായി ചെയ്ത് പ്രേക്ഷക മനസ്സുകളിൽ കയറിക്കൂടാൻ നോക്കുക. "  എന്നുപറഞ്ഞു ഞാൻ മാളയെ പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. 

ആരുടേയും ചിത്രങ്ങളിൽ അഭിനയിക്കരുതെന്നൊന്നും ഞാൻ ഒരിക്കലും മാളയോട് പറഞ്ഞിട്ടില്ല.  അതുപോലെ തന്നെ മാള എന്തെങ്കിലും ആവശ്യത്തിനു എറണാകുളത്തു വന്നാൽ മാതാ ടൂറിസ്റ്റ് ഹോമിൽ വന്ന് എന്നെ കാണാതെ പോവാറില്ല. അവിടെ വന്നിരുന്ന് കോമഡി നമ്പറുകളൊക്കെ പറഞ്ഞ് ചിരിച്ച് മറിഞ്ഞ് സൗഹൃദ പെരുമഴ പെയ്യിച്ചിട്ടേ കക്ഷി മടങ്ങാറുള്ളൂ. മാള എന്നെ വിളിക്കുന്നതിലും ഒരു പ്രത്യേകതയുണ്ട്. എന്റെ പേരൊന്നും വിളിക്കാറില്ല. ‘കലൂ’ എന്നേ വിളിക്കൂ.  മാളയുടെ മരണം വരെ ആ വിളിയാണ് പിന്തുടർന്നു കൊണ്ടിരുന്നത്.  ഞാൻ തിരക്കഥ എഴുതിയിട്ടുള്ള ചക്കരയുമ്മ, സന്ദർഭം, മുഹൂർത്തം 11.30, ഒരു കുടക്കീഴിൽ, ഒന്നിങ്ങു വന്നെങ്കിൽ, കൂട്ടിനിളം കിളി, മിമിക്സ് പരേഡ്, കാസർഗോഡ് കദർഭായ്, അഞ്ചരക്കല്യാണം, ഒറ്റനാണയം, തുടങ്ങിയ ഒത്തിരി ചിത്രങ്ങളിൽ മാളയുടെ സാന്നിധ്യമുണ്ടായിരുന്നു. തിരക്കഥാകാരന്മാരിൽ മാള ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് ഞാൻ എഴുതിയ സിനിമകളിലാണ്. ഡെന്നിസിന്റെ ചിത്രങ്ങളിൽ മാളയില്ലാത്തൊരു കഥയുമില്ലെന്ന് പറഞ്ഞ് എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമൊക്കെ എന്നെ പലപ്പോഴും കളിയാക്കാറുണ്ട്.

ഈ കാലഘട്ടത്തിലാണ് 1985 ൽ വിജയാ മൂവിസുകാർ ചെല്ലപ്പനെന്ന പുതുമുഖ സംവിധായകനെ വച്ച് ഒരു സിനിമ ചെയ്യാനുള്ള ആലോചനയുമായി എന്റടുക്കൽ വരുന്നത്.  അവരുമായി മൂന്നാലു സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്.  പെട്ടെന്നെങ്ങിനെയാണ് ചെല്ലപ്പൻ വിജയാ മൂവീസിൽ കയറിവന്നതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. അപ്പോഴാണറിയുന്നത് കോരച്ചേട്ടന്റെ ചീട്ടിന്റെ ബലത്തിൽ കയറിവന്നതാണ് ചെല്ലപ്പനെന്ന്. ഞാൻ എഴുതിയ ജോഷിയുടെയും പി. ജി. വിശ്വംഭരന്റെയും ചിത്രങ്ങളിൽ അസോസിയേറ്റായി ജോലി നോക്കിയിട്ടുള്ള ആളായതു കൊണ്ട് ചെല്ലപ്പനെ എനിക്കും ഇഷ്ടമായിരുന്നു. 

അന്ന് വിജയാ മൂവിസിന്റെ എല്ലാ ചിത്രങ്ങളിലും മമ്മൂട്ടിയാണ് നായകന്‍. ഈ ചിത്രത്തിലും മമ്മൂട്ടിയെയാണ് അവർ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ മാളയ്ക്കും ഒരു നല്ല വേഷം കൊടുക്കണമെന്ന് എനിക്ക് തോന്നി. അതിനു പറ്റിയൊരു കഥയുണ്ടാക്കാൻ ഞാൻ എന്റെ സുഹൃത്തും അസിസ്റ്റന്റുമായ എ. ആർ. മുകേഷിനോട് പറഞ്ഞു. കഥ ഉണ്ടാക്കാനൊന്നും അവന് അധികം സമയമൊന്നും വേണ്ട. അവന്റെ കയ്യിൽ എപ്പോഴും ഒന്നു രണ്ടു കഥകൾ സ്റ്റോക്കുണ്ടാകും. അപ്പോഴാണ് എന്റെ മനസ്സിൽ പുതിയൊരു ആശയം ഉടലെടുത്തത്. മാള അരവിന്ദനെക്കൊണ്ട് ഒരു ഡബിൾ റോൾ ചെയ്യിച്ചാലോ? മാളയ്ക്ക് നല്ല മാർക്കറ്റുള്ള സമയവുമാണല്ലോ. 

അങ്ങിനെയാണ് ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ചിത്രത്തിൽ മാള ഡബിൾ റോളിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയാണ് നായകനെങ്കിലും മാളയുടെ ചാക്കുണ്ണിയും ചീക്കുണ്ണിയുമെന്ന ഡബിൾ റോൾ തൃശൂർകാരന്റെ വേഷം കോമഡി നമ്പറുകൾ കൊണ്ട് കളം നിറഞ്ഞാടുകയായിരുന്നു. ചിത്രം സാമ്പത്തിക വിജയം കൂടിയായപ്പോൾ മാളയുടെ മാർക്കറ്റ് വീണ്ടും കൂടി. പിന്നെ കുറേക്കാലം മലയാള സിനിമയിൽ മാളയില്ലാത്ത ചിത്രങ്ങൾ കുറവായിരുന്നു എന്നു വേണം പറയാൻ. ചെല്ലപ്പൻ ചെയ്ത വിജയാ മൂവീസിന്റെ അടുത്ത ചിത്രമായ ‘അതിനുമപ്പുറ'ത്തിലും മമ്മൂട്ടിയോടൊപ്പം തന്നെ മാളയ്ക്കും നല്ലൊരു വേഷമാണ് കൊടുത്തത്. നീഗ്രോ വാസു എന്നു വിളിച്ചിരുന്ന പുതിയൊരു കഥാപാത്രമായിരുന്നത്.  മാള തന്റെ പുതിയ മാനറിസങ്ങൾ കൊണ്ട് അതിലും ചിരിയുടെ പൂത്തിരി കത്തിക്കുകയായിരുന്നു. 

മൂന്നാലു വർഷക്കാലം മാളയുടെ തേരോട്ടമായിരുന്നു. പിന്നീട് പുതിയ കൊമേഡിയന്മാരായ ഹരിശ്രീ അശോകനും സലിം കുമാറുമൊക്കെ കടന്നു വന്നതോടെയാണ് മാളയുടെ പ്രതാപകാലത്തിനു അല്പം മങ്ങലേൽക്കാൻ തുടങ്ങിയത്.  എന്നാൽ  കാലത്തിനനുസരിച്ചുള്ള മാറ്റം മനസ്സിലാക്കി മാള ഉടനെ തന്നെ കളം മാറ്റി ചവിട്ടാൻ തുടങ്ങി.  ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടി’ യിലൂടെ ക്യാരക്ടർ റോളുകളിലേക്കും  കടക്കുകയായിരുന്നു മാല. ആ ചിത്രത്തിലെ അൽപം പ്രായമായ കഥാപാത്രം മിതത്വമായ അഭിനയശൈലി  കൊണ്ട് ജനശ്രദ്ധ നേടിയെടുക്കാനും മാളയ്ക്കു കഴിഞ്ഞു. അതേ പോലെ തന്നെ ഞാൻ എഴുതിയ ‘ഒറ്റനാണയം’ എന്ന ചിത്രത്തിലും ഒരു വൃദ്ധ കഥാപാത്രമാണ് മാള അവതരിപ്പിച്ചത്.  ഏതു കഥാപാത്രമായും രൂപാന്തരം പ്രാപിക്കാനുള്ള മാളയുടെ കഴിവ് ഒന്നു വേറെയാണ്.   

ഞങ്ങളുടെ സൗഹൃദം സ്വച്ഛന്ദമായി ഒഴുകുന്ന ഒരു നീർച്ചാലു പോലെയായിരുന്നെങ്കിലും ചെറുതായിട്ടൊരു പിണക്കത്തിന്റെ തിരയിളകാവും ഞങ്ങളില്‍ അറിയാതെ കടന്നു വന്നിട്ടുണ്ട്. 

എന്റെ മകൻ ഡിനു ഡെന്നിസ് നായകനായിട്ടഭിനയിച്ച ‘ഒറ്റനാണയം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ആ ചെറുപിണക്കമുണ്ടായത്. 2003 കാലഘട്ടമായപ്പോൾ മാളയ്ക്ക് ശാരീരികമായ അസ്വസ്ഥതകളും അതിലൂടെയുണ്ടായ അസുഖങ്ങളുമൊക്കെയായപ്പോൾ സ്വാഭാവികമായും എല്ലാവർക്കും ഉണ്ടാകുന്ന അലസതകളും വിരസതകളുമൊക്കെ മാളയിലും കടന്നു കൂടാൻ തുടങ്ങിയിരുന്നു. ഒരു ദിവസം മാള ഒറ്റനാണയത്തിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു.  ക്ലൈമാക്സ് സീൻ ആണ് എടുത്തുകൊണ്ടിരുന്നത്. വൈകുന്നേരത്തിനു മുൻപ് ആ സീൻ എടുത്തു തീർക്കുകയും വേണം. 

ഉച്ചക്ക് ബ്രെയ്ക്ക് ടൈമിൽ മാള സംവിധായകൻ സുരേഷ് കണ്ണനോട് വൈകുന്നേരം നാലു മണിക്ക് തനിക്ക് വീട്ടിൽ പോകണമെന്ന്  പറഞ്ഞു. അത് കേട്ടപ്പോൾ സുരേഷ് വല്ലാതെയായി. ക്ലൈമാക്സ് എടുത്തു തീർത്തില്ലെങ്കിൽ പിന്നെ സലിം കുമാറിനെ കിട്ടില്ല. സുരേഷ് എല്ലാ കാര്യങ്ങളും മാളയോട് പറഞ്ഞെങ്കിലും കക്ഷി പോകണമെന്ന് നിർബന്ധം പിടിച്ചു നിന്നു. അപ്പോൾ സുരേഷ് കണ്ണൻ എന്റെടുത്തു വന്നു പറഞ്ഞു. 

mala-23

‘‘ഡെന്നിച്ചായാ മാളയ്ക്ക് നാലുമണിക്ക് പോകണമെന്നാണ് പറയുന്നത്. ഈ സീൻ തീർക്കാതെ നാളെ ബാക്കി എടുക്കാമെന്നു വച്ചാൽ പിന്നെ സലിംകുമാറിനെ കിട്ടില്ല.  മാളച്ചേട്ടനോട് വൈകിട്ട് വരെ നിന്ന് ക്ലൈമാക്സ് തീർത്തിട്ട് പോകാമെന്നു ഡെന്നിസിച്ചായൻ ഒന്നു പറയണം. ഡെന്നിസിച്ചായൻ പറഞ്ഞാൽ മാളചേട്ടൻ കേൾക്കാതിരിക്കില്ല".  

അതുകേട്ടപ്പോൾ ഞാൻ ഉടനെ തന്നെ മാളയുടെ അടുത്തേക്ക് ചെന്നു കാര്യം തിരക്കി. മാളയ്ക്ക് വീട്ടിൽ പോയിട്ട് എന്തോ അത്യാവശ്യ കാര്യമുണ്ടത്രേ ! പോകാതിരിക്കാന്‍ പറ്റില്ല. എനിക്ക് അതു േകട്ടപ്പോൾ അത്ര രസിച്ചില്ല. ഈ കഥാപാത്രത്തിന് വേണ്ടി നിർമാതാവും സംവിധായകനും മറ്റൊരു നടനെയാണ് പറഞ്ഞിരുന്നത്. ഞാനാണ് മാളയെ കൊണ്ടു ചെയ്യിച്ചാൽ നന്നായിരിക്കുമെന്ന് പറഞ്ഞ് ഇതിലേക്ക് കാസ്റ്റ് ചെയ്തത്. മാള ആ റോൾ നന്നായിട്ടു ചെയ്യുന്നുമുണ്ട്. മാള വീണ്ടും നേരത്തെ പോകണമെന്നു നിർബന്ധം പിടിച്ചപ്പോൾ എനിക്ക് അൽപം മുഖം കറുത്തു സംസാരിക്കേണ്ടി വന്നു. ഇത്രയും കാലത്തിനിടയിൽ ഞങ്ങൾക്കിടയിൽ ഉണ്ടാകുന്ന ആദ്യ സംഭവമാണ്. 

ലൊക്കേഷനിൽ നിശ്ശബ്ദത പരന്നു. എല്ലാവരും എന്നേയും മാളയേയും മാറി മാറി നോക്കുകയാണ്. ഞാൻ ഉടനെ തന്നെ കാറിൽ കയറി വീട്ടിലേക്ക് പോവുകയും ചെയ്തു. മാള ഞാൻ പോകുന്നത് കണ്ട വൈമനസ്യത്തോടെയാണെങ്കിലും ആ സീൻ  അഭിനയിച്ചു തീർത്തിട്ടാണ് പോയത്. രണ്ടു ദിവസത്തേക്ക് ഞാൻ പിന്നെ ലോക്കേഷനിലേക്കു പോയതുമില്ല. മൂന്നാം ദിവസം രാത്രിയായപ്പോൾ മാളയുടെ ഫോൺ വന്നു.  ഞാൻ ഫോണെടുത്തപ്പോൾ മാള ഇങ്ങനെയൊരു സംഭവം ഉണ്ടായതായി ഭവിക്കാതെ പഴയ സൗഹൃദപെരുമഴയോടെയാണ് സംസാരിച്ചത്. 

"കലൂ, എന്നോട് പിണങ്ങിയിരിക്കുകയാണോ. അന്ന് ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.  അതൊന്നും ഞാൻ ഇപ്പോൾ പറയുന്നില്ല. എനിക്കിത്രയും അവസരങ്ങൾ തന്ന് സഹായിച്ചിട്ടുള്ള കലുവിനു വിഷമമുണ്ടായെങ്കിൽ സോറി.  നമുക്ക് അങ്ങനെ പിണങ്ങിയിരിക്കാനാവില്ലല്ലോ, നാളെ രാവിലെ കലൂ ലൊക്കേഷനിൽ വരണം. " 

പിറ്റേന്ന് രാവിലെ മാള ലൊക്കേഷനിൽ നേരത്തെ തന്നെ വന്നു. ഞാൻ ചെല്ലാൻ വൈകുന്നതു കണ്ടപ്പോൾ എന്റെ പിണക്കം മാറിയിട്ടില്ലെന്നായിരുന്നു മാള കരുതിയത്.  മാളയോടുള്ള പിണക്കം എന്റെ മനസ്സിൽ നിന്നും ഞാൻ അപ്പോഴേ എടുത്തു കളഞ്ഞിരുന്നു. ആ സൗഹൃദം മാളയുടെ മരണം വരെ തുടരുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമാണെങ്കിലും സൗഹൃദങ്ങളിൽ നിന്നുണ്ടാകുന്ന ബന്ധങ്ങൾ മരിക്കുന്നതാണ് ഏറ്റവും വലിയ നഷ്ടം. ചില സൗഹൃദങ്ങൾ നമുക്ക് അങ്ങനെ മുറിച്ചു കളയാനാകില്ലല്ലോ.  സൗഹൃദത്തേക്കാൾ വലിയൊരു ബലം വേറെ എന്താണുള്ളത്.  

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA