ഇക്കാര്യം ഇനി ഞാന്‍ പൃഥ്വിരാജിനോട് പറയണോ: മേജര്‍ രവിയോട് അല്‍ഫോൻസ് പുത്രന്‍

puthren-major-ravi
SHARE

പിക്കറ്റ് 43 പോലെയൊരു ചിത്രം ഒന്നുകൂടി ചെയ്തുകൂടെ എന്നു മേജർ രവിയോട് സംവിധായകൻ അൽഫോൻസ് പുത്രൻ. അത്തരമൊരു ചിത്രം ചെയ്യാൻ താൻ ഇനി പൃഥ്വിരാജിനോട് പറയണോ എന്നും അൽഫോൻസ് പുത്രൻ ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അൽഫോൻസ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അൽഫോൻസ് പുത്രന് മറുപടി കമന്റുമായി ഉടൻ തന്നെ മേജർ രവിയുമെത്തി. പിക്കറ്റ് 43 ഞാനും ഹൃദയത്തിൽ ചേർത്തുവച്ച സിനിമയാണെന്നും അത്തരമൊരു സിനിമയുമായി ഉടനെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘‘മേജർ രവി സാർ.. ദയവായി പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യൂ. ഈ ചിത്രം കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. യുദ്ധത്തെക്കുറിച്ചുള്ള സിനിമയാണ് പിക്കറ്റ് 43 എന്നാണു ഞാൻ കരുതിയത്, പക്ഷേ ചിത്രം കണ്ടു തുടങ്ങിയപ്പോൾ ആ ധാരണയെല്ലാം മാറി. താങ്കളെപ്പോലെ ധീരനായ ഒരു ഓഫിസറിൽനിന്ന് പട്ടാളക്കാരെക്കുറിച്ച് വളരെ വ്യത്യസ്തമായൊരു ഉൾക്കാഴ്ചയാണ് ചിത്രം തന്നത്. അത്തരമൊരു ചിത്രം വീണ്ടും ചെയ്യാൻ ഞാനിനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ. ഹൃദയസ്പർശിയായ വളരെ നല്ലൊരു സിനിമയായിരുന്നു അത്. ഞാൻ വെറുതെ വിഡ്ഢിത്തം പറയുകയല്ലെന്ന് ഈ പോസ്റ്റിനു കിട്ടുന്ന ലൈക്കുകളിൽനിന്ന് താങ്കൾക്ക് മനസിലാകും’’. അൽഫോൻസ് പുത്രൻ കുറിച്ചു.

‘‘പ്രിയ സഹോദരാ, പിക്കറ്റ് 43 എനിക്കുമൊരു അദ്ഭുതമായിരുന്നു. അതെന്റെ ഹൃദയമായിരുന്നു. കഴിഞ്ഞ 4 വർഷമായി ഞാൻ അത്തരത്തിലുള്ള ഒരു കാര്യത്തിനു പിന്നാലെയാണ്. ഞാനത് ഉടൻ തന്നെ വെളിപ്പെടുത്തും. നിങ്ങൾക്കും അത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അത്തരമൊരു പ്രഖ്യാപനവുമായി മാത്രമേ ഞാൻ മടങ്ങിവരൂ. ലവ് യു ബ്രോ, ഉടൻ തന്നെ നമുക്ക് നേരിൽ കാണാം. ജയ്ഹിന്ദ്.’’– മേജർ രവി മറുപടിയായി പറഞ്ഞു.

മേജര്‍ രവി സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ പിക്കറ്റ് 43യിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. മേജർ രവിയുടെ സ്ഥിരം യുദ്ധസിനിമകളിൽനിന്ന് വ്യത്യസ്തമായി സൈനികരുടെ ജീവിതത്തിന്റെ വൈകാരിക തലങ്ങൾ കൂടി കാണിച്ച പിക്കറ്റ് 43 ഏറെ ചർച്ചയായിരുന്നു. ഇന്ത്യയിലെ വിവിധ സേനകളിലേക്ക് സൈനികരെ തിരഞ്ഞെടുക്കുന്ന അഗ്നിപഥ് എന്ന പുതിയ പദ്ധതി ചർച്ചാവിഷയമാകുന്ന അവസരത്തിലാണ് ഇത്തരമൊരു പോസ്റ്റുമായി അൽഫോൻസ് പുത്രൻ രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS