ADVERTISEMENT

തിരുവമ്പാടി മേഖലയെപ്പറ്റിയുള്ള ധ്യാന്‍ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ എംഎല്‍എ ലിന്റോ ജോസഫ്. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താന്‍ തയാറാകണമെന്നും ലിന്റോ ജോസഫ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

ലിന്റോ ജോസഫിന്റെ വാക്കുകൾ: ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി..!

പ്രിയപ്പെട്ട ധ്യാൻ ശ്രീനിവാസൻ അറിയുന്നതിന്. താങ്കൾ ഒരു അഭിമുഖത്തിൽ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കാണാനിടയായി. ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമർശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്രയേറേ സ്‌നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യർ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സാഹോദര്യത്തിന് കേൾവി കേട്ട, അത്യുന്നതമായ സാംസ്കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സർവാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.

ഒരു മലയോര മേഖലയിൽ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പിൽനിന്ന്, ഒന്നായി ചേർന്ന് ഈ നാടിനെ കൈ പിടിച്ചുയർത്തിയവരാണ് തിരുവമ്പാടിക്കാർ.! താങ്കളുടെ ഫിലിം ഷൂട്ടിനിടയിൽ താങ്കൾ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവൻ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നൽകി വികസനത്തെ ഹൃദയത്തിൽ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാർ..!അതിമനോഹരമായ ഈ പാത നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

താങ്കളുടെ ഫിലിം ഷൂട്ടിങ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണൽ പാതയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്. ബെംഗളൂരു-കൊച്ചി ഇടനാഴിയെ എറ്റവും കൂടുതൽ സഹായിക്കുന്നത് ഈ പാതയായിരിക്കും. ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി -മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാൻ പോവുകയാണ്. പ്രവൃത്തികൾ പൂർത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തിൽ അഭ്യർഥിക്കുന്നു.

ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്. സ്‌കൂൾ കെട്ടിടങ്ങൾ പുതിയകാല നിർമാണത്തിന്റെ രൂപഭംഗി ഉൾക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു..
താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനായ പുല്ലുരാംപാറയിൽ മലബാർ സ്‌പോർട്‌സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്. ദേശീയ, രാജ്യാന്തര കായിക ഇനങ്ങളിൽ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്.

സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പർ താരം തിരുവമ്പാടിയിലെ കോസ്‌മോസിന്റെ പ്രിയപ്പെട്ട കളിക്കാരൻ നൗഫലാണ്. ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവൽ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഈ വർഷത്തെ ചാംപ്യൻഷിപ്പ് അടുത്ത മാസം ആരംഭിക്കും.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ 'എന്ന് നിന്റെ മൊയ്‌തീൻ' എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുൽത്താൻ ബി.പി. മൊയ്‌തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ, കേരളത്തിലെ മികച്ച മൂന്ന് ഫിലിം തിയറ്ററുകളെടുത്താൽ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്. മുക്കത്ത്.!

ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങള്‍ ഈ അബദ്ധം പറഞ്ഞിട്ടുണ്ടാവുക.എന്നാൽ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറൻതോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുൾപ്പെടുന്ന ഗിരിശ്രേഷ്ഠൻമാർ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങൾക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്.

താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവർത്തകർക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാൻ താത്പര്യമുണ്ട്. താങ്കൾ താങ്കളുടെ പ്രസ്താവന തിരുത്താൻ തയാറാകണം. ഒരിക്കൽ കൂടി പറയുന്നു..തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല..അഭിമാനമാണ് തിരുവമ്പാടി..!

ലിന്റോ ജോസഫ്

എംഎൽഎ, തിരുവമ്പാടി

പ്രകാശൻ പറക്കട്ടെ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ നൽകിയ അഭിമുഖത്തിനിടയിലെ പ്രസ്താവനയാണ് വിവാദമായത്. ദിലീഷ് പോത്തൻ, അജു വർഗീസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ സിനിമയുടെ തിരക്കഥ നിർവഹിച്ചതും ധ്യാൻ തന്നെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com