സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷമാക്കി മമ്മൂട്ടിയും മോഹന്‍ലാലും. അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിനിടെയാണ് അമ്മ അംഗങ്ങൾ തയാറാക്കിയ കേക്ക് മുറിച്ച് സുരേഷ് ഗോപി തന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കുടുംബസമേതമായിരുന്നു താരം എറണാകുളത്തെ അമ്മ ഓഫിസിൽ എത്തിയത്.
ഏറെ ശ്രദ്ധിക്കപ്പെട്ടത് താരരാജാക്കന്മാരുടെ ഒത്തു ചേരലാണ്. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹൻലാലിനെയും മമ്മൂട്ടിയെയും വിഡിയോകളിൽ കാണാനാകും. വർഷങ്ങൾക്ക് ശേഷം പിണക്കങ്ങളും പരിഭവങ്ങളും എല്ലാം മറന്ന് അമ്മയിലേയ്‌ക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിക്ക് സംഘടന നൽകിയ വരവേൽപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജോഷി സംവിധാനം ചെയ്യുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. ജയരാജ് സംവിധാനം ചെയ്യുന്ന ഹൈവേ 2 എന്ന ചിത്രവും കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടിരുന്നു.