ADVERTISEMENT

സിനിമാതാര സംഘടനയായ അമ്മയുടെ അച്ചടക്ക സമിതി അയച്ച കുറ്റപത്രം കൊറിയറിൽ ലഭിച്ചുവെന്ന് ഷമ്മി തിലകൻ. അതിന്റെ ഉള്ളടക്കത്തെപ്പറ്റി ഇപ്പോൾ പറയുന്നില്ല, തന്റെ വക്കീലുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. ജൂലൈ രണ്ടിനു മറുപടി കൊടുക്കേണ്ട നോട്ടിസ് ഇന്നാണു കിട്ടുന്നത്, അതിനു നാലുദിവസം കൊണ്ട് മറുപടി കൊടുക്കുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ലെന്നും ഷമ്മി തിലകൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.

‘‘കുറ്റപത്രം തയാറാക്കിയിരിക്കുന്നത് ഒരു വക്കീൽ ആണെന്നു ഞാൻ കരുതുന്നു. കാരണം ഇതിലുള്ള ഭാഷയൊന്നും അമ്മയിലെ അംഗങ്ങൾക്ക് വഴങ്ങുന്നതല്ല. ഇതൊരു വക്കീലിന്റെ ഭാഷയാണ്. അതിലുള്ള ഒരുകാര്യം മാത്രം ഞാൻ പറയാം. ‘അഡ്വക്കേറ്റ് ശ്രീകുമാർ സംസാരിക്കുന്ന യോഗത്തിൽ ഞാൻ ബഹളമുണ്ടാക്കി’ എന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. അഡ്വക്കറ്റ് ശ്രീകുമാർ അമ്മയുടെ ലീഗൽ അഡ്വൈസർ ആണ്. ശരിക്കും ഞാൻ ബഹളമുണ്ടാക്കിയതല്ല. ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെയായപ്പോൾ ഉത്തരം മുട്ടിയതാണ്. ചോദ്യോത്തര വേളയിൽ എനിക്ക് അനുവദിച്ച സമയത്താണ് ഞാൻ സംസാരിച്ചത്. ആ സമയത്ത് എന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നതു കണ്ടു.

എന്റെ ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം തരാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത്. നിയമവിരുദ്ധത വക്കീൽ കാണിച്ചാലും നിയമവിരുദ്ധതയാണ്. ഒരൊറ്റ ചോദ്യം ഞാൻ ആ വക്കീലിനോടു ചോദിക്കുകയാണ്, അമ്മ അസോസിയേഷനു വേണ്ടി അദ്ദേഹം വാദിച്ച ഒരു കേസെങ്കിലും വിജയിച്ചിട്ടുണ്ടോ? ഫീസിനത്തിൽ എത്ര ലക്ഷം രൂപയാണ് അദ്ദേഹം അമ്മയിൽനിന്നു കൈപ്പറ്റിയിരിക്കുന്നത്? കാശുണ്ടാക്കാൻവേണ്ടി സംഘടനയെ ഇങ്ങനെ ഉപയോഗപ്പെടുത്തുന്നതിന് എത്തിക്സ് ഇല്ലായ്മ എന്നാണ് പറയുന്നത് അതൊരു അഡ്വക്കറ്റിന് യോജിച്ചതല്ല.

അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാനുള്ള അറിയിപ്പ് ഇത്തവണ എനിക്കു കിട്ടിയിട്ടില്ല. അറിയിപ്പു കിട്ടാതെ, അജൻഡ അറിയാതെ മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. അവിടെപ്പോയി എന്റെ കാര്യം എനിക്കു പറയാൻ സാധിക്കണ്ടേ. ഈ അച്ചടക്ക സമിതിക്കെതിരെ ഞാൻ പരാതി കൊടുത്തിട്ടുള്ളതാണ്. ധാർമികമായി ഒരു കാരണവശാലും നിലനിൽക്കത്തക്ക അച്ചടക്ക സമിതിയല്ല ഇത്. മീ ടൂ ആരോപണമുള്ള വ്യക്തിയാണ് അതിന്റെ പ്രിസൈഡിങ് ഓഫിസർ. അദ്ദേഹത്തിനു മുന്നിൽ നേരിൽ ഹാജരായി മറുപടി പറയേണ്ട തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. ‘‘എനിക്കെതിരെയുള്ള ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാൻ രൂപീകരിക്കപ്പെട്ട അച്ചടക്കസമിതി ധാർമികത, സദാചാരമൂല്യം എന്നിവയുടെ അടിസ്ഥാനത്തിലോ നിയമവശാലോ കാര്യവശാലോ നിലനിൽക്കത്തക്കതല്ല’’– ഇത് ഞാൻ അമ്മയുടെ ബഹുമാനപ്പെട്ട പ്രസിഡന്റിനു കൊടുത്തിട്ടുള്ള പരാതിയിലെ വാചകമാണ്.

ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ട് ‘‘ആകയാൽ മുൻവിധിയോടുകൂടി എനിക്കെതിരെയുള്ള ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാൻ നിയമവിധേയമല്ലാത്ത രീതിയിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്ത മേൽപ്പടി അച്ചടക്ക സമിതിയെ പിരിച്ചുവിടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു, വിശ്വസ്തതയോടെ ഷമ്മി തിലകൻ’’ എന്നു പറഞ്ഞാണ് ഞാൻ പരാതി അവസാനിപ്പിക്കുന്നത്. എന്റെ പരാതിക്കു തീരുമാനം ഉണ്ടാക്കാതെ ഈ കുറ്റപത്രം അയച്ചതിലെ സാംഗത്യം എനിക്കു മനസ്സിലാകുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് എനിക്കു കുറ്റപത്രം അയച്ചിരിക്കുന്നത്. എന്റെ പരാതിയിൽ പ്രസിഡന്റ് ആദ്യം തീരുമാനം എടുക്കട്ടെ. എനിക്ക് ഈ കുറ്റപത്രം കിട്ടിയത് ഇന്നാണ്, ജൂലൈ രണ്ടാം തീയതിയാണ് കുറ്റപത്രത്തിനു മറുപടി കൊടുക്കാൻ പറഞ്ഞിരിക്കുന്നത്. എനിക്ക് അന്നേദിവസം ഷൂട്ടിങ്ങുണ്ട്. ഞാൻ എങ്ങനെയാണു പോകുന്നത്? മുൻവിധിയോടെ എന്നെ പുറത്താക്കണമെന്ന തരത്തിലാണ് ഇവരുടെ മുഴുവൻ പ്രവർത്തനങ്ങളും. അവർ വാർത്താസമ്മേളനത്തിൽ പറയുന്നതൊന്നുമല്ല കുറ്റപത്രത്തിൽ പറയുന്നത്. അതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പറയുന്നതാണ്.

ഒരു സംഘടന അതിൽ അംഗമായവരുടെ നല്ല കാര്യങ്ങൾക്കു വേണ്ടി മനുഷ്യത്വവും മാനവികതയും മുറുകെപ്പിടിച്ചു വേണം പ്രവർത്തിക്കാൻ. ഞാൻ ഭയത്തിലാണു ജീവിക്കുന്നത്, ഏതു സമയത്താണ് എന്നെ ഇവരിൽ ചിലർ അപായപ്പെടുത്തുകയെന്നു പറയാൻ കഴിയില്ല. ഏതോ ഒരാളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് മുൻപ് ഒരംഗം എന്നോടു പറഞ്ഞത് ഞാൻ കേട്ടതാണ്. അതോർക്കുമ്പോൾ എനിക്കും പേടിയുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയുടെ ആളുകളാണ് പലരും. അതുകൊണ്ടാണ് മാഫിയ എന്നൊക്കെ പറഞ്ഞുപോകുന്നത്. ജീവിതം ഒന്നേ ഉള്ളൂ, അത് ആരെയും പേടിക്കാതെ ജീവിക്കാൻ കഴിയണം.

ഒരു പൗരനു വളരെയധികം സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഒരു പൗരൻ എന്ന നിലയിൽ എനിക്ക് എന്റേതായ അവകാശമുണ്ട്. എനിക്കിവിടെ ജീവിക്കണം. ഞാൻ തെറ്റ് ചെയ്തിട്ടില്ല. എന്നെ പുറത്താക്കാൻ വേണ്ടിയുള്ള എന്ത് ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്? ഞാൻ അവിടെച്ചെന്നു മറുപടി കൊടുത്തില്ല എന്നാണു പറയുന്നത്. ഇതൊക്കെ വിഡിയോ കോൺഫറൻസിൽ ആകാമല്ലോ. ലോകത്തിലെ ഏറ്റവും സൗകര്യമുള്ള വിഡിയോ കോൺഫറൻസ് സംവിധാനമാണ് അവിടെയുള്ളത്. പ്രസിഡന്റ് അടക്കം കമ്മറ്റി കൂടുന്നതിന് അത് ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ജോലിക്കു പോകുന്ന എനിക്കും വിഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിച്ച് മറുപടി കൊടുക്കാമല്ലോ. എല്ലാവരെയും ഒരുപോലെ കണ്ട് ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ കാര്യങ്ങൾ തീർപ്പാക്കുമ്പോഴല്ലേ കാര്യങ്ങൾ ജനാധിപത്യപരമാകൂ. തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് പൂർണബോധ്യമുണ്ട് അതുകൊണ്ട് എന്റെ നിലനിൽപിനു വേണ്ടി സത്യത്തെ മുറുകെപ്പിടിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.’’– ഷമ്മി തിലകൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com