താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. താരസംഘടന ക്ലബ്ബ് ആണെന്ന സെക്രട്ടറിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അമ്മ ക്ലബ്ബ് ആണെങ്കിൽ താൻ രാജിവയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
‘‘സാധാരണ ക്ലബ്ബുകളിൽ കാണുന്നതുപോലെ ചീട്ടുകളിക്കുന്നതിനുളള സൗകര്യമോ ബാറിലുള്ള സൗകര്യമോ അമ്മയിൽ ഒരുക്കിയിട്ടുണ്ടോ എന്ന ആശങ്ക ഉണ്ടായി. ‘അമ്മ’ ഒരു ക്ലബ്ബല്ല. എന്റെ അറിവിൽ അതൊരു ചാരിറ്റബിള്‍ സംഘടനയാണ്. അതിലെന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് സെക്രട്ടറി ഇടവേള ബാബുവും പ്രസിഡന്റ് മോഹൻലാലും മറുപടി തരണം.’’–ഗണേഷ് കുമാർ പറഞ്ഞു.
വിജയ് ബാബു കേസിൽ അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ദിലീപ് രാജിവച്ചതു പോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടന്‍ ഷമ്മി തിലകനെതിരേയുള്ള നടപടിയിലും ഗണേഷ് കുമാര്‍ പ്രതിഷേധിച്ചു.
അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ വിഷയത്തില്‍ അമ്മ മറുപടി നല്‍കണം. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ആരോപണ വിധേയന്‍ നിരവധി ക്ലബുകളില്‍ അംഗമാണെന്ന് അമ്മ പറയുന്നത് ആര്‍ക്ക് വേണ്ടിയാണ്. ക്ലബ്ബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ക്ലബ് അല്ല. ഇടവേള ബാബു മാപ്പ് പറയണം. അങ്ങനെയൊരു ക്ലബ്ബിൽ അംഗമായിരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.