സിമിയുടേയും ബേബി മോളുടെയും അമ്മ; അംബിക റാവു എന്ന ഓൾ റൗണ്ടർ

ambika-rao
കുമ്പളങ്ങി നൈറ്റ്സ് സിനിമയിൽ ഫഹദ് ഫാസിലിനും ഗ്രേസ് ആന്റണിക്കുമൊപ്പം
SHARE

20 വർഷത്തോളം മലയാള സിനിമയില്‍ സഹസംവിധായകയായും അഭിനേത്രിയായും പ്രവർത്തിച്ച അംബിക റാവു, ദ് കോച്ച് എന്ന അപരനാമത്തിലാണു സെറ്റുകളിൽ അറിയപ്പെടുന്നത്. അന്യഭാഷാ നടിമാർക്ക് മലയാളം ഡയലോഗുകൾക്കു ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുക്കയാണു പ്രധാന ഉദ്യമം. മലയാളസിനിമയുടെ പിന്നണിയില്‍ കണ്ടുതുടങ്ങിയ ആദ്യകാല പെണ്മുഖങ്ങളില്‍ ഒന്നായിരുന്നു അംബികയുടേത്.

2002 ല്‍ ബാലചന്ദ്രമേനോന്‍റെ സഹസംവിധായികയായി തുടക്കം. പിന്നീടിങ്ങോട്ട്‌ മിക്ക സംവിധായകരുടേയും കൂടെ അസിസ്റ്റന്‍റായും അസോഷ്യേറ്റായും കുറേക്കാലം. അതോടൊപ്പം പല സിനിമകളിലും ശ്രദ്ധിക്കപ്പെട്ട ചില ചെറുവേഷങ്ങള്‍. പിന്നീട് ശാരീരിക പ്രശ്നങ്ങൾ മൂലം ഒരു ബ്രേക്ക്. അതിനിടെ കുമ്പളങ്ങി നൈറ്റ്സില്‍ സിമിയുടേയും ബേബി മോളുടെയും അമ്മയായി തിരിച്ചുവരവ്. ആ തിരിച്ചുവരവ് ഗംഭീരമായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അംബികയെ വീണ്ടും തളർത്തി.

കുമ്പളങ്ങി നൈറ്റ്സിലെ തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോൾ അന്ന് അംബികയുടെ മറുപടി ഇങ്ങനെ: ‘‘ഞാന്‍ ഒട്ടും പ്ലാന്‍ ചെയ്ത് സിനിമയിലേക്കു വന്നയാളല്ല. വേറെ പല മേഖലയിലും ജോലി ചെയ്ത് വളരെ താമസിച്ചാണ് സിനിമയില്‍ എത്തുന്നതെന്ന് പറയാം. കുറേക്കാലം സിനിമയില്‍ നിന്നു. പിന്നീട് പല കാരണങ്ങളാല്‍ വിട്ടു നില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്സിലൂടെ തിരിച്ചുവന്നു. എനിക്ക് സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ അറിയാവുന്ന ടീമാണ്. അവര്‍ക്ക് ആരെ വേണമെങ്കിലും വിളിച്ച് ആ റോള്‍ കൊടുക്കാവുന്നതേയുള്ളൂ. ഞാന്‍ അത്ര വലിയ അഭിനേത്രിയൊന്നുമല്ലല്ലോ. സൗഹൃദത്തിന്റെ പുറത്ത് എന്നെ വിളിച്ചതാവും. പഴയ ആളുകള്‍ പലരും സിനിമ കണ്ടിട്ട് വിളിച്ചു. സ്ക്രീനില്‍ വീണ്ടും കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നു പറഞ്ഞു. സിനിമ സൗഹൃദത്തിന്‍റെ ഒരിടമാണല്ലോ. സന്തോഷം.’’

37 ാം വയസ്സിൽ സിനിമയിലേക്ക്

2002 ല്‍‌ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത‘ കൃഷ്ണാ ഗോപാലകൃഷ്ണാ’ ആണ് ആദ്യമായി അസിസ്റ്റ് ചെയ്ത സിനിമ. മുപ്പത്തിയേഴാം വയസ്സിലാണ് അംബിക സിനിമയിലെത്തുന്നത്. കൈരളി ടിവിയില്‍ മോഹന്‍ കുപ്ലേരി സംവിധാനം ചെയ്ത യാത്ര എന്ന സീരിയലില്‍ അംബിക പ്രവർത്തിച്ചിരുന്നു. അങ്ങനെയാണ് ഷൂട്ടിങ് കണ്ടു പരിചയിക്കുന്നത്. ആ ഇഷ്ടം സിനിമയിലേക്കെത്തി. അന്ന് തിരുവനന്തപുരത്തായിരുന്നു താമസം. അങ്ങനെ ബാലചന്ദ്ര മേനോനെ ചെന്നുകണ്ടു. വര്‍ക്ക് ചെയ്യാന്‍ താൽപര്യമുണ്ട് എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിളിക്കാമെന്നു പറഞ്ഞുവിട്ടു. ബാലചന്ദ്ര മേനോൻ തന്നെ ഓർത്തിരുന്നു വിളിക്കുമെന്ന് അംബിക പോലും പ്രതീക്ഷിച്ചില്ല.

സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് അംബിക പറഞ്ഞത്: ‘‘സിനിമയില്‍ ഞാന്‍ വരുന്ന സമയത്ത് സ്ത്രീകള്‍ വിരലിലെണ്ണാന്‍ പോലുമില്ല. എന്‍റെ കുടുംബത്തിലൊന്നും ആര്‍ക്കും സിനിമയുമായി ഒരു ബന്ധവുമില്ല. തൃശ്ശൂരിലെ സാധാരണ കുടുംബം. എല്ലാവർക്കും കല, സംഗീതം ഒക്കെ ഇഷ്ടമായിരുന്നു. നല്ല കലാസ്വാദകരായിരുന്നു. അച്ഛന്‍ മലയാളിയല്ല, മറാഠിയാണ്. അദ്ദേഹം കുറച്ച് പുരോഗമന ചിന്തയൊക്കെ ഉള്ള ആളായിരുന്നു. മക്കള്‍ക്കു സ്വാതന്ത്ര്യം തന്നിരുന്നു. അന്നു പെണ്‍കുട്ടികള്‍ ഗ്രൂപ്പ് ചേര്‍ന്ന് സിനിമ കാണാന്‍ പോകുന്ന ട്രെന്‍ഡൊക്കെ ഞങ്ങളാണ് തുടങ്ങിയതെന്ന് തോന്നുന്നു. അമ്മ അതിനൊക്കെ മടി പറയുമായിരുന്നു. അച്ഛന്‍ പറയും പോയിട്ടു വരട്ടെയെന്ന്. അന്നും എല്ലാ സിനിമയും കാണുമായിരുന്നു. സിനിമ എന്നും കൂടെയുണ്ടായിരുന്നു. പിന്നെ ജീവിതം ഓരോ സ്ഥലത്ത് കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ സിനിമയില്‍ത്തന്നെ എത്തി.

ambika-jacky

ദ് കോച്ച് എന്ന അപരനാമം

വിനയനൊപ്പം ‘വെള്ളിനക്ഷത്ര’ത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയം. പ്രധാന വേഷം ചെയ്യുന്ന തരുണി സച്ച്‌ദേവിന് മലയാളം അറിയില്ല. ആ കുട്ടിയെ ഡയലോഗ് പഠിപ്പിച്ചു കൊടുക്കേണ്ട ചുമതല അംബികയ്ക്ക്. അതൊരു തുടക്കമായി. പിന്നീട് നോണ്‍-മലയാളി ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ടെങ്കില്‍ അവരെ മാനേജ് ചെയ്യുക, സംഭാഷണം പഠിപ്പിക്കുക എന്നൊക്കെയുള്ള ആവശ്യങ്ങള്‍ക്ക് സംവിധായകര്‍ അംബികയെ വിളിച്ച് തുടങ്ങി. അങ്ങനെ കുറെ സംവിധായകരുടെ കൂടെ അംബിക വര്‍ക്ക് ചെയ്തു. തൊമ്മനും മക്കളും, രാജമാണിക്യം എന്നിങ്ങനെ ഒരുപാട് സിനിമകള്‍. പത്മപ്രിയ, വിമല രാമന്‍, അനുപം ഖേര്‍, ജയപ്രദ, റിച്ച, ഉഷ ഉതുപ്പ്, ലക്ഷ്മി റായി, തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് വ്യത്യസ്ത സിനിമകള്‍ക്ക് വേണ്ടി മലയാളം ചൊല്ലിക്കൊടുത്തു. അങ്ങനെയാണ് ദ് കോച്ച് എന്ന അപരനാമധേയം അംബികയ്ക്കു ലഭിക്കുന്നത്. 

അഭിനയത്തിലേക്ക്

മീശമാധവനില്‍ ഒരു ചെറിയ വേഷം. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലും അവസരങ്ങള്‍ കിട്ടി. അസിസ്റ്റന്റ് ജോലി മാറ്റി വച്ച് പോയി ചെയ്യേണ്ട തരത്തിലുള്ള വേഷമൊന്നും കിട്ടിയിരുന്നില്ല. അതുകൊണ്ട് ആ വഴിക്ക് അംബിക അധികം നീങ്ങിയതുമില്ല. 

താൻ സിനിമയിലെത്തുന്ന സമയത്ത് പെണ്‍കുട്ടികളെ അസിസ്റ്റന്റ് ആയി എടുക്കാനൊക്കെ സംവിധായകര്‍ക്ക് മടിയായിരുന്നുവെന്ന് അംബിക പറഞ്ഞിരുന്നു. പല കാരണങ്ങളുണ്ട്. ഒന്നാമത് അവരുടെ സുരക്ഷയുടെ ഒരു വലിയ ഉത്തരവാദിത്തമുണ്ട്. ആണ്‍കുട്ടികളാണെങ്കില്‍ എല്ലാവരും കൂടി ഒരു മുറിയിലൊക്കെ കിടന്നോളും. പെണ്‍കുട്ടികള്‍ക്ക് വേറെ റൂം ഒക്കെ കൊടുക്കേണ്ടി വരും. ആ ചെലവ് കുറയ്ക്കാമല്ലോ എന്ന ചിന്ത. പിന്നീട് അതൊക്കെ മാറി. അസിസ്റ്റ് ചെയ്യാന്‍ മിടുക്കരായ പെണ്‍കുട്ടികള്‍ ഉണ്ടോ എന്ന് അന്വേഷിച്ച് വരുന്നവരുണ്ടെന്നും അംബിക അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഹലോ, ബിഗ് ബി, റോമിയോ, പോസിറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിംഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ്‌ ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ്‌ ഇൻ, പ്രണയം, തിരുവമ്പാടി തമ്പാൻ, ഫേസ് 2 ഫേസ്, 5 സുന്ദരികൾ, തൊമ്മനും മക്കളും, സോള്‍ട്ട് ആൻഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം, അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസോഷ്യേറ്റായും പ്രവർത്തിച്ചു. 

ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റേം, അന്യർ, ഗൗരീശങ്കരം, സ്വപ്നക്കൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്‌മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സോൾട്ട് ആൻഡ് പെപ്പർ  അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ്, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

അംബികയുടെ അവസാനനാളുകളില്‍ വൃക്കരോഗം അവരെ പൂർണമായും തളർത്തി. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വന്നത്. അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയില്‍ നിന്നുള്ളവരും സഹായങ്ങള്‍ നല്‍കിയിരുന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കള്‍: രാഹുല്‍, സോഹന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS