ADVERTISEMENT

‘അമ്മ’യുടെ ജനറൽ ബോഡി നടന്നപ്പോൾ വിഡിയോ എടുത്തു പുറത്തു വിട്ടുവെന്ന ആരോപണം ശരിയാണെന്നു തെളിയിച്ചാൽ പകുതി മീശ വടിക്കുമെന്ന് ഷമ്മി തിലകൻ. ജനറൽ ബോഡി നടന്നപ്പോൾ വിഡിയോയും ഫോട്ടോകളും എടുത്തിരുന്നു, പക്ഷേ പുറത്തു വിട്ടിട്ടില്ല. ഞാൻ ഉന്നയിച്ച ഒരു പ്രധാനപ്പെട്ട വിഷയം ചർച്ചയിൽ വന്നതുകൊണ്ടാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് പത്രസമ്മേളനത്തിനിടെ ഷമ്മി വ്യക്തമാക്കി

 

‘‘ജനറൽ ബോഡി നടന്നപ്പോൾ അവിടെയുള്ള കാര്യങ്ങളുടെ വിഡിയോ ഷൂട്ട് ചെയ്തു പുറത്തുവിട്ടെന്നുള്ള ആരോപണം തെളിയിച്ചാൽ പകുതി മീശ വടിച്ചു കളയാം എന്ന് ഞാൻ പറയുകയാണ്. എനിക്കയച്ച കുറ്റപത്രത്തിൽ സാദിക്ക് എന്ന നടൻ ആരോപിച്ചിരിക്കുന്നത് ഞാൻ ഫെയ്സ്‌ബുക്കിൽ അത്തരമൊരു വിഡിയോ പോസ്റ്റ് ചെയ്‌തെന്നും സാദിക്കിന് അത് ആരോ അയച്ചുകൊടുത്തു എന്നുമാണ്. അയച്ചുകൊടുത്തെങ്കിൽ അദ്ദേഹം അത് പുറത്തു വിടട്ടെ. അപ്പൊ നോക്കാം. പറയുമ്പോൾ സൂക്ഷിച്ചു പറയണം.  

 

ഞാൻ വിഡിയോ എടുത്തിട്ടുണ്ട്, പക്ഷേ പുറത്തു വിട്ടിട്ടില്ല. കൂടുതലും ഞാൻ എടുത്തത് ഫോട്ടോസ് ആണ്. എനിക്ക് വിഡിയോ ഷൂട്ട് ചെയ്യണം എന്ന ഉദ്ദേശമൊന്നും ഇല്ലായിരുന്നു. പക്ഷേ അവിടെ സംഘടനയിൽ ഞാൻ ഉന്നയിച്ച ഒരു പ്രധാനപ്പെട്ട വിഷയം ഉണ്ടായിരുന്നു.  ഞങ്ങളുടെ ബൈലോയുടെ ഭേദഗതിയെക്കുറിച്ചായിരുന്നു അത്. അതുകൊണ്ടാണ് അക്കാര്യം ചർച്ച ചെയ്യുന്ന സമയത്ത് വിഡിയോ എടുത്തത്.

 

‘അമ്മ’യിലെ റജിസ്ട്രേഷന് രണ്ടുലക്ഷം രൂപയാക്കി എന്ന്  ഇപ്പോഴും അവർ പറയുന്നത് കേട്ടു. അതൊക്കെ ബൈലോയുടെ ലംഘനവും ശുദ്ധ അസംബന്ധവുമാണ്. അങ്ങനെയൊന്നും ബൈലോ അമെൻഡ്മെന്റ് നടത്താൻ പാടില്ല. ബൈലോയിൽ ഭേദഗതികൾ എന്നൊരു വകുപ്പുണ്ട്. അതിൽ രണ്ടു ക്ലോസ് ആണുള്ളത് ഒന്നാമതായി അതിൽ പറയുന്നത് ഇത്ര ഇത്ര അംഗങ്ങളുടെ കോറം തികയണം എന്നാണ്.  രണ്ടാമത്തെ ക്ലോസ് ഇൻകം ടാക്സ് കമ്മിഷ്ണറുടെ അനുമതിയോടെ മാത്രമേ ബൈലോ ഭേദഗതി ചെയ്യാൻ പാടുള്ളൂ എന്നാണ്. 94–ലെ പേരെന്റ് ബൈലോ മുതൽ പല പ്രാവശ്യം ബൈലോ ഭേദഗതി വരുത്തിയിട്ടുണ്ട്. അന്നൊന്നും ഇൻകം ടാക്സ് കമ്മിഷ്ണറുടെ അനുമതി വാങ്ങിയിട്ടില്ല. അതുകൊണ്ടാണല്ലോ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിന്ന് നോട്ടീസ് വന്നത്. ‘അമ്മ’ നികുതി വെട്ടിച്ചു എന്ന കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്.   

 

ഇതിന്റെ എല്ലാം തെളിവ് എന്റെ കയ്യിൽ ഉണ്ട്. ഏതോ ഒരു വിദേശ പ്രോഗ്രാമിൽ എട്ട് കോടി രൂപയ്ക്ക് പരിപാടി നടത്തിയിട്ട് രണ്ടു കോടി മാത്രമേ കണക്കിൽ കാണിച്ചിട്ടുള്ളൂ. ഇതൊരു പത്രം റിപ്പോർട്ട് ചെയ്തതാണ്. ആ സമയത്ത് ജനറൽ സെക്രട്ടറിയെ ഡിആർഐ ചോദ്യം ചെയ്തിട്ടുണ്ട്. ആ സമയത്ത് ‘അമ്മ’യ്ക്ക് ഒരു സർക്കുലർ കിട്ടിയിരുന്നു, ആറു കോടി രൂപക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട് എന്ന്. ഇതൊക്കെ വച്ച് നോക്കുമ്പോൾ ഈ വാർത്തകളെലാം ശരിയല്ലേ. ആ നോട്ടീസിന് സ്റ്റേ വാങ്ങിയിട്ടുമുണ്ട്.  അതിനുള്ള കാരണം സെക്രട്ടറി പറഞ്ഞത് സ്റ്റേ വാങ്ങിയില്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമായിരുന്നു എന്നാണ്. ഹൈക്കോടതിയുടെ സൈറ്റിൽ കയറിയാൽ ആ കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കും’’. –ഷമ്മി തിലകൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com