ADVERTISEMENT

കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകൻ. അമ്മ സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരം മണ്ഡലത്തിൽ രണ്ടു സ്ത്രീകൾക്ക് വീട് നിർമിച്ചു നൽകിയെന്നും മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാർ അങ്ങനെ പറഞ്ഞതെന്നും ഷമ്മി തിലകൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

തന്നെക്കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം എംഎൽഎയ്ക്ക് എങ്ങനെ ഇവിടെയുള്ള കാര്യത്തെക്കുറിച്ച് ധാരണ ഉണ്ടായി. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ് തനിക്കെതിരെ കേസുകൾ ഉണ്ടാക്കിയത്. ആ പേര് പറയുന്നില്ല. അയൽക്കാരെക്കുറിച്ചുള്ള പ്രശ്നത്തെക്കുറിച്ച് ഒരു ചാനൽ ഇതിനു മുമ്പ്‍ റിപ്പോർട്ട് ചെയ്ത് പോയിട്ടുള്ളതാണ്.

‘‘ഞാനിപ്പോൾ എന്റെ വീട്ടിലേയ്ക്കാണ് ഇരിക്കുന്നത്. ഒന്ന് തിരിഞ്ഞുനോക്കിയാൽ നിങ്ങൾക്കു മനസ്സിലാകും, പത്ത് മീറ്റർ അകലെ അഞ്ച് നിലയുള്ള കെട്ടിടം കാണാം. പൂർണമായും നിയമവിരുദ്ധമായി പണിത കെട്ടിടമാണത്. ഞാൻ പരാതി കൊടുക്കുന്നതിനു മുമ്പ് സർക്കാർ തന്നെ അത് പൊളിച്ചു കളയണമെന്ന ഉത്തരവിറക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയകൾ ഇടപെട്ട് ഉണ്ടാക്കിയ ഈ കെട്ടിടത്തിനെതിരെ ഞാൻ പരാതി കൊടുത്തു. അതിൽ എന്താണ് തെറ്റ്. എന്റെ അച്ഛനെതിരെ വരെ അവർ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. അച്ഛൻ അവരുടെ കെട്ടിടത്തിലേയ്ക്ക് ചാണകം വലിച്ചെറിയുന്നു എന്നായിരുന്നു പരാതി. അച്ഛന് അതല്ലേ ജോലി. അതിനെതിരെ ഞാൻ പോരാടി. അന്ന് ഈ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ എനിക്കെതിരെ തിരിഞ്ഞു. അങ്ങനെ കുറേ കളികൾ നടന്നു. ആ വിഷയത്തിൽ ഞാൻ എസ്പിക്കു പരാതി കൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ ഈ കേസിൽ പുനരന്വേഷണം നടത്തി. അതിൽ എനിക്കെതിരെയുള്ള പൊലീസ് റിപ്പോർട്ട് വരെ തെറ്റാണെന്ന് കണ്ടെത്തി. ആ റിപ്പോർട്ട് എന്റെ കയ്യിൽ ഉണ്ട്. ഇതെല്ലാം മറന്നിട്ടാണ് ഈ അസംബന്ധമൊക്കെ പറയുന്നത്. ഇദ്ദേഹത്തിന് വേറെ തൊഴിലൊന്നുമില്ലേ, ഇത് തന്നെയാണ് എന്റെ അച്ഛനെതിരെയും കാണിച്ചത്.’’–ഷമ്മി തിലകൻ പറഞ്ഞു.

‘അമ്മ’ മാഫിയ സംഘമാണെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതും കള്ളമാണ്. ‘അമ്മ’ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.

അമ്മയില്‍ ഭാരവാഹിയായിരിക്കാനുള്ള ഏക നിബന്ധന മറ്റ് സംഘടനകളില്‍ അംഗമാകരുതെന്നാണ്. എന്നാല്‍ ഗണേഷ്‌കുമാര്‍ ടിവി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണെന്നും താരം കൂട്ടിച്ചേർത്തു. അച്ഛൻ തിലകനോട് കാട്ടിയതു തന്നെയാണ് താരസംഘടന തന്നോടും കാണിക്കുന്നതെന്നും തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു.

‘‘ഈ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് ഗണേഷ് കുമാര്‍ ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്? അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത്, തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി. അദ്ദേഹത്തിന് ഇലക്‌ഷന് നിൽക്കാനും വോട്ടുപിടിക്കാനും ‘അമ്മ’യുടെ ഫണ്ട് ആണോ ഉപയോഗിക്കേണ്ടത്. ഇതൊക്കെയാണ് സർ ഞാൻ ചോദിച്ചത്. ഗണേഷ് കുമാര്‍ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന ആശങ്ക പ്രകടിപ്പിച്ചത്. ആ ആശങ്കയാണ് ഞാനും ഉന്നയിച്ചത്. ഇത് മാത്രമല്ല ‘അമ്മ’യിലെ പല അംഗങ്ങളുടെയും ബാങ്ക് ബാലൻസ് അടക്കം പരിശോധിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. അത് എന്തുകൊണ്ടാണ്? ഇതൊന്നും എന്താണ് ഗണേഷ് കുമാര്‍ ചോദിക്കാത്തത്? ഒരു കോടിക്കു മുകളിൽ ഫണ്ട് പലരുടെയും അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഒരാളെ വിമർശിക്കാം, പക്ഷേ അസത്യമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടാകരുത് ആരോപണങ്ങൾ. ചെയ്യാത്ത കാര്യം പറഞ്ഞാൽ ഇനി മറുപടി ഇങ്ങനെ ആകില്ല. പലതും വെളിയിൽ വരും. ഒരിക്കൽ ഞാൻ പറ‍ഞ്ഞു, എന്നെ ചൊറിയരുത് ഞാൻ മാന്തും. ഇപ്പോഴും പറയുന്നു, എന്നെ തോൽപ്പിക്കാൻ കുറച്ച് പാടുപെടും.’’–ഷമ്മി പറയുന്നു.

അതേസമയം, ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം അമ്മ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com