ADVERTISEMENT

സംവിധായകൻ വിനയന്റെ സിനിമയിൽനിന്നു പിന്മാറാൻ കാരണം നടൻ മുകേഷിന്റെയും ഇന്നസന്റിന്റെയും ഭീഷണിയാണെന്ന് ഷമ്മി തിലകൻ. കെ.ബി. ഗണേഷ്‌കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മാധ്യമങ്ങളോടു മറുപടി പറയവെയാണ് ഷമ്മി തിലകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണിക്കു വഴങ്ങി വിനയന് അഡ്വാൻസ് തിരികെ കൊടുക്കുകയും കോടതിയിൽ ‘അമ്മ’യ്ക്ക് അനുകൂലമായി സാക്ഷി പറയുകയും ചെയ്തിരുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു.

‘‘2018 ജൂൺ 29 ന് ഇടവേള ബാബുവിന് ഞാൻ അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് കാണിക്കാം. ആ രേഖ എന്റെ കയ്യിലുണ്ട്. സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസ് ‘അമ്മ’യുമായിട്ടുണ്ട്. ‘അമ്മ’ ഒന്നാം കക്ഷിയും ഇടവേള ബാബുവും ഇന്നസന്റും മറ്റു കക്ഷികളുമായിരുന്നു. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. ആ കേസിൽ വിനയൻ വിജയിച്ചിരുന്നു. എറണാകുളത്തു വച്ച് ഒരു സാക്ഷിയായി കമ്മിഷൻ എന്നെയും വിസ്തരിച്ചതാണ്. അന്ന് ഞാൻ ‘അമ്മ’യ്ക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തത്. ഒരു കാരണവശാലും ‘അമ്മ’യെ തള്ളിപ്പറഞ്ഞിട്ടില്ല.

വിനയന്റെ പടത്തിൽ അഭിനയിക്കരുതെന്ന് എന്നോടു പറഞ്ഞത് ‘അമ്മ’യുടെ അന്നത്തെ പ്രസിഡന്റായ ഇന്നസന്റും മുകേഷും ചേർന്നാണ്. അഡ്വാൻസ് തിരിച്ചുകൊടുത്ത് പടത്തിൽനിന്നു പിന്മാറിയില്ലെങ്കിൽ നിനക്കു ദോഷമാകും എന്നു പറഞ്ഞ് അവർ എന്നെ ഭീഷണിപ്പെടുത്തി. മുകേഷ് തമാശ പോലെയായിരുന്നു പറഞ്ഞതെങ്കിലും അതൊരു ഭീഷണിയായിരുന്നു.

ഭീഷണിപ്പെടുത്താൻ കത്തി വച്ച് കുത്തുകയൊന്നും വേണ്ട, നല്ല തമാശ പറഞ്ഞും ഭീഷണിപ്പെടുത്താൻ പറ്റും. ആ പടം പോയാൽ പോകട്ടെ, ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്നുവിചാരിച്ചാണ് ഞാൻ പിന്മാറിയത്. പടത്തിന്റെ പേര് ഞാൻ ഓർക്കുന്നില്ല. എനിക്കു പകരം അഭിനയിച്ചത് പ്രിയാ രാമന്റെ ഭർത്താവ് രഞ്ജിത്താണ്. അതിൽ നല്ല പ്രതിഫലം പറഞ്ഞ് അഡ്വാൻസും തന്നിരുന്നു. ഞാൻ ആ അഡ്വാൻസ് തിരിച്ചു കൊടുത്തു. ആ സംഭവം വരെ കോംപറ്റീഷൻ കമ്മിഷന്റെ വിധിയിലുണ്ട്. അവർ എന്റെ ജോലിയാണ് തടസ്സപ്പെടുത്തിയത്. ഒരിക്കൽ സിദ്ദീഖും കെപിഎസി ലളിതയും കൂടി നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞത്, ‘‘ഞങ്ങളാരെങ്കിലും ‘അമ്മ’യിലുള്ളവരുടെ പടം ഇല്ലാതാക്കിയെന്നോ അവസരം നിഷേധിച്ചുവെന്നോ ആരെങ്കിലുമൊരാൾ തെളിയിച്ചാൽ പറയുന്നതു ചെയ്യാം’’ എന്നാണ്. ഞാൻ തെളിയിച്ചു. എന്താണ് പറയുന്നത് അവർ ചെയ്യാത്തത്? കോംപറ്റീഷൻ കമ്മിഷന്റെ ജഡ്ജ്‌മെന്റ് കാണിച്ചാൽ പോരേ എനിക്കതു തെളിയിക്കാൻ. അതു പറയുമ്പോൾ അവർക്ക് ഒന്നും മിണ്ടാനില്ല. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് അവർ ചെയ്യുന്നത്’’. ഷമ്മി തിലകൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com