അത്ര വലിയ പരിജ്ഞാനമുള്ള പ്രൊഫസര്‍ ബാബുവല്ല ഞാൻ: ഇടവേള ബാബുവിനെതിരെ ഗണേഷ്

edavela-ganesh
SHARE

ക്ലബ്ബ് എന്ന വാക്കിന്റെ വിക്കിപീഡിയ അര്‍ഥമല്ല, അതിജീവിതയ്ക്കൊപ്പം നിൽക്കുന്ന എന്ത് നിലപാട് ആണ് ‘അമ്മ’ എടുത്തതെന്നായിരുന്നു തന്റെ ചോദ്യമെന്ന് ഇടവേള ബാബുവിനോട് ഗണേഷ് കുമാർ. ‘‘ചോദിച്ച ചോദ്യങ്ങൾക്കല്ല ബാബു മറുപടി പറഞ്ഞത്.  അദ്ദേഹം എന്നെ ഇംഗ്ലിഷ് പഠിപ്പിക്കുകയാണ്. അത്ര വലിയ പരിജ്ഞാനമുള്ള പ്രൊഫസര്‍ ബാബുവല്ല ഞാൻ. ഒരു സാധാരണക്കാരനാണ്.’’–ഗണേഷ് കുമാർ പറഞ്ഞു. താരസംഘടനയായ ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാ‍മർശത്തെച്ചൊല്ലിയുണ്ടായ വാദപ്രതിവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗണേഷ് കുമാറിന്റെ വാക്കുകൾ:

ഞാൻ ചോദിച്ച ചോദ്യത്തിനൊന്നും അദ്ദേഹം ഉത്തരം പറഞ്ഞില്ല. ഇംഗ്ലിഷ് ഡിക്​ഷണറിയൊക്കെ നോക്കി ക്ലബ്ബ് എന്ന വാക്കിന്റെ അർഥം ‘അമ്മ’ സംഘടനയക്ക് ഇടാൻ പറ്റിയ പേരാണെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ ക്ലബ്ബ് എന്ന പദം ഏത് സന്ദർഭത്തിലാണ് അദ്ദേഹം ഉപയോഗിച്ചതെന്നായിരുന്നു എന്റെ ചോദ്യം. അതിജീവിതയുടെ പരാതിയില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചു നിൽക്കുന്ന ഒരാൾ എന്തുകൊണ്ട് ‘അമ്മ’യുടെ അംഗമായി തുടരുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം ‘അമ്മ’യെ ക്ലബ്ബെന്ന് ഉപമിച്ചത്. ഏഴോളം ക്ലബ്ബുകളിൽ അംഗമാണ് ആരോപണവിധേയനെന്നും അവരൊന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നുമായിരുന്നു മറുപടി.

ആ ക്ലബ്ബിന്റെ പേരുകൾ ഒന്ന് പറഞ്ഞു തരണം. ബാബുജി ആർട്സ് ക്ലബ്ബിലാണോ അംഗത്വം. ഇടവേള ബാബുവിന്റെ അത്ര അറിവ് എനിക്കില്ല. അതുകൊണ്ടാണ് വിക്കിപീഡിയയിലെ ക്ലബ്ബിന്റെ അർഥം മനസ്സിലാകാതെ പോയത്. ഞാൻ ‘അമ്മ’യിലെ സാധാരണ മെമ്പർ മാത്രമാണ്. വ്യക്തിപരമായി എന്റെ നല്ല സുഹൃത്താണ് ബാബു. ഒരു വിരോധവുമില്ല. ‘അമ്മ’യുടെ സെക്രട്ടറി ആകുന്നതിനു മുമ്പ് കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്ന് ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ഗണേഷ് കുമാർ എന്ന ആളാണെന്ന് അദ്ദേഹം മറന്നുപോയതായിരിക്കാം. അവിടെ വൈസ് ചെയർമാൻ എന്നൊരു പോസ്റ്റ് ഉണ്ടായിരുന്നില്ല, അങ്ങനൊരു ഉണ്ടാക്കി അദ്ദേഹത്തെ അവിടെ ഇരുത്തിയത് ഞാനാണ്.

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വേദന തോന്നിയ കാര്യങ്ങളുണ്ട്. ബിനീഷ് കൊടിയേരിയെ പുറത്താക്കണമെന്നു പറയുന്ന ചർച്ചയിൽ ഞാൻ പങ്കെടുത്തിട്ടില്ല. ഞാൻ അന്ന് കൊട്ടാരക്കരയിലാണ്. എന്റെ അച്ഛനൊപ്പം വീട്ടിൽ ഇരിക്കുമ്പോഴാണ് ടിവിയിൽ ഇതിനെക്കുറിച്ച് വാർത്ത വരുന്നത്. ബിനീഷ് കൊടിയേരിയെ പുറത്താക്കുന്നതിനെതിരെ ‘അമ്മ’ യോഗത്തിൽ ഗണേഷും മുകേഷും ഇടപെട്ടന്നായിരുന്നു വാർത്ത. ഞാൻ ഉടനെ ഇടവേള ബാബുവിനെ വിളിച്ചു. ഞാൻ പങ്കെടുക്കാത്തൊരു യോഗത്തിൽ പറയാത്തൊരു കാര്യം നിങ്ങൾ പറയുന്നത് ശരിയാണോ, അങ്ങനെ മാധ്യമങ്ങൾക്കു പറഞ്ഞുകൊടുക്കാമോ?. എന്തായാലും ഉടനെ തന്നെ ആ വാർത്ത പിൻവലിച്ചു.

ഇപ്പോൾ പറയുന്നു, ഞാൻ അതിനെ എതിർത്തു എന്നൊക്കെ. ബിനീഷ് കൊടിയേരിയുടെ കാര്യം സംസാരിക്കാൻ എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ പറഞ്ഞിട്ടുമില്ല. ബിനീഷ് കൊടിയേരിയുടെ കേസ് അല്ല വിജയ് ബാബുവിന്റെ കേസ്. ഇത് മാനഭംഗക്കേസ് ആണ്. അതിജീവിതയായ കുട്ടിയുടെ സങ്കടത്തെക്കുറിച്ച് ബാബു മറുപടി പറഞ്ഞില്ല. ബാബു എനിക്കും അയച്ചുതന്നിട്ടുണ്ട്, അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പകർപ്പ്. അതിൽ അദ്ദേഹം എന്നെ ഇംഗ്ലിഷ് പഠിപ്പിക്കുകയാണ്. അത്ര വലിയ പരിജ്ഞാനമുള്ള പ്രൊഫസര്‍ ബാബുവല്ല ഞാൻ. ഒരു സാധാരണക്കാരനാണ്. 

ജഗതി ശ്രീകുമാറിനെക്കുറിച്ചൊക്കെ അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തെപ്പോലൊരു വലിയ നടനെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമൊന്നുമില്ല. അതൊക്കെ നടക്കുമ്പോൾ ബാബു ‘അമ്മ’യിൽ പോലുമില്ല. പിന്നെ പ്രിയങ്ക എന്ന നടിയുടെ കാര്യം. പത്തനംതിട്ടയിൽ അവർക്കെതിരെ സാമ്പത്തിക കേസ് ഉണ്ടായിരുന്നു. അവരെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. അതിലെന്തിനാണ് ഞാൻ ഇടപെടുന്നത്. അതൊന്നുമല്ല കാര്യം. ഇതുപോലെ സമാനമായിരുന്നു ദിലീപിന്റെ കേസ്. അന്ന് ദിലീപ് രാജിവച്ചു. അതുപോലെ വിജയ് ബാബുവും രാജിവച്ച് പുറത്തുനിൽക്കണമായിരുന്നു. അത്രയുമാണ് ഞാൻ പറഞ്ഞത്. അതിന് എല്ലാവരും ഇത്ര ബഹളമുണ്ടാക്കേണ്ട കാര്യമൊന്നുമില്ല.

അപ്പോഴാണ് എനിക്ക് സംശയം തോന്നുന്നത്, ഇവർ ആരെയോ രക്ഷിക്കാൻ നോക്കുന്നുണ്ട്. ക്ലബ്ബ് എന്ന പ്രസ്താവന വരെ ഇതിന്റെ തുടർച്ചയാണ്. അതിജീവിതയുടെ ഒരു ചോദ്യങ്ങൾക്കും ഇവർക്ക് ഉത്തരമില്ല. ക്ലബ്ബ് എന്ന നിലപാടിൽ മുന്നോട്ട് പോകുകയാണെങ്കിൽ ആ ക്ലബ്ബിൽ താൽപര്യമില്ലാത്ത ഒരുപാട് പേർ ഇവിടെയുണ്ട്. ഞാൻ ചോദിച്ച ചോദ്യം ഇപ്പോഴും നിൽക്കുകയാണ്. ‘അമ്മ’ ക്ലബ്ബ് ആക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടോ? എന്നെ ഇടവേള ബാബു പഠിപ്പിക്കേണ്ട, ‘അമ്മ’ സംഘടന റജിസ്റ്റർ ചെയ്യുമ്പോൾ ഞാനും ഉണ്ടായിരുന്നു.

‘അമ്മ’ ക്ലബ്ബല്ലെന്നും താരങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സംഘടനയാണെന്നും ആ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒന്നു പറഞ്ഞാൽ മതി. അതിന് ക്ലബ്ബിന്റെ ഇംഗ്ലിഷ് വ്യാഖ്യാനമൊക്കെ ആര് ചോദിച്ചു. വിക്കി പീഡിയയിൽ കയറി നോക്കാൻ ഞങ്ങൾക്കും അറിയാം. ബാബുവായി എനിക്ക് വ്യക്തിപരമായി ഒരു വിരോധവുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS