ഭര്‍ത്താവിനെ രക്ഷിക്കാൻ മീന നടത്തിയത് വലിയ പോരാട്ടം: തുറന്നുപറഞ്ഞ് കലാ മാസ്റ്റർ

kala-master-meena
SHARE

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ വേദനയിലാണ് തെന്നിന്ത്യന്‍ സിനിമാലോകം. ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത മരണമാണിതെന്നും സാഗറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും നൃത്തസംവിധായിക കലാ മാസ്റ്റര്‍ പറഞ്ഞു. മീനയും വിദ്യാസാഗറും കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കളാണ്. വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞ് മീനയുടെ വസതിയിലേക്ക് ആദ്യം ഓടിയെത്തിയതും കലാ മാസ്റ്റർ ആയിരുന്നു.

‘‘എന്റെ കുടുംബവുമായും മീനയ്ക്കും സാഗറിനും അടുത്ത ബന്ധമുണ്ടായിരുന്നു. വിനോദയാത്രയ്ക്കും ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്. എന്റെ ഭർത്താവുമായും സാഗർ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. നല്ല വ്യക്തിത്വത്തിനുടമ. എന്നെ അക്കാ എന്നു മാത്രമേ വിളിക്കൂ.

ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയെ അഴകോടെ തങ്കത്തട്ടില്‍ വച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അത്രയും നല്ലൊരു മനുഷ്യന് ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്തുരോഗം വന്നാലും അധികകാലം കൂടുതല്‍ അദ്ദേഹം ആശുപത്രിയില്‍ കിടന്നിട്ടില്ല. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. കഴിഞ്ഞ മൂന്ന് മാസമായി മറ്റൊരു ശ്വാസകോശം ലഭിക്കാൻ മീന പരമാവധി ശ്രമിക്കുകയായിരുന്നു. എന്നാൽ വിദ്യാസാഗറിന്റേതുമായി പൊരുത്തപ്പെടുന്ന ഒന്ന് കിട്ടിയില്ല.

അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം. മാത്രമല്ല ആറുമാസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നതും തെറ്റായ വാര്‍ത്തയാണ്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർച്ച് 26ന് ഞാന്‍ നേരില്‍ പോയി കണ്ടിരുന്നു. എന്നോട് പിറന്നാള്‍ ആശംസകളൊക്കെ പറഞ്ഞു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവയ്ക്കാമെന്നും പറഞ്ഞിരുന്നു. അതിന് അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്.

മീന അവളുടെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. എല്ലാം ശരിയായി വരുമ്പോൾ അവസാന നിമിഷം എന്തെങ്കിലും പ്രശ്നങ്ങൾ വന്ന് അത് മാറ്റിവയ്ക്കേണ്ടതായി വന്നു. അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന, രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാല്‍ സാഗറിന്റെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്ന ശ്വാസകോശം ലഭ്യമാകാത്തതിനാൽ ഫലമുണ്ടായില്ല. വലിയ സമ്മര്‍ദമാണ് അവർ അനുഭവിച്ചത്. ഐടി കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു സാഗർ. വളരെ ഉയർന്ന വിദ്യാഭ്യാസവും ഉണ്ടായിരുന്നു. ‘ഞാന്‍ തിരികെ വരും’ എന്ന് സാഗര്‍ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗര്‍. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിലവളരെ മോശമായി.

നൈനികയെ ഓർക്കുമ്പോഴാണ് സങ്കടം. സാഗറിന്റെ മൃതദേഹം വീട്ടിൽ വരുമ്പോഴാണ് അച്ഛന്‍ പോയെന്ന കാര്യം അവൾ അറിയുന്നത്. ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു. അവൾ കൊച്ചു കുഞ്ഞല്ലേ. മനസ്സ് ശൂന്യമാണ്.’’–കലാ മാസ്റ്റർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS