ADVERTISEMENT

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ കമൽഹാസൻ ചിത്രം വിക്രം ഉൾപ്പടെ നിരവധി സിനിമകളാണ് ജൂലൈയിൽ ഒടിടിയിലെത്തിയത്. ടൊവീനോ തോമസിന്റെ വാശി, ഡിയർ ഫ്രണ്ട് എന്നീ സിനിമകളും ജൂലൈ രണ്ടാം വാരം റിലീസ് ചെയ്തു. നിത്യ മേനൻ, വിജയ് സേതുപതി ചിത്രം 19(1എ), 777 ചാർലി, റോക്കെട്രി, ഗുഡ് ലക്ക് ജെറി എന്നീ സിനിമകൾ ജൂലൈ അവസാനവാരം ഒടിടിയിൽ റിലീസിനെത്തി. പൃഥ്വിരാജ് ചിത്രം കടുവ ഓഗസ്റ്റ് 4ന് പ്രൈമിലും ജയസൂര്യ–നാദിർഷ ചിത്രം ഈശോ ഓഗസ്റ്റ് 26ന് സോണി ലിവ്വിലൂടെ നേരിട്ടും ഡിജിറ്റൽ റിലീസ് ചെയ്യുന്നുണ്ട്.

19(1) (എ): ഹോട്ട്സ്റ്റാർ: ജൂലൈ 29

വിജയ് സേതുപതി കേന്ദ്രകഥാപാത്രമായെത്തുന്ന ആദ്യ മലയാളചിത്രമാണ് 19(1) (എ). പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നിത്യ മേനോനും പ്രധാന കഥാപാത്രമായെത്തുന്നു. നവാ​ഗതയായ ഇന്ദു വി. എസ്. ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. മനേഷ് മാധവനാണ് ഛായാഗ്രഹണം. ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് തുടങ്ങി വന്‍ താരനാര ചിത്രത്തിൽ അണിനിരക്കുന്നു.

പ്രകാശൻ പറക്കട്ടെ: സീ5: ജൂലൈ 29

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച ചിത്രം. ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സംവിധാനം ഷഹദ്.

777 ചാർലി: വൂട്ട്: ജൂലൈ 29

കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘777 ചാര്‍ലി’.  യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രം ബോക്സ്ഓഫിസിൽ മികച്ച പ്രതികരണം നേടിയിരുന്നു.

ഗുഡ് ‌ലക്ക് ജെറി: ഹോട്ട്സ്റ്റാർ: ജൂലൈ 29

ജാൻവി കപൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നയൻതാര നായികയായ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ്. ബ്ലാക്ക് ഹ്യൂമർ വിഭാഗത്തിൽപെടുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തു. സിദ്ധാർഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എൽ. റായ് നിർമാണം.

റോക്കെട്രി: ആമസോൺ പ്രൈം: ജൂലൈ 26

നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി മാധവൻ ഒരുക്കിയ ചിത്രം. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ സിനിമ. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമ പറയുന്നത്.

വിരാട പർവം: നെറ്റ്ഫ്ലിക്സ്: ജൂലൈ ഒന്ന്

സായി പല്ലവി–റാണ ദഗുബാട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വേണു ഉഡുഗുള സംവിധാനം ചെയ്യുന്നു. വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. ഡി. സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് നിർമാണം. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സാമ്രാട്ട് പൃഥ്വിരാജ്: ആമസോൺ പ്രൈം: ജൂലൈ ഒന്ന്

ചരിത്ര പോരാളി പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പ്രമേയമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ചിത്രം. ടൈറ്റിൽ വേഷത്തിൽ അക്ഷയ് കുമാർ അഭിനയിക്കുന്നു. തിയറ്ററുകളിൽ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സിനിമ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മോശം സിനിമകളിൽ ഒന്നായിരുന്നു.

കീടം: സീ 5: ജൂലൈ ഒന്ന്

‘ഖോ ഖോ’ എന്ന ചിത്രത്തിനുശേഷം രാഹുൽ റെജി നായരും രജീഷ വിജയനും ഒന്നിച്ച സിനിമയാണ് ‘കീടം’. രജീഷ വിജയൻ, ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് തിരക്കഥയും. രാകേഷ് ധരൻ ആണ് ഛായാഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ ചിത്രസംയോജനം നിർവഹിച്ച കീടം ഒരു ത്രില്ലറാണ്.

ധാക്കഡ്: സീ 5: ജൂലൈ ഒന്ന്

കങ്കണ റണൗട്ട് നായികയായി എത്തുന്ന ആക്‌ഷൻ ത്രില്ലർ റസ്നീഷ് റാസി സംവിധാനം ചെയ്യുന്നു. തിയറ്ററുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചിന്തൻ ഗാന്ധി, റിനിഷ് രീവിന്ദ്ര എന്നിവരുടെ കഥയ്ക്ക് റിതേഷ് ഷാ തിരക്കഥ എഴുതുന്നു.

മേജർ: നെറ്റ്ഫ്ലിക്സ്: ജൂലൈ മൂന്ന്

മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന സിനിമ. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നു. 'ഗൂഢാചാരി' ഫെയിം സാഷി കിരൺ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്.

പക: സോണി ലിവ്വ്: ജൂലൈ ഏഴ്

നിരവധി രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മലയാള സിനിമ. വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. സംവിധാനം നിതിൻ ലൂക്കോസ്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് നിർമാണം. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്. ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇൻ: മനോരമ മാക്സ്: ജൂലൈ എട്ട്

ദീപ്തി സതി, മധുപാൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന മനോരമ മാക്സ് ഒറിജിനൽ സിനിമ ‘ഇൻ’. രാജേഷ് നായർ ആണ് സംവിധാനം. കഥയും തിരക്കഥയും മുകേഷ് രാജ നിർവഹിക്കുന്നു. പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്. ഛായാഗ്രഹണം പി.എം. രാജ്കുമാർ. എഡിറ്റിങ് സൂരജ് ഇ.എസ്.

വിക്രം: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ: ജൂലൈ എട്ട്

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് േസതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം. തിയറ്ററുകളിൽ വലിയ വിജയം നേടിയ സിനിമ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളിലൊന്നായി മാറിയിരുന്നു.

അണ്ടേ സുന്ദരാനികി: നെറ്റ്ഫ്ലിക്സ്: ജൂലൈ പത്ത്

നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ. വിവേക് അത്രേയ ആണ് സംവിധാനം. സംഗീതം വിവേക് സാഗർ. ഛായാഗ്രഹണം നികേത് ബൊമ്മി.‌

ഡിയർ ഫ്രണ്ട്: നെറ്റ്ഫ്ലിക്സ്: ജൂലൈ പത്ത്

ടൊവിനോ തോമസ്‍, ബേസിൽ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം. ജസ്റ്റിൻ വര്‍ഗീസാണ് സംഗീത സംവിധാനം. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

വാശി: നെറ്റ്ഫ്ലിക്സ്: ജൂലൈ പതിനേഴ്

വിഷ്ണു ജി. രാഘവ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്നു. അഭിഭാഷകർ തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com