ADVERTISEMENT

എല്ലാ മലയാളിമനസ്സുകളുടേയും പ്രിയപ്പെട്ട ചലച്ചിത്രകാരനായിരുന്ന ലോഹിതദാസ് ഓർമയായിട്ട് നീണ്ട പതിമൂന്നു വർഷങ്ങളാണ് കടന്നു പോയിരിക്കുന്നത്. ഈ ജൂൺ 28ന് ലോഹിയുടെ ഓർമദിനമാണെന്നറിഞ്ഞപ്പോൾ കാലം എത്രയോ വേഗത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് ഓർത്ത് തെല്ലുനേരം ഞാനങ്ങനെ ഇരുന്നുപോയി. ഇന്ന് ഈ ഭൂമിയിൽ ലോഹിയുടെ സാന്നിധ്യമില്ലെങ്കിലും എല്ലാ ചലച്ചിത്രാസ്വാദകരുടെ മനസ്സിലും ലോഹിയുടെ നിഴൽ വെട്ടം നിറഞ്ഞു നിൽക്കുന്നുണ്ടാവും. നമ്മളെ വിട്ട് അനന്തതയിലേക്കു പോയ എല്ലാവരെയും നമ്മൾക്ക് ഓർക്കാനാവില്ലെങ്കിലും അറിയാതെ ചില സുമനസ്സുകൾ വന്ന് നമ്മളിൽ അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അങ്ങനെയുള്ള അപൂർവം ചില വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ലോഹിതദാസ് എന്ന ചലച്ചിത്ര പ്രതിഭ.

ലോഹിക്ക് സിനിമയിൽ അത്രയധികം സൗഹൃദങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചില വിലപ്പെട്ട സൗഹൃദങ്ങൾ എന്നും ലോഹിയുടെ കൂടെയുണ്ടായിരുന്നു. താൻ തളരുമ്പോൾ താങ്ങാനായി എന്നും കൂടെ ഉണ്ടായിരുന്ന നല്ല സൗഹൃദങ്ങളായിരുന്നു ലോഹിയുടെ ഏറ്റവും വലിയ ബലം എന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മൾ മാറി നിന്നാൽ മറന്നു പോകുന്നവരെയല്ല നമ്മളെ കാണാതിരുന്നാൽ തിരക്കിയിറങ്ങുന്നവരെയാണ് കൂടെ കൂട്ടേണ്ടതെന്ന് ലോഹിക്ക് നന്നായിട്ടറിയാമായിരുന്നു. മരണത്തിന്റെ കരങ്ങൾ വന്ന് തന്നെ തഴുകാൻ തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞിട്ടും ആ സൗഹൃദ കൂട്ടായ്മകളെ ആരെയും ഒന്നും അറിയിക്കാതെ നേരെ മരണ മുഖത്തേക്കു നടന്നു നീങ്ങുകയായിരുന്നു ലോഹി.

തന്റെ രോഗാവസ്ഥയുടെ അപകട സാധ്യതകൾ തിരിച്ചറിഞ്ഞെങ്കിലും ഭാര്യയെയും മക്കളെയും പോലും ഒന്നും അറിയിക്കാതെയാണ് ലോഹി നമ്മെവിട്ടു പോയതെന്ന് കേട്ടപ്പോൾ ഇങ്ങനെയുള്ള നന്മമരങ്ങളും ഉണ്ടല്ലോ എന്നാണെന്റെ മനസ്സ് ആദ്യം മന്ത്രിച്ചത്.

ലോഹിക്ക് പെട്ടെന്നെന്താണ് ഇങ്ങനെ സംഭവിച്ചത്?

ലോഹി തിരക്കഥ എഴുതാനിരിക്കുമ്പോൾ, റൂമിന്റെ വാതിലും മറ്റും ലോക്ക് ചെയ്ത് തലയിൽ ഒരു കെട്ടും മുറുക്കിക്കെട്ടി മനസ്സിൽ സ്വരുക്കൂട്ടി വച്ചിരിക്കുന്ന ഡയലോഗുകളൊക്കെ ഉരുവിട്ടു രചനയിൽ വികാരത്തിന്റെ വന്യമായ ചൂടു പകർന്നു കൊണ്ട് യഥാർഥ ജീവിത പരിസരങ്ങളെ കടലാസിലേക്ക് പകർത്തുകയാണ് ചെയ്യുന്നത്. എഴുത്തിനിരുന്നാൽ ശിരസ്സിലേക്ക് കയറിവരുന്ന മാനസിക പിരിമുറുക്കത്തിൽ നിന്നാണ് ലോഹിയുടെ ഏറ്റവും നല്ല ഹിറ്റുകളുണ്ടായിരുന്നതെന്നാണ് ഒരു ദിവസം മാക്ടയിൽ വച്ച് സിബി മലയിൽ എന്നോടു പറഞ്ഞത്. അതായിരുന്നു അകാലത്തിലുള്ള ലോഹിയുടെ വേർപാടിനാധാരവും.

ഞാൻ സിനിമയിൽ വന്നതിനു ശേഷം ആറേഴു വർഷം കഴിഞ്ഞ് 1987 ലാണ് ലോഹിയുടെ അരങ്ങേറ്റം. ലോഹിയെ സിനിമയിലേക്കു കൊണ്ടു വന്നത് തിലകനാണെങ്കിലും, ആ വരവിന് അറിഞ്ഞോ അറിയാതെയോ ഞാനും ഒരു നിമിത്തമായിട്ടുണ്ട്. 1986 മധ്യത്തിലെ ഒരു പ്രഭാതം. ഞാൻ രാവിലെ മാതാ ടൂറിസ്റ്റ് ഹോട്ടലിലേക്കു പോകാനായി ഒരുങ്ങിക്കൊണ്ടിരുന്നപ്പോൾ വിജയാ മൂവീസിലെ സേവിച്ചന്റെ ഒരു ഫോൺ വന്നു.

‘‘ഡെന്നീസേ, ഞങ്ങൾ ഇന്നലെ പുതിയ ഒരാളുടെ ഒരു കഥ കേട്ടു. കഥ കുഴപ്പമില്ല. താനും ഒന്നു കേട്ടു നോക്ക്. ഡെന്നിസിനു കൂടി ഇഷ്ടപ്പെട്ടാൽ നമ്മൾക്ക് അതു വാങ്ങിവയ്ക്കാം. രാവിലെ എന്തെങ്കിലും തിരക്കുണ്ടോ? ഇല്ലെങ്കിൽ പതിനൊന്നു മണിക്ക് ഒന്നു ഓഫിസു വരെ വരാമോ?’’

ഞാൻ ഒരു നിമിഷം ആലോചിച്ചു. ജോഷിയുടെ ‘ജനുവരി ഒരോർമ’യുടെ സീൻ ഓർഡർ എഴുതിക്കൊണ്ടിരിക്കുകയാണ്. എന്നാലും വിജയാ മൂവീസുകാർ വിളിച്ചാൽ പോകാതിരിക്കാനാവില്ല. അവരുടെ കൂട്ടിനിളംകിളി, ഒരുനോക്കു കാണാൻ തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയത് ഞാനായിരുന്നു. പുതിയ സിനിമ എഴുതാനുള്ള അഡ്വാൻസും തന്നിരിക്കുകയാണ്. കഥയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പുതിയ കഥാകൃത്തിന്റെ കഥ കേൾക്കാൻ വിളിക്കുന്നത്. ഞാൻ സേവിച്ചനോടു പതിനൊന്നു മണിക്കു വരാമെന്നു പറഞ്ഞ് ഉടനെ ഫോൺ വച്ചു.

siby-lohi

ഞാൻ പതിനൊന്നു മണിക്ക് പുല്ലേപ്പടിയിലുള്ള വിജയാ മൂവീസിന്റെ ഓഫിസിനു മുൻപിൽ ഒരു ഓട്ടോറിക്ഷയിൽ ചെന്നിറങ്ങുമ്പോൾ പുറത്ത് അൽപം തടിച്ച് കുറുകി, താടിയും മുടിയും നീട്ടി വളർത്തി, കക്ഷത്തിലൊരു ഡയറിയും വച്ച് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നത് ഞാൻ കണ്ടു. അയാൾക്ക് ആളെ മനസ്സിലായതു പോലെ എന്നെ നോക്കി ചിരിച്ചു ചിരിച്ചില്ല എന്ന മട്ടിൽ നിൽക്കുകയാണ്. ഞാൻ വേഗം രണ്ടാം നിലയിലുള്ള വിജയാ മൂവീസിന്റെ ഓഫിസിലേക്ക് കയറിപ്പോവുകയും ചെയ്തു. ഞാൻ ചെന്നപ്പോൾ എന്നെ വെയ്റ്റു ചെയ്തിരിക്കുകയാണ് വിജയാ മൂവീസിന്റെ സാരഥികളായ ബാബു സേവ്യറും സേവിച്ചനും ജോളിയും. അവരുടെ പിതാവ് സേവ്യർ സാർ ഇന്നലെ കഥ കേട്ടതുകൊണ്ട് ഇന്നു വന്നിട്ടില്ല. എന്നെ കണ്ടപ്പോൾത്തന്നെ പുറത്തു നിൽക്കുന്ന ചെറുപ്പക്കാരനെ വിളിക്കാനായി അവർ പ്യൂണിനെ പറഞ്ഞയച്ചു.

അൽപം കഴിഞ്ഞപ്പോൾ ചെറുപ്പക്കാരന്‍ കടന്നു വന്നു. നിസ്സംഗതയാണ് പ്രധാന ഭാവം. ചെറുപ്പക്കാരനെ അവർ എന്റെ അടുത്ത കസേരയിലിരുത്തി. സേവിച്ചൻ എന്നെ പരിചയപ്പെടുത്തി.

‘‘കലൂര്‍ ഡെന്നിസിനെ അറിയാല്ലോ? ഞങ്ങളുടെ മിക്ക സിനിമകളും എഴുതിയത് ഡെന്നിസാണ്.’’

അയാൾ എന്നെ നോക്കി അറിയാമെന്ന് പതുക്കെ തല കുലുക്കി.

‘‘ഇത് ലോഹിതാക്ഷൻ. പുതിയ കഥാകൃത്താണ്. നാടകമൊക്കെ എഴുതിയിട്ടുണ്ട്.’’

സേവിച്ചന്റെ ആമുഖം കേട്ട് ഞാൻ സന്തോഷത്തോടെ അയാളെ നോക്കിച്ചിരിച്ചു. കക്ഷിയുടെ മുഖത്ത് ചിരിയും പ്രസാദവും വിരിയാൻ വെമ്പിനിൽക്കുന്നുണ്ടെങ്കിലും ഒന്നും പുറത്തേക്കു വന്നില്ല. എനിക്ക് ഈ കഥ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ടെൻഷനായിരിക്കാം അതിനു കാരണമെന്നും എനിക്ക് തോന്നി.

‘‘ഇനി സമയം കളയണ്ട. ലോഹിതാക്ഷൻ ഡെന്നിസിനോട് ആ കഥ ഒന്നു പറയൂ.’’

ലോഹിതാക്ഷൻ ചെറുതായ ഒരു തയാറെടുപ്പോടെ എന്നോടു കഥ പറയാൻ തുടങ്ങി.

മറ്റുള്ള കഥ പറച്ചിലുകാരെപ്പോലെയല്ലായിരുന്നു അയാളുടെ കഥ പറച്ചിൽ. ആലങ്കാരികമായും ചടുലതയോടു കൂടിയുമൊന്നമല്ലായിരുന്നു കക്ഷി കഥ പറഞ്ഞത്.

ഒരു ഫാമിലി സബ്ജക്റ്റാണ്. അന്ന് ഞാനും എഴുതുന്നത് കൂടുതലും കുടുംബ ചിത്രങ്ങളായിരുന്നല്ലോ. ഭാര്യാഭർത്തൃ ബന്ധത്തിലുണ്ടാകുന്ന താളപ്പിഴകളും അതിന്റെ പര്യവസാനവുമൊക്കെയായിരുന്നു ഇതിവൃത്തം.

കഥ കേട്ടു കഴിഞ്ഞപ്പോൾ കൊള്ളാമെന്ന് എനിക്കും തോന്നി. ചെറിയ പുതുമയൊക്കെയുണ്ട്. പക്ഷേ ക്ലൈമാക്സിലേക്കടുക്കുമ്പോൾ ഞാൻ എഴുതി ബംപർ ഹിറ്റായി ഓടിയ ‘സന്ദർഭ’ത്തിന്റെ കഥയുമായി ചെറിയൊരു സാമ്യം പോലെ എനിക്ക് തോന്നി. സേവിച്ചനും കൂട്ടുകാർക്കും ആ അഭിപ്രായമുണ്ടായിരുന്നെങ്കിലും ഇതെപ്പറ്റി അയാളോട് ഒന്നും പറഞ്ഞിരുന്നില്ല.

ഞാൻ അക്കാര്യം അയാളോട് സൂചിപ്പിച്ചു. അയാൾ അതുകേട്ട് നിസ്സംഗഭാവത്തോടെ ശരിയാണെന്ന അർഥത്തിൽ പതുക്കെ തല കുലുക്കുകയും ചെയ്തു.

‘‘അതു കുഴപ്പമില്ല ! അവസാനം ഒരു ചെയ്ഞ്ചു വരുത്തിയാൽ മതി. നമുക്ക് ഈ കഥ തന്നെ ചെയ്യാം.’’

ഞാൻ എല്ലാവരോടുമായി പറഞ്ഞു. അപ്പോൾ തന്നെ ലോഹിതാക്ഷന് ആയിരം രൂപ ടോക്കൺ അഡ്വാൻസായിട്ടു കൊടുത്തു കൊണ്ട് ബാബു സേവ്യർ പറഞ്ഞു:
‘‘ഒരു ടോക്കൺ അഡ്വാൻസായി ഇതിരിക്കട്ടെ. ക്ലൈമാക്സ് മാറ്റി എഴുതിക്കൊണ്ടു വരുമ്പോൾ നന്നായിട്ടു വന്നാൽ നമുക്ക് പ്രതിഫലമൊക്കെ ഫിക്സു ചെയ്യാം.’’

അയാൾ ആയിരം രൂപ വാങ്ങി പോക്കറ്റിലിടുകയും ചെയ്തു. അന്ന് ആയിരം രൂപയൊക്കെയേ ഒരു കഥയ്ക്ക് അഡ്വാൻസായി കൊടുക്കാറുള്ളൂ. പ്രതിഫലമായി അയ്യായിരം രൂപയിൽ കൂടുതലൊന്നും ആരും കൊടുക്കാറില്ല.

അഞ്ചു മിനിറ്റ് കൂടി അവിടിരുന്ന ശേഷം, ഒരാഴ്ചയ്ക്കകം കഥയുടെ ക്ലൈമാക്സ് മാറ്റി എഴുതിക്കൊണ്ടു വരാമെന്നു പറഞ്ഞാണ് ലോഹിതാക്ഷന്‍ പോയത്.

ഞങ്ങൾ അൽപസമയം കൂടി അവിടിരുന്ന് ആരെയൊക്കെയാണ് കാസ്റ്റ് ചെയ്യേണ്ടതെന്നുള്ള ഒരു ഏകദേശ രൂപമുണ്ടാക്കി. മമ്മൂട്ടിയെയും ശോഭനയെയുമാണ് നായികാ നയകന്മാരായി തീരുമാനിച്ചിരുന്നത്.

യാത്ര പറഞ്ഞിറങ്ങാൻ നേരം എനിക്കും അവർ ഒരഡ്വാൻസ് തന്നു. എനിക്കു നല്ല തിരക്കുള്ള സമയമായതു കൊണ്ട് ഞാൻ ‘ജനുവരി ഒരോർമ’ യുടെ ഷൂട്ടിങ്ങിനു പോകുന്നതിനു മുൻപ് ഒരു തിരക്കഥാരൂപം ഉണ്ടാക്കിയിട്ട് പോകാമെന്ന തീരുമാനത്തിലാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്.

ഒരാഴ്ചയ്ക്കകം ക്ലൈമാക്സ് മാറ്റി എഴുതിക്കൊണ്ടു വരാമെന്നു പറഞ്ഞു പോയ ലോഹിതാക്ഷനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടില്ല. ഫോൺ ചെയ്തു നോക്കാനായി അയാളുടെ നമ്പറുമില്ല. ചാലക്കുടിയിൽ പോയി അന്വേഷിക്കാമെന്ന് സേവിച്ചൻ പറഞ്ഞെങ്കിലും അതും നടന്നില്ല.

പിന്നെ പല കാരണങ്ങളാലും മമ്മൂട്ടിയുടെ ഡേറ്റ് ക്ലാഷ് വന്നതു കൊണ്ടും ആ പ്രോജക്ട് നടന്നില്ല.

പിന്നീട് നാലഞ്ചു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് സിബി മലയിലിന്റെ ‘തനിയാവര്‍ത്തന’ത്തിന്റെ തിരക്കഥാകാരനായി ലോഹിതാക്ഷൻ എ.കെ. ലോഹിതദാസായി മലയാള സിനിമയിലേക്കു കടന്നു വരുന്നത്. പുതുമയുള്ള ഒരു കഥയായിരുന്നു തനിയാവർത്തനത്തിന്റേത്. ഈ പടം കഴിഞ്ഞ് സിബി മലയിൽ ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തിന്റെ തിരക്കഥയും ലോഹിയെ തന്നെയാണ് ഏൽപിച്ചത്. തനിയാവർത്തനത്തിലും പുതിയ പടത്തിലും മമ്മൂട്ടി തന്നെ നായകനായി വന്നപ്പോൾ ലോഹിയുടെ സമയം തെളിയുകയായിരുന്നു.

പുതിയ സബ്ജക്റ്റിന്റെ കാര്യം വന്നപ്പോൾ വിജയാ മൂവീസുകാർക്ക് കൊടുത്തിരിക്കുന്ന കഥയുടെ കാര്യം ലോഹി സൂചിപ്പിച്ചപ്പോൾ ആ പടം വേണ്ടെന്നു വച്ചെന്ന് മമ്മൂട്ടി പറഞ്ഞതു പ്രകാരം ലോഹി, സിബി മലയിലിനു വേണ്ടി ആ കഥ ചെയ്യാൻ തീരുമാനിച്ചു. ‘വിചാരണ’ എന്നാണ് ആ ചിത്രത്തിനു പേരിട്ടത്.

ചിത്രം റിലീസാകാറായപ്പോൾ വിജയാ മൂവീസുകാർ ലോഹിതദാസിനെതിരെ കേസു കൊടുക്കുമെന്ന് ഭീഷണി മുഴക്കി. അവരോട് ഒരു വാക്കു ചോദിക്കാതെ, അഡ്വാൻസ് വാങ്ങിയ രൂപ പോലും തിരിച്ചു തരാതെ ഇങ്ങനെ ഒരു അഹങ്കാരം കാണിച്ചതിൽ വിജയാ മൂവീസിന് ലോഹിയോടു വല്ലാത്ത ദേഷ്യമായിരുന്നു. ലോഹി തുടക്കക്കാരനായതുകൊണ്ട് ഇങ്ങനെയുള്ള നിയമപരമായ കാര്യങ്ങളൊന്നും അറിവില്ലായിരുന്നു. അവർ അഡ്വാൻസ് കൊടുത്ത തുകയെക്കാൾ കൂട്ടി ചോദിച്ചെങ്കിലും അവസാനം മമ്മൂട്ടി ഇടപെട്ടാണ് അത് ഒത്തുതീർപ്പാക്കിയത്.

പിന്നീട്, കിരീടം, ചെങ്കോൽ, ഭരതം, മൃഗയ അമരം, കമലദളം, സല്ലാപം, കൗരവർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങിയ ജീവിതഗന്ധിയായ ചിത്രങ്ങളിലൂടെ ലോഹി മലയാള സിനിമയുടെ നിറസാന്നിധ്യമായി മാറുകയായിരുന്നു.

1997–ൽ ഭൂതക്കണ്ണാടിയിലൂടെ ലോഹി സംവിധായകന്റെ മേലങ്കിയണിയുകയും ചെയ്തു. ആ ചിത്രത്തിന് കേരള സർക്കാരിന്റെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ലോഹിക്ക് ലഭിച്ചു. അതോടെ ലോഹി മലയാള സിനിമയിൽ തിരക്കഥയുടെ കരുത്തുറ്റ ശബ്ദമായി മാറുകയായിരുന്നു.

jayaram-lohitadas

1986 ലെ ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം ഞാനും ലോഹിയും തമ്മിൽ അത്രവലിയ അടുപ്പമൊന്നും ഉണ്ടായില്ലെങ്കിലും മാക്ടയുടെ മീറ്റിങ്ങിൽ വച്ച് ഇടയ്ക്ക് ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു. അതൊരു ഓർമപുതുക്കലിന്റെ വേദിയായി മാറുകയും ചെയ്യും.

ലോഹിയെ ഞാൻ അവസാനമായി കാണുന്നത് 2007 ലെ മാക്ടയുടെ സമരപ്രഖ്യാപന സമയത്താണ്. എന്റെ കാലു മുറിച്ചതിനു ശേഷം ആദ്യമായി മീറ്റിങ്ങിനു വന്നപ്പോഴാണത്. ബിടിഎച്ചിലെ 101–ാം നമ്പർ മുറിയിൽ ഞാൻ ക്ഷീണിതനായിരിക്കുമ്പോഴാണ് സിബി മലയിലും കമലും ലോഹിതദാസും കൂടി അങ്ങോട്ടു കടന്നു വന്നത്. ലോഹി പെട്ടെന്നാണ് എന്നെ കണ്ടത്. വേഗം എന്റടുത്തേക്കു വന്ന് കട്ടിലിൽ ഇരുന്നു. ഒരു നിമിഷം ഒന്നും മിണ്ടാതെ ലോഹി എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. എന്തൊക്കെയോ വിചാരധാരകൾ ലോഹിയുെട മനസ്സിൽ അസ്വസ്ഥതകൾ ഉണർത്തുന്നതായി എനിക്കു തോന്നി.

bhoothakannadi
ഭൂതക്കണ്ണാടി എന്ന ചിത്രത്തിൽ നിന്നും

‘‘എല്ലാം ഞാനറി‍ഞ്ഞു’’ ലോഹിയുടെ സിനിമയിലെ കൊച്ചു കൊച്ചു സംഭാഷണങ്ങൾ പോലെ വളരെ ഋജുവായ വാക്കുകൾ.

ഇന്ന് ലോഹി നമ്മോടൊപ്പമില്ല. ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ തെറ്റായി എഴുതിച്ചേർക്കപ്പെട്ട ഒരു കൈക്കുറ്റമായിട്ടേ ലോഹിയുടെ വേർപാടിനെ എനിക്കു കാണാനാവൂ. എത്രയോ മിന്നാമിന്നികളെ നക്ഷത്രങ്ങളാക്കി മാറ്റിയ ലോഹിതദാസിന്റെ ജീവിതാനുഭവം ജീവിച്ചിരിക്കുന്ന ഓരോ കലാകാരനും ഒരു പാഠമാണ്.

ലോഹിയുടെ അവസാനകാലത്ത് ലോഹി വല്ലാതെ ദുഃഖിതനായിരുന്നെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ആകുന്നതും കനം കുറഞ്ഞ മനസ്സുമായി ജീവിക്കുന്ന ആ വലിയ കലാകാരന് ഇന്നലെകളുടെ ഭാരമില്ലാതെ ജീവിക്കാനാകില്ല. അന്ന് ലോഹി പറഞ്ഞ ഒരു വാചകമുണ്ട്: ‘‘ജീവിച്ചിരിക്കുമ്പോൾ എന്നെ വിമർശിക്കാനും മാനസികമായി പീഡിപ്പിക്കാനും ഒരുപാടുപേരുണ്ടായിരുന്നു. എന്നെയറിയുന്നതും എന്നിലെ കലാകാരനെ അംഗീകരിക്കുന്നതും നാളെ എന്റെ മരണശേഷമായിരിക്കും.’

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com