കമിതാക്കളായിരുന്ന നടൻ കൃഷ്ണകുമാറും സിന്ധുവും മമ്മൂട്ടിയുടെ ഉപദേശം കേട്ടതിന്റെ പിറ്റേദിവസം വിവാഹിതരായ കഥപറഞ്ഞ് മുകേഷ്. സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മുകേഷിന്റെയും മമ്മൂട്ടിയുടെയും ഉപദേശത്തിനായി, പ്രണയിക്കുന്ന പെൺകുട്ടിയുമായി കൃഷ്ണകുമാർ എത്തിയെന്നും

കമിതാക്കളായിരുന്ന നടൻ കൃഷ്ണകുമാറും സിന്ധുവും മമ്മൂട്ടിയുടെ ഉപദേശം കേട്ടതിന്റെ പിറ്റേദിവസം വിവാഹിതരായ കഥപറഞ്ഞ് മുകേഷ്. സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മുകേഷിന്റെയും മമ്മൂട്ടിയുടെയും ഉപദേശത്തിനായി, പ്രണയിക്കുന്ന പെൺകുട്ടിയുമായി കൃഷ്ണകുമാർ എത്തിയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമിതാക്കളായിരുന്ന നടൻ കൃഷ്ണകുമാറും സിന്ധുവും മമ്മൂട്ടിയുടെ ഉപദേശം കേട്ടതിന്റെ പിറ്റേദിവസം വിവാഹിതരായ കഥപറഞ്ഞ് മുകേഷ്. സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മുകേഷിന്റെയും മമ്മൂട്ടിയുടെയും ഉപദേശത്തിനായി, പ്രണയിക്കുന്ന പെൺകുട്ടിയുമായി കൃഷ്ണകുമാർ എത്തിയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമിതാക്കളായിരുന്ന നടൻ കൃഷ്ണകുമാറും സിന്ധുവും മമ്മൂട്ടിയുടെ ഉപദേശം കേട്ടതിന്റെ പിറ്റേദിവസം വിവാഹിതരായ കഥപറഞ്ഞ് മുകേഷ്. സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മുകേഷിന്റെയും മമ്മൂട്ടിയുടെയും ഉപദേശത്തിനായി, പ്രണയിക്കുന്ന പെൺകുട്ടിയുമായി കൃഷ്ണകുമാർ എത്തിയെന്നും മമ്മൂട്ടി അവർക്ക് ജീവിതവിജയത്തിനുള്ള ഉപദേശങ്ങൾ നൽകിയെന്നും മുകേഷ് പറയുന്നു. എന്നാൽ മമ്മൂട്ടിയുടെ ഉപദേശം കേട്ടു പേടിച്ച്, നാളെത്തന്നെ കെട്ടണം എന്ന് സിന്ധു കൃഷ്ണകുമാറിനോട് പറയുകയായിരുന്നു. മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യുട്യൂബ് ചാനലിൽ അഹാന കൃഷ്ണകുമാർ അതിഥിയായി എത്തിയപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ മുകേഷ് പങ്കുവച്ചത്.

മുകേഷിന്റെ വാക്കുകൾ:

ADVERTISEMENT

‘‘വർഷങ്ങൾക്ക് മുൻപ് സൈന്യം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ് പാലരുവിയിൽ നടക്കുന്ന സമയത്തെ കഥയാണ്. ഞാനും മമ്മൂക്കയും പുനലൂരിൽ ഒരു ഹോട്ടലിൽ ആണ് താമസിക്കുന്നത്. ഒരുപാടുപേർ പങ്കെടുക്കുന്ന ഷൂട്ടിങ് ആണ്. ആൾക്കൂട്ടത്തിനിടയിൽ നോക്കിയപ്പോൾ എന്റെ ഒരു സുഹൃത്ത് അപ്പഹാജ നിൽക്കുന്നു. ഞാൻ ആലോചിച്ചു, അപ്പാഹാജ ഈ സിനിമയിൽ ഇല്ലല്ലോ, പിന്നെ എന്തിനാണ് പാലരുവിയിൽ വന്നു നിൽക്കുന്നത്. എന്നെക്കണ്ട് അപ്പാഹാജ ചിരിച്ചു. ഞാൻ ചോദിച്ചു ‘എന്താണു വന്നത്’. ‘നിങ്ങൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞൊന്നും അല്ല ഞാൻ വന്നത്. ശരിക്കും പറഞ്ഞാൽ ഞാൻ വന്നതിനു പിന്നിൽ സെന്റിമെന്റ്സ് ഉണ്ട്, ത്രില്ല് ഉണ്ട്, സംഘർഷമുണ്ട്’. ഞാൻ ചോദിച്ചു, ‘ഹോ ഇത് മൂന്നും കൂടിയുള്ള ട്രിപ്പോ’. പുള്ളി പറഞ്ഞു, എന്റെ കൂടെ ഒരാൾ വന്നിട്ടുണ്ട്. ഞാൻ നോക്കുമ്പോൾ കൃഷ്ണകുമാർ അവിടെ നിൽക്കുന്നു.

കൃഷ്ണകുമാർ എന്താ അവിടെ നിൽക്കുന്നേ? ഇവിടെ വന്നിരിക്കൂ എന്നു ഞാൻ പറഞ്ഞു. കൃഷ്ണകുമാറിന് ഒരു സന്തോഷമില്ല, മുഖത്തൊരു ടെൻഷനുണ്ട്. എന്തോ ചിന്തിച്ചു നിൽക്കുകയാണ്. ഞാൻ അപ്പാഹാജയോട് ചോദിച്ചു: ‘എന്താണ് എന്തെങ്കിലും കുഴപ്പമുണ്ടോ?’ അപ്പാഹാജ പറഞ്ഞു ‘കുഴപ്പമേ ഉള്ളൂ. കൃഷ്ണകുമാർ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു, ഘോര പ്രേമമാണ്. കല്യാണം കഴിക്കണമെന്നു രണ്ടുപേരും ആഗ്രഹിക്കുന്നു. എന്നാൽ പെണ്ണിന്റെ വീട്ടുകാർക്ക് അത്ര താല്പര്യമില്ല. എന്തു ചെയ്യണം എന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടിയുമില്ല. പെൺകുട്ടി കാറിനകത്ത് ഇരിപ്പുണ്ട്. ഞാൻ അവരോടു പറഞ്ഞു, നമുക്കൊരു ഡ്രൈവ് പോകാം. ഒന്ന് റിലാക്സ് ആകട്ടെ എന്നുപറഞ്ഞു രണ്ടുപേരെയും ഇങ്ങോട്ടു കൊണ്ടുവന്നതാ.’

ആ സമയത്ത് മമ്മൂക്ക അങ്ങോട്ട് വന്നു. ഇവരെക്കണ്ട മമ്മൂക്കയ്ക്ക് സന്തോഷമായി, ‘ഹാജ, കൃഷ്ണകുമാർ, എന്താ വന്നത്, പാലരുവി കാണാൻ വന്നതാണോ’ എന്നൊക്കെ ഉത്സാഹത്തിൽ ചോദിക്കുകയാണ് മമ്മൂക്ക. ഞാൻ പറഞ്ഞു, ‘മമ്മൂക്കയുടെ ലോക പരിചയം വച്ചിട്ട് ഒരു ഉഗ്രൻ ഉപദേശം വേണം. അതിനാണ് അവർ വന്നത്. കൃഷ്ണകുമാർ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു പെൺകുട്ടിക്കും ഇഷ്ടമാണ് എന്നാൽ വീട്ടുകാർക്ക് ഇഷ്ടമില്ല. അവർക്ക് പിരിയാൻ കഴിയില്ല. എന്താണ് മമ്മൂക്കയുടെ ഉപദേശം?’.

‘ഞാൻ എന്ത് പറഞ്ഞാലും നീ സ്വീകരിക്കുമോ’ എന്ന് മമ്മൂക്ക ചോദിച്ചു. കൃഷ്ണകുമാർ പറഞ്ഞു, ‘സ്വീകരിക്കാം’. ‘നീ ഇഷ്ടമുള്ള പെൺകുട്ടിയെ കല്യാണം കഴിക്ക് അതിൽ ഒരു തെറ്റുമില്ല. സ്നേഹിക്കുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ ഏറ്റവും നല്ല കാര്യമാണ്. പക്ഷേ പെൺകുട്ടിയെ പോറ്റാൻ ഉള്ള കഴിവ് നിനക്കുണ്ടോ? ആ ഒരു ആത്മവിശ്വാസം നിനക്കുണ്ടോ?’ കൃഷ്ണകുമാർ ഒന്ന് നോക്കി.

ADVERTISEMENT

മമ്മൂക്ക പറഞ്ഞു, ‘നീ കുറച്ചു വെയ്റ്റ് ചെയ്യ്, നിനക്ക് സിനിമയിൽ ഒരു ഭാവി ഉണ്ടെന്നാണ് ഞാൻ മനസ്സിലാകുന്നത്. രണ്ടു വീട്ടുകാരും നിങ്ങളെ എതിർക്കും. നിങ്ങൾക്ക് ഒരു വീട് എടുത്തു താമസിക്കാനും പെൺകുട്ടിയെ പോറ്റാനും അവൾക്ക് ഭക്ഷണവും വസ്ത്രവും വാങ്ങിക്കൊടുക്കാനും അവളെ സിനിമയ്ക്ക് കൊണ്ടുപോകാനും ശേഷിയുണ്ടെന്ന് നിനക്ക് തോന്നുന്ന നിമിഷം ഞാൻ നിന്നോടൊപ്പം ഉണ്ടാകും. ഇപ്പോൾ നീ ആവേശത്തിന്റെ പുറത്ത് എടുത്തു ചാടരുത്. ആദ്യമൊക്കെ പ്രേമം നല്ലതായിരിക്കും. പക്ഷേ ദാരിദ്ര്യം, കഷ്ടപ്പാട് ഒക്കെ വന്നുകഴിഞ്ഞാൽ വേണ്ടിയിരുന്നില്ല എന്ന് നിങ്ങൾക്ക് തോന്നാം. അതൊരു ഭയങ്കര പാഠമാണ്’.

ഇത് കേട്ട കൃഷ്ണകുമാർ മമ്മൂക്കയുടെ കയ്യിൽ പിടിച്ചു പറഞ്ഞു, ‘മമ്മൂക്ക ഈ ഒരു കൗൺസിലിങ് ആണ് ഞാൻ ആഗ്രഹിച്ചത്. മമ്മൂക്ക പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യമാണ്. ഞാൻ എടുത്തുചാടി മണ്ടത്തരം കാണിച്ചാൽ അത് ശരിയല്ല. ഞാൻ ആത്മാർഥമായി ശ്രമിക്കാൻ പോകുന്നു. സ്വന്തം കാലിൽ നിന്നിട്ട് അവളെ പോറ്റാൻ കഴിയും എന്ന ആത്മവിശ്വാസം നേടുക ആയിരിക്കും ഇനി ലക്ഷ്യം. ഇവിടെ വന്നത് വലിയൊരു നിമിത്തമായി. ഞങ്ങളെ ഇവിടെ ദൈവം കൊണ്ടുവന്നതാണ്’ എന്നുപറഞ്ഞിട്ട് കൃഷ്ണകുമാറും അപ്പാഹാജയും പോയി. ഞാൻ മമ്മൂക്കയോട് പറഞ്ഞു, ‘മമ്മൂക്ക എന്താ ഒരു കൗൺസിലിങ്. നിങ്ങൾ ഭയങ്കര ഒരു മനുഷ്യനാണ് അവരുടെ ഹൃദയത്തിലേക്കല്ലേ ഇറങ്ങി ചെന്നത്’. മമ്മൂക്ക പറഞ്ഞു ‘എടാ ഇതൊക്കെയാണ്, നമുക്ക് ആരെയെങ്കിലും സഹായിക്കാൻ അവസരം കിട്ടിയാൽ അത് ചെയ്യുക. ഇവരൊക്കെ നമ്മുടെ പിള്ളേരല്ലേ. അവരൊന്നും അങ്ങനെ വിഷമിക്കാൻ പാടില്ല.’

അന്ന് ഷൂട്ടിങ് കഴിഞ്ഞു ഞങ്ങൾ പുനലൂർ വൃന്ദാവൻ ഹോട്ടലിലെത്തി കിടന്നുറങ്ങി. രാവിലെ ആറു മണി ആയപ്പോൾ എനിക്കൊരു ഫോൺ വന്നു. അപ്പാഹാജ ആയിരുന്നു വിളിച്ചത്. അപ്പാഹാജ പറഞ്ഞു, ‘ മുകേഷ് എനിക്ക് സീരിയസ് ആയി ഒരുകാര്യം പറയാനുണ്ട്. കൃഷ്ണകുമാറും അവൻ സ്നേഹിക്കുന്ന പെൺകുട്ടി സിന്ധുവും ഇന്നുരാവിലെ പത്തുമണിക്ക് വിവാഹം കഴിക്കാൻ തീരുമാനിച്ചു.’ ഞാൻ ചോദിച്ചു: ‘അതെങ്ങനെ?’

‘ഇന്നലെ പോകുന്ന വഴിക്ക് മമ്മൂക്കയുടെ കൗൺസിലിങ്ങും നടന്ന സംഭവങ്ങളുമെല്ലാം സിന്ധുവിനോടു പറഞ്ഞപ്പോൾ അവൾ ഭയപ്പെട്ടു. ഇങ്ങനെ പോയാൽ ഈ വിവാഹം ഒരുപക്ഷേ നടന്നില്ലെങ്കിലോ. നാളെത്തന്നെ കെട്ടണം എന്ന് സിന്ധു പറഞ്ഞു. അങ്ങനെ കൃഷ്ണകുമാർ സമ്മതിച്ചിട്ട് ഞങ്ങൾ എല്ലാവരും കൂടി പോവുകയാണ്. അത് പറയാനാണ് ഞാൻ വിളിച്ചത്’. അവൻ ഫോൺ വച്ചപ്പോൾ ഞാൻ നേരെ മമ്മൂക്കയുടെ റൂമിലേക്കു ചെന്ന് കോളിങ് ബെൽ അടിച്ചു. കുറേപ്രാവശ്യം ബെൽ അടിച്ചപ്പോഴാണ് മമ്മൂക്ക ഡോർ തുറന്നത്. ‘എടാ ഇന്നലെ രാത്രി രണ്ടുമണിക്കല്ലേ വന്നു കിടന്നത്. നിനക്ക് ഇത്ര രാവിലെ എന്താണ് അത്യാവശ്യം. കുറച്ചു കഴിഞ്ഞു വിളിച്ചാൽ പോരേ’ എന്ന് ചോദിച്ചു ചൂടായി.

ADVERTISEMENT

കുറച്ചു കഴിഞ്ഞു പറയേണ്ട കാര്യമല്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ നീ പറഞ്ഞു തുലയ്ക്കെന്ന് മമ്മൂക്കയും.‘ഇന്നലെ കൗൺസിലിങ് കൊടുത്ത് രണ്ടുപേരെ പറഞ്ഞുവിട്ടില്ലേ, ഇന്ന് രാവിലെ പത്തുമണിക്ക് അവരുടെ റജിസ്റ്റർ മാര്യേജ് ആണ്. കൗൺസിലിങിന്റെ എഫക്റ്റ് ഒന്ന് അറിയിക്കാൻ വേണ്ടി മാത്രമല്ല, കൊല്ലത്തുള്ള മൂന്നു കൂട്ടര് വന്നു നിൽക്കുന്നു. അവരും ഇതേപോലെ കല്യാണം കഴിക്കണോ വേണ്ടയോ എന്ന് അറിയാതെ വന്നു നിൽക്കുകയാണ്. മമ്മൂക്ക കൗൺസിൽ ചെയ്‌താൽ നാളെത്തന്നെ അവരുടെ കല്യാണവും നടക്കുമല്ലോ.’–ഞാൻ പറഞ്ഞു.

മമ്മൂക്ക പോടാ നിന്റെ പാട്ടിന് എന്നുപറഞ്ഞു ഡോർ വലിച്ചടച്ചു. പിന്നെ ഞാൻ കുറെ നാൾ ‘ഉഗ്രൻ കൗൺസിലർ ആണ് കേട്ടോ’ എന്നുപറഞ്ഞു മമ്മൂക്കയെ കളിയാക്കുമായിരുന്നു.

എന്തായാലും കൃഷ്ണകുമാറും സിന്ധുവും ഒന്നാകണം എന്നുള്ളത് നേരത്തേ എഴുതി വച്ചിരിക്കുന്നതാണ്. ഒരുപക്ഷേ അന്ന് അവർ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ ഈ അഹാന ഉണ്ടാകില്ലായിരിക്കും. ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്നത് കുറച്ചുകൂടി ചെറിയ അഹാന ആയിരിക്കും.’’– മുകേഷ് പറയുന്നു.