ADVERTISEMENT

വിവേചനം നേരിട്ടതിനെത്തുടർന്ന് സിനിമ വിടാനൊരുങ്ങിയ മേക്കപ്പ് ആർട്ടിസ്റ്റ് മിറ്റ ആന്റണിക്ക് ആശ്വാസവുമായി ഫെഫ്ക. മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ അംഗത്വമില്ലാത്തതിനാൽ സിനിമയിൽ ജോലി ചെയ്യാനാവാതെ വന്നതോടെ, രണ്ടു കുട്ടികളുള്ള കുടുംബത്തെ നോക്കാൻ മറ്റൊരു ജോലി കണ്ടെത്താനൊരുങ്ങുകയായിരുന്നു മിറ്റ. തന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനാണ് സഹായഹസ്തവുമായി എത്തിയതെന്നും ഫെഫ്ക ഇടപെട്ട് മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയൻ അംഗത്വം നൽകിയെന്നും മിറ്റ മനോരമ ഓൺലൈനിനോട് പറഞ്ഞു. മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ ഇടയിൽ സ്ത്രീപ്രാതിനിധ്യം കുറവാണെന്നത് വാസ്തവമാണെന്നും അതിന്റെ യഥാർഥ കാരണമെന്താണെന്ന് അറിയില്ലെന്നും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. സിനിമയിലെ എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉണ്ടാകണം എന്നതാണ് ഫെഫ്കയുടെ നിലപാടെന്നും മിറ്റയ്ക്ക് അംഗത്വം നൽകുന്നത് സമൂഹത്തിനു നല്ല സന്ദേശം പകരുമെന്നു കരുതുന്നുവെന്നും ബി. ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘പന്ത്രണ്ടു വർഷമായി ഞാൻ സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റാണ്. ഈ മേഖലയിൽ എനിക്ക് നാല് ഡിപ്ലോമ ഉണ്ട്. 2012 ൽ ഒരു അറബിക് സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചാണ് തുടക്കം. ‘കൂടെ’ ആണ് ആദ്യമായി റിലീസ് ചെയ്ത സിനിമ. തുടർന്ന് ‘ഉടലാഴം’, ശ്യാമപ്രസാദ് സാറിന്റെ ‘കാസിമിന്റെ കടൽ’, ഡോൺ പാലത്തറയുടെ ‘1956’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഡോണിന്റെ തന്നെ മറ്റൊരു ചിത്രം വരുന്നുണ്ട്. എല്ലാ ഭാഷകളിലും കൂടി 37 ചിത്രങ്ങൾക്ക് വേണ്ടി മേക്കപ്പ് ചെയ്തു.

2011ല്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ അംഗത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും സ്ത്രീകൾക്ക് കാർഡ് കൊടുക്കുന്നില്ല എന്ന പേരിൽ നിരസിക്കുകയായിരുന്നു. കുറച്ചു നാൾ ഞാൻ മുംബൈയിൽ ആയിരുന്നു. ആയിടക്കാണ് സ്ത്രീകളെ ഈ രംഗത്തുനിന്നു മാറ്റി നിർത്താൻ കഴിയില്ല എന്ന സുപ്രീം കോടതി വിധി വന്നത്. ആ സമയത്ത് ബോംബെ യൂണിയനിൽ എനിക്ക് അംഗത്വം ലഭിച്ചു. മലയാള സിനിമയിൽ എത്തിയതിനുശേഷം ഒരു തരത്തിലുമുള്ള പിന്തുണയും എനിക്ക് ലഭിച്ചില്ല. മലയാള സിനിമയിലെ വനിതാ മേക്കപ് ആർട്ടിസ്റ്റുകൾ വലിയ വിവേചനമാണ് നേരിടുന്നത്. അതാണ് ഈ രംഗത്ത് സ്ത്രീകൾ കുറയാൻ കാരണവും. ഈ ഫീൽഡിൽ ഇത്രയും വർഷം പ്രവർത്തിച്ചിട്ടും എങ്ങുമെത്താതെ മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നിരുന്നു. അതാണ് ആശിച്ചു നേടിയ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന തൊഴിൽ വിടാൻ തീരുമാനിച്ചത്.

metta-antony-makeup

എന്റെ അവസ്ഥ അറിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ സർ എന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു, പിന്തുണ അറിയിച്ചു. അദ്ദേഹം മേക്കപ്പ് ഡിപ്പാർട്മെന്റിലേക്ക് എന്റെ വിവരങ്ങൾ അയച്ചു കൊടുത്തു. എനിക്ക് കാർഡ് കിട്ടാനുള്ള ഏർപ്പാടുകൾ ചെയ്തു. ഞാൻ ഏറ്റവുമധികം ആഗ്രഹിച്ച അംഗീകാരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. നമുക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഓടിച്ചെല്ലാൻ നമ്മുടെ തൊഴിൽ സംബന്ധമായ ഒരു യൂണിയൻ വേണമല്ലോ. അതിൽ ഫെഫ്കയോട് വലിയ കടപ്പാട് ഉണ്ട്. ആഗ്രഹിച്ചു പഠിച്ച് എത്തപ്പെട്ട മേഖലയാണ് മേക്കപ്പ് എന്നത്. അത് ഉപേക്ഷിച്ചു പോവുക എന്നത് വേദനാജനകമായിരുന്നു. ഇനി ഇവിടെ തന്നെ തുടരാനാണ് തീരുമാനം.’’ മിറ്റ പറയുന്നു.

സിനിമയിലെ എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉണ്ടാകണം എന്നതാണ് ഫെഫ്കയുടെ നിലപാടെന്ന് ബി.ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. മേക്കപ്പ് യൂണിയന്റെ കഴിഞ്ഞ ജനറൽ ബോഡിയിലും എല്ലാവര്‍ക്കും അംഗത്വം കൊടുക്കണം എന്ന തീരുമാനം പാസാക്കിയതാണെന്നും മിറ്റയുടെ കാര്യം ചര്‍ച്ചയായപ്പോഴാണ് ഇത് തന്റെ ശ്രദ്ധയിൽപെട്ടതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

‘‘മലയാള സിനിമയിൽ സാങ്കേതിക പ്രവർത്തകരുടെ ഇടയിൽ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണ് എന്നത് യാഥാർഥ്യമാണ്, അത് എന്തുകൊണ്ടാണ് എന്നറിയില്ല. ചിലപ്പോൾ മാറ്റി നിർത്തപ്പെടുന്നുണ്ടാകാം. അല്ലെങ്കിൽ സുരക്ഷിതമായ തൊഴിൽ മേഖലയല്ല എന്നുകരുതി പലരും കടന്നുവരാൻ മടിക്കുന്നതാകാം. കഴിഞ്ഞ തവണത്തെ ഫെഫ്ക ജനറൽ ബോഡിയുടെ തീരുമാനം സിനിമയിലെ എല്ലാ യൂണിയനിലും, ഇതുവരെ മറ്റു ഭാഷകളിൽ ഇല്ലാത്ത യൂണിയനിൽ പോലും സ്ത്രീപ്രാതിനിധ്യം ഉണ്ടാകണം എന്നതാണ്. ക്രെയ്ൻ പ്രവർത്തിപ്പിക്കുന്നതു പോലെയുള്ള ഔട്ഡോർ ജോലികൾ ശാരീരിക അധ്വാനം കൂടുതൽ വേണ്ട ജോലിയാണ്. പക്ഷേ ആ മേഖലയിൽ പോലും സ്ത്രീകൾ കടന്നു വരണം എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തത്.

മേക്കപ്പ് യൂണിയന്റെ കഴിഞ്ഞ ജനറൽ ബോഡിയിലും എല്ലാവര്‍ക്കും അംഗത്വം കൊടുക്കണം എന്ന തീരുമാനം പാസാക്കിയതാണ്. എന്തോ ചെറിയ സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് നീണ്ടുപോയത്. മിറ്റയുടെ കാര്യം ചർച്ചയായപ്പോഴാണ് ഇക്കാര്യം ഞാൻ അറിയുന്നത്. അവരെ ഓഫിസിൽ വിളിച്ചു വരുത്തി അംഗത്വ ഫോം എത്തിച്ച്, അപ്പോൾത്തന്നെ കാര്യങ്ങൾക്കു തീരുമാനമെടുക്കുകയാണ് ഉണ്ടായത്. ഇത് ഭാവിയിലേക്ക് ഒരു നല്ല സന്ദേശമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ മേഖലയിലും സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ആളുകൾ വരട്ടെ. സംവിധാന രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഗംഭീരമായി കൂടിയിട്ടുണ്ട്. എല്ലാ മേഖലയിലും പടിപടിയായി കൂടി വരുമെന്നു പ്രതീക്ഷിക്കുന്നു.’’ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com