എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം ൈകവരിച്ച ബാലതാരം മീനാക്ഷി അനൂപിന് പുനർമൂല്യനിർണയത്തിലും മിന്നുന്ന തിളക്കം. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആയിരുന്നു. ഫിസിക്സിന് മാത്രമായിരുന്നു ബി പ്ലസ് ഗ്രേഡ് ലഭിച്ചത്.
തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുകയായിരുന്നു. ഫലം വന്നപ്പോൾ ബി പ്ലസ്, എ ഗ്രേഡ് ആയി. ‘‘ഞാൻ B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ’’.–പുതിയ പരീക്ഷാ ഫലം പങ്കുവച്ച് മീനാക്ഷി കുറിച്ചു.
അനൂപ്– രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദർശ് എന്നീ സഹോദരങ്ങളുമുണ്ട്.

99.26 ശതമാനമാണ് ഇത്തവണത്തെ വിജയം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.