ADVERTISEMENT

ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനു പിന്തുണയുമായി നടൻ സുബീഷ് സുധി. ആലപ്പുഴയിൽ തന്റെ ഒരുപാട് സുഹൃത്തുക്കൾക്ക് അത്താണിയായ മനുഷ്യനാണെന്നും മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎൽഎയായി ജനഹൃദയങ്ങളിൽ സജി ചെറിയാൻ എന്നും ജ്വലിച്ചുനിൽക്കുമെന്നും സുബീഷ് പറയുന്നു.

സുബീഷിന്റെ വാക്കുകൾ:

2013 ലെ ഒരു മേയ് മാസത്തിൽ ഞാൻ ലാൽജോസ് സാറിന്റെ ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്കിന്റെ വെനീസായ ആലപ്പുഴയാണ് ലൊക്കേഷൻ. അതേസമയത്താണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നത്. അന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷാണ്. പ്രസിഡന്റ് സ്വരാജേട്ടനാണെന്നാണ് എന്റെ ഓർമ. എന്റെ ഓർമ ശരിയാകണമെന്നില്ല. കാരണം ഹൃദയത്തിൽ നിന്നുള്ള എഴുത്തുകൾക്ക് പലപ്പോഴും തെറ്റുകൾ പറ്റാം.

ഞാൻ എപ്പോഴും ഹൃദയം കൊണ്ടുമാത്രമേ സംസാരിക്കാൻ ശ്രമിക്കാറുള്ളൂ. അത്തരം ഹൃദയത്തിൽ തൊട്ട അനുഭവങ്ങളുണ്ടാകുമ്പോഴേ ഞാൻ സൈബറിടത്തിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ഒരിക്കലും എന്റെ ലാഭത്തിനുവേണ്ടി ഞാൻ നിങ്ങളോടു കള്ളം പറയാറില്ല. ഇത് ഹൃദയത്തിൽനിന്നു വരുന്ന സത്യസന്ധമായ വാക്കുകളാണ്. എന്റെ ഓർമ വച്ച് ഞാൻ തുടരുന്നു. അങ്ങനെയിരിക്കെ ഞാൻ ആലപ്പുഴ ലൊക്കേഷനിലുണ്ടെന്നറിഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ നിഴല്‍ പോലെ കൂടെയുള്ള ടി.വി.രാജേഷേട്ടൻ സ്വരാജേട്ടനുമൊത്ത് സെറ്റിൽ വന്നു. ഇവർക്കൊപ്പം അന്നത്തെ സംഘാടകസമിതി ചെയർമാൻ (എന്റെ ഓർമ ശരിയല്ലെങ്കിൽ ക്ഷമിക്കണം) സജി ചെറിയാൻ എന്ന വ്യക്തിയും ഉണ്ടായിരുന്നു. ഞാൻ കൊണ്ടുവന്ന ടാക്സി കാറിൽ ഇവർ 3 പേരും കയറി.

അന്നാണെങ്കിൽ ഡിവൈഎഫ്ഐ സമ്മേളനത്തിൽ പ്രധാനപ്പെട്ട ഒരു പരിപാടി നടക്കാനുമുണ്ട്. യാത്രയിലുടനീളം മുഖം നോക്കാതെ കൃത്യമായ നിലപാടുകൾ പറയുന്ന, കർക്കശക്കാരനായ ഒരു മനുഷ്യനെ എനിക്ക് സജി ചെറിയാനിൽ കാണാൻ കഴിഞ്ഞു. ശരിക്കു പറഞ്ഞാൽ ആദ്യ കാഴ്ചയിൽ സജി ചെറിയാനെ എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. കാർക്കശ്യക്കാരനായ, സ്വന്തം കാര്യങ്ങൾ നോക്കുന്ന ഒരു മനുഷ്യനാണ് എന്നാണ് തോന്നിയത്. ലൊക്കേഷനിലെത്തിയപ്പോൾ ലാൽജോസ് സർ, ചാക്കോച്ചൻ, ജോജു ഏട്ടൻ, ഇർഷാദ്ക്ക എന്നിവരൊക്കെ ഇറങ്ങി വന്ന് ടിവിആറിനെയും സ്വരാജേട്ടനെയും കാണുകയും സംസാരിക്കുകയും ചെയ്തു.

അപ്പോഴൊന്നും സ്വന്തം നാട്ടുകാരനായ ചാക്കോച്ചൻ മുമ്പിലുണ്ടായിരുന്നിട്ടു പോലും സജി ചെറിയാന് അതിലൊന്നും വലിയ ആവേശമുള്ളതായി തോന്നിയില്ല. അദ്ദേഹം മാറി നിന്നുകൊണ്ട് സമ്മേളന കാര്യങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് വിളിച്ചന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ പറയുന്ന പരിപാടിക്ക് സംസ്ഥാന സെക്രട്ടറിയെയും പ്രസിഡന്റിനെയും എത്രയും പെട്ടെന്ന് പങ്കെടുപ്പിക്കുക എന്നല്ലാതെ സിനിമ ഷൂട്ടിങ് കാണുകയോ താരങ്ങളെ പരിചയപ്പെടുകയോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ താൽപര്യം. പോകാൻ ധൃതിയുണ്ടെന്ന കാര്യം ടിവിആറും സ്വരാജേട്ടനും പറയുകയും ചെയ്തിരുന്നു. പക്ഷേ എന്റെ സ്നേഹനിർബന്ധത്തിന് വഴങ്ങിയാണ് അവരിവിടെയെത്തിയത്. ഞാനഭിനയിക്കുന്ന ലൊക്കേഷനിലേക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവർ വന്നത്.

പക്ഷേ സജി ചെറിയാനെന്ന സംഘാടക സമിതി ചെയർമാന് കൃത്യമായ നിലപാടുണ്ടായിരുന്നു. അവസാനമായി ഞാൻ അദ്ദേഹത്തെ കാണുന്നത് അവിടുന്നാണ്.
പിന്നീട് ആലപ്പുഴ രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായ മനുഷ്യൻ. ആലപ്പുഴയിൽ എനിക്കുള്ള ഒരുപാട് സുഹൃത്തുക്കൾക്ക് അത്താണിയായ മനുഷ്യൻ. ഭരണഘടനയെക്കുറിച്ച് എനിക്ക് ആധികാരികമായി ഒന്നുമറിയില്ല .പക്ഷേ സജി ചെറിയാൻ സാധാരണ മനുഷ്യന്റെ ആത്മതാളങ്ങളിൽ മതിമറക്കുന്ന മനുഷ്യനാണ്. നിങ്ങൾ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഇനി ഉണ്ടായാലും ഇല്ലെങ്കിലും സധാരണക്കാരന്റെ ഹൃദയത്തിൽ ഇൻക്വിലാബായ് നിങ്ങൾ അലയടിക്കും. നിങ്ങൾ മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎൽഎയായി ജനഹൃദയങ്ങളിൽ ജ്വലിക്കും. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ നിങ്ങൾ നല്ലൊരു മനുഷ്യനാണ്. മനുഷ്യ സ്നേഹിയാണ്. നല്ലൊരു കമ്യൂണിസ്റ്റാണ്. നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സിൽ താങ്കൾ മരണമാസല്ല കൊലമാസാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com