നടനാകാൻ താൽപര്യമില്ലാതിരുന്ന പോത്തൻ, പക്ഷേ ഒടുവിൽ ?

Venu-Pothen
SHARE

അതൊരു വല്ലാത്ത കാലമായിരുന്നു. വെറുതെ നൊസ്‌റ്റാൾജിയയ്‌ക്കുവേണ്ടി പറയുന്നതല്ല. തകര, ചാമരം, ലോറി, ആരവം... അങ്ങനെ മലയാള സിനിമയുടെ ഭരതൻകാലം. അവിടെനിന്നു തുടങ്ങിയതാണു ഇഴ പിരിയാത്ത ബന്ധം. ഭരതൻ തേച്ചുമിനുക്കിയ പ്രതിഭകളാണിതുരണ്ടും. പ്രതാപ് പോത്തന് നടനാകാൻ താൽപര്യമേ ഇല്ലായിരുന്നു. സംവിധാനമായിരുന്നു മോഹം. മുടി നീട്ടി, കണ്ണട വച്ച്, ഹിപ്പിയായി നടക്കുന്ന കാലത്ത് വേഷം കണ്ടാൽ സിനിമയിൽ അഭിനയിക്കുമോ എന്ന് ആരും ചോദിക്കുകപോലുമില്ല. ഇടപഴകിയപ്പോൾ ഭരതൻ മാത്രം പ്രതാപിലെ നടനെ കണ്ടു. ലോറി, തകര, ചാമരം, ആരവം എന്നീ നാലു സിനിമകളിലും പ്രതാപ് പോത്തനുണ്ടായിരുന്നു. ഇന്ത്യൻ സിനിമ അന്നുവരെ കാണാത്ത നായകനെയും സിനിമയും കണ്ടു പലരും അന്തംവിട്ടു. എല്ലാവരും മലയാള സിനിമയെ കൺനിറയെ നോക്കി നിന്നു.

ഭരതനെക്കുറിച്ച് നെടുമുടി വേണുവും പ്രതാപ് പോത്തനും പറഞ്ഞിരുന്നതിങ്ങനെ. ഭരതൻ ഉണ്ടായിരുന്നില്ല എന്നു കരുതുക. ഇന്നീ കാണുന്ന നെടുമുടി വേണുവോ പ്രതാപ് പോത്തനോ ഇല്ല. ഞങ്ങളെ തേച്ചുമിനുക്കിയെടുത്തത് ഭരതനാണ്.അന്നൊന്നും ഇന്നത്തെപോലുള്ള സിനിമാജീവിതമല്ല. ഒരു ക്ലബ് ഹൗസിന്റെ വലിയ മുറിയിലാണ് സിനിമ ഷൂട്ടു ചെയ്യുമ്പോഴും ഞങ്ങളെല്ലാം കിടന്നിരുന്നത്. ഭരതേട്ടനൊരു കഥ പറയും. അതിൽ രണ്ടു കഥാപാത്രങ്ങളുണ്ടാകും. പിന്നെ ഞങ്ങൾ രണ്ടു പേരും കൂടി ദിവസങ്ങളോളം പരസ്‌പരം കൊണ്ടും കൊടുത്തും ആ കഥാപാത്രങ്ങളെ വലുതാക്കും. ആരവത്തിൽ ഒരാൾ നായകനായപ്പോൾ തകരയിലും ചാമരത്തിലും രണ്ടാമൻ നായകനായി. അന്നൊന്നും നായകനെന്നോ ഉപനായകനെന്നോ നോക്കില്ല. വേഷംകൊണ്ടു സിനിമ പൊലിപ്പിക്കാനാകണമെന്നേയുള്ളു.

തകരയിൽ കപ്പേ... കപ്പേ... കപ്പേയ് എന്നു വിളിച്ചു കൂവുന്ന സ്‌റ്റൈൽ ഉണ്ടാക്കിയത് നെടുമുടി വേണുവാണ്. പ്രതാപ് പോത്തന്റെ ഈ സ്‌റ്റൈൽ വലിയ ഹിറ്റായി. പ്രതാപ് പോകുന്ന പല സ്‌ഥലങ്ങളിലും ആളുകൾ ഈ ഈണത്തിൽ വിളിച്ചു. മലയാള ഭാഷയിൽ വലിയ പിടിപാടില്ലാത്ത പ്രതാപിനെ മലയാളത്തിൽ പല പ്രാദേശിക രുചിഭേദങ്ങളും പറഞ്ഞുകൊടുത്തത് നെടുമുടി വേണുവാണ്. ഋതുഭേദം സിനിമയുടെ തിരക്കഥ എം.ടി. വാസുദേവൻ നായർ എഴുതിക്കൊടുത്തപ്പോൾ അതുമായി പ്രതാപ് പോത്തൻ ഓടിയെത്തിയത് നെടുമുടിയുടെ അടുത്തേക്കാണ്. മുഴുവൻ വായിച്ചശേഷം നെടുമുടി ചോദിച്ചു, ‘നിനക്കിതു ചെയ്യാൻ പറ്റുമോ. വള്ളുവനാടൻ നായർ കഥയാണ്. അവരുടെ ജീവിതരീതിയും ഭാഷാരീതിയുമെല്ലാം മലയാളം ശരിക്കറിയാത്ത നിനക്കറിയുമോ’. സിനിമ റിലീസ് ചെയ്‌തപ്പോൾ ആദ്യം വിളിച്ചതു വേണുവാണ്. ‘നല്ല സിനിമ. നീ നന്നായി ചെയ്‌തിരിക്കുന്നു.’

യാത്രാമൊഴി സിനിമയുടെ തിരക്കഥ എഴുതിയത് നെടുമുടിയുടെ വീട്ടിൽവച്ചാണ്. കഥ എഴുതിക്കഴിഞ്ഞശേഷം പ്രതാപ് അതേറ്റുവാങ്ങിയത് പൂജാമുറിയുടെ മുന്നിൽവച്ചാണ്. അന്നു സിനിമയും ജീവിതവും രണ്ടല്ല. ഒരുപോലെ ഇഴുകിച്ചേരുകയായിരുന്നു. ഭരതൻ സൃഷ്‌ടിച്ചൊരു സ്‌നേഹവലയത്തിൽ എല്ലാവരും കുടുങ്ങിക്കിടക്കുകയായിരുന്നു. സ്‌നേഹമല്ലാതെ ആരും പരസ്‌പരം ഒന്നും മോഹിച്ചിട്ടില്ല. പരസ്‌പരം കൊടുക്കാനുണ്ടായിരുന്നതും സ്‌നേഹം മാത്രം. രണ്ടു പേരുടേയും ക്രിയേറ്റിവിറ്റിയുടെ തിളക്കമാർന്ന കാലത്ത് ഭരതനെ കാണാനായതു ഭാഗ്യമായിട്ടാണ് ഇരുവരും കരുതിയിരുന്നത്. 

ചാമരത്തിന്റെ ഡബ്ബിങ്ങിനായി ഇരുവരും എത്തിയപ്പോൾ രതീഷിന്റെ ശബ്‌ദം നൽകാനായി ഭരതൻ വരുത്തിയ അറുപത്തെട്ടാമത്തെ ആൾ സ്‌റ്റുഡിയോയിൽനിന്നു പോകുകയാണ്. നെടുമുടി പറഞ്ഞു, ഞാൻ ആ ശബ്‌ദത്തിൽ ഡബ്ബ് ചെയ്യാമെന്ന്. അപ്പോൾ നെടുമുടിയുടെ ശബ്‌ദം എന്തു ചെയ്യുമെന്നു ഭരതൻ. അതും താൻ ചെയ്യുമെന്നു നെടുമുടി വേണു. പരീക്ഷണത്തിനു ഭരതനു മടിയില്ലായിരുന്നു. കാമുകന്റെ ഇമ്പമാർന്ന ശബ്‌ദത്തിൽ രതീഷിനു ഡബ്ബ് ചെയ്‌തു. അതിനുശേഷം കുറച്ചു സ്‌ത്രൈണത കലർന്ന ശബ്‌ദത്തിൽ നെടുമുടി സ്വന്തം വേഷത്തിനു ഡബ്ബ് ചെയ്‌തു. ആരും തിരിച്ചറിഞ്ഞതുപോലുമില്ല. നല്ല സിനിമ ഉണ്ടാകാനായി എന്തും ചെയ്യാനുള്ള അവകാശം അന്നു ഭരതൻ കലാകാരന്മാർക്കു കൊടുത്തിരുന്നു.

മലയാളം ശരിക്കു പറയാനറിയാത്ത പ്രതാപിനെ കൊണ്ട് ഭരതൻ ഡബ്ബ് ചെയ്യിച്ചു. കഥാപാത്രത്തിനു ചേർന്ന ശബ്‌ദമായി അതിനെ മാറ്റുകയായിരുന്നു അദ്ദേഹം. തകരയുടെ രണ്ടു കയ്യും വീശിയുള്ള നടത്തത്തിന്റെ രീതി അന്നു പലരും അനുകരിച്ചു കാണിക്കുമായിരുന്നു. നെടുമുടിയും പ്രതാപും ചേർന്നാണ് ഈ സ്‌റ്റൈൽ ഉണ്ടാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS