ADVERTISEMENT

കമൽഹാസനും വേണു നാഗവള്ളിയും പ്രതാപ് പോത്തനും സ്‌ക്രീനിൽ ഒരേ ‘ജനുസിൽ’പ്പെട്ട കാമുകൻമാരാണ്. പ്രണയരംഗങ്ങളിൽ അലസതയുടെ സൗന്ദര്യമുണ്ടവർക്ക്. പൂവിതൾ പോലെ അനായാസമാണ് അവരുടെ ചുംബനങ്ങൾ. കണ്ണട വച്ച കാമുകനെ ചിന്തിക്കാൻ കഴിയുമോ ? ആ കണ്ണട പ്രതാപ് പോത്തന്റെ മുഖത്താകുമ്പോൾ അതിനുമൊരു സ്വഭാവികതയുണ്ട്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലും മദ്രാസ് ക്രിസ്‌ത്യൻ കോളജിലും പഠിച്ച യുവാവിനെ അവിടെ നിന്നു വിളിച്ചുവരുത്തി തകര എന്ന കഥാപാത്രത്തെ ഏൽപിക്കാൻ ഭരതന് ആത്മവിശ്വാസം നൽകിയത് ഈ സ്വാഭാവികതയാണ്. 555 ബ്രാൻഡ് സിഗരറ്റ് വലിക്കുകയും ഇംഗ്ലിഷ് ക്ലാസിക്കുകൾ വായിക്കുകയും ചെയ്‌തുനടന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കൈലിമുണ്ടും ബനിയനുമിട്ടു തകരയായതിന്റെ പിന്നിൽ അഭിനയത്തിന്റെ ‘കെമിസ്‌ട്രി ’ മാത്രം.

 

നാലു ഭാഷകളിൽ നൂറിലേറെ സിനിമകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചു. അഭിനയം ബോറടിച്ചപ്പോൾ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങൾ സംവിധാനം ചെയ്‌തു. പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് ഏർപ്പെടുത്തിയ ആദ്യ വർഷം ലഭിച്ചതു പ്രതാപ് പോത്തനാണ്; ആദ്യഭാര്യ രാധികയെ നായികയാക്കി സംവിധാനം ചെയ്‌ത ‘മീണ്ടും ഒരു കാതൽകതൈ’എന്ന ചിത്രത്തിന്. ഇംഗ്ലിഷ് സംസാരിക്കുന്ന ബുദ്ധിജീവി എന്ന പേരാണ് അവാർഡ്‌കൊണ്ടു ലഭിച്ചത്. രണ്ടാമത്തെ സിനിമയ്‌ക്ക് നിർമാതാവിനെക്കിട്ടാൻ ഏറെ ബുദ്ധിമുട്ടി. സത്യരാജ് നായകനായ ജീവ, കമൽഹാസൻ നായകനായ വെട്രിവിഴ എന്നിവയാണു പ്രതാപിന്റെ തമിഴിലെ ഹിറ്റുകൾ. എംടിയുടെ തിരക്കഥയിൽ ഋുതുഭേദങ്ങളാണ് മലയാളത്തിൽ സംവിധാനം ചെയ്‌ത ആദ്യ സിനിമ. ശിവാജി ഗണേശൻ മലയാളത്തിൽ ആദ്യമായി അഭിനയിച്ച ഒരു യാത്രാമൊഴി, ഡെയ്‌സി എന്നിവയാണു മറ്റു രണ്ടു സിനിമകൾ. അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രതാപ് പോത്തന്റെ കാഴ്ചപ്പാടുകൾ ഇങ്ങനെയായിരുന്നു. 

 

അഭിനയം ബോറടിച്ചു

 

ഒരു സിനിമയിൽ ഏറ്റവും കുറച്ചു ജോലിയെടുക്കുന്നത് അഭിനേതാക്കളാണ്. ദിവസം 8-9 മണിക്കൂർ സെറ്റിലിരുന്നാലും ഒരു മണിക്കൂർ ജോലിയേയുണ്ടാകൂ. എനിക്കത് വലിയ ബോറടിയായിത്തോന്നി. മാത്രമല്ല ടൈപ് കാസ്‌റ്റ് ആണ് ഇവിടെ കൂടുതൽ. അതു മാറാൻ പ്രയാസമാണ്. എപ്പോഴും ഒരേ റൂട്ടിലോടുന്ന വേഷങ്ങൾ. ഭരതൻ, പത്മരാജൻ, ബാലു മഹേന്ദ്ര, ബാലചന്ദർ തുടങ്ങി വലിയ സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ എനിക്കു കഴിഞ്ഞു. അവർ ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നത് ഒരു പ്രത്യേക ശൈലിയിലാണ്. ഇന്ന് നടൻ സെറ്റിലെത്തുമ്പോഴാണ് അന്നത്തെ സീൻ വായിക്കുന്നത്. ഡാൻസും ഫൈറ്റുമൊക്കെ ചെയ്യാൻ എനിക്കു വലിയ ചമ്മലായിരുന്നു. അങ്ങനെ അഭിനയം വിട്ടു.

 

അവാർഡോടെ തുടക്കം

 

ഞാൻ ആദ്യമായി സംവിധാനം ചെയ്‌ത ‘മീണ്ടും ഒരു കാതൽ കതൈ’യുടെ തിരക്കഥ ഇംഗ്ലിഷിലാണ് എഴുതിയത്. പിന്നീടു തമിഴിലേക്കു മാറ്റുകയായിരുന്നു. തെലുങ്കിൽ വില്ലൻമാരുടെ ഇടികൊണ്ട് ഞാനുണ്ടാക്കിയ പണംകൊണ്ടാണ് ചിത്രം നിർമിച്ചത്. ആ ചിത്രം ഇന്ദിരാഗാന്ധി അവാർഡ് നേടിത്തന്നു. അവാർഡ് ലഭിച്ചിട്ടും ആർട്ട് ഫിലിം എന്നു വിളിച്ച് ചിത്രത്തെ തള്ളുകയായിരുന്നു സിനിമാലോകം. ഇംഗ്ലിഷ് സംസാരിക്കുന്ന അൽപ്പം വട്ടുള്ള (ചിലർ എക്‌സൻട്രിക് എന്നും വിളിക്കും ) ബുദ്ധിജീവിയായി എന്നെ മാറ്റിനിർത്തി. മലയാളത്തിൽ എംടിയുടെ തിരക്കഥയിലാണ് ആദ്യ ചിത്രമായ ഋതുഭേദങ്ങൾ ചെയ്യുന്നത്. എനിക്കതു വലിയ അംഗീകാരമായി.

 

ഇടവേള

 

ശിവാജി ഗണേശനും മോഹൻലാലും അഭിനയിച്ച ഒരു യാത്രാമൊഴി മറ്റൊരു സംവിധായകനാണ് ആദ്യം ചെയ്‌തത്. ഇടയ്‌ക്ക് ഞാൻ ചിത്രം ഏറ്റെടുക്കുകയായിരുന്നു. നന്നായി ചെയ്‌തെങ്കിലും സമയത്തു റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. സാധാരണ റിലീസ് വൈകുന്ന ചിത്രങ്ങൾ പൊട്ടാറാണു പതിവ്. പക്ഷേ, യാത്രാമൊഴി വിജയിച്ചു. അതിനുവേണ്ടി വന്ന കാലയളവ് വലുതായിരുന്നു. തുടർച്ചയായി സിനിമയുടെ ലോകത്തായപ്പോൾ എന്റെ വായന കുറഞ്ഞു. പാട്ടുകേൾക്കൽ നിലച്ചു. ഞാൻ അപ്‌ഡേറ്റല്ലാതായി. സാങ്കേതികമായി നമ്മൾ അപ്‌ഡേറ്റാകണം. കാലം നമ്മുടെ അനുഭവങ്ങളുടെ മൂർച്ച കൂട്ടുകയേയുള്ളൂ. സ്‌പീൽബർഗും ക്ലിന്റ് ഈസ്‌റ്റ്വുഡുമെല്ലാം പ്രതിഭ തെളിയിച്ചത് അറുപതുവയസിനുശേഷമാണ്. ഇവിടെ ആ പ്രായത്തിൽ സംവിധായകർ മങ്ങിപ്പോവുകയാണ്. ഹോളിവുഡിൽ സിനിമ നിയന്ത്രിക്കുന്നതു താരങ്ങളല്ല. സംവിധായകർ താരങ്ങളെ നിർദേശിക്കുകയാണ്. എത്ര മോശമായെടുത്താലും നല്ല കഥയാണെങ്കിൽ ഓടും. എത്ര നന്നായെടുത്താലും മോശം കഥയാണെങ്കിൽ ഓടില്ല. ഇതാണു സിനിമയിലെ എന്റെ പാഠം.

 

എന്റെ പാട്ടുകൾ

 

മലയാളത്തിൽ ഞാൻ അഭിനയിച്ച പാട്ടുകളിൽ ഏറ്റവും ഇഷ്‌ടം തകരയിലെ ‘കുടയോളം ഭൂമി കുടത്തോളം കുളിര്’, ‘മൗനമേ നിറയും മൗനമേ’ എന്നിവയാണ്. ചാമരത്തിലെ ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ’ വലിയ നൊസ്‌റ്റാൾജിയ നൽകുന്ന പാട്ടാണ്. തമിഴ് ചിത്രമായ മൂടുപനിയിൽ ഞാനും ശോഭയും ചേർന്നുള്ള പാട്ടും ഇഷ്‌ടമാണ്. ഇളയരാജയുടേതാണ് അതിന്റെ സംഗീതം.

 

പ്രണയം, ജീവിതം

 

രാധികയുമായുള്ള വിവാഹബന്ധം പിരിഞ്ഞത് പരസ്‌പരസമ്മതത്തോടെയാണ്. ആ ബന്ധം തകർന്നതിൽ ഞങ്ങൾ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങൾക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല. എന്റെ സഹോദരൻമാരിൽ ഒരാൾക്ക് ജയഭാരതിയുമായും മറ്റൊരാൾക്ക് റാണി ചന്ദ്രയുമായും പ്രണയമുണ്ടായിരുന്നു. ഇതു രണ്ടും പരാജയപ്പെടുന്നതു കണ്ടിട്ടും ഞാൻ ഒരു സിനിമാനടിയെ പ്രേമിച്ചു. സിനിമയിൽ ഉയർച്ചതാഴ്‌ചകൾ ഉണ്ടാകും. അതു ബാലൻസ് ചെയ്യാൻ പാടാണ്. സിനിമാനടിമാരുടെ കുടുംബജീവിതത്തിന്റെ സക്‌സസ് റേറ്റ് കുറവാണ്. ഞാൻ വീണ്ടും വിവാഹിതനായെങ്കിലും ആ ബന്ധവും നീണ്ടു നിന്നില്ല. അതിൽ ഒരു മകളുണ്ട്-കേയ. മുംബൈയിൽ ബിസിനസ് മാസ് മീഡിയ വിദ്യാർഥിയാണ്.

 

ശോഭയുടെ മരണം ഒരു...

 

എനിക്കൊപ്പം നായികയായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടി ശോഭ ആത്മഹത്യ ചെയ്യുന്നത്. ബാലുമഹേന്ദ്രയുടെ ‘മൂടുപനി’എന്ന തമിഴ് ചിത്രത്തിനിടെ. ബീച്ചിൽ പാട്ടുസീനെടുത്തു മടങ്ങിയ ശോഭ പിന്നെ തിരിച്ചുവന്നില്ല. സിനിമയുടെ രണ്ടു സീനുകൾ ബാക്കിവച്ച് ശോഭ ജീവിതത്തിൽ നിന്നു തന്നെ മടങ്ങി. ശോഭയുടെ മരണത്തിന് ബാലുവിനെയാണു പലരും കുറ്റപ്പെടുത്തിയത്. ബാലു ഒരിക്കലും ശോഭയുടെ മരണത്തിനു കാരണക്കാരനല്ല. ബാലു എത്രമാത്രം ശോഭയെ സ്‌നേഹിച്ചിരുന്നുവെന്ന് എനിക്കറിയാം. ശോഭ എന്ന നടി ബാലുവിന്റെ സൃഷ്‌ടിയാണ്. മാനസികമായി ദുർബലയായിരുന്നു ശോഭ. വീട്ടിലെ സാഹചര്യങ്ങളും ഒരു ഘടമായിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com