അപ്പച്ചനും സിനിമാസൂക്തങ്ങളും

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 49
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
kaloor-dennis-appachan
കലൂർ ഡെന്നിസും അപ്പച്ചനും
SHARE

സിനിമ കലയും കച്ചവടവും ഇഴചേർന്നൊരു വിനോദ ഉൽപന്നമാണെങ്കിലും, ആത്യന്തികമായി ഒരു വാണിജ്യ കലാരൂപമായിട്ടാണ് ലോകം മുഴുവൻ അറിയപ്പെടുന്നത്. കോടികൾ മുടക്കി സിനിമ എടുക്കാൻ വരുന്നവരുടെയെല്ലാം പ്രധാന ലക്ഷ്യം പണം ഉണ്ടാക്കുകയെന്നതാണ്. ലാഭം കിട്ടിയില്ലെങ്കിലും മുടക്കു മുതലെങ്കിലും തിരിച്ചു കിട്ടിയാൽ മതിയെന്നു പറഞ്ഞു വരുന്ന അപൂർവം ചില നിർമാതാക്കളും ഇല്ലാതില്ല. ഒരു സിനിമയുടെയും വിജയം പ്രവചിക്കാൻ എത്ര വലിയ ജ്യോത്സ്യന്മാരാണെങ്കിലും കഴിയുകയുമില്ല. സിനിമ ലോട്ടറി പോലെയാണ്. നിര്‍മാതാവിന്റെ തലവര നല്ലതാണെങ്കിൽ ബംപറടിക്കും ഇല്ലെങ്കിൽ കുത്തുപാളയെടുക്കും. ഇതൊക്കെയാണ് കാലാകാലങ്ങളായി സിനിമയുടെ വിജയപരാജയങ്ങളെക്കുറിച്ചുള്ള സിനിമാ പണ്ഡിതന്മാരുടെയും ജ്യോത്സ്യന്മാരുടെയുമെല്ലാം കണ്ടെത്തലുകൾ.

എന്നാൽ ഇതിനെല്ലാം അപവാദമായി, താൻ എടുത്ത എല്ലാ ചിത്രങ്ങളെയും വിജയ സോപാനത്തിൽ എത്തിച്ച ഭാഗ്യവാനായ ഒരു ചലച്ചിത്ര നിർമാതാവ് നമുക്കുണ്ട്, ജഗൻ പിക്ചേഴ്സ് അപ്പച്ചൻ (ഇപ്പോൾ സാഗാ അപ്പച്ചന്‍).

1980 മുതൽ സിനിമ എടുക്കുന്ന അപ്പച്ചൻ ഭരതന്റെ ചാമരം, രക്തം തുടങ്ങി യോദ്ധ, പഞ്ചാബി ഹൗസ് വരെ പതിനെട്ടോളം ചിത്രങ്ങളാണ് നിര്‍മിച്ചത്. ആ ചിത്രങ്ങളെല്ലാം വൻ വിജയങ്ങളുമായിരുന്നു. അപ്പച്ചനെപ്പോലെ, എടുത്ത എല്ലാ സിനിമകളും വിജയിപ്പിക്കാൻ കഴിഞ്ഞ മറ്റൊരു നിർമാതാവ് ഉണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ല. ഒന്നിനും ഒരു അവകാശവാദവും പുറപ്പെടുവിക്കാതെ തന്റെ തൊഴിലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വളരെ വിനീതനായി, എല്ലാവരോടും നന്നായി പെരുമാറുന്ന ഒരു വലിയ വ്യക്തിത്വമാണ് അപ്പച്ചൻ. അദ്ദേഹത്തിന്റെ വിജയരഹസ്യം എന്താണ്?

മാന്ത്രിക വടിയും ജാലവിദ്യയുമൊന്നുമല്ല അപ്പച്ചൻ എടുക്കുന്ന ചിത്രങ്ങളുടെ വിജയരഹസ്യം എന്നാണു പറയേണ്ടത്. താൻ ചെയ്യുന്ന തൊഴിലിനോടുള്ള അർപ്പണബോധം, കഠിനാധ്വാനം. ഒരു സിനിമയ്ക്ക് തുടക്കം കുറിച്ചാൽ പിന്നെ അതിന്റെ കൂടെയായിരിക്കും അപ്പച്ചൻ. അദ്ദേഹത്തിനു വേണ്ടി ഞാൻ എഴുതിയ രക്തം, കർത്തവ്യം, ചക്കരയുമ്മ, മലരും കിളിയും എന്നീ ചിത്രങ്ങളിൽനിന്ന് എനിക്ക് കിട്ടിയ അനുഭവ പാഠങ്ങളാണത്.

സിനിമ നിർമ്മിക്കുന്നതിൽ അപ്പച്ചന് ഒരു തിയറിയുണ്ട്. ഒരു അപ്പച്ചൻ തിയറി. പത്തു കൽപനകൾ എന്നു പറയുന്നതുപോലെ അപ്പച്ചന്റെ പന്ത്രണ്ടു സിനിമാ സൂക്തങ്ങൾ എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. ആദ്യമായി സിനിമയെടുക്കാൻ വരുന്നവർക്ക് അപ്പച്ചന്റെ ഈ പന്ത്രണ്ടു സിനിമാ സൂക്തങ്ങൾ പാഠ്യവിഷയമാക്കി എടുത്ത് ഒരു ചലച്ചിത്ര നിർമാണ ക്ലാസ് തുടങ്ങുന്നത് നന്നായിരിക്കുമെന്നു പറഞ്ഞ് ഞാനും എസ്.എൻ.സ്വാമിയും സ്നേഹപൂർവം അപ്പച്ചനെ കളിയാക്കാറുമുണ്ട്.

ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപു വരെ എല്ലാവരുമായി തമാശയൊക്കെ പറഞ്ഞ് കളിച്ചും ചിരിച്ചും രസിച്ചുമിരിക്കുന്ന അപ്പച്ചൻ ക്യാമറ ചലിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ വളരെ സീരിയസ് ആയി മാറും. പിന്നെ അപ്പച്ചൻ വേറെ ഏതോ ലോകത്ത് സഞ്ചരിക്കുകയാണെന്ന് നമുക്കു തോന്നും. അപ്പച്ചന്റെ കണ്ണെത്താതെ ഒരു കാര്യവും ലൊക്കേഷനിൽ നടക്കില്ല. അപ്പച്ചനറിയാതെ ഒരു മൊട്ടുസൂചി പോലും വാങ്ങാൻ കഴിയില്ല. ഇനി ഞാനും അപ്പച്ചനുമായുള്ള ആദ്യ കൂടിക്കാഴ്ചയിലേക്കു വരാം.

1978 ലെ ഒരു നിറം മങ്ങിയ സായാഹ്നം. ഞാൻ ചിത്രപൗർണമി ഓഫിസിലിരിക്കുമ്പോൾ എന്റെ സുഹൃത്തും പ്രശസ്ത ഫൊട്ടോഗ്രഫറുമായ ആന്റണി ഈസ്റ്റ്മാന്റെ ഒരു ഫോൺ വരുന്നു.

‘‘എടാ ഡെന്നി നാലുമണിക്ക് നിനക്കൊന്ന് സീ കിങ് ഹോട്ടൽ വരെ വരാമോ? ഞാൻ സ്കൂട്ടറുമായി നിന്റെ ഓഫിസിനു മുൻപിൽ വരാം.’’

എന്താണാവശ്യമെന്നു ചോദിക്കും മുൻപു തന്നെ ആന്റണി ഫോൺ വച്ചു.

പറഞ്ഞതു പോലെ തന്നെ ആന്റണി ഓഫിസിനു മുൻപിൽവന്നു. ഞാൻ അവന്റെ സ്കൂട്ടറിനു പുറകിൽ കയറി സീകിങ് ഹോട്ടലിലെത്തി. ഐ.വി. ശശി എന്റെ ‘അനുഭവങ്ങളേ നന്ദി’ എന്ന കഥ സിനിമയാക്കാൻ വേണ്ടി എടുത്തിരിക്കുന്ന സമയമാണ്. എന്റെ ആദ്യത്തെ സിനിമാക്കഥ ആണത്. അങ്ങനെ എറണാകുളം എംജി റോഡിലുള്ള സീകിങ് ഹോട്ടലിൽ വച്ചാണ് ഞാൻ അപ്പച്ചനെ ആദ്യമായി കാണുന്നത്. കോട്ടയം കുറുപ്പന്തറക്കാരനായ അപ്പച്ചൻ അന്ന് ഹോട്ടൽ ബിസിനസോ മറ്റോ നടത്തുകയാണ്.

saga-appachan

ഐ.വി. ശശി ചിത്രത്തിന്റെ കഥാകാരനായിട്ടാണ് ആന്റണി എന്നെ അപ്പച്ചന് പരിചയപ്പെടുത്തിയത്. അന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ച നല്ലൊരു സുഹൃദ് ബന്ധത്തിന്റെ തുടക്കം കുറിക്കലായിരുന്നു. തുടർന്ന് ഒരു ദിനചര്യ പോലെ ഞങ്ങള്‍ മിക്ക ദിവസവും രാവിലെ എട്ടിനും എട്ടരക്കും ഇടയ്ക്കുള്ള സമയങ്ങളിൽ ഫോണിൽ സിനിമാ വിശേഷങ്ങൾ സംസാരിക്കുക പതിവായി. ഞാൻ ചിത്രപൗർണമി സിനിമാ വാരിക നടത്തുന്നതു കൊണ്ട് മലയാള സിനിമാ ഇൻഡസ്ട്രിയിൽ നടക്കുന്ന പല കാര്യങ്ങളും അറിയുന്നതിനു വേണ്ടിയാണ്‌ അപ്പച്ചന്റെ ഈ ഫോൺ വിളികൾ.

1980 ലാണ് അപ്പച്ചൻ ആദ്യമായി സിനിമാ നിർമാണ രംഗത്തു വരുന്നത്. ഭരതൻ സംവിധാനം ചെയ്ത ‘ചാമര’മാണ് അപ്പച്ചൻ ആദ്യമായി നിർമിക്കുന്നത്. ജോണ്‍ പോളിന്റേതായിരുന്നു തിരക്കഥയും സംഭാഷണവും. പ്രതാപ് പോത്തൻ, സറീനാ വഹാബ്, നെടുമുടി വേണു, രതീഷ് തുടങ്ങിയവരഭിനയിച്ച ചാമരം കലാപരമായും സാമ്പത്തികമായും വിജയം വരിച്ചതോടെ വളരെ സൂക്ഷ്മതയോടെ സിനിമ നിർമിച്ചാൽ ലാഭകരമായ ഒരു ബിസിനസായി മുന്നോട്ടു കൊണ്ടു പോകാൻ പറ്റുമെന്ന് അപ്പച്ചനു തോന്നി.

എന്നും രാവിലെ എന്നെ വിളിച്ചുകൊണ്ടിരുന്ന അപ്പച്ചൻ ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോൾ എന്നെ വിളിച്ചു.

‘‘ഡെന്നീ വൈകുന്നേരം ഒന്നിവിടം വരെ വരാമോ? അത്യാവശ്യം ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. "

‘‘എന്താണിങ്ങനെ ഉച്ചയ്ക്കു വിളിച്ച് പെട്ടെന്ന് വൈകുന്നേരം എന്നെ കാണണമെന്ന് പറയുന്നത്?’’

അന്നു വൈകുന്നേരം തന്നെ ഞാൻ സീ കിങ് ഹോട്ടലിൽ ചെന്നു. എന്നെ കണ്ടപാടെ തന്നെ ചില തമാശ നമ്പറുകൾ പറഞ്ഞുകൊണ്ട് അപ്പച്ചൻ എന്നെ ഹോട്ടലിലെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.

മുറിയിലെത്തിയപ്പോൾ പുള്ളി വളരെ സീരിയസ്സായി. സമയം ഒട്ടും കളയാതെ വിഷയത്തിലേക്ക് വന്നു.

‘‘എനിക്ക് ഒരു സിനിമ കൂടി എടുത്താൽ കൊള്ളാമെന്നുണ്ട്. അടുത്തത് വലിയ ഒരു പ്രോജക്ട് ആണ് ഞാൻ പ്ലാൻ ചെയ്യുന്നത്. ഡെന്നി എന്തു പറയുന്നു?’’

‘‘നല്ല കാര്യമാണ്. ചാമരം വിജയിച്ചതുകൊണ്ട് അപ്പച്ചന് ഇനി ധൈര്യമായിട്ട് സിനിമ എടുക്കാമല്ലോ’’ ഞാൻ പറഞ്ഞു.

‘‘അതിന്റെ തിരക്കഥ ഡെന്നിയെക്കൊണ്ട് എഴുതിക്കണമെന്നാണ് എന്റെ ആഗ്രഹം. നസീറിനും മധുവിനും പറ്റിയ നല്ല കഥ വല്ലതും ഡെന്നിസിന്റെ കയ്യിലുണ്ടോ?’’

പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. മനസ്സിൽ ഒരു ലഡു പൊട്ടിയ അവസ്ഥയായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് ഞാൻ ചിത്രകൗമുദി വാരികയിൽ എഴുതിയ ‘ആകാശത്തിനു കീഴെ’ എന്ന നീണ്ട കഥയാണ്. ആ കഥയുടെ ഏകദേശ രൂപം ഞാൻ അപ്പച്ചനെ പറഞ്ഞു കേൾപ്പിച്ചു. അപ്പച്ചനു കഥ നന്നായിട്ട് ഇഷ്ടപ്പെട്ടു. അടുത്തത് ഈ കഥ ആരെക്കൊണ്ട് സംവിധാനം ചെയ്യിക്കണമെന്ന ആലോചനയായി. പല സംവിധായകരുടെ പേരുകളും ചർച്ചയിൽ വന്നെങ്കിലും ഒന്നും തീരുമാനമാകാതെയാണ് അന്നു ഞങ്ങൾ പിരിഞ്ഞത്.

ആയിടക്കാണ് ജയൻ അഭിനയിച്ച ജോഷിയുടെ ‘മൂർഖൻ’ റിലീസാകുന്നത്. മൂർഖൻ സംവിധാനം ചെയ്തിരിക്കുന്നത് വർക്കല ജോഷി എന്നൊരാളാണെന്നു മാത്രം അറിയാം. ഇതിനുമുൻപ് ഒരു പടം മാത്രമേ ജോഷി ചെയ്തിട്ടുള്ളൂ. പക്ഷേ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ജോഷി നല്ലൊരു ടെക്നീഷ്യനാണെന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തും നാട്ടുകാരനുമായ കൊച്ചിൻ ഹനീഫ പറഞ്ഞ അറിവു വച്ചുകൊണ്ട് അയാളെ ഒന്നു നോക്കാമെന്ന് ഞാൻ അപ്പച്ചനോടു പറഞ്ഞു.

മൂർഖൻ റിലീസായ ദിവസം ഞാനും അപ്പച്ചനും കിത്തോയും കൂടി എറണാകുളം പദ്മയിൽ പോയി മാറ്റിനി ഷോ കണ്ടു. ചിത്രത്തിന്റെ തുടക്കത്തിലുള്ള ജയന്റെ ജയിൽ ചാട്ടവും പൊലീസ് ചെയ്സും വളരെ ത്രില്ലിങ്ങായിട്ടാണ് ജോഷി എടുത്തു വച്ചിരിക്കുന്നത്.

ഇന്റർവെല്ലിന് തിയറ്ററിൽ കാന്റീനിൽ ചായ കുടിക്കാനായി വന്നപ്പോൾ ‘ആകാശത്തിനു കീഴെ’ ജോഷിയെക്കൊണ്ടു ചെയ്യിക്കാമെന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നിരുന്നു. പിന്നെ എല്ലാ കാര്യങ്ങളും ധൃതഗതിയിലാണ് നീങ്ങിയത്.

ആദ്യം ജോഷിയെ ചെന്നു കണ്ടു സംസാരിച്ച് അഡ്വാൻസ് കൊടുക്കണം. ഞങ്ങൾക്കാർക്കും അന്ന് ജോഷിയെ പരിചയമില്ല. കൊച്ചിൻ ഹനീഫയും ജോഷിയും അന്ന് മദ്രാസിൽ ഒരേ ഫ്ലാറ്റിൽ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ജോഷിയെ പരിചയപ്പെടുത്തിക്കൊടുക്കാനായി ഞാൻ ഹനീഫയ്ക്ക് കൊടുത്ത ഒരു കത്തുമായിട്ടാണ് അപ്പച്ചൻ മദ്രാസിലേക്കു പോയത്. പിന്നെയെല്ലാം അപ്പച്ചന്റെ തിയറി പോലെയാണ് നടന്നത്.

ജോഷിയെ ബുക്ക് ചെയ്തു വന്നതിന്റെ പിറ്റേന്നു തന്നെ എനിക്കിരുന്ന് സ്ക്രിപ്റ്റ് എഴുതാൻ വേണ്ടി എംജി റോഡിലുള്ള എയർലൈൻസ് ഹോട്ടലിൽ ഒരു മുറിയെടുത്തു തന്നു. അന്ന് അപ്പച്ചന്റെ സുഹൃത്തും സന്തതസഹചാരിയുമായിരുന്ന ഇന്നത്തെ പ്രശസ്ത തിരക്കഥാകാരനായ എസ്.എൻ. സ്വാമി അപ്പച്ചന്റെ നിർമാണപ്രക്രിയയിലും ഞങ്ങളുടെ ഡിസ്കഷനിലുമെല്ലാം സ്ഥിര സാന്നിധ്യമായിരുന്നു.

ഞങ്ങൾ ആദ്യം ചെയ്തത് അന്നത്തെ എവർഗ്രീൻ ഹീറോയായ നസീർ സാറിനെ ചെന്നുകണ്ട് ബുക്ക് ചെയ്യുകയായിരുന്നു. അതിനു ശേഷം ഞാനും അപ്പച്ചനും കൂടിയാണ് തിരുവനന്തപുരത്തു പോയി മധു സാറിനെ ബുക്ക് ചെയ്തത്. ശ്രീവിദ്യ, സോമൻ, ജഗതി, ശോഭ, ബാലൻ കെ. നായർ, മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. ക്യാപ്റ്റൻ രാജു ആദ്യമായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. എറണാകുളമായിരുന്നു ലൊക്കേഷൻ.

1981 ലെ ഓണനാളിലാണ് രക്തം റിലീസാകുന്നത്. രക്തം നൂറു ദിവസവും ഓടി വൻ വിജയം നേടുകയും ചെയ്തു. പിന്നീട് കർത്തവ്യം, ചക്കരയുമ്മ, ദശരഥം, യോദ്ധ, പഞ്ചാബി ഹൗസ് തുടങ്ങിയ പതിനെട്ടോളം ചിത്രങ്ങളാണ് അപ്പച്ചന്റെ ബാനറിൽ പുറത്തു വന്നത്. എല്ലാം മികച്ച ചിത്രങ്ങളുമായിരുന്നു. എറണാകുളം മൈമൂൺ തിയറ്ററിന്റെ ഓപ്പണിങ് ചിത്രമായ രക്തം നൂറു ദിവസം തികച്ചിരുന്നു.

കെ. മധു, സംഗീത് ശിവൻ, റാഫി മെക്കാർട്ടിൻ, ചക്കരയുമ്മ സാജൻ തുടങ്ങിയ സംവിധായകരെയും ജോൺ പോൾ, കലൂർ ഡെന്നിസ്, രഞ്ജി പണിക്കർ, എസ്.എൻ. സ്വാമി തുടങ്ങിയ തിരക്കഥാകാരന്മാരേയും ക്യാപ്റ്റൻ രാജു എന്ന നടനെയും മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത് അപ്പച്ചനാണ്.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA