ഞാൻ ആദ്യം പരിചയപ്പെട്ടത് നിർമാതാവായ ഹരി പോത്തനെയാണ്. എം. ജി സോമൻ വഴിയായിരുന്നു, ആ ബന്ധം. ഞാൻ മലയാളത്തിൽ അഭിനയിച്ചുതുടങ്ങിയ സമയമാണ്. ഹരി പോത്തൻ എന്റെ സുഹൃത്തായി. എങ്കിലും ഹരിക്ക് ഒരു സഹോദരൻ ഉള്ളത് എനിക്കറിയില്ലായിരുന്നു.
സംവിധായകൻ കെ. ബാലചന്ദർ സാറിന് പുതുമുഖങ്ങളെ പരിചയപ്പെടുത്താൻ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ വലം കൈയ്യായിരുന്ന അനന്തുസാറും ഞാനും കൂടി, മദ്രാസ് പ്ലെയേഴ്സ് ഒരു ഇംഗ്ലിഷ് നാടകം കളിക്കുന്നതായി കേട്ട് അതു കാണാൻ പോയി. അതിലെ രണ്ടു മൂന്നു അഭിനേതാക്കളെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അതിൽ ഏറ്റവും ചെറുപ്പക്കാരൻ ആയിരുന്നു പ്രതാപ് പോത്തൻ. അവിടെ വച്ചാണ് ഞാൻ പ്രതാപിനെ ആദ്യമായി കാണുന്നത്. പോത്തൻ എന്ന പേരു കേട്ടപ്പോൾ ഹരി പോത്തനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു ഞാൻ ചോദിച്ചു. അപ്പോഴാണ് സഹോദരങ്ങളാണെന്ന് അറിയുന്നത്. അങ്ങനെ തുടങ്ങിയതാണു ഞങ്ങളുടെ ബന്ധം. ഇതു നാൽപ്പത്തിയഞ്ച് കൊല്ലം മുൻപായിരുന്നു.
ഊട്ടിയിലെ സ്കൂളിൽ പഠിച്ചതുകൊണ്ടു പ്രതാപ് പോത്തന്റെ മലയാളം പറച്ചിൽ എന്റേതിനെക്കാൾ മോശമായിരുന്നു. ഞാൻ കളിയായി പറയും, നീ എന്താടാ ഇങ്ങനെ മലയാളം പറയുന്നത്, ഞാൻ നിന്നെക്കാൾ എത്രയോ നന്നായി മലയാളം സംസാരിക്കുന്നു. ഇംഗ്ലിഷ് പോലെയായിരുന്നു അവന്റെ മലയാളം.
‘സിനിമ, ജീവിതം, മരണം’
വളരെ പെട്ടെന്നു ഞങ്ങൾ അടുത്തു. എനിക്കു മനസ്സിനിണങ്ങിയ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷമായിരുന്നു.കേരളത്തിലെ ഫിലിം സൊസൈറ്റികളിൽ വരുന്ന തരം സിനിമകളൊക്കെ ഞങ്ങൾ കാണുമായിരുന്നു. ഞാനും പ്രതാപും അനന്തുസാറും ആ സിനിമകളെപ്പറ്റി ഒരുപാട് സംസാരിക്കും. ഞങ്ങൾ സംസാരിക്കുന്നതു കേട്ടിരിക്കുന്നവർക്കു ചിലപ്പോൾ ഒന്നും മനസ്സിലാകില്ല, കേരളത്തിൽ പോയാലല്ലാതെ.
പിന്നീട് പ്രതാപ് സിനിമയിൽ അഭിനയിച്ചു തുടങ്ങി. എങ്കിലും അന്നു മുതൽ കഥ എഴുതണം എന്ന് വലിയ ആഗ്രഹമായിരുന്നു. അവന്റെ ഒരുപാടു കഥകൾ ഞങ്ങൾ സിനിമയ്ക്കുവേണ്ടി ആലോചിച്ചിട്ടുണ്ട്. പിന്നെ അവൻ തിരക്കുള്ള നടനായി. പെട്ടെന്നൊരു ദിവസം കല്യാണം കഴിച്ചു. ഇനി സിനിമ നിർമിക്കണം എന്നു പറഞ്ഞു. നിർമാതാവും സംവിധായകനുമായി. അതാണ് ഞങ്ങളുടെ അടുത്ത വഴിത്തിരിവ്. പ്രതാപിന്റെ ആദ്യ സിനിമയായ ‘മീണ്ടും ഒരു കാതൽ കതൈ’യിലൂടെ ഞങ്ങൾക്കു മറ്റൊരു സുഹൃത്തിനെക്കൂടി കിട്ടി-പ്രശസ്ത ഛായാഗ്രാഹകൻ പി.സി ശ്രീറാം.
ഞങ്ങളുടെ സൗഹൃദവലയം വളർന്നു. ഞാൻ, പ്രതാപ്, സന്താനഭാരതി, ശിവാജി ഗണേശൻ സാറിന്റെ മകൻ രാം കുമാർ എന്ന രാമു- അങ്ങനെ കുറെ പേരായി. ഞങ്ങൾ ഒരുപാടു വിഷയങ്ങൾ സംസാരിക്കും - സിനിമ, ജീവിതം, മരണം , അങ്ങനെ പലതും. ഇതു കേൾക്കുന്നവർക്കു തോന്നും, ഇത്ര ചെറുപ്പത്തിലേ ഇവരെന്തിനാ മരണത്തെക്കുറിച്ചൊക്കെ സംസാരിക്കുന്നത്? അന്നു സംസാരിച്ചതൊക്കെ ഇപ്പോൾ സംഭവിക്കുന്നതു കാണുന്നു. പ്രതാപ് മലയാളത്തിൽ സംവിധാനം ചെയ്ത 'ഡെയ്‌സി'യിൽ ഞാൻ ഒരു ചെറിയ റോൾ അഭിനയിച്ചിട്ടുണ്ട്. സ്നേഹം കൊണ്ടു മാത്രം അവൻ ഒരുക്കിയതായിരുന്നു ആ റോൾ.
രക്തബന്ധം
ഞാൻ അവരുടെ കുളത്തുങ്കൽ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്. ഹരി പോത്തനും സുഹൃത്തായതുകൊണ്ട് അതു വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നു. ഹരിയുടെ ഹൃദയ ശസ്ത്രക്രിയ സമയത്ത് രക്തം ആവശ്യമായി വന്നു. അപൂർവ രക്ത ഗ്രൂപ്പ് ആയിരുന്നു അദ്ദേഹത്തിന്റേത്. എന്റെ സംഘടനയിലുള്ളവരാണ് രക്തം സംഘടിപ്പിച്ചത്. രക്തബന്ധം ഉണ്ട്, ഞങ്ങൾ തമ്മിൽ എന്നു പറഞ്ഞാലും കൂടുതലാവില്ല.

കഴിഞ്ഞ നാലു വർഷമായി പ്രതാപും ഞാനും പരസ്പരം കാണുന്നുണ്ടായിരുന്നില്ല, എന്റെ രാഷ്ട്രീയപ്രവേശവും കോവിഡും ഒക്കെ കാരണം. പക്ഷേ കാണുന്നുണ്ടായിരുന്നില്ല എന്നേയുള്ളൂ. ഞങ്ങൾ നിരന്തരം ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഒരു ആർട്ട് സിനിമ എല്ലാ മികവോടെ എടുക്കാൻ കഴിയുന്ന പ്രതിഭാശാലിയായിരുന്നു പ്രതാപ്. കുറച്ചു ദേഷ്യക്കാരനാണെന്നേ ഉള്ളൂ. സത്യം വെട്ടിത്തുറന്നു പറയും. വളരെ മിടുക്കനാണ്. നല്ല സംവിധായകനാണ്. നല്ല നടനാണ്. എന്നാൽ, പ്രതാപ് അവന്റെ മുഴുവൻ കഴിവും ഉപയോഗിച്ചില്ല എന്നു ഞങ്ങൾക്ക് പരാതിയുണ്ടായിരുന്നു.
‘ എടാ,ഞാൻ സന്തുഷ്ടനാണ് ’
മൂന്നു ദിവസത്തിനു മുൻപ് എന്നെ വിളിച്ച്, ‘എടാ നിനക്കു കുറച്ചു താറാവു ഫ്രൈ കൊടുത്തു വിടാം’ എന്നു പറഞ്ഞു. ഇന്നലെയും (മരണം സംഭവിച്ച രാത്രി) പ്രതാപ് എന്നെ വിളിച്ചു. കിട്ടാതിരുന്നപ്പോൾ ‘ഇന്നു കുറെ ലേറ്റ് ആയി, ഇനി നാളെ വിളിച്ചോളാം’ എന്നു പറഞ്ഞിരുന്നതായി പ്രതാപിന്റെ മകൾ കേയ എന്നോടു പറഞ്ഞു. വിളിക്കാൻ അവൻ നിന്നില്ല.
15-20 കൊല്ലം മുൻപ് ഒരിക്കൽ അവൻ എന്നോടു പറഞ്ഞു: ‘എടാ, ഞാൻ ചത്താൽ നിങ്ങളൊക്കെ വന്നേക്കണേ. ശത്രുക്കൾ കുറേ പേരുണ്ട്. അതു കൊണ്ട് സുഹൃത്തുക്കളെങ്കിലും വന്നേക്കണേ.’ ഇന്നലെ അവനെ കാണാൻ പോയി. അവിടെ ചെന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു. ശിവാജി ഗണേശന്റെ മകൻ രാമു, അദ്ദേഹത്തിന്റെ ഭാര്യ, പേരമക്കൾ അങ്ങനെ എല്ലാവരും. അവൻ പറഞ്ഞത് തെറ്റാണ്, എല്ലാവരും വന്നു അവനെ കാണാൻ.
ആ കിടപ്പിലും സന്തോഷത്തോടെ ഉറങ്ങുന്ന മുഖമായിരുന്നു. വിട്ടു പോകുമ്പോൾ അവനു വേദനിച്ചു കാണില്ല. അങ്ങനെതന്നെ വേണം പോകാൻ എന്ന് അവൻ പണ്ടു തമാശയ്ക്ക് പറയുമായിരുന്നു. ‘‘ഞാൻ വളരെ സന്തുഷ്ടനാണ്, ഒരു കുഴപ്പവുമില്ലെടാ’’ എന്നാണ് മൂന്നുനാൾ മുൻപ് സംസാരിച്ചപ്പോൾ അവൻ എന്നോടു പറഞ്ഞത്. ആ ശബ്ദം എന്റെ കാതിൽ ഒട്ടിച്ചേർന്നിരിക്കുന്നു.