ADVERTISEMENT

ബോക്സ് ഓഫിസിൽ മാത്രമല്ല, ദേശീയ സിനിമ അവാർഡിലും പ്രാദേശിക ഭാഷകളുടെ കൊടിയേറ്റമാണു ഇക്കുറിയും കണ്ടത്. മലയാളം 8 പുരസ്കാരം നേടിയപ്പോൾ തമിഴും കൈ നിറയെ പുരസ്കാരങ്ങൾ നേടി. മികച്ച ചിത്രം, നടൻ, നടി, സഹ നടീനടൻമാർ, തുടങ്ങിയ പ്രധാന പുരസ്കാരങ്ങളെല്ലാം കേരളവും തമിഴ്നാടും ചേർന്നു വീതിച്ചെടുത്തു. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമ ദേശീയ സിനിമ പുരസ്കാരത്തിൽ തിളങ്ങിയതും മറ്റൊരു പ്രത്യേകത. കോവിഡ് കാരണം ആമസോൺ പ്രൈമിലാണു സുരറൈ പോട്ര് റിലീസ് ചെയ്തത്.  

 

പ്രശസ്ത സംവിധായൻ വിപുൽ ഷാ അധ്യക്ഷനായ ജൂറിക്കു പ്രാദേശിക ഭാഷകളിലുള്ള സിനിമകൾക്കു കൈനിറയെ പുരസ്കാരം നൽകുന്നതിൽ തർക്കവുമുണ്ടായില്ല. മലയാളത്തിൽ നിന്നു മാലിക്ക്, സീ യു സൂൺ, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ അന്തിമ ഘട്ടത്തിൽ ചർച്ചയായിരുന്നു. 

 

അന്തിമ റൗണ്ടിൽ നവ്യയും ഫഹദും 

 

അവാർഡിന്റെ അന്തിമ ഘട്ടത്തിൽ വരെ ഫഹദ് ഫാസിലും നവ്യാ നായരുമെത്തിയിരുന്നു. ഫഹദിന്റെ മാലിക്കിന്റെ പ്രകടനം ചർച്ചയായെങ്കിലും മേയ്ക്കപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ജൂറി അംഗങ്ങളിൽ ചിലർ എതിർപ്പായി ഉയർത്തി. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’യിലെ നവ്യാ നായരുടെ പ്രകടനവും അന്തിമ ഘട്ടത്തി‍ൽ പരിഗണിച്ചിരുന്നുവെങ്കിലും അപർണയുടെ പ്രകടനം മികവുറ്റതായി വിലയിരുത്തുകയായിരുന്നു. 

 

ഫീച്ചർ വിഭാഗത്തിൽ മൊത്തം 205 സിനിമകളും നോൺ ഫീച്ചർ വിഭാഗത്തിൽ 148 ചിത്രങ്ങളുമാണ് 2020 ലെ ദേശീയ അവാർഡിനു വേണ്ടി പരിഗണിച്ചത്. മികച്ച സിനിമാ നിരൂപണത്തിന് പുരസ്കാരം നൽകേണ്ടതില്ലെന്നു ജൂറി തീരുമാനിച്ചു. യോഗ്യമായ രചനകൾ ലഭിച്ചില്ലെന്നാണു വിലയിരുത്തൽ. 

 

കൊമേഴ്സ്യൽ, ഒപ്പം കലാമൂല്യവും: വിജി തമ്പി (ദേശീയ സിനിമ  ജൂറിയംഗം)

 

കൊമേഴ്സ്യൽ ചിത്രങ്ങളാണെങ്കിലും കലാമൂല്യം ഉറപ്പാക്കിയെന്നതാണു സുരറൈ പോട്ര്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളെ അവാർഡിന് അർഹമാക്കിയത്. മലയാളം, തമിഴ്, മറാ​ഠി തുടങ്ങിയ ഭാഷകളിലെ സിനിമകളാണ് ഏറ്റവുമധികം ചർച്ചയിൽ വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com