ADVERTISEMENT

അമാനുഷിക സിദ്ധികളുമായി, കരിമ്പുലിക്കരുത്തുമായി, നാടിനും നീതിക്കും വേണ്ടി പോരാടുന്ന കറുത്തവർഗക്കാരനായ സൂപ്പർഹീറോ ‘ബ്ലാക്ക് പാന്തർ’, സീരിസിലെ പുതിയ ചിത്രമെത്തുന്നു. അദ്ഭുതങ്ങളുടെ നാടായ വക്കാൻഡയുടെ കഥ പറയുന്ന സിനിമയ്ക്ക് അവരുടെ തന്നെ യുദ്ധകാഹളമായ ‘വക്കാൻഡ ഫോറെവർ’ എന്ന വാക്കാണ് ടൈറ്റിലായി നൽകിയിരിക്കുന്നത്.

 

‘വക്കാൻഡ ഫോറെവർ’എന്ന സിനിമ പുറത്തിറങ്ങുമ്പോൾ പ്രേക്ഷകരുടെയും അണിയറപ്രവർത്തകരുടെയും ഏറ്റവും വലിയ വേദന അവരുടെ പ്രിയ നായകനായ ചാഡ്‌വിക് ബോസ്മാന്റെ അഭാവം തന്നെയാണ്. ബ്ലാക്ക് പാന്തര്‍ സിനിമയുടെ സംവിധായകനായ റയാൻ കൂഗ്ലെർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചാഡ്‌വിക്ക് അവതരിപ്പിച്ച കിങ് ടച്ചാല ഒഴികെയുളള ബാക്കി എല്ലാ താരങ്ങളും ഈ ചിത്രത്തിലുണ്ടാകും. സിനിമയുടെ ടീസറിൽ അദ്ദേഹത്തിനുള്ള ആദരം കാണാം. ചിത്രം ഈ വർഷം നവംബർ 11ന് തിയറ്ററുകളിലെത്തും.

 

ജീവിതത്തിൽ രോഗവുമായി നിശ്ശബ്ദം പോരാടിയ ചാഡ്‌വിക്ക് 43ാം വയസ്സിലാണ് അർബുദത്തിനു കീഴടങ്ങിയത്. യുഎസിലെ സൗത്ത് കാരലൈനയിൽ കാരലിൻ–ലെറൊയ് ബോസ്മാൻ ദമ്പതികളുടെ മകനായി ജനിച്ച ചാഡ്‌വിക് ബോസ്‌മാൻ ഹോവഡ് സർവകലാശാലയിൽനിന്നു സംവിധാനത്തിൽ ബിരുദമെടുത്തു. ആദ്യമായി നായകവേഷത്തിലെത്തിയത് ദ് കിൽ ഹോളി(2012) ലൂടെ. പിറ്റേവർഷം പുറത്തിറങ്ങിയ 42 വിൽ ബേസ്ബോൾ താരം ജാക്കി റോബിൻസനായി വേഷമിട്ടതോടെ ഹോളിവുഡിലെ ശ്രദ്ധേയ നടനായി. മേജർ ലീഗ് ബേസ്‌ബോളിൽ കളിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനായിരുന്നു ജാക്കി റോബിൻസൻ. 

 

കനിവുള്ള കരിമ്പുലി

 

ഗായകൻ ജെയിംസ് ബ്രൗണിന്റെ ജീവിതം ആധാരമാക്കിയുള്ള ഗെറ്റ് ഓൺ അപ് എന്ന ചിത്രത്തിനു ശേഷമാണു ബ്ലാക്ക് പാന്തർ എന്ന സൂപ്പർ ഹീറോയായി മാറുന്ന വക്കാൻഡയിലെ ടിചാല രാജാവായി വേഷമിട്ടു തുടങ്ങിയത്. 2016ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാറാണ് ചാ‍ഡ്‌വിക് ബ്ലാക്ക് പാന്തറായി വേഷമിട്ട 4 മാർവൽ ചിത്രങ്ങളിൽ ആദ്യത്തേത്. പ്രധാന അഭിനേതാക്കളെല്ലാം കറുത്തവർഗക്കാരായ ‘ബ്ലാക്ക് പാന്തർ’ 2018ൽ റിലീസ് ചെയ്തു. മികച്ച ചിത്രത്തിനുള്ള ഓസ്കറിനു നാമനിർദേശം ലഭിച്ച ആദ്യ സൂപ്പർഹീറോ ചിത്രം കൂടിയാണിത്. ഇതിലെ ‘വക്കാൻഡ ഫോറെവർ’ എന്ന യുദ്ധകാഹളമുൾപ്പെടെ തരംഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com