‘എന്തസുഖമാണ് സൈനുദ്ദീനെ ബാധിച്ചത്, ആദ്യം ആർക്കും ഒരറിവില്ലായിരുന്നു’

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ :51
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
sainudheen
SHARE

ഉദയവും അസ്തമയവും പ്രകൃതിയുടെ യാത്രക്കൂട്ടാണെന്നു പറയുന്നതുപോലെയാണ് നമ്മുടെ മലയാള സിനിമയിലെ ചില അഭിനയ പ്രതിഭകളുടെ ഉദയവും അസ്തമയവുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടായിരിക്കാം മനുഷ്യജീവിതം ആകസ്മികതയുടെ ആകെത്തുകയാണെന്ന് വിശേഷിപ്പിക്കുന്നതും. 

അഭിനയമോഹവുമായി സിനിമ എന്ന മായികലോകത്തേക്കു കടന്നുവന്ന്, സ്വപ്രയത്നം കൊണ്ട് പതുക്കെ പതുക്കെ പ്രശസ്തിയുടെ ഔന്നത്യത്തിലേക്ക് ഉയർന്നു കൊണ്ടിരുന്ന സമയത്താണ് നമ്മുടെ പ്രിയ താരങ്ങളായ ജയനും ശോഭയും വിജയശ്രീയും റാണി ചന്ദ്രയും സൈനുദ്ദീനുമൊക്കെ നമ്മെ വിട്ടുപോയത്. മരണത്തെക്കുറിച്ച് ഓർക്കാൻപോലും ആകാത്ത പ്രായത്തിലാണ് ഇവരൊക്കെ അകാലമൃത്യു പൂകിയത്.  ഉദയത്തിനു മുൻപുള്ള അസ്തമയത്തിൽ പൊഴിഞ്ഞു പോയ ജയനും സൈനുദ്ദീനുമായിട്ടേ എനിക്ക് അടുപ്പമുണ്ടായിരുന്നുള്ളൂ.  ജയനുമായി മൂന്നു വർഷത്തെ സൗഹൃദമേ ഉണ്ടായിരുന്നുള്ളുവെങ്കിലും സൈനുദ്ദീനുമായി എനിക്ക് വലിയൊരു ആത്മബന്ധം തന്നെയാണുണ്ടായിരുന്നത്. സൈനുദ്ദീനുമായുള്ള ഒരു വ്യാഴവട്ടക്കാലത്തെ കന്മഷമില്ലാത്ത സൗഹൃദവും ആ നല്ല നിമിഷങ്ങളും ഇന്നും മനസ്സില്‍ മായാതെ ചാരം മൂടിക്കിടക്കുന്നുണ്ട്. 

സൈനുദ്ദീൻ കൊച്ചിക്കാരനാണെങ്കിലും ഇങ്ങനെ ഒരു നടനെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്. എറണാകുളം നോർത്തിൽ ആബേലച്ചൻ എന്ന പട്ടക്കാരൻ നടത്തുന്ന കലാഭവൻ എന്ന ഒരു മിമിക്രി ട്രൂപ്പുണ്ടെന്നും അവിടുത്തെ ഒരു പറ്റം അനുകരണകലാകാരന്മാർ ചിരിയുടെ പുതുവസന്തം വിരിയിച്ചു കൊണ്ട് കേരളമെമ്പാടും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലെ പ്രധാന താരമാണ് സൈനുദ്ദീനെന്നുമൊക്കെ ഞാൻ അറിയുന്നത് വളരെ വൈകിയാണ്.

1980 കാലഘട്ടത്തിൽ കലൂർ ഡെന്നിസ്-ജോഷി-മമ്മൂട്ടി ടീം എറണാകുളം ബെൽറ്റെന്ന പേരിൽ  കുടുംബ ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് ഒന്ന് നിന്നുതിരിയാൻ പോലും സമയം കിട്ടാതെ ഞാൻ ഓടി നടക്കുന്ന സമയമായതു കൊണ്ടാകാം കലാഭവനിലെ മിമിക്രി കലാകാരന്മാരെക്കുറിച്ചും അതിലെ പ്രധാന നടനായ സൈനുദ്ദീനെക്കുറിച്ചുമൊക്കെ അറിയാൻ കഴിയാതിരുന്നത്. പിന്നെ അഞ്ചെട്ടു വർഷങ്ങൾക്കുശേഷം 1985 ലാണ് ഞാൻ സൈനുദ്ദീനെ ആദ്യമായി കാണുന്നത്. ആദ്യകൂടികാഴ്ച വളരെ രസകരമായ ഒരനുഭവമായിരുന്നു. 

ഒരു സിനിമയുടെ ഡിസ്ക്കഷനുമായി ഞാൻ തിരുവനന്തപുരത്തുള്ള ജേക്കബ്സ് ഹോട്ടലിൽ താമസിക്കുകയാണ്. ഒരു ദിവസം രാവിലെ എട്ടു മണി കഴിഞ്ഞു കാണും. ഞാൻ മനോരമ പത്രത്തിലെ സിനിമാ പേജും നോക്കിയിരിക്കുമ്പോൾ പെട്ടെന്നാണ് കോളിങ് ബെൽ കേട്ടത്. ആരാണ് ഇത്ര കാലത്തേ എത്തിയിരിക്കുന്നതെന്നോർത്തു ഞാൻ വാതിൽ തുറന്നു. ചിരപരിചിതനെപ്പോലെ വെളുക്കെ ചിരിച്ചുകൊണ്ട് മധ്യവയസ്കനായ ഒരു ആൺരൂപം വാതിൽക്കൽ നിൽക്കുന്നുണ്ട്. ഏതാണ് ഈ കക്ഷി? ക്ലീൻ ഷേവും അവിടവിടെ നര കയറിയ മുടിയും ചെറിയൊരു കുടവയറുമൊക്കെയുള്ള ഇയാൾ ഒരു അഭിനയമോഹിയായിരിക്കുമോ അതോ എന്റെ റിലേഷനിൽ പെട്ട ആരെങ്കിലും ആയിരിക്കുമോ എന്ന സന്ദേഹമായിരുന്നു എനിക്ക്. 

mimics-parade

ചെറുപ്പം മുതലേ കഥയെഴുത്തും നാടക രചനയും സിനിമാ ജ്വരവുമൊക്കെയായി ഓടി നടന്നിരുന്നതിനാൽ സ്വന്തക്കാരെയും ബന്ധുക്കളെയുമൊക്കെ എനിക്കു തിരിച്ചറിയാൻ കഴിയുന്നില്ലെന്നു പറഞ്ഞ് അമ്മ എപ്പോഴും പരാതി പറയാറുണ്ട്. അതുകൊണ്ട്, എന്റെ ബന്ധത്തിൽപ്പെട്ട ആരെങ്കിലുമായിരിക്കും എന്നുള്ള സംശയത്തിൽ പാതി വിടർന്ന ഒരു ചിരി ഞാനും പാസ്സാക്കി. 

ഞാൻ കക്ഷിയെ അകത്തേക്കു വിളിച്ച് സെറ്റിയിൽ ഇരുത്തി. ഞാൻ അപരിചിത ഭാവത്തിൽ നോക്കുന്നതു കണ്ട് അയാൾ സ്വയം പരിചയപ്പെടുത്തി. ‘‘എന്റെ പേര് സൈനുദ്ദീൻ. ഞാൻ ഒരു മിമിക്രി ആർട്ടിസ്റ്റാണ്. ഒന്നു രണ്ടു സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്.’’

‘‘ഏതൊക്കെ ഫിലിമിലാണ് അഭിനയിച്ചത്?’’

‘‘മൈ ഡിയർ കുട്ടിച്ചാത്തൻ, ഒന്നു മുതൽ പൂജ്യം വരെ.’’

‘‘രണ്ടും നല്ല സിനിമകളാണല്ലോ?’’

എന്റെ അഭിനന്ദനങ്ങൾ കേട്ടു സൈനുദ്ദീൻ ഹൃദ്യമായി ചിരിച്ചു. 

‘‘ഒന്നും അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളല്ലായിരുന്നു. ഡെന്നിച്ചായൻ ഒത്തിരി സിനിമകൾ ചെയ്യുന്നതല്ലേ? ഏതെങ്കിലുമൊരു ചിത്രത്തിൽ എനിക്ക് നല്ലൊരു വേഷം തരണം’’.

ഡെന്നിച്ചായാ എന്നുള്ള ആ വിളിയിൽ ഒരു പൂർവപരിചയത്തിന്റെ ഇഴയടുപ്പമുള്ളതുപോലെയാണ് എനിക്കു തോന്നിയത്.

കക്ഷിയുടെ പ്രായത്തിനു പറ്റിയ ക്യാരക്ടർ റോളുകൾ എന്തെങ്കിലും വരുകയാണെങ്കിൽ കൊടുക്കാമെന്ന് ഞാൻ മനസ്സിൽ കരുതിയെങ്കിലും ഉറപ്പൊന്നും പറഞ്ഞില്ല. 

‘‘നോക്കട്ടെ. അടുത്ത പടത്തിൽ എന്തെങ്കിലും വേഷം ഉണ്ടെങ്കിൽ ഞാൻ വിളിക്കും. ഫോൺ നമ്പർ തന്നാൽ മതി.’’ അതു കേട്ടപ്പോൾ സൈനുദ്ദീന്റെ മുഖത്ത് പ്രകാശം പരന്നു.

അപ്പോൾ എനിക്ക് ഒരു ഫോൺ വന്നു. ഞാൻ ഫോൺ എടുക്കാൻ പോയപ്പോൾ സൈനുദ്ദീൻ എന്നോടു യാത്ര പറഞ്ഞു പോവുകയും ചെയ്തു. 

പിറ്റേന്ന് വൈകുന്നേരം ഞാനൊന്നു പുറത്തു പോയിട്ട് രാത്രിയില്‍ ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ റിസപ്ഷനു മുൻപിൽ മങ്ങിയ വെളിച്ചത്തിൽ നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു. അയാളുടെ വരവ് കണ്ടപ്പോൾ ഇതും ഒരു അഭിനയമോഹിയായിരിക്കും എന്ന സന്ദേഹമായിരുന്നു എനിക്ക്.

‘‘ഡെന്നിച്ചായൻ അരോമ മണി സാറിനെ കാണാൻ പോയതായിരിക്കുമല്ലേ?’’

ചിരപരിചിതനെപ്പോലെയാണ് അയാൾ സംസാരിച്ചു തുടങ്ങിയത്. ശബ്ദം നല്ല ഫെമിലിയറാണല്ലോ? ഞാൻ ആളാരാണെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്നതു കണ്ട് കക്ഷി ചിരിച്ചു കൊണ്ട് ചോദിച്ചു. ‘‘ഡെന്നിച്ചായന് എന്നെ മനസ്സിലായില്ലെന്നു തോന്നുന്നു. ഞാൻ ഇന്നലെ ഡെന്നിച്ചായനെ കാണാൻ മുറിയിൽ വന്ന സൈനുദ്ദീനാണ്.’’

ഞാനതു കേട്ട് നിമിഷനേരം അദ്ഭുതം കൂറി നിന്നു. 

‘‘സൈനുദ്ദീനാണോ? ഇന്നലെ കണ്ട രൂപമല്ലല്ലോ? ഒറ്റ ദിവസം കൊണ്ട് ആളു ചെറുപ്പമായോ?’’

"ഞാനിവിടെ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. (ചിത്രത്തിന്റെ സംവിധായകന്റെ പേര് ഞാനിപ്പോൾ ഓർക്കുന്നില്ല) ഇന്നലെ ഷൂട്ടിങ്ങിനുപോകാൻ വേണ്ടി മേക്കപ്പ് കഴിഞ്ഞ് ലൊക്കേഷനിൽ പോകാൻ ഇറങ്ങുമ്പോഴാണ് ഞാൻ ഡെന്നിച്ചായനെ കാണാൻ വന്നത്. ഇതിൽ ഒരു മധ്യവയസ്കന്റെ വേഷമാണ് ‍ഞാൻ ചെയ്യുന്നത്.’’

‘‘അതെയോ? ഞാൻ സൈനുദ്ദീനെ ആദ്യമായിട്ടു കാണുകയല്ലേ? ഞാൻ കരുതിയത് സൈനുദ്ദീൻ അൽപം പ്രായം ഉള്ള ആളാണെന്നാണ്.  താൻ അഭിനയിച്ച മൈഡിയർ കുട്ടിച്ചാത്തനും ഒന്നു മുതൽ പൂജ്യം വരെയും ഞാൻ കണ്ടിട്ടില്ല.’’

അങ്ങനെ ഞങ്ങൾ ചിരിച്ചു കൊണ്ട് ലിഫ്റ്റിൽ കയറി എന്റെ മുറിയിലേക്കു പോയി. പിന്നെ കുറേ നേരമിരുന്ന് ഓരോ മിമിക്രി കഥകളും സിനിമാമോഹങ്ങളുമൊക്കെ സൈനുദ്ദീൻ എന്നോടു പറഞ്ഞു.  

‘‘കളമശേരിയിലെ ഒരു ലോറി ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് എന്നിൽ കലാവാസന പൊട്ടിമുളച്ചത്. പിന്നീട് കലാഭവനിലെ ആദ്യത്തെ മിമിക്രിക്കാരനായ കലാഭവൻ അൻസാറിന്റെ റെക്കമെൻഡേഷനിലാണ് ഞാൻ ആബേലച്ചന്റെ അടുത്തെത്തുന്നത്.  കലാഭവൻ മിമിക്രി ട്രൂപ്പിലെ അംഗങ്ങളായിരുന്നു ഇന്നത്തെ പ്രശസ്ത സംവിധായകരായ സിദ്ദീഖ് ലാൽ.’’

അങ്ങനെയാണ് ഞാൻ എഴുതിയ ‘ഗജകേസരിയോഗം’ എന്ന സിനിമയിൽ സൈനുദ്ദീന് ഞാനൊരു വേഷം കൊടുത്തത്. അത്ര വലിയ റോളൊന്നുമല്ലെങ്കിലും ശ്രദ്ധിക്കപ്പെടും. 

innocent-sainudheen

പിന്നീട് ജഗദീഷിനെയും സിദ്ദീഖിനെയും നായകനാക്കി ഞാനെഴുതിയ മിമിക്സ് പരേഡിലും കാസർകോട് കാദർ ഭായി തുടങ്ങിയ സിനിമകളിലും നാൽവർ സംഘങ്ങളിൽ ഒരാളായി ഞാൻ സൈനുദ്ദീനെയും ചേർത്തു. മിമിക്സ് പരേഡിലെയും കാസർകോട് കാദർ ഭായിയിലെയും കോമഡികൾ അന്നത്തെ ചെറുപ്പക്കാരുടെ നാവിൻ തുമ്പിലെ സ്ഥിരം തമാശ നമ്പറുകളായിരുന്നു. 

മിമിക്സ് പരേഡിൽ സൈനുദ്ദീനും ജഗദീഷും സിദ്ദീഖും ബൈജുവുമൊക്കെയുള്ള രസകരമായ ഒരു സീനുണ്ട്. സിനിമാ മോഹവുമായി നടക്കുന്ന സൈനുദ്ദീൻ കൂട്ടുകാരുടെ അടുത്തേക്ക് ഓടി വന്നിട്ടു പറയുകയാണ്.

‘‘എടാ എനിക്ക് ഒരു നല്ല പടം കിട്ടി.’’

‘‘ആരുടെ പടമാടാ’’ കൂട്ടുകാർ അദ്ഭുതത്തോടെ ഒരേ സ്വരത്തിൽ ചോദിച്ചു. 

‘‘ഐ.വി.ശശി സാറിന്റെ’’

‘‘നിനക്ക് ഈ പടം എങ്ങിനെ കിട്ടി അളിയാ. "

‘‘നാനയിൽ നിന്ന് കട്ട് ചെയ്തെടുത്തതാണ്.’’

തിയറ്ററിൽ അന്ന് ചിരിയുടെ മാലപ്പടക്കം ഉതിർത്ത നമ്പറായിരുന്നു അത്. അതേപോലെ കാസർകോട് കാദർഭായിയിലും സൈനുദ്ദീന്റെ കോമഡി നമ്പറുകൾ ധാരാളമുണ്ടായിരുന്നു. അതോടെ മലയാള സിനിമയിൽ ആറേഴു വർഷക്കാലം ജഗദീഷ് സിദ്ദീഖ് സൈനുദ്ദീൻ ടീമിന്റെ ഒരു കോമഡി തരംഗം തന്നെയാണുണ്ടായത്. അമിതാഭിനയമോ അതിഭാവുകത്വമോ ഇല്ലാത്ത, സ്വാഭാവികമായ നിർദോഷ കോമഡി നമ്പറുകളാണ് സൈനുദ്ദീനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.  

എനിക്കെന്തോ സൈനുദ്ദീനോട് പ്രത്യേക ഒരു ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു. മറ്റു ചില നടന്മാരെപ്പോലെ നേരിൽ കാണുമ്പോൾ ഒരു മുഖം, അല്ലാതെയുള്ളപ്പോൾ മറ്റൊരു മുഖം എന്ന ഡബിൾ ഗെയിം കാരക്ടർ അല്ലായിരുന്നു സൈനുദ്ദീന്റേത്. തനിക്കു സിനിമയിലേക്കുള്ള വഴികൾ തുറന്നു തന്നവരോടുള്ള സ്നേഹവും നന്ദിയും കടപ്പാടുമെല്ലാം എന്നും മനസ്സിൽ സൂക്ഷിക്കുന്ന നന്മയുള്ളൊരു  മനസ്സിന്റെ ഉടമയായിരുന്നു സൈനുദ്ദീൻ. 

ഞാൻ ഓർക്കുകയായിരുന്നു, 1999 ജൂലൈ 10നാണ് എന്റെ അമ്മ മരിക്കുന്നത്. അമ്മ മരിച്ച വിവരം അറിഞ്ഞ് എന്റെ  വീട്ടിൽ ആദ്യം എത്തിയ സിനിമക്കാരൻ സൈനുദ്ദീനാണ്. അമ്മയുടെ മൃതദേഹത്തിനു മുന്നിൽ നിൽക്കുമ്പോൾ അവൻ നിന്നണയ്ക്കുന്നതുകണ്ട് ഞാൻ ചോദിച്ചു.

‘‘എന്താടാ നീ വല്ലാതെ കിതിയ്ക്കുന്നുണ്ടല്ലോ? എന്തു പറ്റി?’’

‘‘എന്താണെന്നറിയില്ല. നാലഞ്ചു ദിവസമായി ഇതു തുടങ്ങിയിട്ട്. ഡോക്ടറെ പോയി കാണാനുള്ള സമയം കിട്ടിയില്ല.’’

അവൻ നിസ്സംഗതയോടെ പറ‍യുന്നതു കേട്ടപ്പോൾ  ഞാൻ പറഞ്ഞു. 

‘‘സമയം ഇല്ലെന്നു പറഞ്ഞ് ഡോക്ടറെ കാണാതെ നടക്കുകയാണോ? കൊള്ളാം. നീ ഇന്നു തന്നെ പോയി നല്ല ഒരു ഡോക്ടറെ കാണിക്കൂ.’’

അവൻ  ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് പോയിട്ട് പിന്നെ ഞാൻ അറിയുന്നത് സൈനുദ്ദീനെ ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തിരിക്കുകയാണെന്നാണ്. 

എന്തസുഖമാണ് സൈനുദ്ദീനെ ബാധിച്ചിരിക്കുന്നത്? ആദ്യം ആർക്കും കൃത്യമായ ഒരറിവും ഉണ്ടായിരുന്നില്ല. ഫൈബ്രോസിസ് എന്ന, ശ്വാസം കിട്ടാതെ വരുന്ന ഒരസുഖമാണ് അവനെ പിടികൂടിയതെന്ന് പിന്നീടാണറിയുന്നത്. അവന്റെ അസുഖത്തിന്റെ സീരിയസ്നെസ് ഒന്നും ആദ്യം അവനെ ആരും അറിയിച്ചിരുന്നില്ല. ഞാനൊരുദിവസം അവനെ ആശുപത്രിയിലേക്ക് ഫോണിൽ വിളിച്ചു. 

‘‘എന്തു പറ്റിയെടാ നിനക്ക് ?’’

‘‘ഹേയ് എനിക്ക് കുഴപ്പമൊന്നുമില്ല ഡെന്നിച്ചായാ. എന്നെ കാണാൻ ഇങ്ങോട്ടു ഡെന്നിച്ചായൻ വരണമെന്നില്ല. ഒരാഴ്ച കഴിഞ്ഞ് ഞാൻ ഡിസ്ചാർജ് ആകും. അപ്പോൾ ഞാൻ മാതാ ടൂറിസ്റ്റ് ഹോമിൽ വന്നു ഡെന്നിച്ചായനെ കാണാം.’’

കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. 

നല്ല മനസ്സുള്ളവർക്ക് ആയുസ്സ് കൂടുതലാണെന്നു പഴമക്കാർ പറയുമെങ്കിലും സൈനുദ്ദീന്റെ ആയുസിന്റെ ദൈർഘ്യം കാലം വെട്ടിച്ചുരുക്കുകയായിരുന്നു. 

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}