ADVERTISEMENT

മോഹൻലാൽ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ബറോസ് ചിത്രീകരണം പൂർത്തിയായി. ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ടീം ബറോസിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. ടി.കെ. രാജീവ് കുമാർ, സന്തോഷ് ശിവൻ, ആന്റണി പെരുമ്പാവൂർ, സിദ്ധു പനയ്ക്കൽ എന്നിവർക്കൊപ്പം പ്രണവ് മോഹൻലാലിനെയും ചിത്രത്തിൽ കാണാം.

 

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.

 

‘‘ഒരു ത്രീഡി ചിത്രമാണ് ബറോസ്. ഇന്റർനാഷനൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിനു വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥന ഞങ്ങൾക്ക് വേണം. വ്യത്യസ്തമായ സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായാണ് ഈ ചിത്രം ഞാൻ ഇറക്കുന്നത്.’’–മോഹൻലാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞിതങ്ങനെ.

 

ചിത്രത്തിൽ അദ്ദേഹത്തിന് രണ്ടു ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

 

വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com