ADVERTISEMENT

പാപ്പൻ ജനങ്ങൾ കാത്തിരുന്ന സുരേഷ് ഗോപി ചിത്രമെന്ന് ടിനി ടോം. ‘സംവിധായകരുടെ സംവിധായകനായ’ ജോഷിയുടെ ഒരു ചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാർഥ്യമായി. തന്നെ ജീവിതവിജയത്തിലേക്കു നയിച്ച കലയാണ് മിമിക്രി. അതിലൂടെയാണ് ജീവിതം കെട്ടിപ്പടുത്തതെന്നും വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ടു പോകുമെന്നും ടിനി ടോം മനോരമ ഓൺലൈനിനോടു പറയുന്നു....

ജനങ്ങൾ കാത്തിരുന്ന സുരേഷ്‌ഗോപി ചിത്രം

പാപ്പൻ ജനങ്ങൾ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ചിത്രമാണ്. ഒരുപാട് പ്രമോഷനൊന്നും ഇല്ലാതെ, പറഞ്ഞുകേട്ട് ആളുകൾ പടം കാണാൻ കയറുകയാണ്. അതാണ് അന്തിമ വിജയം എന്നുപറയുന്നത്. സുരേഷ് ഗോപിയോടുള്ള ജനങ്ങളുടെ ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണിത്. സുരേഷ് ഗോപി എന്ന താരത്തിന്റെ നല്ലൊരു സിനിമയ്ക്കു വേണ്ടി ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. തിയറ്ററിലേക്കുള്ള ജനപ്രവാഹം കണ്ടിട്ട് അങ്ങനെയാണു പറയാൻ തോന്നുന്നത്.

ജോഷി സാറിന്റെ ചിത്രം എന്ന സ്വപ്നം

‘‘എടാ, ജോഷി സാറിന്റെ ഒരു പടത്തിൽ അഭിനയിച്ചാലേ നീ പൂർണനാകൂ’’ എന്ന് എന്നോടു പണ്ട് സുരേഷേട്ടൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ റുപ്പി ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ജോഷി സാറിനെ വീട്ടിൽ പോയി കണ്ടിരുന്നു. ഉടൻ അദ്ദേഹം എന്നെ റൺ ബേബി റൺ എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തു. പക്ഷേ ആ സമയത്ത് ഞാൻ വേറൊരു പടത്തിന്റെ തിരക്കിലായതിനാൽ ജോഷി സാറിന്റെ പടം ചെയ്യാൻ പറ്റിയില്ല. അതൊരു വലിയ സങ്കടമായിരുന്നു. അദ്ദേഹം എന്നെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എനിക്കറിയാമായിരുന്നു. പിന്നീട് പാപ്പൻ എന്ന സിനിമയ്ക്കു വേണ്ടി നിർമാതാവ് വിളിച്ചപ്പോൾ എല്ലാ തിരക്കുകളും മാറ്റിവച്ച് ഞാൻ വന്നു.

ആർജെ ഷാൻ ആണ് കഥാപാത്രത്തെപ്പറ്റി പറയാൻ വിളിച്ചത്. ഞാൻ ചെയ്ത പൊലീസ് വേഷങ്ങളേക്കാൾ വ്യത്യസ്തനായ ഒരു പൊലീസാണ് പാപ്പനിലേത്. സ്നേഹവും അലിവും സെന്റിമെൻറ്സും ഉള്ള പൊലീസുകാരൻ. നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു പാപ്പനിലെ എസ്ഐ സോമൻ. ആ സിനിമയിൽ ചെറിയ ഒരു നർമമെങ്കിലും ഉള്ളത് എന്റെ കഥാപാത്രത്തിനാണ്. ഡയറക്ടേഴ്സ് ഡയറക്ടർ ആയ ജോഷി സാറിന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രമെങ്കിലും ചെയ്യാൻ എല്ലാവരും കൊതിക്കുന്നതാണ്. എല്ലാവരും ആ കഥാപാത്രത്തെ സ്വീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.

suresh-tini

പാപ്പൻ ഈ വർഷത്തെ ഏറ്റവും നല്ല ചിത്രം

സിനിമയെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചും നല്ല പ്രതികരണങ്ങളാണു കിട്ടുന്നത്. നല്ല സിനിമ കാണുമ്പോൾ സുഹൃത്തുക്കൾ വിളിക്കാറുണ്ട്. അപ്പോഴാണ് ‘ഓ, ഇവരൊക്കെ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടല്ലോ’ എന്ന് ഓർക്കുന്നത്. ഈ വർഷത്തെ ഏറ്റവും നല്ല സിനിമയായി പാപ്പൻ മാറും എന്നത് ഉറപ്പാണ്. അത് അഭിമാനിക്കാനുള്ള കാര്യമാണ്.

പട്ടണം റഷീദിനൊപ്പം ടിനി ടോം
പട്ടണം റഷീദിനൊപ്പം ടിനി ടോം

പത്തൊൻപതാം നൂറ്റാണ്ട് കാത്ത്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനയന്റെ ‘പത്തൊൻപതാം നൂറ്റാണ്ട്’. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് അതിൽ ചെയ്യുന്നത്. സലിം അഹമ്മദ് നിർമിച്ച് ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് അഴകൻ’ ആണ് അടുത്ത ചിത്രം. അതിൽ പ്രധാന വേഷമാണ്. ‘സൺ ഓഫ് ഗ്യാങ്‌സ്റ്റർ’ എന്ന ചിത്രത്തിലും ഒരു വേഷം ചെയ്യുന്നുണ്ട്. അതിൽ രാഹുൽ മാധവ് നായകനും ഞാൻ വില്ലനുമാണ്. ‘സിഗ്നേച്ചർ’ എന്ന ചിത്രത്തിൽ ഒരു പള്ളീലച്ചന്റെ വേഷവും ചെയ്തു. മനോജ് പാലോടൻ ആണ് സംവിധായകൻ. അതിലെ അഭിനേതാക്കളെല്ലാം ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്. ഇതൊക്കെയാണ് പുതിയ വിശേഷങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com