യുവാക്കള്‍ എത്തിയത് മനഃപൂർവം പ്രശ്നമുണ്ടാക്കാൻ: വിശദീകരണവുമായി യുജിഎം സിനിമാസ്

ugm-cinemas
യുജിഎം സിനിമാസ്
SHARE

ഏറ്റുമാനൂർ യുജിഎം തിയറ്ററിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി തിയറ്റർ ഉടമകൾ. തിയറ്ററിൽ ചിലർ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് തിയറ്റർ ഉടമകളിലൊരാളായ സംഗീത് പറയുന്നു. പിറ്റേ ദിവസത്തേക്കുള്ള ‘കടുവ’ സിനിമയുടെ ടിക്കറ്റ് എടുത്ത ഇവർക്ക് ‘കുറി’ എന്ന ചിത്രം കാണണം എന്നായിരുന്നു ആവശ്യം. മദ്യപിച്ചെത്തിയ യുവാക്കൾ തിയറ്റർ ജീവനക്കാരോട് തട്ടിക്കയറുകയും കുടുംബസമേതം എത്തിയ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ബഹളം വയ്ക്കുകയും ചെയ്തപ്പോഴാണ് പ്രശ്നം കയ്യാങ്കളിയിലെത്തിയതെന്നും അതോടെ അവരെ ഇറക്കി വിടേണ്ടി വന്നെന്നും സംഗീത് മനോരമ ഓൺലൈനിനോട് പറഞ്ഞു.

സംഗീതിന്റെ വാക്കുകൾ:

‘‘കുറി എന്ന സിനിമ കാണാനാണ് വൈക്കം സ്വദേശികളായ മൂന്നു ചെറുപ്പക്കാർ തിയറ്ററിലെത്തിയത്. ഓൺലൈനിലാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റ് സുഹൃത്ത് എടുത്തിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ മറ്റാരും ടിക്കറ്റുമായി എത്തിയില്ല. പകരം ഞങ്ങളെ കാണിച്ച ടിക്കറ്റ് പിറ്റേ ദിവസത്തേക്കുള്ള കടുവയുടെ ടിക്കറ്റ് ആയിരുന്നു. ആളുകൾ തീരെ വരാത്ത സാഹചര്യത്തിൽ കുറി എന്ന സിനിമ അന്നു തിയറ്ററിൽ പ്രദർശിപ്പിച്ചുമില്ല.

ഇരുപത് പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ചിത്രം കളിക്കൂ എന്ന് എഴുതി വച്ചിട്ടുണ്ട്. അവരുടെ കയ്യിലാണെങ്കിൽ കുറിയുടെ ടിക്കറ്റും ഇല്ല. ഞങ്ങളുടെ തിയറ്ററായ യുജിഎം സിനിമാസ് മൾട്ടിപ്ലക്‌സ്‌ തിയറ്ററാണ്, അവിടെ വിശാലമായ കഫറ്റീരിയയും ലോബിയും ഫ്രീ വൈഫൈയുമൊക്കെ ഉണ്ട്. ഇവിടെ വരുന്നവർക്ക് സമാധനമായി സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇങ്ങനെയുള്ള സംവിധാനങ്ങൾ ചെയ്തിരിക്കുന്നത്. വന്ന ചെറുപ്പക്കാർ മദ്യപിച്ചിട്ടുണ്ടായിരുന്നു, അവർ തിയറ്റർ ജീവനക്കാരോട് തട്ടിക്കയറുകയും കഫറ്റീരിയയിൽ ഇരുന്നു ബഹളം വയ്ക്കുകയും ചെയ്തു.

cafe-ugma

കുടുംബമായി സിനിമ കാണാനെത്തുന്നവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ പ്രശ്നമുണ്ടാക്കിയപ്പോൾ തിയറ്റർ ജീവനക്കാർക്ക് ഇടപെടേണ്ടി വന്നു. സംസാരം തർക്കത്തില്‍ തുടങ്ങി ഉന്തും തള്ളുമായി. മുൻപേ പറഞ്ഞു വച്ചതുപോലെ ചില ഓൺലൈൻ മീഡിയ പ്രവർത്തകർ ഈ സമയത്ത് അവിടെ എത്തി തിയറ്ററിനെതിരെ വളരെ മോശമായ രീതിയിൽ വാർത്ത കൊടുത്തു. ബഹളം ഉണ്ടാക്കിയ ചെറുപ്പക്കാർ പൊലീസിൽ പരാതി പറയുകയും പൊലീസ് ഞങ്ങളോട് വിവരം തിരക്കുകയും ചെയ്തു. ഒടുവിൽ ഈ ചെറുപ്പക്കാർ തന്നെ കേസ് ഒത്തുതീർപ്പിലാക്കണം എന്ന് പറഞ്ഞ് ഞങ്ങളെ ഇങ്ങോട്ട് സമീപിച്ചു. അവസാനം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വച്ച് കേസ് ഒത്തുതീർപ്പാക്കി. ഇത്രയുമാണ് അവിടെ സംഭവിച്ചത്.

മദ്യപിച്ച് മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ മൂന്നു ചെറുപ്പക്കാർ എത്തിയത്. ടിക്കറ്റ് ഇല്ലാതെ സിനിമ കാണിക്കാൻ കഴിയുമോ. തിയറ്ററിൽ കിടന്നു അഴിഞ്ഞാടിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചതിന് കുടുംബമായി വരുന്ന പ്രേക്ഷകർ ഞങ്ങളെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിനു ശേഷം കൂടുതൽ കുടുംബങ്ങൾ തിയറ്ററിൽ എത്തുന്നുണ്ട്. പാപ്പൻ ഹൗസ് ഫുൾ ആയി ഓടുകയാണ്. വീട്ടിൽനിന്നു കുടുംബവുമായി ആളുകൾ പോകുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് തിയറ്റർ. കുഞ്ഞുങ്ങളുമൊത്ത് സമാധാനമായി രണ്ട് മണിക്കൂർ ചെലവഴിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അങ്ങനെ ഉള്ള സ്ഥലത്ത് ദയവുചെയ്ത് ഇത്തരം പ്രവൃത്തികളുമായി വരരുത്.’’–സംഗീത് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}