ADVERTISEMENT

ഇന്ത്യയിൽ മിമിക്രിയെന്ന കലാരൂപത്തിന് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ള സംസ്ഥാനം ഏതാണെന്ന് ഒരു ചോദ്യം ഉണ്ടായാൽ നമ്മുടെ കലാകേരളം എന്ന ഒറ്റ ഉത്തരമേ മലയാളികളുടെ നാവിൻതുമ്പിൽ നിന്നുതിരുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അനുകരണകല വരുന്നതിനു മുൻപു മലയാളി ചിരിച്ചിരുന്നത് പഴത്തൊലിയിൽ ചവിട്ടി വീഴുന്നതും കുടവയർ തുള്ളിക്കുന്നതും അടക്കമുള്ള വളിച്ച വിദൂഷക പ്രകടനം കണ്ടിട്ടായിരുന്നു. അന്നൊക്കെ തമിഴ് സിനിമയിലെ കോമഡിയും ഇതൊക്കെത്തന്നെ ആയിരുന്നു.

 

മലയാളത്തിൽ ആദ്യമായി മിമിക്രി എന്ന കലാരൂപം ഉണ്ടായപ്പോൾ, മലയാളിക്കു കിട്ടിയ വലിയൊരു ഭാഗ്യമാണതെന്ന് തമിഴ് സിനിമയിലെ ആദ്യകാല ഹാസ്യനടനും ബുദ്ധിജീവിയുമായ ചന്ദ്രബാബു നമ്മുടെ പഴയ ഹാസ്യനടനായ പട്ടം സദനോടു പറഞ്ഞതായി അന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

 

അനുകരണ കലാസംസ്കാരത്തിനു തുടക്കം കുറിച്ചത് എറണാകുളത്താണെന്നാണ് അന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത്. കൊച്ചിൻ ഹനീഫയാണ് അതിന്റെ തലതൊട്ടപ്പനെന്നാണ് ‘എറണാകുള ചരിതം’ പറയുന്നത്. അതിൽ നേരിന്റെ അറിവടയാളമുണ്ടെന്നാണ് എനിക്കും തോന്നുന്നത്.  ഹനീഫ പണ്ടു മുതലേ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഞാൻ ആദ്യമായി മിമിക്രി കാണുന്നത് ഹനീഫയിൽ നിന്നായിരുന്നു. സത്യനെയും ശിവാജി ഗണേശനെയുമായിരുന്നു ഹനീഫ അന്ന് അനുകരിച്ചിരുന്നത്. 

abi-dileep

 

‘അമ്മ എന്ന സ്ത്രീ’യിലെയും ‘യക്ഷി’യിലെയും സത്യനെയാണ് ഹനീഫ സ്ഥിരമായി അവതരിപ്പിച്ചിരുന്നത്. വീരപാണ്ഡ്യകട്ടബൊമ്മനിലെ ശിവാജി ഗണേശന്റെ ഗംഭീരഭാവാഭിനയവും ഡയലോഗുകളും ഒറ്റ ശ്വാസത്തിലാണ് ഹനീഫ ഉരുവിട്ടിരുന്നത്. ചില വൈകുന്നേരങ്ങളില്‍ ഹനീഫ എംജി റോഡിലുള്ള ഞങ്ങളുടെ ചിത്രപൗർണമി ഓഫിസിലേക്കു വരും. പിന്നെ ഞങ്ങളുടെ മുറിയിൽ സത്യനും ശിവാജി ഗണേശനും തമ്മിലുള്ള ഒരു മത്സരം തന്നെയായിരിക്കും നടക്കുക.

 

abi-nadhirshah

പിന്നീട് കുറെ കാലത്തിനു ശേഷമാണ് അൻസാർ കലാഭവൻ പുതിയ മിമിക്രി നമ്പറുകളുമായി വന്നത്. അൻസാറാണ് ആബേലച്ചന്റെ കലാഭവനിലെ ആദ്യത്തെ മിമിക്രി താരം. പിന്നീട് അഞ്ചാറു വർഷങ്ങൾക്കു ശേഷമാണ് സിദ്ദീഖും ലാലും ജയറാമും സൈനുദ്ദീനും കലാഭവൻ മണിയും എൻ.എഫ്.വർഗീസും പ്രസാദുമൊക്കെ കലാഭവനിൽ വരുന്നത്.

 

കലാഭവനിലൂടെ വന്നവർ കേരളം മുഴുവൻ മിമിക്സ് ട്രൂപ്പുമായി പര്യടനം നടത്താൻ തുടങ്ങിയപ്പോഴാണ് ദിലീപ്, മൂവാറ്റുപുഴക്കാരൻ അബി, സലിംകുമാർ, ഹരിശ്രീ അശോകൻ, ഹരിശ്രീ മാർട്ടിൻ, റഹ്മാൻ, ഹനീഫ് തുടങ്ങിയ നടന്മാരും തെസ്നിഖാൻ, പ്രസീദ എന്നീ ലേ‍ഡീ മിമിക്രി താരങ്ങളും ഓരോരോ മിമിക്രി ട്രൂപ്പുകളിലുമായി വരുന്നത്. അതിൽ അന്നത്തെ മിമിക്രിയിലെ ലേഡീ സൂപ്പർ സ്റ്റാറായിരുന്നു തെസ്നിഖാൻ. മജീഷ്യനായ വാപ്പായുടെ മാജിക് നമ്പറുകളായിരുന്നു തെസ്നിയുടെ പ്രത്യേകത.

 

ഈ മിമിക്രി കലാകാരന്മാരുടെ മനസ്സിലെ സ്ഥായിയായ ആഗ്രഹം സിനിമയായിരുന്നു. സിനിമയിൽ എത്തിപ്പെടാനുള്ള മാർഗമായിട്ടായിരുന്നു അന്ന് എല്ലാവരും മിമിക്രിയെ കണ്ടിരുന്നത്. അവരിൽ ഭൂരിപക്ഷം പേരും പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യങ്ങളായി മാറുകയും ചെയ്തു. ആലപ്പുഴക്കാരായ ഫാസിലും നെടുമുടി വേണുവും കോട്ടയം ജില്ലക്കാരനായ കോട്ടയം നസീറുമൊക്കെ ഇതേപോലെ മിമിക്രിയിൽ നിന്നാണു സിനിമയിലേക്കു വന്നത്.

 

ഇതിൽ മിമിക്രിയിൽ ഏറെ പുതുമയുള്ള നമ്പറുകളുമായി കടന്നു വന്ന അബിക്കാണ് സിനിമയിൽ വേണ്ടത്ര അംഗീകാരവും പരിഗണനയും കിട്ടാതെ പോയത്. എന്നാൽ മറ്റു മിമിക്രി കലാകാരന്മാരിൽനിന്ന് അബിയെ ശ്രദ്ധേയനാക്കിയത് ഹിന്ദി സിനിമയിലെ ഷോമാൻ അമിതാഭ് ബച്ചന്റെയും മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടേയും വേഷപ്പകർച്ചയായിരുന്നു. അബി ചെയ്തിരുന്നപോലെ അമിതാഭ് ബച്ചനെ അത്ര പെർഫെക്ടായി മറ്റാർക്കും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.  

 

അബിയുടെ അമിതാഭ് ബച്ചനെ കണ്ടിട്ടാണ് ഞാനെഴുതിയ മിമിക്സ് പരേഡ് എന്ന സിനിമയുടെ രണ്ടാംഭാഗമായ കാസർകോട് കാദർഭായിയിലേക്ക് അബിയെ വിളിക്കുന്നത്. അതിൽ അബി അവതരിപ്പിക്കുന്നത് അമിതാഭിനെയും മമ്മൂട്ടിയേയുമാണ്. അമിതാഭ് ബച്ചന്റെ വേഷപ്പകർച്ചയോടെ മുഴക്കമുള്ള ശബ്ദത്തിൽ അബി വരുമ്പോൾ തിയറ്ററിൽ കയ്യടിയുടെ പെരുന്നാളായിരുന്നു. 

 

അതേപോലെ മിമിക്രിയിൽ അബിയുടെ പുതിയൊരു കഥാപാത്രമായിരുന്നു ആമിനതാത്ത. മധ്യവയസ്കയായ ഒരു ടിപ്പിക്കൽ മുസ്‌ലിം സ്ത്രീയുടെ ഭാവഹാവാദികളും വേഷപ്പകർച്ചയും കണ്ടാൽ നമ്മുടെ പരിസരത്തെവിടെയൊക്കെയോ കണ്ടു മറന്ന ഒരു നാടൻ താത്ത ആയി  തോന്നും. ഈ കഥാപാത്രത്തെ കണ്ടിട്ടാണ് അൻസാർ കലാഭവൻ സംവിധാനം ചെയ്ത ‘കിരീടമില്ലാത്ത രാജാക്കന്മാർ’ എന്ന സിനിമയിൽ അബിയുടെ ആമിനതാത്തയെ പുനഃസൃഷ്ടിച്ചത്. ആമിന താത്ത സ്റ്റേജിലേക്കാൾ വെള്ളിത്തിരയിലാണ് കൂടുതൽ തിളങ്ങിയത്. ആ ചിത്രത്തിന്റെ ഒരു വിജയഘടകം ആമിന താത്തയാണെന്നു മനസ്സിലാക്കിയ അൻസാർ പിന്നീട് തന്റെ മിക്ക ചിത്രങ്ങളിലും അബിക്ക് നല്ല വേഷമാണ് കൊടുത്തത്. കാസർകോട് കാദർഭായിക്കു ശേഷം എന്റെ രണ്ടു മൂന്നു ചിത്രങ്ങളിൽ കൂടി അബി അഭിനയിച്ചിട്ടുണ്ട്. 

 

അബി മൂവാറ്റുപുഴയിലാണ് താമസിക്കുന്നതെങ്കിലും എറണാകുളത്തു വരുമ്പോൾ എന്നെ കാണാൻ, ഞാനിരുന്ന് എഴുതുന്ന മാതാ ടൂറിസ്റ്റു ഹോമിൽ വരും.  പിന്നെ അന്ന് എന്റെ എഴുത്ത് നടക്കില്ല. അബിയുടെ മിമിക്രി നമ്പറുകളും അനുഭവങ്ങളുമൊക്കെ കേട്ട് അന്നത്തെ ദിവസം പോകും. ഇടയ്ക്ക് ചില ദുഃഖാനുഭവങ്ങളും അബി പങ്കുവയ്ക്കാറുണ്ട്. ഒരു സിനിമാ നടനു വേണ്ട സൗന്ദര്യവും ഉയരവും ശബ്ദസൗകുമാര്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും സിനിമയുടെ സഞ്ചാര വഴികളിലൂടെയുള്ള പ്രയാണത്തിൽ ഭാഗ്യം അബിയുടെ നേരെ പുറം തിരിഞ്ഞു നിൽക്കുന്നതു പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ അപ്പോൾ ഓരോ ആശ്വാസ വചനങ്ങൾ ചൊല്ലി സമാധാനിപ്പിക്കും.  

 

abi-fmily

പിന്നീടു കുറേ നാളത്തേക്ക് അബിയെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. എന്നെ കാണാൻ വരുന്നില്ല. ഒരു വിളി പോലുമില്ല, ഞാൻ ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല. പിന്നീടാണ് ഞാൻ അറിയുന്നത് അബി മിമിക്രിയുമായി വിദേശ പര്യടനത്തിലാണെന്ന്. അതിൽ നേരിന്റെ അംശം ഉണ്ടോയെന്ന് എന്നറിയില്ല.

 

പിന്നെ ഞാൻ അബിയെ കാണുന്നത് 2003 ലാണ്. അതും ഒട്ടും പ്രതീക്ഷിക്കാത്ത അവിചാരിതമായ ഒരു കണ്ടുമുട്ടലായിരുന്നു. എന്റെ മൂത്തമകൻ ഡിനു അന്ന് ഒറ്റനാണയം, എന്നിട്ടും എന്നീ സിനിമകളിൽ നായകനായിട്ടഭിനയിച്ചിരിക്കുന്ന സമയമാണ്. അവന്റെ ഒരു ഇന്റർവ്യൂ എടുക്കാനായി ഏതോ ഒരു ചാനലിൽനിന്ന് ഒരു ദിവസം ഒരു വിളി വന്നു. 

 

അഭിമുഖത്തിനു വന്നിരിക്കുന്നത് നടിയും നർത്തകിയുമൊക്കെയായ നീന കുറുപ്പാണ്. നീന ഞാൻ എഴുതിയ സിറ്റി പൊലീസ് എന്ന സിനിമയിൽ ഉപനായികയുടെ വേഷം ചെയ്തിട്ടുണ്ട്. ഡിനു ആ സിനിമയിൽ നീനയുടെ കൂടെ ബാലതാരമായും അഭിനയിച്ചിട്ടുമുണ്ട്. നീന കുറുപ്പ് പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്ന വളരെ സ്മാർട്ടായ ഒരു അഭിനേത്രിയാണ്. ഇന്റർവ്യൂ ഔട്ട് ഡോറിൽ വച്ച് എടുക്കാനായിരുന്നു നീനയ്ക്കു താൽപര്യം. 

 

നീനയുടെ ആഗ്രഹപ്രകാരം എളമക്കര പേരുണ്ടൂരുള്ള കായലോരത്തെ ലോക്കേഷനിൽ വച്ചെടുക്കാനായി പോകാൻ ഇറങ്ങിയപ്പോൾ ഞാനും ചെല്ലണമെന്ന് മകന് നിര്‍ബന്ധം. അങ്ങനെ ഞാനും പോയി. ഞങ്ങൾ പേരുണ്ടൂർ കായലോരത്തു പോയി ഇറങ്ങി. കായലിനോടു ചേർന്ന് കുറെ ഇടത്തരം വില്ലകളാണവിടെയുള്ളത്. ഞങ്ങൾ പാരപ്പെറ്റിൽ ചെന്നിരുന്നു. പെട്ടെന്നാണ് ‘ഡെന്നിച്ചായാ’ എന്നൊരു വിളി ഉയർന്നത്. 

 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു വില്ലയിൽനിന്ന് ഒരു പുരുഷരൂപം ഇറങ്ങി വരുന്നതാണ് കണ്ടത്. ഇന്നത്തെ ന്യൂജെൻ പിള്ളേരെപ്പോലെ ബർമുഡയും ഷർട്ടും ധരിച്ച് സുസ്മേരവദനനായ് എന്റെ അടുത്തേക്കു വരുന്ന ആളെക്കണ്ട് ഞാൻ ഞെട്ടി. ‘‘ഇത് നമ്മുടെ അബിയല്ലേ?’’ ഞാൻ അദ്ഭുതം പ്രകടിപ്പിച്ചു.   

 

‘‘അബി ഇപ്പോൾ ഇവിടെയാണോ താമസം?’’

 

‘‘ഞാനിപ്പോ കുറെ നാളായിട്ട് ഇവിടെയാണ് താമസിക്കുന്നത്.’’

 

അബിയെ പുതിയ വേഷത്തിൽ വളരെ സ്മാർട്ട് ആയി കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി. അബി ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു കൊണ്ടുപോയി. പിന്നെ ഭാര്യയുടെ വക ചായയും പലഹാരവുമൊക്കെ തന്നു. അന്ന് അബിയുടെ മകൻ ഇന്നത്തെ യുവനടൻ ഷെയ്ൻ നിഗം കൊച്ചുകുട്ടി ആയിരുന്നു. മകന്റെ ഇന്റർവ്യൂ ഒക്കെ കഴിഞ്ഞ് വൈകുന്നേരമാണ് ഞങ്ങൾ അവിടെനിന്നു തിരിച്ചു പോന്നത്. 

 

അങ്ങനെ വർഷങ്ങൾ ചിലത് കടന്നു പോയി. സിനിമയിൽ പല മാറ്റങ്ങളും വരാൻ തുടങ്ങി. ന്യൂജെൻ സിനിമയും ന്യൂജെന്‍ നടന്മാരും സംവിധായകരും മലയാള സിനിമയിൽ പുതിയ ഭാവുകത്വ പരിണാമങ്ങളുമായി കടന്നു വന്ന് നവംനവങ്ങളായ ചലച്ചിത്ര സൃഷ്ടികൾ ഒരുക്കാൻ തുടങ്ങിയ സമയമാണ്. അപ്പോഴാണ് ഞാൻ ഒരു വാർത്ത അറിയുന്നത്. ആ വാർത്തയ്ക്ക് സ്ഥിരീകരണം നൽകിയത് അൻസാർ കലാഭവനാണ്. 

 

‘‘ഡെന്നിച്ചായൻ അറിഞ്ഞോ, നമ്മുടെ അബിയുടെ മകൻ ഷെയ്ൻ നിഗം നായകനായിട്ടഭിനയിച്ച ഒരു സിനിമ റിലീസായി. ഷെയ്നെപ്പറ്റി നല്ല അഭിപ്രായമാണ് കേട്ടത്.’’

 

അപ്പോൾ എന്റെ മനസ്സ് പറഞ്ഞത് അബിക്ക് കിട്ടാതെ പോയ ഭാഗ്യം മകനിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ്. അതും നായകനടനായി. പക്ഷേ മകൻ ഉയരങ്ങൾ കീഴടക്കുന്നതു കാണാനുള്ള ഭാഗ്യം അബിക്ക് ഉണ്ടായില്ല. 

 

എന്നാൽ അതു കേട്ട് ഞാൻ അബിയെ വിളിച്ച് അപ്പോൾ അഭിനന്ദിക്കാനൊന്നും പോയില്ല. ഷെയ്ൻ നല്ല കുറച്ചു സിനിമകളിൽ കൂടി അഭിനയിക്കുന്നതു കണ്ട് അബിയുടെ മനസ്സൊന്നു കുളിരട്ടെ, എന്നിട്ടാവാം വിളിയും അഭിനന്ദനവുമൊക്കെ എന്നു ഞാന്‍ കരുതി. 

 

പിന്നീട് കുറേ നാൾ കഴിഞ്ഞ് നടൻ ദിലീപിന്റെ കേസും പ്രശ്നവുമൊക്കെ അറിഞ്ഞപ്പോഴാണ് ഞാൻ അബിയെ വിളിക്കുന്നത്. കൂടെ മകന്റെ വിശേഷവും അറിയാമല്ലോ. അബിയുടെ ട്രൂപ്പിൽ ഉണ്ടായിരുന്ന ആളാണ് ദിലീപ്. അതിലുപരി അബിയുടെ അടുത്ത സുഹൃത്തും ആയിരുന്നു.  ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് അമേരിക്കയിലുള്ള എന്റെ കോ ബ്രദർ രഞ്ജിത്തിന്റെ ഫോൺ നമ്പർ മൊബൈൽ ഡിസ്‌പ്ലേയിൽ തെളിഞ്ഞത്. 

 

ഞാൻ അബിയോടു പറഞ്ഞു: ‘‘അബീ, നീ ഫോൺ വയ്ക്ക്. എനിക്ക് അമേരിക്കയിൽനിന്ന് അത്യാവശ്യമായി ഒരു കോൾ വരുന്നുണ്ട്. അല്പം കഴിഞ്ഞു ഞാൻ തിരിച്ചു വിളിക്കാം. എന്നിട്ട് നമുക്ക് വിശദമായിട്ട് എല്ലാ കാര്യങ്ങളും സംസാരിക്കാം.’’

 

അപ്പോൾ അബി പറഞ്ഞു: ‘‘ഡെന്നിച്ചായാ ഞാനും അൽപ്പം തിരക്കിലാണ്. ഒരാഴ്ച കഴിഞ്ഞു ഞാൻ ഡെന്നിച്ചായന്റെ വീട്ടിലേക്ക് വരാം.’’

 

പക്ഷേ ആ വാക്ക് അബിക്ക് പാലിക്കാൻ ആയില്ല. അതിനു മുൻപേ മരണം വന്ന് എന്റെ നല്ല സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോയി.  ഒരു ജീവൻ കാലാവധി പൂർത്തിയാക്കാതെ പോകുമ്പോൾ ദൈവത്തിന്റെ ആ കൈവിട്ട കളികളെ വിധി എന്നു പറഞ്ഞു സ്വയം ആശ്വസിക്കാനല്ലാതെ നമുക്ക് വേറെ എന്താണു ചെയ്യാനാവുക.

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com