ജോഷി–സുരേഷ് ഗോപി ചിത്രം പാപ്പൻ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയകുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തിൽ നിന്നു മാത്രം കോടികളുടെ കലക്‌ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. ഇതിനോടകം ഈ വർഷത്തെ ഏറ്റവും അധികം കലക്‌ഷൻ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയിൽ പാപ്പൻ ഇടം നേടി കഴിഞ്ഞു.
കേരളത്തിൽ റിലീസ് ചെയ്ത ഇരുന്നൂറ്റിഅൻപതിലധികം തിയറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓഗസ്റ്റ് 5 മുതൽ ചിത്രം കേരളത്തിനു പുറത്തും പ്രദർശനത്തിനെത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽ 132 തിയറ്ററുകളിലാണ് പാപ്പൻ എത്തുക. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്.

ഗൾഫ് രാജ്യങ്ങളിൽ മാത്രം ചിത്രം പ്രദർശനത്തിനെത്തുക 108 സ്ക്രീനുകളിലാണ്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ആണിത്. അമേരിക്കയിൽ ചിത്രം ഇന്നുമുതൽ 62 തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കൂടാതെ മറ്റ് പല വിദേശ രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ലോകമാകെ ഈ ആഴ്ച പാപ്പൻ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം 600 ന് മുകളിൽ വരുമെന്ന് നിർമാതാക്കൾ പറയുന്നു.
ആർജെ ഷാൻ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്നു. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പുറംരാജ്യങ്ങളും അന്യ സംസ്ഥാനങ്ങളിലും ചിത്രം മികച്ച സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.