‘കഴിവുണ്ടായാൽ പോരാ, അത് ബോധ്യപ്പെടുത്തണം’; മമ്മൂട്ടി പറയുന്നു

mammootty-lal-jose
മമ്മൂട്ടിക്കൊപ്പം സെൽഫിയെടുക്കുന്ന പുതുമുഖ താരങ്ങളായ ആഡിസ്, ശംഭു, ദർശന, വിൻ‍സി, സംവിധായകൻ ലാൽ ജോസ് എന്നിവർ ചിത്രം: ഇ.വി. ശ്രീകുമാർ
SHARE

കാൽ നൂറ്റാണ്ട് മുൻപ് ലാൽ ജോസ് എന്ന ചെറുപ്പക്കാരൻ കണ്ട സിനിമാക്കനവിന് മമ്മൂട്ടി കൈകൊടുത്തപ്പോൾ ‘മറവത്തൂർ കനവ്’ എന്ന ഹിറ്റ് പിറന്നു. തന്റെ ഇരുപത്തിയേഴാമത്തെ സിനിമ ‘സോളമന്റെ തേനീച്ചകളി’ ലൂടെ അരങ്ങേറുന്ന പുതുമുഖ താരങ്ങളായ ദർശന, വിൻസി, ശംഭു, ആഡിസ് എന്നിവരുമായി മമ്മൂട്ടിയുടെ അനുഗ്രഹം തേടി ലാൽ ജോസ് എത്തുമ്പോൾ സമയം ഉച്ച. വിൻസിക്ക് ആദ്യ അവസരം ലഭിക്കുന്നത് ഈ ചിത്രത്തിലൂടെയായിരുന്നെങ്കിലും തുടർന്നു നാലുചിത്രങ്ങളിൽ അഭിനയിച്ച വിൻസി ശ്രദ്ധേയയായിക്കഴിഞ്ഞു.

സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഉദ്യോഗമണ്ഡലിലെ ഫാക്ട് കോംപ്ലെക്സ്. മുൻ ചെയർമാൻ എം.കെ.കെ.നായർ റോഡുകൾക്കെല്ലാം ഇട്ടത് അതുല്യ കലാകാരൻമാരുടെ പേരാണ്. രാജാ രവിവർമ റോഡിലൂടെയെത്തിയ ലാൽ ജോസ് സ്വാതിതിരുനാൾ റോഡിൽ പാർക്ക് ചെയ്ത മമ്മൂട്ടിയുടെ കാരവനു മുന്നിലെത്തി.

“മറവത്തൂരിന്റെ സമയത്ത് തുടക്കക്കാരനായ എന്നെ മമ്മൂക്കയും തിരക്കഥയെഴുതിയ ശ്രീനിയേട്ടനും വിശ്വസിച്ചു. അന്ന് നിങ്ങളൊക്കെ പകർന്ന ആത്മവിശ്വാസമാണ് പിന്നിടിങ്ങോട്ടുളള എന്റെ യാത്രയുടെ ബലം. ഒരു സംഘം പുതുമുഖങ്ങൾ സോളമന്റെ തേനീച്ചകളിലൂടെ സിനിമയിലേക്ക് വരികയാണ്. വല്ല്യേട്ടൻ സ്ഥാനത്ത് നിന്ന് അവരെ അനുഗ്രഹിക്കാനും ഇനിയങ്ങോട്ടുളള അവരുടെ യാത്രകൾക്ക് ഗുണപ്പെടുന്ന നല്ല നാല് വാക്ക് അവർക്ക് പറഞ്ഞുകൊടുക്കാനും മമ്മൂക്ക വേണമെന്നു തോന്നി. അതൊരു ഗുരുത്വമാണ്. അതാണ് സിനിമ റിലീസാകുന്നതിന് മുൻപ് ഇവരെയുംകൂട്ടി വന്നത്”. ലാൽ ജോസ് പറഞ്ഞു.

മമ്മൂട്ടി കുട്ടികളോട്: നിങ്ങളെയൊക്കെ ഇവൻ സിനിമയിൽ അഭിനയിപ്പിച്ചിട്ട് കാശുവല്ലോം തന്നോ?

വിൻസിയും ദർശനയും ഒറ്റശ്വാസത്തിൽ ‘കിട്ടി’ എന്ന് പറഞ്ഞപ്പോൾ അതിലൊരു കള്ളത്തരമില്ലേയെന്ന മട്ടിൽ മമ്മൂട്ടി ചോദിച്ചു; “കിട്ടിയെന്ന് പറേണം എന്ന് പറഞ്ഞു അല്ലേ..?”

കിട്ടിയെന്ന് മാത്രമല്ല, പടം വിജയിച്ചാ ഇനീം കൂടുതൽ കിട്ടുമെന്ന് വിൻസി ഉറപ്പിച്ച് പറഞ്ഞപ്പോൾ ലാൽജോസിനെ നോക്കി മമ്മൂട്ടി- “പടം വിജയിച്ചാ ഷെയറ് കിട്ടുന്ന പരിപാടിയൊന്നും നമ്മുടെ കാലത്തുണ്ടായിട്ടില്ല... ഇപ്പോ അതൊക്കെയുണ്ട് അല്ലേ... സന്തോഷം”.

മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലൂടെയാണ് ഈ നാലു പേരെയും കണ്ടെത്തിയതെന്നു ലാൽ ജോസ് വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ഇവരെയൊക്കെ തനിക്കറിയാമെന്നു മമ്മൂട്ടി. നായികാ നായകനിലെ ഒരു എപ്പിസോഡിൽ ദർശനയും വിൻസിയും മാളവികയും ചേർന്ന് കോഴിക്കറി വച്ചത് താൻ ഇടയ്ക്കിടയ്ക്കു കാണാറുണ്ടെന്നു മമ്മൂട്ടി വെളിപ്പെടുത്തിയതോടെ സംഘത്തിനു ധൈര്യം വന്നു. ചില ചോദ്യങ്ങൾ ചോദിച്ചോട്ടെയെന്നായി അവർ.

എന്നെ ചോദ്യം ചെയ്യാൻ ഞാൻ നിങ്ങളോട് എന്തു തെറ്റു ചെയ്തു കുട്ടികളേ എന്ന് ചന്തു സ്റ്റെലിൽ മമ്മൂക്ക. ചോദ്യങ്ങളല്ല ഉത്തരങ്ങളാണ് നിങ്ങൾ കയ്യിൽ കരുതേണ്ടതെന്ന മാസ് മറുപടിയും.

ഓരോരുത്തർക്കും ഒരു ചോദ്യം ചോദിക്കാമെന്നു മമ്മൂട്ടി പറഞ്ഞതും ആദ്യ ചോദ്യം വിൻസി വക: സിനിമയിൽ നേടാവുന്നതെല്ലാം നേടി. എന്നാൽ ജീവിതത്തിൽ എന്തെങ്കിലും ഇനിയും കിട്ടാത്തതായി ബാക്കിയുണ്ടോ?

മമ്മൂട്ടി: സിനിമ, സിനിമ, സിനിമ. സിനിമയല്ലാതെ മറ്റൊന്നും എന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ല. മറ്റൊന്നും തേടിപ്പോയിട്ടുമില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രികവിദ്യ കണ്ട് അദ്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്നിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മൾ സൂക്ഷിക്കുന്നത്. പ്രേക്ഷകന് സിനിമയോടുള്ള അദ്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളലുമുണ്ട്.

“എന്നെയെന്നാണ് മമ്മൂട്ടിയുടെ നായികയാക്കുക? ”: ദർശനയക്ക് അതറിഞ്ഞാൽ മതി.

മമ്മൂട്ടി: അത് ഞാനല്ല, നിങ്ങൾ സ്വയം തീരുമാനിച്ചാൽ നടക്കുന്ന കാര്യമേയുളളൂ. ഒരാൾ ഒരു ഉറച്ച തീരുമാനം എടുത്ത് അതിനായി പ്രയത്നിച്ചാൽ അത് നടക്കും. നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്. ലാൽ ജോസ് നിങ്ങളെ വിളിച്ച് സിനിമയിൽ അഭിനയിപ്പിച്ചില്ലേ. എനിക്കാ ഭാഗ്യം കിട്ടിയിട്ടില്ല. (ലാൽ ജോസിനെനോക്കി) ഞാൻ ഇയാളുടെ പിന്നാലെ നടന്നിട്ടാണ് അവസരം കിട്ടിയത്..

ശംഭു: സിനിമയിൽ നിന്നു സ്ഥിരവരുമാനം കിട്ടുന്ന അവസ്ഥയിലെത്താൻ കുറെനാൾ എടുത്തിട്ടുണ്ടാകുമല്ലോ. വരുമാനം ഇല്ലാത്ത കാലത്ത് അനിശ്ചിതത്വം നേരിട്ടപ്പോൾ മമ്മൂക്കയെങ്ങനാണ് അതിനെ അതിജീവിച്ചത്?

മമ്മൂട്ടി: ആ അനിശ്ചിതാവസ്ഥ എല്ലാക്കാലത്തും സിനിമക്കാരന്റെ കൂടെയുണ്ട്. അതു മറികടക്കാൻ സിനിമയ്ക്കൊപ്പം ഓടിയേ പറ്റൂ. ഇനിയെന്റെയടുത്തേക്ക് എല്ലാരും വരട്ടേയെന്ന് കരുതാവുന്ന അവസ്ഥ ഒരിക്കലും ഇല്ല. നമ്മൾ സിനിമ തേടി പോകണം. സിനിമയ്ക്ക് നമ്മളെയെന്നല്ല ആരേയും ആവശ്യമില്ല. ഭാഗ്യം കൊണ്ട് ചിലപ്പോൾ ഒരു അവസരം കിട്ടിയേക്കും. ബാക്കി നമ്മുടെ പരിശ്രമമാണ്. കഴിവുണ്ടായാൽ മാത്രം പോരാ, കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തണം.

ശംഭു: അന്ന് മമ്മൂക്കയ്ക്ക് അറിയാരുന്നോ എന്നെങ്കിലും സ്റ്റാറാകുമെന്ന്?

മമ്മൂട്ടി: ഇല്ല. മാക്സിമം വില്ലന്റെ പിന്നിൽ യെസ് ബോസ് പറഞ്ഞ് നിൽക്കുന്നയൊരാളാകുമെന്നാണു പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമക്കാർ ഒന്ന് ശ്രദ്ധിച്ചു കിട്ടാൻ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്നതല്ല.

ആഡിസ്: ഇപ്പോഴത്തെ മമ്മൂക്ക തുടങ്ങിയകാലത്തെ മമ്മൂക്കയ്ക്ക് എന്ത് ഉപദേശം കൊടുക്കും?

മമ്മൂട്ടി: ഉപദേശത്തിന് വലിയ പ്രസക്തിയൊന്നും ഇല്ല. നമ്മുടെ തീരുമാനങ്ങളാണ്. ഞാനിത് വിടില്ല. വിടാതെ പിടിക്കും എന്ന തീരുമാനമാണ് വേണ്ടത്. എനിക്കൊന്നും ഒരു എളുപ്പവഴിയും ഉണ്ടായിരുന്നില്ല, പരിചയക്കാരന്റെ പരിചയക്കാരന്റെ കെയർ ഓഫിൽ വരെ അവസരങ്ങൾ ചോദിച്ചിട്ടുണ്ട്. അതിരിക്കട്ടെ ആരാണീ തേനീച്ചകളുടെ സോളമൻ?

ലാൽ ജോസ്: ജോജു ജോർജാണ് സോളമൻ. ഇത് സുജ, ഗ്ലൈന എന്ന രണ്ട‌ു വനിതാ പൊലീസുകാരുടെ ജീവിതമാണ്. ഒരാൾ ട്രാഫിക്കിലും മറ്റേയാൾ ലോക്കലിലും. അതിലൊരാൾക്ക് ഒരു പ്രണയമുണ്ട്. പ്രണയകഥ പുരോഗമിക്കുമ്പോൾ അവരുടെ സ്റ്റേഷനിൽ ഒരു ക്രൈം സംഭവിക്കുന്നു. അതിന്റെ മിസ്റ്ററി റിവീലായിവരുമ്പോ പ്രണയത്തിന് എന്ത് സംഭവിക്കുമെന്നതാണ് സെക്കൻഡ് ഹാഫ്.

കഥയുടെ രസം കിട്ടിയപ്പോ പ്രേക്ഷകന്റെ ആവേശത്തോടെ മമ്മൂട്ടി: എന്നാ തേനീച്ചകളുടെ റിലീസ്?

ഓഗസ്റ്റ് പതിനെട്ടെന്ന് ലാൽജോസ്. സ്വാതന്ത്ര്യദിനം കഴിഞ്ഞതും സ്വതന്ത്രരാകാൻ പോകുവാണല്ലേയെന്ന ആത്മഗതത്തോടെ അദ്ദേഹം സിനിമയുടെ ഏറ്റവും പുതുതലമുറയെ തന്നോട് ചേർത്ത് നിർത്തി ഒരു സെൽഫി ക്ലിക്ക് ചെയ്തു. തേൻമധുരമുള്ള കൂടിക്കാഴ്ചയുടെ ഓർമയ്ക്കായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA