ADVERTISEMENT

പാപ്പൻ സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളിലൊന്നാണ് ജുവൽ മേരിയുടെ ഡോക്ടർ പ്രിയനളിനി. ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ച് സിനിമയില്‍ പരാമർശിക്കാതെ പോയ ചില പ്രധാനപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ആർജെ ഷാൻ.

 

ആർജെ ഷാനിന്റെ വാക്കുകൾ:

 

ചിത്രത്തിൽ പരാമർശിക്കാത്ത ചിലത്

 

ആരായിരുന്നു പ്രിയനളിനി. സിനിമയിൽ അവരുടെ ചിന്തകൾക്ക് ആഴമുണ്ട് എന്ന് ഒരുപക്ഷേ പ്രേക്ഷകന് കൃത്യമായും മനസ്സിലായിരിക്കണം. പക്ഷേ, അതെവിടെ തുടങ്ങി. എന്തിനോടും പൂർണ വ്യക്തത ഉള്ള ഒരു എഴുത്തുകാരി, ദ്രൗപതി എന്ന ഡോക്ടർ പ്രിയനളിനി! 

 

ആദ്യ കാലത്തെ മനുഷ്യൻ നരൻ ആണോ നരഭോജി ആയിരുന്നോ എന്ന ചോദ്യം ഉള്ളിൽ കത്തിയപ്പോൾ ആണ് ഒരു ഡോക്ടർ ആയ പ്രിയനളിനി, ദ്രൗപദി എന്ന എഴുത്തുകാരി ആകാൻ തീരുമാനിക്കുന്നത്. ‘മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതു എന്തിനു’ , എന്ന ചോദ്യത്തിനു ഉത്തരം തേടിയുള്ള ഒരു അന്വേഷണം കൂടി ആണ് പാപ്പൻ. ആ ചോദ്യത്തിന് അറിഞ്ഞോ അറിയാതെയോ സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ പലപ്പോഴായി അവരവരുടെ കാഴ്ചപ്പാടുകളിൽ ഉത്തരം കൊടുക്കുന്നുണ്ട്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ ഉത്തരങ്ങളിൽ ഒന്ന് നൽകുന്നത് ദ്രൗപദി ആണ്. 

 

പണ്ട് ഒരു റേഡിയോ ഷോയിൽ അതിഥിയായി വന്നപ്പോൾ കേരളത്തിലെ അതി പ്രശസ്തനായ ഒരു ഡോക്ടർ എന്നോട് പറഞ്ഞിരുന്നു, “കണ്മുന്നിൽ ജീവൻ ശരീരത്തിൽ നിന്ന് അടർന്നു പോകുന്നത് കാണുമ്പോൾ ഉള്ളിൽ ഭയം കലർന്ന ഒരു അദ്ഭുതം ഉണ്ടാകാറുണ്ട്! ആ സെക്കൻഡിന്റെ ഒരു അംശത്തെ പിടിച്ചു നിർത്താൻ വേണ്ടി ആണല്ലോ ഞങ്ങൾ ഒക്കെ ജീവിക്കുന്നത് എന്ന്.” 

 

എന്റെ ഉള്ളിൽ ഉടക്കിയ ഈ ചിന്തയിൽ നിന്നാണ് ഡോക്ടർ പ്രിയനളിനി ജനിക്കുന്നത്. ദ്രൗപദിയെ ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷം. സിനിമയിൽ ഈ രംഗം സംഭവിക്കുന്നത് മർമ്മ പ്രധാനമായ ഒരു സാഹചര്യത്തിൽ ആണ്. സംഭവിക്കാൻ പോകുന്നത് എന്ത് എന്നറിയാൻ ആളുകൾ ത്രസിച്ചിരിക്കുമ്പോളും മനുഷ്യനും മരണവും കൊലപാതകവും തമ്മിൽ ഉള്ള കൗതുകം നഷ്ടമാവരുത് എന്ന് ജോഷി സാറിന് നിർബന്ധമായിരുന്നു. അത് കൊണ്ട് ജീവിതം ഒരിടത്തു ഭയപ്പെടുത്തുമ്പോൾ മറ്റൊരിടത്തു നർമ്മം സമ്മാനിക്കും എന്ന തിരക്കഥയിലെ ചിന്തയെ ജോഷി സർ മനോഹരമായി വിജയരാഘവനിലൂടെയും (കുട്ടേട്ടൻ) സുരേഷേട്ടനിലൂടെയും സമ്മാനിക്കുന്നുണ്ട്. 

 

ആ രംഗം ഒരുപക്ഷേ ഇനി ഓർക്കുമ്പോൾ  നിങ്ങൾക്ക്  അത് മനസ്സിലായേക്കാം. സുരേഷേട്ടനും കുട്ടേട്ടനും മത്സരിച്ചു അഭിനയിച്ച രംഗമാണ് ഇതെങ്കിലും, ഉള്ളിൽ എവിടെയോ ഒരു ആളൽ സമ്മാനിച്ചത് പ്രിയനളിനി ആണ്. ജുവൽ മേരി അതിനെ മനോഹരമാക്കി. രഹസ്യ, ദ് കില്ലർ ഹാസ് എ പാസ്റ്റ് ! എന്ന്, എഴുത്തുകാരിയെ സൃഷ്‌ടിച്ച എഴുത്തുകാരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com