ഏകദേശം പതിനാറായിരത്തോളം അപേക്ഷകരിൽനിന്നും 2018ൽ നടന്ന ഓഡിഷൻ പ്രകാരം എട്ട് ആൺകുട്ടികളും എട്ട് പെൺകുട്ടികളും ഉൾപ്പടെ പതിനാറ് അഭിനേതാക്കളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. മഴവിൽ മനോരമയുടെ നായികാ നായകൻ എന്ന ടാലന്റ് ഹണ്ട് ഷോയിലൂടെ നാലു റൗണ്ടുകളിലായി പതിനാറ് മത്സരാർഥികളിൽ നിന്നും വിജയികളായ ശംഭു, ദർശന സുദർശൻ, വിൻസി അലോഷ്യസ്, ആഡിസ് ആന്റണി അക്കര എന്നിവരെ സുഹൃത്തും തിരക്കഥാകൃത്തുമായ പി.ജി. പ്രഗീഷ് എഴുതിയ ലാൽ ജോസ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എൽജെ ഫിലിംസ് നിർമിക്കുന്ന സിനിമ 2019 മെയ് മാസത്തിൽ ഷൂട്ടിങ് പ്ലാൻ ചെയ്തിരുന്നെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. 2021 ഷൂട്ടിങ് തുടങ്ങിയതിനുമുൻപേ ജോജു ജോർജ് തട്ടേൽ കയറി. വിഖ്യാതനായ വിദ്യാസാഗർ സിനിമയുടെ സംഗീതം സാഗരമാക്കിയപ്പോൾ കുഞ്ഞൻ അജ്മൽ സാബു ക്യാമറ കയ്യിലെടുത്തു. പതിവുപോലെ നമ്മുടെ സ്വന്തം രഞ്ജൻ എഡിറ്ററായി.
നീലത്താമരയുടെ 12 ആം വാർഷികദിനത്തിൽ കൈലാഷിനോടൊപ്പം കേക്കുമായി ഞാൻ ലാലുവിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അണിഞ്ഞൊരുങ്ങി പോയിരുന്നു. അപ്പോഴെങ്കിലും അദ്ദേഹം എന്നെ കാണുമ്പോൾ ഒരു കുഞ്ഞു വേഷം തരുമെന്ന് പ്രതീക്ഷിച്ചു. എഴുതിയ പ്രഗീഷിനോടും എഡിറ്റർ രഞ്ജനോടും കൺട്രോളറോടും ശുപാർശിക്കാൻ പറഞ്ഞു വച്ചു. കിം ഫലം. പക്ഷേ അതിനുപകരമായിട്ടാണോ എന്തോ രഞ്ജൻ, ചെമ്മാടൻ ഷാഫി വഴി ഒരു ഹിന്ദിപടത്തിലെ അപ്പൻ വേഷം തന്നു. അല്ലെങ്കിൽ ശുപാർശിക്കാൻ പറഞ്ഞവരോട് ഞാൻ പിണങ്ങിയേനെ. ! എന്റെ മകളായി ആ പടത്തിൽ ഗംഭീരമായി അഭിനയിച്ചത് ഇവരുടെ താരമായിരുന്നു - വിൻസി അലോഷ്യസ്.
പിന്നെയാണ് ലാലു എനിക്ക് സോളമന്റെ തേനീച്ചകൾ: ദ് ഡയറക്ടേഴ്സ് ട്രൈലർ അയച്ചുതന്നത്. അതുകാണുന്നതുവരെ അങ്ങനെയൊരു സംഭവത്തെകുറിച്ച് എനിക്കറിയില്ലായിരുന്നു. വെള്ളിത്തിരയിൽ നിന്നും കഥാപാത്രങ്ങൾ യാഥാർഥത്തിലേക്ക് ഇറങ്ങിവന്നു സംവേദിക്കുന്ന സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഒരു സംവിധായകൻ താൻ പരുവപ്പെടുത്തിയ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എന്നെ അമ്പരപ്പിച്ചു, രസിപ്പിച്ചു. ചുമ്മാ രസകരം എന്നല്ല പറയേണ്ടത്, കിടു കിടിലോസ്‌കി ...!
സിനിമയെ ഒരുതരം ഭ്രാന്തായി ആവാഹിച്ചിരുന്ന പണ്ടത്തെ ഊർജസ്വലനായ ഞങ്ങളുടെ സ്വന്തം ലാലുവിനെ സിനിമയുടെ ഓരോ ഫ്രെമിലും കാണാം. ജോജുവും ജോണിയും ഷാജുവും മാത്രമേ ഒരൽപം വയസ്സന്മാരുള്ളൂ എന്ന് തോന്നുന്നു. ബാക്കിയെല്ലാവരും പറന്നുകളിക്കുന്ന പിള്ളേർ സെറ്റപ്പ് ആയതിന്റെ പ്രതിഫലനം ഒരുപക്ഷേ നിർമാതാവായ സംവിധായകനായ ലാലുവിനും കിട്ടിയിട്ടുണ്ടാവും.
നന്നായി പൊലിപ്പിച്ചെഴുതിയാൽ അടുത്ത പടത്തിൽ എനിക്കൊരു വേഷം കിട്ടുമെന്ന് യാതൊരു വിശ്വാസവും എനിക്കില്ല. കാരണം സിനിമയുടെ കാര്യത്തിൽ ലാൽ ജോസ് തീർത്തും പ്രൊഫഷനലായ ദയയില്ലാത്ത നിഷ്കരുണനായ ഫിലിം മേക്കറാണ് ! അതുകൊണ്ടാണ് സിനിമാകാലങ്ങളിൽ എന്നെപോലെയുള്ളവരെ ലാലു പരിസരങ്ങളിൽ പോലും അടിപ്പിക്കാത്തത്.! ഞാൻ എന്തൊക്കെ എഴുതിയാലും, കാണികൾക്ക് കഥപറച്ചിലിന്റെ കാഴ്ചയുടെ വേറിട്ട അനുഭവത്തിന്റെ തേൻ അടക്കുകളുമായി സോളമന്റെ തേനീച്ചകൾ തിരശീലക്കുള്ളിലൂടെ ഉടനെ പറന്നുവരും, തീർച്ച !