ADVERTISEMENT

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം തിയറ്ററിൽത്തന്നെ പോയി കാണുമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സിനിമ റിലീസ് ചെയ്ത കടപ്പാക്കട ധന്യാ തിയറ്ററിനരികിലെ വഴികളിൽ കുഴികളുണ്ടെന്നും മഴ കൂടിയായാൽ അത് ചെളിക്കുളങ്ങളാകുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന സിനിമയുടെ പരസ്യവാചകവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.

ബിന്ദു കൃഷ്ണയുടെ വാക്കുകൾ:

കൊല്ലത്ത് രണ്ട് തിയറ്ററുകളിലാണ് ‘ന്നാ താൻ കേസ് കൊട്’ ചലച്ചിത്രം പ്രദർശനം നടത്തുന്നത് എന്നാണ് അറിയുന്നത്. കടപ്പാക്കട ധന്യാ തിയറ്ററിലും ബസ് സ്റ്റാൻഡിന് സമീപം ആർ.പി മാളിലെ കാർണിവലിലും.

കൊല്ലം ഡിസിസി ഓഫിസ് മന്ദിരത്തിൽനിന്ന് ഈ രണ്ട് തിയറ്ററുകളിലേക്കും പോകുന്ന വഴികളിൽ കുഴികളുണ്ട് എന്നു മാത്രമല്ല, മഴ കൂടിയായി കഴിഞ്ഞാൽ ചെളിക്കുളങ്ങളുടെ തൃശൂർ പൂരമാണ്. എന്നിരുന്നാലും ഈ സിനിമ കാണാൻ തന്നെയാണ് തീരുമാനം. റോഡുകളിൽ കുഴികളുണ്ട് എന്ന് പറയുമ്പോൾ തിയറ്ററിലേക്ക് പോകുന്ന റോഡുകളിൽ മാത്രമല്ല, കൊല്ലം ഭരണകൂട ആസ്ഥാന മന്ദിരമായ കലക്ടറേറ്റിന് ചുറ്റിനും, കൊല്ലം കോർപറേഷനു മുന്നിലും കുഴികളുടെ ഘോഷയാത്രയാണ്. എന്തിനേറെ പറയുന്നു, പൊതുമരാമത്ത് വകുപ്പ് ജില്ലാ ആസ്ഥാന മന്ദിരത്തിനു മുന്നിൽ പോലും റോഡുകൾ ചെളിക്കുളമായിട്ട് മാസങ്ങളും വർഷങ്ങളുമൊക്കെ പിന്നിടുകയാണ്.

ഇത് കൊല്ലം നഗരത്തിലെ യാഥാർഥ കാഴ്ചയാണ്. ഓരോ പൗരനും കണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. ദൈനംദിനം ഇവിടെയെല്ലാം നടക്കുന്ന അപകടങ്ങൾക്ക് കണക്കുമില്ല. ഈ റോഡുകളിൽക്കൂടി കാൽനട യാത്ര ചെയ്യാൻപോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് കൊല്ലം പട്ടണത്തിലെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്തുടനീളമുള്ള ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ഇതാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി വരെ ഈ വിഷയത്തിൽ വിമർശനം നടത്തിയിട്ടുള്ളതുമാണ്.

ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് വെറും പരസ്യത്തിനു വേണ്ടി മാത്രം, തമാശ രൂപേണ പോസ്റ്ററിൽ ഉപയോഗിച്ചപ്പോൾ ആ സിനിമ ബഹിഷ്കരിക്കാൻ തീരുമാനമെടുത്ത സഖാക്കന്മാരെല്ലാം ഏതു റോഡിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നാണ് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത്. അതോ സഖാക്കന്മാരുടെയെല്ലാം യാത്ര വിമാനത്തിലാണോ...?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com