ADVERTISEMENT

ന്നാ താൻ കേസ് കൊട് സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. യാഥാർഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങളെന്ന് ജോയ് മാത്യു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

 

‘‘വഴിയിൽ കുഴിയുണ്ട് , മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് -ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആൾരൂപങ്ങൾക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കിൽ 

"ന്നാ താൻ കേസ് കൊട് "

 

NB:തിരുത്ത് "വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് "എന്നാണ് വായിക്കേണ്ടത്.’’–ജോയ് മാത്യു പറയുന്നു.

 

ജോയ് മാത്യുവിനെ കൂടാതെ ബെന്യാമിന്‍, എഴുത്തുകാരി ശാരദക്കുട്ടി തുടങ്ങിയവരും വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.

 

‘‘ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമ തിയറ്ററില്‍ തന്നെ കാണാനാണ് തീരുമാനം.’’–ബെന്യാമിൻ കുറിച്ചു.

 

ശാരദക്കുട്ടിയുടെ വാക്കുകൾ: 'അന്നദാതാവായ പൊന്നുതമ്പുരാ'നൊപ്പം  നടക്കാനിറങ്ങിയപ്പോൾ പോലും കുഞ്ചൻ നമ്പ്യാർ തന്റെ കവിധർമ്മം മറന്നില്ല. കൊട്ടാര ഭക്ഷണത്താൽ കേടുവന്ന തന്റെ വയറിന്റെ ദുരവസ്ഥ രാജാവിനെ ബോധ്യപ്പെടുത്താനായി , വഴിയേ വയറിളക്കി നടന്നു പോകുന്ന പയ്യിനെ ചൂണ്ടി , " പയ്യേ നിനക്കും പക്കത്താണോ ഊണ്" എന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്. (കേട്ട കഥയിൽ പക്ഷഭേദങ്ങളുണ്ടാകാം എന്നാലും ആശയം ഏറെക്കുറെ ഇതു തന്നെയാണ്.)

 

ബോധമുള്ളവനെങ്കിൽ രാജാവിന് കവിയുടെ ഉദ്ദേശം മനസ്സിലായിരിക്കും. കാര്യം ബോധ്യപ്പെട്ടിരിക്കും. മെച്ചപ്പെട്ട ഊണ് കവിക്കും പശുവിനും തരപ്പെടുത്തിയിരിക്കും.

പരസ്യവും ഒരു കലയാണ്. വിമർശനോപാധിയാണ്. ഭരണകൂട വിമർശനം കൂടി കലയുടെ ലക്ഷ്യമാകണം. കല രാഷ്ട്രീയം കൂടിയാണ്. അതിന് ഐറണി ഒരു നല്ല ആയുധമാണ്.  വിരുത്തങ്ങളിലെ പൊരുത്തം.

 

വഴിയിൽ കുഴിയുണ്ടാകാം. അത് സിനിമാ കാണലിന് തടസ്സമാകരുത്. എത്ര നല്ല ആശയമാണത്.  കുണ്ടും കുഴിയും നിറഞ്ഞ ജീവിത സാഹചര്യങ്ങളെ താണ്ടിത്തന്നെ നിലനിർത്തിയ സിനിമയോടുള്ള അടങ്ങാത്ത പാഷനെ അതോർമ്മിപ്പിച്ചു. കലാമർമ്മം മനസ്സിലാകാത്തവർ കൊണ്ട് കേസ് കൊട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com