ADVERTISEMENT

'തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'– കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ചിത്രം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിൽ പ്രേക്ഷകരെ സ്വാഗതം ചെയ്തത് ഈ പരസ്യവാചകങ്ങളായിരുന്നു. എന്നാൽ, ഈ പത്രപരസ്യം അപ്രതീക്ഷിതമായ വിവാദത്തിനു തിരി കൊളുത്തി. സംസ്ഥാന സർക്കാരിനെ പരിഹസിക്കുന്നതാണ് പരസ്യമെന്ന ആക്ഷേപം സജീവമായതോടെ ചിലർ സിനിമ ബഹിഷ്കരിക്കണമെന്ന് ആക്രോശിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തു വന്നു. പരസ്യം പിൻ‌‍വലിച്ച് അണിയറപ്രവർത്തർ മാപ്പു പറയണമെന്നും ആവശ്യമുയർന്നു. എന്നാൽ, ഈ വിവാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടുള്ള പ്രേക്ഷകസ്വീകാര്യതയാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്നു ലഭിക്കുന്നത്. സിനിമയ്ക്കു ലഭിച്ച സ്വീകാര്യതയെക്കുറിച്ചും വിവാദമായ പര‍സ്യത്തെക്കുറിച്ചും ഇതാദ്യമായി സംവിധായകൻ രതീഷ് പൊതുവാൾ പ്രതികരിക്കുന്നു. ‍‍‍‍‍‍‍

 

ഈ ചർച്ച പ്രതീക്ഷിച്ചതല്ല

 

സിനിമയുടെ പ്രമോഷനു വേണ്ടി ഇറക്കിയ പരസ്യം ഇതുപോലെ ചർച്ചയാകുമെന്നു കരുതിയില്ല. റോഡിലെ ഒരു കുഴിയുമായി ബന്ധപ്പെട്ട സിനിമയാണ്. റിലീസിനു മുൻ‌പു വന്ന എല്ലാ പരസ്യങ്ങളിലും സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പതിയെ വെളിപ്പെടുത്തുന്ന രീതിയാണ് പിന്തുടർന്നത്. അതിന്റെ ഭാഗമായുള്ള പരസ്യം മാത്രമാണ് ഇന്നും പുറത്തിറങ്ങിയത്. സിനിമയിൽ ഒരു കുഴിയുടെ കഥ പറയുന്നുണ്ട് എന്നറിയിക്കാൻ വേണ്ടിയാണ് ആ പരസ്യം അങ്ങനെ കൊടുത്തത്. 

 

പരസ്യത്തെ വെറുതെ വിടൂ

 

ഈ പരസ്യം കൊടുത്തപ്പോൾ കരുതിയത്, ആളുകൾ‍‍‍‍‍‍‍‍ ഇതു വായിച്ചിട്ട് കുഴിയെക്കുറിച്ചു പറയുന്ന ചിത്രമായി കരുതി തിയറ്ററിലേക്ക് എത്തുമെന്നായിരുന്നു. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഏതൊരു പരസ്യത്തിന്റെയും ഉദ്ദേശ്യം അതാണല്ലോ! റോഡിൽ കുഴികളുണ്ട് എന്ന ഇപ്പോഴത്തെ അവസ്ഥയെ തുറന്നു കാണിക്കാൻ വേണ്ടി ചെയ്ത പരസ്യമല്ല. പക്ഷേ ഇപ്പോഴത്തെ സത്യാവസ്ഥ പറഞ്ഞതുപോലെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ എന്തു ചെയ്യാൻ പറ്റും? പരസ്യത്തിൽ പ്രശ്നമുണ്ടെന്നു തോന്നുന്നവർ സിനിമ കണ്ടാൽ അതു തീരുമെന്നാണ് എനിക്കു തോന്നുന്നത്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ... ഒന്നു പോയി സിനിമ കാണൂ. അനാവശ്യമായ ഒരു കാര്യം പറഞ്ഞു പ്രശ്നമുണ്ടാക്കുന്ന സിനിമയല്ല ഇത്. നിങ്ങൾക്കും ഇഷ്ടപ്പെടും.

 

ഇത് പൊതുജനത്തിന്റെ പ്രശ്നം

 

ഒരു പ്രത്യേക വിഭാഗത്തിന്റെ കഥ പറയുന്ന സിനിമയല്ല ഇത്. പൊതുജനത്തിന്റെ കാര്യമാണ് സിനിമയിൽ പറയുന്നത്. ഈ പരസ്യത്തെ എതിർക്കുന്നവരും സിനിമയെ എതിർത്ത് സംസാരിക്കുന്നവരും ആത്യന്തികമായി പൊതുജനം തന്നെയാണല്ലോ. അവരെക്കൂടി ബാധിക്കുന്ന പ്രമേയമാണ് സിനിമ പറയുന്നത്. സത്യസന്ധമായി അതു കാണാൻ കഴിഞ്ഞാൽ ഒരു കലാകാരൻ എന്ന നിലയിൽ ഞാൻ കാണിച്ച സത്യസന്ധതയും പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com