ADVERTISEMENT

പത്മരാജന്റെ 'പെരുവഴിയമ്പല'ത്തിലാണ് പുതുമുഖനടനായ അശോകനെ ഞാൻ ആദ്യമായി കാണുന്നത്. അശോകന്റെ ആദ്യത്തെ സിനിമയാണത്.  ഒരു സിനിമാനടനുവേണ്ട മുഖഭംഗിയോ ആകാരസൗകുമാര്യമോ ഒന്നുമില്ലാത്ത, ഉണങ്ങി മെലിഞ്ഞിരിക്കുന്ന ഒരു പെക്കുലിയർ പുരുഷസ്വരൂപം.  അന്നത്തെ സിനിമാ സൗന്ദര്യസങ്കൽപങ്ങളെയൊക്കെ വെല്ലുവിളിച്ചുകൊണ്ടാണ് തന്റെ ആദ്യ സംവിധാന സംരംഭമായ പെരുവഴിയമ്പലത്തിലൂടെ പത്മരാജൻ പുതിയൊരു നായകനടനെ കൊണ്ടുവന്നത്. 

 

പ്രേംനസീർ, വിൻസന്റ്, രവികുമാർ, രാജ്കുമാർ തുടങ്ങിയ ഗ്ലാമർ നായകനടന്മാരെ കണ്ടുശീലിച്ചിട്ടുള്ള അന്നത്തെ സിനിമ ആസ്വാദകർക്ക് അശോകൻ പുതിയൊരു കാഴ്ചാനുഭവമായിരുന്നു. കണ്ടാൽ അത്ര സുന്ദരനല്ലാത്ത ഒരു നായകനടനെ അവർ ആദ്യമായി കാണുകയാണ്.  പോരാത്തതിന് ഒരു പയ്യൻസ് ലുക്കും. അശോകന് പതിനെട്ട് വയസ്സേ ഉള്ളൂവെങ്കിലും കാഴ്ചയിൽ അല്‍പം മെച്യൂരിറ്റിയൊക്കെ തോന്നിക്കുന്നുണ്ട്. 

 

അന്ന് പെരുവഴിയമ്പലം കണ്ടിറങ്ങിയ പ്രേക്ഷകരെക്കാൾ സിനിമാ തമ്പുരാന്മാർക്കാണ് ഈ പുതുമുഖ നടനെ ഒട്ടും ദഹിക്കാതിരുന്നത്.  അവരിൽ ഒരാൾ എന്നോട് പറഞ്ഞ ഒരു വാചകം ഇന്നും എന്റെ ഓർമയിൽ തങ്ങി നിൽക്കുന്നുണ്ട്. 

 

ashokan-4e

‘‘പത്മരാജന് പുതിയൊരു നായക നടനെ കൊണ്ടു വരണമെന്നുണ്ടെങ്കിൽ അൽപം കൂടി കാണാൻ ചൊവ്വുള്ള ഒരുത്തനെ കൊണ്ടു വന്നു കൂടായിരുന്നോ?’ ഇതു വെറുതെ നിർമാതാക്കളുടെ പൈസ കളയാനായിട്ട് ..... " വാക്കുകൾ അർദ്ധോക്തിയിൽ നിർത്തിയിട്ട് കക്ഷി എന്നെ നോക്കി ഒരു പരിഹാസച്ചിരിയും ചിരിച്ചു.

 

മലയാള സിനിമയിലെ നായക സങ്കൽപത്തിന് പ്രകടമായ മാറ്റം വരുത്തിയ സംവിധായകരാണ് അടൂർ ഗോപാലകൃഷ്ണനും ഭരതനും പത്മരാജനും കെ.ജി. ജോർജുമൊക്കെ.  കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ തേടിപിടിച്ച് നടന പ്രക്രിയയിൽ സ്വാഭാവികമായ ഒരു പരിചരണ രീതി കൊണ്ടു വന്ന ഈ സർഗധനന്മാരുടെ കളരിയിൽ നിന്നാണ് ഒട്ടും ഗ്ലാമർ പരിവേഷമില്ലാത്ത നമ്മുടെ ഭരത് ഗോപിയേയും പ്രതാപ് പോത്തനെയും അച്ചൻകുഞ്ഞിനേയുമൊക്കെ നമുക്കു കിട്ടിയത്. 

 

പെരുവഴിയമ്പലത്തിനു ശേഷം തുടർന്നും സിനിമ വരുമെന്നുള്ള പ്രതീക്ഷയൊന്നും അന്ന് അശോകനുണ്ടായിരുന്നില്ല. എന്നാല്‍ അശോകന് ഭാഗ്യമായി വന്നു ഭവിച്ചത് സ്വന്തം നാട്ടുകാരനായ, ഒരു വിളിപ്പാടകലെ താമസിക്കുന്ന തന്റെ ഗുരുവായ പത്മരാജനെന്ന പ്രതിഭയുടെ മനസ്സിന്റെ നന്മയാണ്. പത്മരാജന്റെ തന്നെ 'ഒരിടത്തൊരു ഫയൽവാൻ'  'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എന്നീ സിനിമകളിൽ നായകനല്ലെങ്കിലും, നായകതുല്യമായ വേഷമാണ് അശോകന് പത്മരാജൻ നൽകിയത്. ആ രണ്ടു ചിത്രങ്ങളും വന്നതോടെ ചലച്ചിത്ര നിരൂപകന്മാരും ബുദ്ധിജീവികളും ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു, മലയാള സിനിമയുടെ പുതിയൊരു മുഖം. 

 

അശോകന് അഭിനയം എന്നും ഒരു ഹരമായിരുന്നു. സിനിമയെന്ന മൂന്നക്ഷരത്തെ ജീവിതം എന്ന മൂന്നക്ഷരത്തിൽ ലയിപ്പിച്ചിരുന്ന ഒരു അഭിനയേതാവായിരുന്നു അശോകൻ. അങ്ങനെ ഒരു സാധാരണ നടനായി അറിയപ്പെട്ടിരുന്ന അശോകനു രണ്ടാംനിര നായകൻമാർക്കൊന്നും കിട്ടാത്ത വലിയൊരു അവസരമാണ് വന്നു ചേർന്നത്. വിശ്വചലച്ചിത്ര ഭൂപടത്തിൽ കയ്യൊപ്പു ചാർത്തിയ അടൂർ ഗോപാലകൃഷ്ണന്റെ 'മുഖാമുഖം' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള മഹാഭാഗ്യം.  

 

തുടർന്ന് അടൂരിന്റെ അനന്തരം, നാലു പെണ്ണുങ്ങൾ,  പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം, മൂന്നാംപക്കം, തൂവാനതുമ്പികൾ, സീസൺ,  ഭരതന്റെ ചിലമ്പ്, വൈശാലി, പ്രണാമം, മോഹന്റെ ഇടവേള, കെ.ജി. ജോർജിന്റെ യവനിക, ഇരകൾ, മണിരത്നത്തിന്റെ  ഉണരൂ, സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ഗായത്രീദേവി എന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഇന്നത്തെ ചിന്താവിഷയം, ഐ. വി. ശശിയുടെ അഭയം തേടി, ഭദ്രന്റെ ഇടവഴിയിൽ ഒരു കാലൊച്ച, സ്ഫടികം, സിദ്ദിക്ക് ലാലിന്റെ ഇൻഹരിഹർ നഗർ, ടു ഇൻഹരിഹർ നഗർ, ദ് ഗോസ്റ്റ് തുടങ്ങിയ ആർട്ട്, മധ്യവർത്തി, കൊമേഴ്സ്യൽ സിനിമകളിൽ മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള നടൻ അശോകനാണ്. 

 

ഞാൻ തിരക്കഥ എഴുതിയ ജന്മാന്തരം, അശോകന്റെ അശ്വതിക്കുട്ടി, ഒരു വിവാദ വിഷയം, പൊന്ന്,  മിമിക്സ് പരേഡ്, കാസർകോട് കാദർഭായി അതിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ, കള്ളൻ കപ്പലിൽ തന്നെ, സ്ത്രീധനം  തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങളിൽ അശോകൻ അഭിനിയിച്ചിട്ടുണ്ട്.

 

1980 കാലഘട്ടത്തിൽ ഞാൻ എഴുതിയ മമ്മൂട്ടി ചിത്രങ്ങളിലൊന്നിലും അശോകന് അവസരം കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ അശോകൻ എന്നോട് ചാൻസ് ചോദിച്ചു വരാഞ്ഞതായിരിക്കാം. ചിലപ്പോൾ താൻ അവഗണിക്കപ്പെടുമോ എന്ന തോന്നലും ജാള്യതയും കൊണ്ടുള്ള അപകർഷതാ ബോധം കൊണ്ടായിരിക്കാം എന്നോട് ചാൻസ് ചോദിച്ച്‌ വരാതിരുന്നതെന്നു തോന്നുന്നു. എന്നാൽ അശോകന്റെ ജ്യേഷ്ഠൻ ഹരികുമാറും ഞാനുമായി നേരത്തേ സുഹൃത്തുക്കളായിരുന്നു.  ഹരികുമാർ 22 മദ്രാസ് മെയിൽ, ഞാൻ എഴുതിയ കള്ളൻ കപ്പലിൽ തന്നെ എന്നീ ചിത്രങ്ങൾക്കു കഥ എഴുതിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അശോകന് ഒരു ചാൻസു കൊടുക്കണമെന്ന് എന്നോടു പറഞ്ഞിട്ടിമില്ല.  

 

ഇതിനു മുന്‍‍പു ഞാൻ തിരക്കഥ എഴുതി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരത്തിൽ അശോകൻ അഭിനയിച്ചിട്ടുണ്ടെങ്കിലും ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്ന ദിവസം അശോകന് ഷൂട്ടുണ്ടാകാത്തതുകൊണ്ട് ഞങ്ങൾക്ക് തമ്മിൽ കാണാൻ കഴിഞ്ഞില്ല.  ഞാനും അശോകനും ആദ്യമായി കാണുന്നത് സത്യൻ അന്തിക്കാടിന്റെ ‘ഗായത്രിദേവി എന്റെ അമ്മ’ എന്ന സിനിമ കാണാൻ പോയപ്പോഴാണ്. സരിതയാണോ ഷേണായീസാണോ തിയറ്റർ എന്ന് ഞാനിപ്പോൾ ഓർക്കുന്നില്ല. ഏതായാലും ഇതിൽ ഏതോ ഒരു തിയറ്ററാണ്.  ഗായത്രിദേവിയിൽ അശോകന് നല്ലൊരു വേഷമാണ്. റഹ്മാന്റെ കൂട്ടുകാരനായി വരുന്ന ഒരു രസികൻ കഥാപാത്രം. പെരുമാറ്റത്തിൽ തരികിട പാർട്ടിയായി തോന്നുമെങ്കിലും ഉള്ളിൽ നന്മയുടെ അംശവുമായി നടക്കുന്ന ഒരു പോസിറ്റീവ് വേഷമാണത്.  അശോകൻ ആ റോളിൽ തകർപ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പടം കണ്ടു കഴിഞ്ഞപ്പോള്‍ അശോകനെ വിളിച്ച് ഒന്ന് അഭിനന്ദിക്കണമെന്നു എന്റെ മനസ്സപ്പോൾ പറയുകയും ചെയ്തു. 

 

സിനിമ കഴിഞ്ഞ് ഞാൻ തിയറ്ററിൽ നിന്ന് പുറത്തേക്കു വന്നപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ അതാ അശോകൻ അടുത്ത ഷോ കാണാൻ വേണ്ടി പുറത്തു നിൽക്കുന്നു. കൂടെ ഒരു കൂട്ടുകാരനുമുണ്ട്. എന്നെ കണ്ടപാടെ അശോകൻ ചിരിച്ചു എന്റെ അടുത്തേക്ക് വന്നു കൊണ്ടു ജിജ്ഞാസയോടെ ചോദിച്ചു.

 

ashokan-42

‘‘എങ്ങനെയുണ്ട് ഡെന്നിച്ചായാ പടം?’’

‘‘പടം നന്നായിട്ടുണ്ട്’’

‘‘അതെയോ എന്റെ പെർഫോമൻസ് എങ്ങനെയുണ്ട്’’

‘‘അത് പറയാതിരിക്കുകയാണ് നല്ലത്’’

 

അതുകേട്ട് അശോകന്റെ മുഖം പെട്ടെന്ന് വാടി.

 

"ഞാൻ നന്നായിട്ട് ചെയ്തിട്ടില്ലേ?"

അശോകന്റെ സ്വരത്തിന് നല്ല വാട്ടം 

 

അതുകണ്ട് വളരെ നാടകീയതയോടെ ഞാൻ പറഞ്ഞു

"ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് ഇനി അശോകന് അഹങ്കാരം കൂടിയെന്ന് തന്റെ ജ്യേഷ്ഠൻ ഹരി വിളിച്ച് പരാതി പറയുമെന്നുള്ളതുകൊണ്ട് തൽക്കാലം അശോകന്റെ അഭിനയം തകർത്തിട്ടുണ്ടെന്ന് പറയാനെ എനിക്ക് കഴിയൂ." 

 

ഞാൻ പറഞ്ഞ ചെറു ഫലിതത്തിന്റെ രസക്കൂട്ട് മനസ്സിലാകാതെ അശോകൻ ടെൻഷനടിച്ചു നിൽക്കുകയാണ്. അതുകണ്ട് ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു. 

 

"കൺഗ്രാജുലേഷൻ അശോകൻ കലക്കിയിട്ടുണ്ട്’

 

അപ്പോഴാണ് അശോകന് കത്തിയത്, നിമിഷാർദ്ധത്തിൽ തന്നെ പരിസരം മറന്ന് ഉച്ചത്തിൽ ചിരിച്ചു കൊണ്ട് സന്തോഷാധിക്യത്താൽ അശോകന്‍ എന്നെ പൂണ്ടടക്കം പിടിച്ചു. പിന്നെ തെല്ലു നേരം കൂടി അവിടെ നിന്ന് സിനിമകളെക്കുറിച്ചും സിനിമയിലെ അന്തർധാരകളെക്കുറിച്ചുമൊക്കെ സംസാരിച്ച ശേഷം ഞാൻ കാറിൽ കയറാൻ നേരം പറഞ്ഞു.

 

‘‘ഞാൻ മുറിയിൽ ചെന്നിട്ട് സത്യൻ അന്തിക്കാടിനെ വിളിച്ചു പറയാം പടം നന്നായിട്ടുണ്ടെന്നും അശോകന്റെ വേഷം അടിപൊളിയാണെന്നും’’.

 

വർഷങ്ങൾ ചിലത് കടന്നു പോയി.  പിന്നീടു കലൂർ ഡെന്നിസ്-ജോഷി-മമ്മൂട്ടി ടീമിന് ഒരു ഇടവേള വന്നപ്പോൾ രണ്ടാം നിര നായകന്മാരെ വച്ചു ഞാൻ സിനിമ എടുക്കാൻ തുടങ്ങിയ  സമയത്താണ് അശോകന്റെ സാന്നിധ്യത്തെക്കുറിച്ച് ഞാൻ ഓർത്തത്.  ഇതിനിടയിൽ മുകേഷിനെയും ജഗദീഷിനെയും സിദ്ദിക്കിനെയും വച്ച് ഞാൻ ഗജകേസരിയോഗം, ഇന്നത്തെ പ്രോഗ്രാം എന്നീ രണ്ടു സിനിമകൾ ചെയ്തു കഴിഞ്ഞിരുന്നു. രണ്ടും വിജയചിത്രങ്ങളുമായിരുന്നു. 

 

ഈ സമയത്താണ് അൻസാർ കലാഭവൻ എന്നെ കാണാൻ മാതായിൽ വരുന്നത്.  മിമിക്സ് പരേഡിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥ പറയാനാണ് എത്തിയിരിക്കുന്നത്.  കലാഭവന്റെ മിമിക്സ് ട്രൂപ്പും അതിലെ ചില കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കഥയാണ്. ഇതിനു മുൻപൊന്നും വരാത്ത നല്ല സിറ്റുവേഷൻ കോമഡി നമ്പറുകളുള്ള കഥ കേട്ടപ്പോൾ എനിക്കും ഒത്തിരി ഇഷ്ടമായി. 

 

‘‘നീ ഈ കഥ ഇനി ആരോടും പറയണ്ട. നമ്മളിത് ചെയ്യുന്നു." 

 

ഇവിടെ നിന്നാണ് മിമിക്സ് പരേഡ് എന്ന സിനിമ ജനിക്കുന്നത്.  അതിലെ നാൽവർ സംഘങ്ങളായി ജഗദീഷ്, സിദ്ദിക്ക്, സൈനുദ്ദീൻ, ബൈജു എന്നിവരെയാണ് ഞങ്ങൾ കാസ്റ്റ് ചെയ്തിരുന്നത്.  അപ്പോള്‍ അശോകനെ കൂടി ഈ ടീമിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കുമെന്ന് എനിക്കു തോന്നി.  ഞാൻ തിരക്കഥ എഴുതിയ അശോകന്റെ അശ്വതിക്കുട്ടിയിലും പൊന്നിലും അശോകന് സീരിയസ് വേഷമായിരുന്നു.  സിതാരയും പാർവതിയുമായിരുന്നു അശോകന്റെ നായികമാർ.

 

'ഗായത്രിദേവി എന്റെ അമ്മ'യിലെ അശോകന്റെ തരികിട കഥാപാത്രം എന്റെ മനസ്സിൽ കയറിയിരുന്നതു കൊണ്ട് അത്തരത്തിലുള്ള ഒരു വേഷം അശോകന് മിമിക്സ് പരേഡിൽ കൊടുത്താൻ നന്നായിരിക്കുമെന്ന് എനിക്കു തോന്നി.  അങ്ങനെ അശോകനു വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാണ് മിമിക്സ് പരേഡിലെ ജിമ്മി എന്ന കഥാപാത്രം.  ഒരു പ്രത്യേക തരത്തിൽ മാനറിസങ്ങളുള്ള ജിമ്മിയായി അശോകൻ കളം നിറഞ്ഞാടുകയായിരുന്നു. 

 

മിമിക്സ് പരേഡ് വൻ വിജയമായി മാറിയപ്പോൾ അതിന്റെ രണ്ടാം ഭാഗം ഉടനെ ചെയ്യണമെന്നുള്ള ആഗ്രഹവുമായി സംവിധായകൻ തുളസിദാസ് എന്നെക്കാണാൻ വന്നു.  മദ്രാസിൽ വച്ച് മിമിക്സ് പരേഡിന്റെ പ്രൊജക്‌ഷൻ നടന്നപ്പോൾ നിർമാതാവായ സിംപിൾ ബഷീർ എന്നോട് അതിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് അന്നേ സൂചിപ്പിച്ചതാണ്.  ഇത്തരം ചെറു സിനിമകളുടെ വെളിച്ചപ്പാടായി ഞാൻ ഓടി നടക്കുന്ന സമയമായതുകൊണ്ട് ബഷീറിനു പിടികൊടുക്കാതെ നടന്നെങ്കിലും തുളസിയുടെ നിർബന്ധം കൂടിയായപ്പോൾ രണ്ടാംഭാഗം ചെയ്യാൻ ഞാൻ സമ്മതിക്കുകയായിരുന്നു.  ഞാൻ ഉടനെ തന്നെ അൻസാറിനെ വിളിച്ചു വരുത്തി രണ്ടാം ഭാഗത്തിന്റെ കഥ ഉണ്ടാക്കി. അതാണ് 'കാസർകോട് കാദർഭായി'. 

 

പിന്നീട് അതിന്റെ മൂന്നാം ഭാഗം പതിനേഴ് വർഷങ്ങൾക്കു ശേഷമാണ് വന്നത്.  എഗൈൻ കാസർകോട് കാദർഭായി.  അതിലും അശോകൻ ജിമ്മിയായിത്തന്നെ അഭിനയിച്ചിരുന്നു.  അശോകൻ അഭിനയിച്ച വേഷങ്ങളിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഞാൻ എഴുതിയ ‘പൊന്നി’ലെ കഥാപാത്രമാണ്. 

 

തട്ടാന്മാരുടെ ജീവിത കഥ പറയുന്ന പൊന്നിൽ അച്ഛൻ തട്ടാനായി തിലകനും മകൻ തട്ടാനായ അശോകനും തമ്മിൽ മത്സരിച്ചുള്ള അഭിനയ മൂഹൂർത്തങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു അതേപോലെ തന്നെ ഭരതന്റെ ‘അമര’ത്തിലെ രാഘവനും. നമ്മുടെ കടപ്പുറങ്ങളിൽ കണ്ടു വരുന്ന ഒരു ടിപ്പിക്കൽ കാമുകന്റെ വേഷം അശോകന്റെ പ്രത്യേക മാനറിസങ്ങൾ കൊണ്ട് ജനമനസ്സുകളിൽ കയറിക്കൂടിയ കഥാപാത്രമാണ്. 

 

ഇതിനിടയിലാണ് അശോകന് പെട്ടെന്ന് സിനിമകൾ കുറയാൻ തുടങ്ങിയത്. പിന്നീട് മൂന്നുനാലു വർഷക്കാലത്തേക്ക് അശോകനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.  ഞാൻ അശോകന്റെ ജ്യേഷ്ഠൻ ഹരിയെ വിളിച്ച് ചോദിച്ചപ്പോഴാണ് അശോകൻ താമസം ചെന്നൈയിലേക്ക് മാറ്റിയതായറിഞ്ഞത്. അവിടെ തമിഴ് സീരിയലും ചെറിയ എന്തോ ബിസിനസുമൊക്കെ ചെയ്യുന്നുണ്ടെന്നാണ് ഹരി പറഞ്ഞത്. 

 

ഞാൻ ഉടനെ അശോകനെ വിളിച്ചു. അശോകൻ തന്നെയാണ് ഫോൺ എടുത്തത്. ചിലർ ഇങ്ങനെ കൂടുമാറ്റം നടത്തിക്കഴിഞ്ഞാൽ പിന്നെ ഫോണെടുക്കില്ല, മെസേജിന് മറുപടിയും അയക്കില്ല.  എന്നാൽ അശോകൻ അങ്ങിനെയല്ലായിരുന്നു. 

 

ഞാൻ വിവരങ്ങൾ തിരക്കിയപ്പോൾ അശോകൻ ഇങ്ങനെയാണ് പറഞ്ഞത്.

 

"നാട്ടിൽ നിന്നിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് തോന്നി. തമിഴിൽ ഒരു മെഗാ സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ഞാൻ ചെന്നൈയിലേക്ക് താമസം മാറ്റി. ഒരു വർഷത്തെ കോണ്ട്രാക്റ്റ് ആണ് ഒപ്പുവച്ചത്." പിന്നെ തുടർന്നുള്ള എല്ലാ വിവരങ്ങളും അശോകൻ എന്നോട് പറയുകയും ചെയ്തു.  

 

നമ്മുടെ സിനിമയിലുള്ളവരുടെ കുതന്ത്രങ്ങളെക്കുറിച്ചും അവഗനണയെക്കുറിച്ചുമൊക്കെ അശോകൻ സൂചിപ്പിച്ചപ്പോൾ ഞാൻ ഒരു ഉപദേശിയുടെ മേലങ്കിയെടുത്തണിഞ്ഞു. 

 

"ഹേയ്  അങ്ങനെ ഫീൽ ചെയ്തിട്ട് ഒരു കാര്യവുമില്ല. നാളെ എന്താകുമെന്ന് വെറുതെ ചിന്തിച്ചു സമയം കഴിയാതെ നല്ല നല്ല സ്വപ്‌നങ്ങൾ കാണാൻ നോക്കുക. എവിടെയാണോ നമ്മൾ തോറ്റത് അവിടെ നിന്നും ജയിക്കാനാണ് ശ്രമിക്കേണ്ടത്. "  

 

അശോകനിൽ ഞാൻ കണ്ട ഒരു ഗുണമുണ്ട്. സൗഹൃദങ്ങൾ നന്നായിട്ട് മെയിന്റെയ്ൻ ചെയ്യാനറിയാം. പഴയതൊന്നും മറന്നു കൊണ്ടുള്ള ഒരു പെരുമാറ്റവും സംസാരവുമൊന്നും എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. അശോകൻ എന്നും അശോകൻ തന്നെയാണ്. 

 

കാലം മാറി കഥ മാറി എന്ന് പറയുന്നതുപോലെ ന്യൂജെൻ സിനിമകൾ വന്നു പഴയ പല നടന്മാർക്കും സിനിമ ഇല്ലാതായപ്പോൾ അശോകന്റെ സമയം തെളിയുകയായിരുന്നു. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുന്നതുപോലെ അശോകൻ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വന്ന് നല്ല നല്ല സിനിമകളിൽ അഭിനയിച്ചുകൊണ്ട്  ഇപ്പോൾ ഒരോട്ടപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുകയാണ്. 

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com