സംവിധാനം: വിജയനിര്‍മല; നിര്‍മാണം: ഐ.വി.ശശി

HIGHLIGHTS
  • കോളം: മറുപുറം: 1
vijayanirmala
വിജയനിര്‍മല, ഐ.വി.ശശി
SHARE

മലയാളത്തിലെ ആദ്യ സംവിധായിക എന്ന നിലയില്‍ വിജയനിര്‍മലയുടെ പേരില്‍ പുറത്തിറങ്ങിയ ‘കാറ്റു വിതച്ചവന്‍’ എന്ന സിനിമ യഥാർഥത്തില്‍ സംവിധാനം ചെയ്ത് ഐ.വി.ശശിയായിരുന്നുവെന്നത് അധികമാരും അറിയാത്ത കൗതുകം.

ആലീസ് ഗേ ബ്ലാച്ചേയാണ് ലോകചരിത്രത്തില്‍ ആദ്യത്തെ ചലച്ചിത്ര സംവിധായിക. ഇന്ത്യയില്‍ ആ ബഹുമതി സ്വന്തമാക്കിയത് ഫാത്തിമാ ബീഗമാണ്. എന്നാല്‍ മലയാളത്തില്‍ ആ പദവി നേടിയത് അഭിനേത്രി എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിജയനിര്‍മലയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയില്‍ എ.വിന്‍സന്റ് സംവിധാനം ചെയ്ത ‘ഭാര്‍ഗവീനിലയം’ എന്ന എവര്‍ഗ്രീന്‍ ക്ലാസിക് സിനിമയിലെ നായികയായിരുന്നു വിജയനിര്‍മല. ഏറെക്കാലം സിനിമകളില്‍ അഭിനയിച്ച നിര്‍മല, സംവിധായിക ആവണമെന്ന മോഹം ഉളളില്‍ സൂക്ഷിച്ചിരുന്നു. അതുവരെ മലയാളത്തില്‍ മറ്റൊരു വനിതയും സിനിമകള്‍ ചെയ്തിട്ടില്ലാത്തതു കൊണ്ട് അത്തരമൊരു റെക്കോര്‍ഡ് തന്റെ പേരിലുണ്ടാവും എന്നതായിരുന്നു അവരെ മോഹിപ്പിച്ചത്. എന്നാല്‍ ചലച്ചിത്രസംവിധാനത്തിന്റെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ തലങ്ങളെ സംബന്ധിച്ച് അവര്‍ക്ക് കാര്യമായ അവഗാഹമൊന്നും ഉണ്ടായിരുന്നില്ല താനും.

എന്നു കരുതി തോറ്റു പിന്‍വാങ്ങാന്‍ നിര്‍മല തയാറായില്ല. അനുകൂലമായ ഒരു അവസരത്തിനായി അവര്‍ കാത്തിരുന്നു. അങ്ങനെയിരിക്കെ ഫാദര്‍ സുവി എന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ ‘കാറ്റു വിതച്ചവന്‍’ എന്ന സിനിമയില്‍ അഭിനയിക്കാനായി നിര്‍മലയുടെ ഡേറ്റ് വാങ്ങുന്നു. അദ്ദേഹത്തിനും സംവിധാനത്തെക്കുറിച്ച് തീരെ ഗ്രാഹ്യമില്ല. സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് പില്‍ക്കാലത്ത് ‘അവളുടെ രാവുകള്‍’ ഉള്‍പ്പെടെ ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ ആലപ്പി ഷെറീഫാണ്. തന്റെ പരാധീനത ഫാ.സുവി ഷെറീഫുമായി പങ്ക് വച്ചു. അദ്ദേഹം ഐ.വി.ശശി എന്ന കലാസംവിധായകനെ ആ ചുമതല ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സിനിമാ സംവിധാനത്തെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് ശശിയെന്നും സ്വതന്ത്രമായി പടം ചെയ്യാന്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും സുഹൃത്തായ ഷെറീഫിന് അറിയാം.

വിവരം അറിഞ്ഞ് ശശി പിന്‍മാറുമോയെന്ന് ഷെറീഫ് സംശയിച്ചു. സുഹൃത്തുക്കളില്‍ പലരും ശശിയെ പിന്‍തിരിപ്പിക്കുകയും ചെയ്തു. വല്ലവര്‍ക്കും വേണ്ടി സിനിമ സംവിധാനം ചെയ്ത് കൊടുക്കേണ്ട കാര്യം എന്തെന്ന് അടുപ്പമുള്ളവര്‍ ഉപദേശിച്ചു.

എന്നാല്‍ പ്രായോഗിക ബുദ്ധിയുളള ശശി അതൊന്നും കേട്ടതായി ഭാവിക്കാതെ ഷെറീഫിനോട് സമ്മതം അറിയിച്ചു. രണ്ട് കാര്യങ്ങളാണ് ശശിയെ ആകര്‍ഷിച്ചത്. കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇതുവരെ താന്‍ സിനിമ സംവിധാനം ചെയ്തിട്ടില്ല. ഇവിടെ ഗുണം രണ്ടാണ്. ഒന്ന്, തനിക്ക് കൈ തെളിയാന്‍ ഒരു അവസരം. തന്റെ മനസ്സിലുളള കാര്യങ്ങള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് സ്വയം മനസിലാക്കാം. രണ്ട്, സംവിധായകന്‍ എന്ന നിലയില്‍ തന്റെ കഴിവുകള്‍ പറഞ്ഞു കേട്ട് ആളുകള്‍ അറിയും. അതുവഴി തനിക്ക് സ്വതന്ത്രമായി പടം ചെയ്യാന്‍ അവസരം ഒരുങ്ങൂം.

അങ്ങനെ ഫാദര്‍ സുവിക്കു വേണ്ടി ശശി സംവിധായകന്റെ മെഗാഫോണ്‍ കയ്യിലെടുത്തു. സുവിശേഷകനായ സുവി പലപ്പോഴും ലൊക്കേഷനില്‍ പോലും വന്നിരുന്നില്ല. കാര്യങ്ങളെല്ലാം ശശി ഭംഗിയായി നിര്‍വഹിച്ചു പോന്നു. തിക്കുറിശ്ശി, ബഹദൂര്‍, കെ.പി.ഉമ്മര്‍, റാണി ചന്ദ്ര, ശോഭ എന്നിങ്ങനെ മൂന്‍നിര താരങ്ങളെല്ലാം വിജയനിര്‍മലയ്ക്ക് ഒപ്പം ആ പടത്തില്‍ അണിനിരന്നിരുന്നു. ശശിയുടെ മിടുക്കും സാമർഥ്യവും വിജയനിര്‍മല സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം അവര്‍ അദ്ദേഹത്തെ വിളിച്ച് തനിക്കും ഇതുപോലൊരു പടം ചെയ്തു തരാമോയെന്ന് ചോദിച്ചു.

vijayanirmala-3

രണ്ട് സിനിമകളുടെ പ്രതിഫലം ഓഫര്‍ ചെയ്തു. ഒപ്പം നിര്‍മാതാവിന്റെ സ്ഥാനത്ത് ശശിയുടെ പേരും വയ്ക്കാമെന്നും വാഗ്ദാനം ചെയ്തു. കേട്ടയുടന്‍ ശശി സമ്മതം അറിയിച്ചു. സുഹൃത്തുക്കള്‍ പിന്‍തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനും ശ്രമിച്ചെങ്കിലും ശശി സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു. സാമ്പത്തിക നേട്ടത്തേക്കാള്‍, ആ നിര്‍മ്മാതാവിന്റെ അടുത്ത സിനിമ തനിക്ക് ചെയ്യാന്‍ സാധിച്ചെങ്കിലോ എന്ന പ്രതീക്ഷയാണ് ശശിയെ ആ സാഹസത്തിന് പ്രേരിപ്പിച്ചത്.

സിനിമ പുറത്തിറങ്ങി സാമാന്യം നല്ല വിജയം നേടി. വിജയനിര്‍മല മലയാളത്തിലെ ആദ്യ സംവിധായിക എന്ന നിലയില്‍ ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ചു. ശശിയുടെ സംവിധാന മോഹം അറിഞ്ഞ നിര്‍മാതാവ് അദ്ദേഹത്തിന് ഒരു പടം കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും കാര്യത്തോട് അടുത്തപ്പോള്‍ എന്തുകൊണ്ടോ പിന്‍മാറി. അങ്ങനെ പ്രതീക്ഷകള്‍ പൊലിഞ്ഞെങ്കിലും ശശി നിരാശനായില്ല. ‘കവിത’യും ‘കാറ്റു വിതച്ചവ’നും യഥാർഥത്തില്‍ സംവിധാനം ചെയ്തത് ശശിയാണെന്ന് സിനിമാലോകം മുഴുവന്‍ പാട്ടായി. പിന്നീട് സുഹൃത്തും നാട്ടുകാരനുമായ രാമചന്ദ്രന്‍ ‘ഉത്സവം’ എന്ന ചിത്രത്തിലുടെ ശശിക്ക് സ്വതന്ത്രസംവിധായകനാകാന്‍ അവസരം ഒരുക്കി.

ശശി പില്‍ക്കാലത്ത് മലയാള വാണിജ്യ സിനിമയിലെ ഏറ്റവും വലിയ സംവിധായകരില്‍ ഒരാളായി. 150 ല്‍ അധികം സിനിമകള്‍ ഒരുക്കി ചരിത്രം സൃഷ്ടിച്ചു. മലയാളത്തില്‍ ആദ്യത്തെ രാഷ്ട്രീയചിത്രമായ ‘ഈ നാടും’ വിദേശത്ത് ആദ്യമായി ചിത്രീകരിച്ച ‘ഏഴാം കടലിനക്കരെ’യും സംവിധാനം ചെയ്തു. എംടിയുടെ ഏറ്റവും അധികം തിരക്കഥകള്‍ക്ക് അഭ്രാവിഷ്‌കാരം നല്‍കിയ സംവിധായകന്‍, രജനീകാന്തിനെയും കമലഹാസനെയും നായകന്‍മാരാക്കി പടമൊരുക്കിയ ഏകമലയാളി എന്നീ നിലകളിലൊക്കെ അദ്ദേഹം വിഖ്യാതനായി. 

അപ്പോഴും തന്റെ ആദ്യ സിനിമ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടാതെ കാണാമറയത്തു തന്നെ നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, മരണത്തിന് തൊട്ട് മുന്‍പ് ഒരു ചാനല്‍ അഭിമുഖത്തില്‍ ശശി ഈ സത്യം പരസ്യമാക്കി. അതോടെ വിജയ നിര്‍മലയുടെ വിക്കിപീഡിയ പേജില്‍ അടക്കം ഒരു ഭേദഗതി പ്രത്യക്ഷപ്പെട്ടു. കവിത എ ഫിലിം ഡയറക്ടഡ് ബൈ വിജയനിര്‍മല. ബ്രാക്കറ്റില്‍ ഐ.വി. ശശി ഡയറക്ടഡ് ഫോര്‍ ഹേര്‍ എന്നും ചേര്‍ക്കപ്പെട്ടു.

അങ്ങനെ ഒരു പുരുഷന്റെ പിന്‍ബലത്തോടെ, ആദ്യത്തെ മലയാളി സംവിധായിക എന്ന കിരീടം വിജയനിര്‍മല നേടിയെടുത്തു. എന്നാല്‍ പില്‍ക്കാലത്ത് ‘ശിഖരങ്ങള്‍’ എന്ന പടം ചെയ്തുകൊണ്ട് നടി ഷീലയും മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് ഒരുക്കികൊണ്ട് അഞ്ജലി മേനോനും ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ ഒരുക്കികൊണ്ട് ഗീതുമോഹന്‍ദാസും പിന്നാലെ രേവതി, വിധു വിന്‍സന്റ് എന്നിവരുമൊക്കെ വന്നു. പുഴു എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക രത്തീനയില്‍ വരെ എത്തി നില്‍ക്കുന്നു സംവിധായികമാരുടെ നിര.

പ്രമേയപരമായും ആവിഷ്‌കാരപരമായും സാങ്കേതികമായും, ഏതൊരു പുരുഷനോടും കിട പിടിക്കാവുന്ന വിധത്തില്‍ മികവുളള സിനിമകള്‍ ഒരുക്കാന്‍ കഴിയുമെന്ന് തങ്ങളുടെ ചിത്രങ്ങളിലൂടെ ഈ വനിതാ സംവിധായകര്‍ തെളിയിക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}