അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ബിപാഷ ബസു. ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനൊപ്പം ബേബി ബംപ് കാണിച്ചുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബിപാഷയേയും കുഞ്ഞുവയറിനേയും കരണ്‍ ചേര്‍ത്തുപിടിക്കുന്നതും നിറ വയറിൽ ചുംബിക്കുന്നതും ചിത്രങ്ങളിൽ കാണാം.
ആദ്യ കുഞ്ഞിന്റെ കടന്നുവരവിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പും ബിപാഷ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. സ്‌നേഹത്തിന്റെ പ്രതീകമായ കുഞ്ഞ് ഉടന്‍ തങ്ങളുടെ കൂടെച്ചേരുമെന്ന് ബിപാഷ കുറിപ്പില്‍ പറയുന്നു.
‘‘ഞങ്ങളുടെ ജീവിത്തില്‍ പുതിയ ഘട്ടം തുടങ്ങുന്നു. ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു. ഓരോരുത്തരുമായിരുന്ന ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ഒരേ മനസ്സുള്ള രണ്ടു പേരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി കടന്നുവരികയാണ്. ഞങ്ങളുടെ സ്‌നേഹത്തില്‍നിന്ന് പിറവിയെടുക്കുന്ന ഒരു സൃഷ്ടി. കുഞ്ഞ് ഉടന്‍ ഞങ്ങളോടൊപ്പം ചേരും. അതു ഞങ്ങളുടെ സന്തോഷം കൂട്ടും. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുക. ഞങ്ങളുടെ ഒരു ഭാഗമാകുക.’’–ബിപാഷ പറയുന്നു.
2001ല്‍ പുറത്തിറങ്ങിയ അജ്നബി എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. ടെലിവിഷൻ താരമായ കരണ്‍ സിങ് ഗ്രോവറിനെ 2016 ല്‍ ബിപാഷ വിവാഹം ചെയ്തു. 2015 ലാണ് ബിപാഷയും കരൺ സിങും ഗ്രോവറും പരിചയപ്പെടുന്നത്. എലോണ്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി വിവാഹത്തിലെത്തുകയായിരുന്നു.