ADVERTISEMENT

ജോൺ ഏബ്രഹാം നിർമിക്കുന്ന മൈക്ക് എന്ന ചിത്രത്തിലൂടെ രഞ്ജിത് സജീവ് എന്ന യുവതാരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ആന്റണി എന്ന കഥാപാത്രമായാണ് രഞ്ജിത് ചിത്രത്തിലെത്തുന്നത്. മോണോലോഗ് വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ അപ്‌ലോഡ് ചെയ്ത് സിനിമ സ്വപ്നം കണ്ടു നടന്ന തന്റെ ഒരു വിഡിയോ സംവിധായകനായ വിഷ്ണു പ്രസാദ് ആകസ്മികമായി കാണാൻ ഇടയായുകയും അതിൽ നിന്നും ഈ ചിത്രത്തിലേക്കുളള വഴി തെളിയുകയുമായിരുന്നുവെന്ന് രഞ്ജിത് പറയുന്നു. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജിത്.

 

‘‘കോളജ് കാലഘട്ടത്തിൽ മോണോലോഗ് വിഡിയോ സ്വയം നിർമിക്കുന്നൊരു പാഷൻ എനിക്കുണ്ടായിരുന്നു. അച്ഛനും അമ്മയും ഇക്കാര്യത്തിൽ ഒരുപാട് പിന്തുണയും തന്നിട്ടുണ്ട്. എൻജിനയറിങ് പൂർത്തിയാക്കണം എന്നതു മാത്രമായിരുന്നു അവരുടെ ഒരേയൊരു ആവശ്യം. 

 

സമയം കിട്ടുമ്പോഴൊക്കെ ഞാൻ ഇത്തരം വിഡിയോകൾ ചെയ്യും. അങ്ങനെ ചെയ്തൊരു വിഡിയോ മൈക്കിന്റെ സംവിധായകനായ വിഷ്ണുവിന്റെ മുന്നിലും എത്തി. അന്ന് ഈ കഥയൊക്കെ പൂർണ രൂപത്തിലാക്കി കഥാപാത്രത്തെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ ആ വിഡിയയോയിൽ അദ്ദേഹം ഒരു സ്പാർക്ക് കണ്ടു.

 

അങ്ങനെ എന്നെ വിളിച്ചു, കഥ കേട്ടു. കഥ കേട്ടപ്പോൾ തന്നെ ഇതിലൊരു പ്രത്യേകത ഉണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ടീമുമായി പെട്ടന്ന് ഇണങ്ങുകയായിരുന്നു.

 

ആന്റണിയും സാറയുമാണ് ഈ കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. വളരെ കംഫർട്ട് ആയിരുന്നു അനശ്വരയുമായുള്ള അഭിനയം. പെട്ടന്ന് ഞങ്ങൾ സിങ്ക് ആയി. പ്രണയത്തിനു അപ്പുറമുള്ള ബന്ധങ്ങളുടെ കഥയാണ് മൈക്ക് പറയുന്നത്. പ്രണയം മാത്രമല്ല അതിൽ സൗഹൃദമുണ്ട്, വഴക്കുണ്ട്. അങ്ങനെ എല്ലാ ഇമോഷൻസും മൈക്കിലുണ്ട്.

 

ജീവിതത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ രണ്ട് കഥാപാത്രങ്ങളും കണ്ടുമുട്ടുന്നതും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് മൈക്കിന്റെ പ്രമേയം. ഏറെ സങ്കീർണതകൾ നിറഞ്ഞതാണ് ആന്റണി എന്ന കഥാപാത്രം. സിനിമ പൂർത്തിയായ ശേഷവും ഈ കഥാപാത്രത്തിനൊരു പ്രത്യേക സ്ഥാനം എന്റെ മനസ്സിലുണ്ട്.

 

സിനിമയിൽ തിരഞ്ഞെടുത്തു എന്ന് ആദ്യം പറഞ്ഞത് എന്റെ മാതാപിതാക്കളോടാണ്. അവർക്കത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. സിനിമ എന്റെ പാഷൻ ആണെന്ന് അവർക്കറിയാം. അത് സത്യമാകുമ്പോൾ അവർക്കും എത്രമാത്രം സന്തോഷം ഉണ്ടാകുമെന്ന് അറിയാമല്ലോ.’’–രഞ്ജിത് പറയുന്നു.

 

ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റർടെയ്ൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പുതുമുഖം രഞ്ജിത്ത് സജീവും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമകാലീന പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ആഷിഖ് അക്ബർ അലിയാണ് എഴുതിയിരിക്കുന്നത്. സെഞ്ച്വുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

 

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ,  നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com