ADVERTISEMENT

വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമിച്ചിരിക്കുന്നത്. അന്‍പതില്‍ അധികം മുൻനിര താരങ്ങളുള്ള ചിത്രത്തില്‍ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെ അന്‍പതിനായിരത്തില്‍ അധികം ആളുകൾ പങ്കാളികളായിട്ടുണ്ട്.

 

ആയിരത്തലധികം സെറ്റ് ഡെക്കറേഷനുകൾ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കൊട്ടാരം ഉള്‍പ്പടെയുള്ള സെറ്റുകള്‍ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. 110 ദിസമായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രി പ്രൊഡക്‌ഷന് മാത്രം ഒരു വർഷം സമയമെടുത്തു. പോസ്റ്റ് പ്രൊഡക്‌ഷന് നാനൂറിലധികം ദിവസവും.

 

സിജു വിൽസൺ നായകവേഷത്തിലെത്തുന്ന ഈ ചിത്രം തിരുവോണ ദിനമായ സെപ്റ്റംബർ 8ന് കേരളത്തിൽ തിയറ്ററുകളിലെത്തും. ‘‘പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും. അധഃസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകൻെറ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നു.’’ –സംവിധായകന്‍ വിനയൻ കുറിച്ചു.

 

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമാതാക്കൾ വി.സി. പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

 

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

 

സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്. പിആർ‍ ആന്റ് മാർക്കറ്റിം​ഗ് : കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടർ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ സംഗീത് വി.എസ്., അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താൻ, പ്രൊഡക്‌ഷൻ മാനേജർ ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com