ADVERTISEMENT

ന്നാ താൻ കേസ് കൊട്’ സിനിമയിൽ തനി കാസർകോടൻ ഭാഷയിൽ പ്രേക്ഷകരെ ചിരിപ്പിച്ച് കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രത്തിനൊപ്പം കയ്യടി നേടിയതിന്റെ ‘ഞെട്ടലിലാണ്’ ചെറുവത്തൂർ സ്വദേശിയായ കുഞ്ഞിക്കൃഷ്ണൻ മാഷ്. സിനിമയിലെ മജിസ്ട്രേറ്റ് ജീവിതത്തിൽ അധ്യാപകനാണ്. മാഷ് മാത്രമല്ല പടന്ന പഞ്ചായത്തിലെ 9ാം വാർഡിലെ നാട്ടുകാരുടെ പ്രിയപ്പെട്ട പഞ്ചായത്ത് അംഗം കൂടിയാണു കുഞ്ഞിക്കൃഷ്ണൻ. ജീവിതത്തിലും സരസനും ജനകീയനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഹിന്ദി മാഷ്.

 

കോടതി ഇന്നു വരെ കണ്ടിട്ടില്ല എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല

 

സത്യമാണ്. ഞാൻ കോടതിയിൽ ഇതു വരെ കയറിയിട്ടില്ല. സിനിമയിലേക്കു റോൾ ഉറപ്പായിക്കഴിഞ്ഞ് സംവിധായകൻ രതീഷ് ഉൾപ്പെടെ പറഞ്ഞിരുന്നു കോടതിയിൽ പോയി അവിടത്തെ കാര്യങ്ങൾ ഒക്കെ കണ്ടു പഠിക്കണമെന്ന്. എന്നാൽ ഞാൻ പോയില്ല. ആദ്യമായി കോടതിയിൽ കയറുന്നത് സിനിമയിൽ ജഡ്ജിയായിത്തന്നെയാണ്. മുൻപ് നാടകങ്ങളിലും കോടതി വേഷങ്ങൾ ചെയ്തിട്ടില്ല. സിനിമകളിൽ ഇടയ്ക്കു കാണുന്ന കോടതി രംഗങ്ങളല്ലാതെ വേറൊന്നും കണ്ടിട്ടില്ല.

 

pp-kunjikrishnan-1

 

ഷൂട്ടിനു മുൻപ് എല്ലാവരും ഒന്നിച്ചിരിക്കും. ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറയും. പെരുമാറേണ്ടത് എങ്ങനെയെന്നു പറയും. കഥാപാത്രത്തിന്റെ കാര്യത്തിൽ വലിയ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതിനാൽ‍ സമ്മർദം കുറവായിരുന്നു. ഭാഷ കാസർകോടൻ രീതിയിലായതു വലിയ സഹായമായി.

 

സിനിമയിൽ ഇത്ര പ്രധാനപ്പെട്ട റോളായിരുന്നു എന്നു നേരത്തെ അറിഞ്ഞിരുന്നോ?

 

അറിയില്ലായിരുന്നു. ചെറിയ റോളാണെന്നാണു കരുതിയത്. സംവിധായകൻ വലിയ റിസ്കാണ് എടുത്തത്. എന്നിൽ വലിയ വിശ്വാസമർപ്പിച്ചു. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. കോടതി രംഗങ്ങളിലെ തമാശകൾ ഷൂട്ടിനിടെ വളരെ ആസ്വദിച്ചാണു ചെയ്തത്. സിനിമയിൽ എസ്ഐ ആയി വേഷമിട്ട കുഞ്ഞിക്ക‍ൃഷ്ണ പണിക്കർ ശരിക്കും തെയ്യം കലാകാരനാണ്.

pp-kunjikrishnan-3

 

എങ്ങനെയാണു സിനിമയിലേക്കുള്ള വരവ്

 

നടൻ ഉണ്ണിരാജാണ് കാസ്റ്റിങ് കോൾ വിവരം അറിയിച്ചത്. സിനിമയിലഭിനയിക്കാനൊന്നും ഇല്ലപ്പായെന്നു ഞാൻ പറഞ്ഞു. പക്ഷേ ഉണ്ണി നിർബന്ധിച്ചു. നിങ്ങളഭിനയിച്ച നാടകം കണ്ടെന്നും നിങ്ങളുടേതിൽ ഒരു ഭയങ്കര സംഭവമുണ്ടെന്നൊക്കെ ഉണ്ണി പറഞ്ഞു. അങ്ങനെയാണു തുടക്കം. വീട്ടിലൊരു പശു ഫാമുണ്ട്. ഞാൻ ഫാമിൽ നിൽക്കുന്ന പടവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചിത്രവും ചേർത്താണ് അയച്ചത്. പിന്നെ കാസ്റ്റിങ് ഡയറക്ടർ രാജേഷ് മാധവൻ വിളിച്ചു. 4 പേരുണ്ടായിരുന്നു. ചെറുവത്തൂരിൽ തന്നെ കാണാമെന്നു പറഞ്ഞു. ദൂരെയെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ പോവുകയേ ഇല്ലായിരുന്നു. ആരെയും എനിക്കു പരിചയമില്ലായിരുന്നു. കുറച്ച് സംസാരമൊക്കെ കഴിഞ്ഞ് പിന്നെ വിളിക്കാമെന്നു പറഞ്ഞു വിട്ടു. പിന്നീട് വിളിച്ച് കയ്യൂരിലെ റിഹേഴ്സൽ ക്യാംപിലെത്തണമെന്നു പറഞ്ഞു.

 

സിനിമയിലെ അരങ്ങേറ്റം 57–ാം വയസിൽ, ക്യാമറയ്ക്കു മുന്നിൽ ടെൻഷനടിച്ചോ ?

 

നാടകങ്ങളിൽ അഭിനയിച്ച ചെറിയ പരിചയം തുണയായി. എല്ലാവരും നല്ല സഹകരണമായിരുന്നു. സംവിധായകൻ രതീഷും കുഞ്ചാക്കോ ബോബനും സഹായിച്ചു. നാട്ടിലെ മയൂര തിയറ്റേഴ്സിലായിരുന്നു അഭിനയത്തിന്റെ തുടക്കം. തെരുവു നാടകങ്ങളായിരുന്നു ചെയ്തതിൽ മിക്കവയും. സ്റ്റേജ് നാടകങ്ങൾ വാർഷികത്തിനു മാത്രമായിരുന്നു. ഓരോ ഷോട്ടിന്റെയും അവസാനം പിന്നിൽ നിന്ന് രാജേഷ് മാധവൻ കൈ ഉയർത്തി ഓകെ എന്നു കാണിക്കും. അതു വലിയ പോസിറ്റീവ് എനർജിയായി.

 

സ്കൂളിൽ ഹിന്ദി മാഷായിരുന്നു, ഇപ്പോൾ പഞ്ചായത്തംഗമാണ്

 

ഉദിനൂർ സെൻട്രൽ എയുപി സ്കൂളിൽ അധ്യാപകനായിരുന്നു. 2020ൽ സർവീസിൽ നിന്നു വിരമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പടന്ന പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിക്കുകയും ചെയ്തു. സർവീസിന്റെ തുടക്കത്തിൽ ഞാൻ പഠിപ്പിച്ച കുട്ടികൾ പോലും ഇപ്പോൾ എന്നെ വിളിക്കുന്നുണ്ട്. പലരും വിദേശത്താണ്.

 

സിനിമ ഇറങ്ങിയപ്പോൾ മാഷ് സ്റ്റാറായോ

 

‘സാറേ ജോറുണ്ട്, നിങ്ങ വേറെ ലെവലാ’ എന്നൊക്കെ ആളുകൾ സിനിമ കണ്ട് പറയുന്നുണ്ട്. അഭിനന്ദനമൊന്നും ആദ്യം ഗൗരവമായി എടുത്തിരുന്നില്ല. സുഖിപ്പിക്കാൻ പറയുന്നു എന്നാണു ഞാൻ കരുതിയിരുന്നത്. പിന്നെ എഴുത്തുകാരൻ ബെന്യാമിൻ, നടൻ ഉണ്ണി മുകുന്ദൻ തുടങ്ങിയവർ വിളിച്ച് അഭിനന്ദിച്ചു.

 

ഭാര്യ സരസ്വതിയും മൂത്ത മകൻ സാരംഗും നാട്ടുകാരും ഒന്നിച്ചാണു സിനിമ കാണാൻ പോയത്. ഇളയ മകൻ ആസാദ് വിദ്യാർഥിയാണ്. ഞാൻ ആരോടും റോളിനെക്കുറിച്ച് കാര്യമായി പറഞ്ഞിരുന്നില്ല. ടീസറും ട്രെയിലറും കണ്ടാണ് മിക്കവരും അറിയുന്നത്. മാഷ് സിനിമയിൽ അഭിനയിക്കുന്നു എന്നു പറയുന്നതു പോലും എല്ലാവർക്കും അത്ഭുതമായിരുന്നു. നാട്ടിൽ നിന്നു പലരും ഇപ്പോൾ ചെറിയ വേഷങ്ങൾ അഭിനയിക്കാറുണ്ട്. ടീസറിലുള്ളത്രയേ പടത്തിൽ കാണൂ എന്നാണു പലരും കരുതിയത്. കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം. ആരും ഇത്ര പ്രതീക്ഷിച്ചില്ല. പുതിയ സിനിമകളിലേക്ക് ബന്ധപ്പെട്ട് നടക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com