ADVERTISEMENT

മരണത്തിന്റെ സർവകലാശാലയിലാണ് ജീവിതം എഴുത്തിനിരിക്കുന്നതെന്ന് ഏതോ ഒരു പാശ്ചാത്യ തത്വചിന്തകൻ പറഞ്ഞതായി ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. ആ മൊഴികളിൽ നേരിന്റെ പാദസ്പർശം ഉള്ളതായും എനിക്ക് പലവട്ടം തോന്നിയിട്ടുമുണ്ട്.

നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാട് കാണുമ്പോഴും ജീവിതം മൃത്യുവിന്റെ സർവകലാശാലയിൽനിന്ന് ഉപരിപഠനവും കഴിഞ്ഞുവരുന്നത് മരണത്തിന്റെ കൂടെ പോകാൻ വേണ്ടിയാണോ എന്ന ചോദ്യം അറിയാതെ ഇടയ്ക്ക് എന്റെ കിറുക്കൻ ചിന്തയിലേക്ക് കടന്നു വരാറുമുണ്ട്. അടുത്ത കാലത്തായി നമ്മുടെ ഒത്തിരി കലാകാരന്മാർ കാറ്റത്തെ പാഴിലകൾ പോലെ കൊഴിഞ്ഞു വീഴുന്നതു കാണുമ്പോൾ നമ്മുടെ സിനിമയിലെ സർഗധനന്മാരോടു ‘കാലത്തിന്’ എന്തോ വല്ലാതെ കാലുഷ്യമുള്ളതുപോലെയാണ് തോന്നുന്നത്.

ജീവിതത്തിന്റെ ഏറ്റവും താഴ്ന്ന ചുറ്റുപാടിൽനിന്നു വന്ന് ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുമ്പോൾ നമ്മളെ വിട്ടു പോയവരിൽ എന്റെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് വെറും നാൽപത്തിയഞ്ചാം വയസ്സിൽ ഇഹലോകം വെടിഞ്ഞ കലാഭവൻ മണിയുടെ മുഖമാണ്.

ചാലക്കുടിയിൽ ഓട്ടോ ഓടിച്ചു നടന്നിരുന്ന മണിയുടെ ഉദയവും അസ്തമയവുമൊക്കെ നമ്മിൽ വിസ്മയം വിടർത്തുന്നവയായിരുന്നു. ചാലക്കുടിയിലെ തിയറ്ററിൽ വരുന്ന ഒരു സിനിമയും വിടാതെ കണ്ടിരുന്ന മണിയുടെ മനസ്സിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ നിറഞ്ഞാടാൻ തുടങ്ങിയപ്പോൾ അവരില്‍ ഒരാളായി താനും മാറുമെന്ന് സ്വപ്നം പോലും കാണാൻ അർഹതയില്ലെന്ന് കരുതി നിരാശനായി നടന്നിരുന്ന മണിയുടെ വളർച്ച അഭൂതപൂർവമായിരുന്നു. മനസ്സു നിറയെ സിനിമാ മോഹവുമായി നടന്നിരുന്ന മണി ആദ്യം എന്നെ കാണാൻ വന്ന ആ മുഹൂർത്തം എന്റെ മനോമുകുരത്തിൽ ഇപ്പോൾ ഏറെ നിറശോഭയോടെ തെളിഞ്ഞു വരികയാണ്.

mani-home

1995 ലെ ഒരു ശനിയാഴ്ച പകൽ പതിനൊന്നു മണിയായിക്കാണും. ഞാൻ സ്ഥിരമായി ഇരുന്നെഴുതുന്ന മാതാ ടൂറിസ്റ്റ് ഹോമിലെ 222–ാം നമ്പർ മുറിയിൽ ഒരു ബ്ലാക്ക് ടീയും കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോളിങ് ബെൽ ശബ്ദിച്ചത്. ആരാണ് ഈ സമയത്ത് എഴുത്തിന് ഭംഗം വരുത്തുന്നതെന്ന് ഓർത്തുകൊണ്ടു ഞാൻ െചന്നു ഡോർ തുറന്നു. ഡോറിനു മുൻപിൽ വെളുക്കെ ചിരിച്ചു കൊണ്ട് കലാഭവൻ അൻസാർ നിൽക്കുന്നു.

‘‘ങാ നീയായിരുന്നോ? വാ’’
ഞാൻ അകത്തേക്കു കയറി, പുറകെ അൻസാറും. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ചെരിപ്പൊക്കെ അഴിച്ചു വച്ചുകൊണ്ട് വിനയാന്വിതനായ ഒരു ചെറുപ്പക്കാരൻ മുറിയുടെ വാതിൽക്കൽ നിൽക്കുന്നു. മുടി പറ്റെ വെട്ടിയ കറുത്തിരുണ്ട ഒരു ആൺ സ്വരൂപം. അപരിചിത ഭാവത്തിൽ ഞാൻ അയാളെ നോക്കുന്നതു കണ്ടപ്പോൾ അൻസാർ പറഞ്ഞു.

‘‘ഡെന്നിച്ചായാ, ഇത് എന്റെ ഫ്രണ്ടാണ് മണി. കലാഭവനിൽ ഞങ്ങളുടെ കൂടെയുള്ള മിമിക്രി ആർട്ടിസ്റ്റാണ്.’’

മിമിക്രി എന്നു കേട്ടപ്പോൾ എന്റെ മുഖമൊന്നു വികസിച്ചു. മിമിക്രി ആർട്ടിസ്റ്റുകളുടെ കഥ പറയുന്ന മിമിക്സ് പരേഡിനും കാസർകോട് കാദർഭായിക്കുമൊക്കെ തിരക്കഥ എഴുതിയ എന്നോട് സിനിമയിൽ ചാൻസ് ചോദിക്കാൻ വന്നതായിരിക്കും എന്നു കരുതുകയും ചെയ്തു.

ഞാൻ ഇരിക്കാൻ പറഞ്ഞെങ്കിലും മണി ഇരിക്കാതെ ഭവ്യതയോടെ നിന്നു.

‘‘ഡെന്നിച്ചായൻ മണിക്ക് സിനിമയില്‍ ഒരു ചാൻസ് കൊടുക്കണം. അസ്സൽ മിമിക്രി ആർട്ടിസ്റ്റാണ്. സാധാരണ ഞങ്ങൾ ചെയ്യുന്ന സിനിമാനടന്മാരെ മാത്രമല്ല മണി അവതരിപ്പിക്കുന്നത്. ആരും കാണിക്കാത്ത പുതിയ നമ്പറുകളാണ് മണിയുടെ കയ്യിലുള്ളത്. നീ അതൊന്നു കാണിച്ചു കൊടുക്കെടാ മണീ.’’

അൻസാർ പറഞ്ഞു തീരുന്നതിനു മുൻപു തന്നെ മണി പെട്ടെന്നു താഴെയിരുന്നു. കാലു പിടിച്ച് അപേക്ഷിക്കാനുള്ള തയാറടുപ്പാണെന്നാണു ഞാൻ ആദ്യം കരുതിയത്. അപ്പോൾ അതാ മണി ഒരു ഗജവീരനായി മാറുന്നു. ആനയുടെ നടത്തവും ചേഷ്ടകളും ഒക്കെ കാണിക്കുന്നതു കണ്ടപ്പോൾ ശരിക്കും ഞാൻ ത്രില്ലടിച്ചു പോയി. തുടർന്ന് പട്ടി കുരയ്ക്കുന്നതും ഓലിയിടുന്നതും കോഴി കൂവുന്നതും കോഴിയുടെ മാനറിസങ്ങളുമൊക്കെ കണ്ടപ്പോൾ ഞാൻ ചിരിച്ചു മറിയുകയായിരുന്നു. അതിനിടയിൽ കമന്ററി പോലെ അൻസാർ മണിയുടെ വീരഗാഥകളൊക്കെ പറയുന്നുമുണ്ട്.

പത്തു പതിനഞ്ചു മിനിറ്റ് നേരത്തെ കലാപരിപാടികളൊക്കെ കഴിഞ്ഞ് മണി എഴുന്നേറ്റപ്പോൾ അൻസാർ എന്നോട് ചോദിച്ചു.

‘‘എങ്ങനെയുണ്ട് ഡെന്നിച്ചായാ?’’

‘‘കിടിലൻ. മിമിക്രിയിൽ ഞാൻ ആദ്യമായിട്ടാണ് പക്ഷിമൃഗാദികളുടെ ഐറ്റംസ് കാണുന്നത്. എന്തായാലും ഞാൻ എഴുതുന്ന അടുത്ത പടത്തിൽ മണിക്ക് നല്ലൊരു വേഷം ഞാൻ തന്നിരിക്കും. ഇപ്പോൾ ഇത് ആരോടും ഒന്നും പറയാൻ നിൽക്കണ്ട.’’

എന്റെ വാക്കുകൾ കേട്ടതും മണി എന്റെ കാലുതൊട്ടു വന്ദിച്ചു. അപ്പോൾ അവന്റെ കണ്ണുകളിൽ ഈറൻ പടർന്നിരുന്നു.

പറഞ്ഞതുപോലെ ഞാൻ ചെയ്ത വിജി തമ്പിയുടെ ‘മാന്ത്രികക്കുതിര’യിൽ തരക്കേടില്ലാത്ത ഒരു വേഷം മണിക്ക് കൊടുക്കുകയും ചെയ്തു. അതെത്തുടർന്നു വന്ന, വി.എം. വിനു സംവിധാനം ചെയ്ത ‘സ്വർണകിരീട’ത്തിൽ നായകനായ മനോജ്. കെ. ജയനൊപ്പം ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന കോമഡിയും സെന്റിമെന്റ്സുമുള്ള ഒരു നല്ല കഥാപാത്രം കൂടി മണിക്ക് ഞാൻ നൽകി. ഈ സമയത്തു തന്നെയാണ് കലാഭവൻ അൻസാർ സംവിധാനം ചെയ്ത ‘കിരീടമില്ലാത്ത രാജാക്കന്മാരിൽ’ സൂപ്പർഫാസ്റ്റ് ചന്ദ്രൻ എന്ന, ഒറ്റ ശ്വാസത്തിൽ നിർത്താതെ ഓരോ വാക്കുകൾ വിളിച്ചു പറയുന്ന ഒരു രസികൻ കഥാപാത്രവും മണിക്കു വന്നു ചേർന്നത്. ഈ ചിത്രങ്ങളെല്ലാം വിജയങ്ങളുമായിരുന്നു.

ഇതേ തുടർന്ന് ഒത്തിരി സിനിമകൾ മണിയെ തേടി വരാൻ തുടങ്ങി എന്നാൽ വിനയന്റെ ‘വാസന്തിയും ലക്ഷ്മിയു’മാണ് മണിയുടെ കരിയറിൽ മൈൽസ്റ്റോണായി മാറിയത്. അതിലെ അന്ധൻ മണിക്കല്ലാെത മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും ചെയ്യാൻ പറ്റാത്തത്ര വിധം വെള്ളിത്തിരയിൽ വിസ്മയം വിടർത്തുകയായിരുന്നു മണി. അതേപോലെ തന്നെയായിരുന്നു വിനയന്റെ ‘കരുമാടിക്കുട്ട’നിലെ മന്ദബുദ്ധി കഥാപാത്രവും. അതോടെ മലയാള സിനിമ മണിയുടെ പുറകെയായിരുന്നു. നായകനായും വില്ലനായും കൊമേഡിയനായും ഏതു വേഷവും കൈയാളാൻ കഴിയുന്ന അപൂർവം നടന്മാരിൽ ഒരാളായി മണി മാറി.

ഈ കാലയളവിൽ ഞാൻ തിരക്കഥ എഴുതിയ ഒരു ഡസനോളം ചിത്രങ്ങളിൽ മണി ഓടിനടന്ന് അഭിനയിക്കുകയായിരുന്നു. ഈ ഓട്ടത്തിനിടയില്‍ നിഷ്കളങ്കമായ ചില അബദ്ധങ്ങളും മണിക്ക് സംഭവിച്ചിട്ടുണ്ട്.

ഞാൻ തിരക്കഥയെഴുതിയ ‘ജെയിംസ് ബോണ്ട്’ എന്ന ചിത്രത്തിലെ നാൽവർ സംഘത്തിലെ പ്രധാന വേഷം ചെയ്യുന്നത് മണിയാണ്. ബൈജു കൊട്ടാരക്കരയാണ് സംവിധായകൻ. എറണാകുളത്തായിരുന്നു ലൊക്കേഷന്‍. ബോംബെ മലയാളിയും ഹിന്ദി സിനിമാ ഫീൽഡുമായി നല്ല ബന്ധമൊക്കെയുള്ള നൂറുദ്ദീനാണ് നിർമാതാവ്. കക്ഷി വർഷങ്ങളായി ബോംബെ നിവാസിയാണ്. ഹിന്ദി സിനിമയിലൊക്കെ കാണുന്നതുപോലെ ചില കമാന്‍ഡോ സെറ്റപ്പുമായിട്ടാണ് നൂറുദ്ദീൻ എറണാകുളത്ത് എത്തിയിരിക്കുന്നത്. കമാൻഡോസിനെയൊക്കെ ഞങ്ങൾ ആരും അറിയാതെ മറ്റേതോ ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റിന്റെയും ടെക്നീഷ്യൻസിന്റേയും പ്രതിഫലം മുഴുവനും ഷൂട്ടിങ്ങിനു മുൻപ് കൊടുക്കാനും കക്ഷി തയാറാണ്. പക്ഷേ ഒരു നിബന്ധനയുണ്ട്, പറഞ്ഞുറപ്പിച്ചതു പോലെ എല്ലാ കാര്യങ്ങളും കിറുകൃത്യമായി ചെയ്തിരിക്കണം. കോൾഷീറ്റു തെറ്റിക്കാൻ പാടില്ല. സമയത്ത് ഷൂട്ടിങ്ങിന് എത്തിയിരിക്കണം.

ഷൂട്ടിങ് തുടങ്ങിയാൽ ഈ കമാൻഡോസ് ലൊക്കേഷനിലെ കാഴ്ചക്കാരെപ്പോലെ അവിടവിടെയായിനിന്ന് ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും വീക്ഷിച്ചു കൊണ്ടിരിക്കും. അതൊക്കെ അപ്പോഴപ്പോൾ നൂറുദ്ദീനെ വിളിച്ചറിയിക്കുകയും ചെയ്യും. ഞാൻ അങ്ങനെ ലൊക്കേഷനിൽ പോകാത്തതുകൊണ്ട് ഇതൊക്കെ വളരെ വൈകിയാണ് അറിഞ്ഞത്.

mani-pajero

നൂറുദ്ദീൻ എല്ലാവരോടും നല്ലൊരു ജന്റിൽമാൻ ഡീലിങ്സാണ്. എന്നോട് കക്ഷിക്ക് വലിയ ഇഷ്ടമായിരുന്നു. എന്നെ ഡെന്നിസ് ബായി എന്നാണ് വിളിച്ചിരുന്നത്.

ഇതിനിടയിൽ കലാഭവൻ മണി മുണ്ടക്കയത്ത് നടക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി മൂന്നു ദിവസം ഡേറ്റ് കൊടുത്തിട്ടുണ്ടായിരുന്നു. മണി മുണ്ടക്കയത്ത് പോയിട്ട് പറഞ്ഞ സമയത്ത് എത്താതിരുന്നതു കൊണ്ട് നൂറുദ്ദീന്റെ കമാൻഡോകൾ ലൊക്കേഷനിൽ എത്തി ഭീഷണിപ്പെടുത്തി. അന്നു രാത്രിക്കു രാത്രി തന്നെ മണിയെ എറണാകുളത്തു കൊണ്ടു വന്നു. പിന്നെ അത് വലിയ വിവാദമായി മാറി. ഒരു നടനെ കമാൻഡോകളെ വിട്ട് ഭീഷണിപ്പെടുത്തി ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും കൊണ്ടു വരിക എന്നു വച്ചാല്‍ സിനിമയുടെ ചരിത്രത്തിൽ ഇതേവരെ ഉണ്ടാകാത്ത ഒരു കാര്യമാണ്. മണി ഇതിനെതിരെ ‘അമ്മ’യിൽ പരാതി കൊടുത്തു. ഇന്നസന്റായിരുന്നു അന്ന് അമ്മയുടെ പ്രസിഡന്റ്. ഇന്നസന്റ് എന്നെ വിളിച്ചു പറഞ്ഞു. ‘ഗൗരവമായ ഒരു വിഷയമാണിത്. ഇതിങ്ങനെ വിടാൻ പറ്റില്ല’. നിർമാതാവാണെങ്കിൽ അതിലും വലിയ ചൂടിലാണ്. തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഞാൻ ആകെ പ്രതിസന്ധിയിലായി. അവസാനം എന്റെ തന്ത്രപരമായ ഇടപെടൽ കൊണ്ട് പ്രശ്നം ഒരു കണക്കിനാണ് ഒത്തുതീർപ്പാക്കാൻ കഴിഞ്ഞത്.

മണി ഇങ്ങനെയാണ്. മനസ്സിൽ തോന്നുന്നത് അങ്ങനെ ചെയ്യുന്നെന്നേയുള്ളൂ. കള്ളവും കളങ്കവും വച്ചു കൊണ്ടല്ല അങ്ങനെയൊക്കെ പെരുമാറുന്നത്. എന്തിനോടും പെട്ടെന്ന് പ്രതികരിക്കുകയും അതേപോലെ തന്നെ കൊച്ചു കുട്ടികളെപ്പോലെ കരയുകയും ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. ആ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മണിക്കായിരുന്നു എന്നാണു അവസാന നിമിഷം വരെ ചാനലുകളും മറ്റു മാധ്യമങ്ങളുമൊക്കെ റിപ്പോർട്ടു ചെയ്തിരുന്നത്. പക്ഷേ അവാർഡ് പ്രഖ്യാപനം വന്നപ്പോൾ മറ്റൊരു നടനാണ് ആ പുരസ്കാരം പോയത്. അത് മണിക്ക് വലിയൊരു ഷോക്കായിരുന്നു. മണി വല്ലാതെ ടെൻഷനടിച്ച് തലകറങ്ങി വീണു എന്നായിരുന്നു അന്ന് പറഞ്ഞുകേട്ടത്. അതില്‍ സത്യത്തിന്റെ അംശം ഉണ്ടെങ്കിലും അദ്ഭുതപ്പെടാനില്ല. ഒരു നാട്ടിൻ പുറത്തുകാരന്റെ നന്മ നിറഞ്ഞ മനസ്സിന്റെ ബഹിർസ്ഫുരണമായി മാത്രം അതിനെ കണ്ടാൽ മതി.

മാണി ഓപ്പൺ മൈൻഡഡ്‌ ആയതുകൊണ്ട് ഇതുപോലെ പല അബദ്ധങ്ങളിലും ചെന്ന് ചാടിയിട്ടുണ്ട്. കൂട്ടുകാരെന്ന് പറഞ്ഞു നടക്കുന്ന ചില ഉപജാപക സംഘത്തിന്റെ പ്രേരണയും കൂടിയാകുമ്പോൾ അവസാനം കുറ്റാരോപിതനായി മാറിയിരുന്നത് മണിയായിരുന്നു.

ഇന്ന് മണി നമ്മോടൊപ്പം ഇല്ല. ഇനിയുമെത്രയോ വർഷക്കാലം നമ്മോടൊപ്പം കഴിയേണ്ട അതുല്യ കലാകാരനായിരുന്നു മണി പക്ഷേ വിധി... ദൈവം ചില സമയത്ത് ചില കൈവിട്ട കളികൾ കളിക്കുമ്പോൾ ഇതിനെ നമ്മൾ വിധിയെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുന്നു. അല്ലാതെ നമുക്ക് വേറെന്തു ചെയ്യാനാകും?

mani-3

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com