ADVERTISEMENT

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചാക്കോച്ചൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഉൾപ്പടെ നിരവധി സിനിമകളാണ് സെപ്റ്റംബര്‍ ആദ്യ വാരം ഒടിടിയിലൂടെ റിലീസിനെത്തിയത്. സെപ്റ്റംബർ എട്ടിന് തിരുവോണ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ന്നാ താൻ കേസ് കൊട് സ്ട്രീം ചെയ്തിരുന്നു. പാപ്പൻ, സീതാരാമം, തല്ലുമാല തുടങ്ങിയ സൂപ്പർഹിറ്റുകളും ഈ മാസം ഒടിടി റിലീസിനെത്തി. വിജയ് ദേവരകൊണ്ടയുടെ ലൈഗർ, ധനുഷിന്റെ തിരുച്ചിറ്റമ്പലം എന്നിവയാണ് സെപ്റ്റംബറിലെ പുതിയ എൻട്രികൾ. ഈ മാസം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത് പ്രധാന സിനിമകളും സീരിസുകളും ഏതൊക്കെയെന്ന് നോക്കാം...

ലൈഗർ: ഹോട്ട്സ്റ്റാർ: സെപ്റ്റംബർ 22

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം. പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം പക്ഷേ വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്.

തിരുച്ചിറ്റമ്പലം: സൺ നെക്സ്റ്റ്: സെപ്റ്റംബർ 23

ധനുഷ്–നിത്യ മേനൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിത്രൻ ആർ. ജവഹർ സിനിമ സംവിധാനം ചെയ്ത ചിത്രം. കഥയിൽ വലിയ പുതുമയില്ലെങ്കിലും മേക്കിങ്ങിന്റെ മികവിൽ തിയറ്ററിൽ കയ്യടി നേടിയ സിനിമയാണ് തിരുച്ചിറ്റമ്പലം. അവതരണം െകാണ്ടും അഭിനേതാക്കളുടെ പ്രകടനം െകാണ്ടും അനിരുദ്ധിന്റെ പാട്ടുകൾ കൊണ്ടും ചിത്രം പ്രേക്ഷക ശ്രദ്ധനേടി.

ഡയറി: ആഹാ: സെപ്റ്റംബർ 23

അരുൾനിധി നായകനായി എത്തിയ ആക്‌ഷൻ ത്രില്ലർ. ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. നവാഗതനായ ഇന്നിസൈ പാണ്ഡ്യനാണ് സംവിധാനം.

ബബ്ലി ബൗൺസർ: ഹോട്ട്സ്റ്റാർ: സെപ്റ്റംബർ 23

തമന്ന ഭാട്ടിയയെ പ്രധാന കഥാപാത്രമാക്കി മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്യുന്ന ചിത്രം. ഫയൽവാൻ ആകാൻ കൊതിക്കുന്ന പഞ്ചാബി പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അമിത് ജോഷി, ആരാധന ദേബ്നാഥ് എന്നിവരാണ് മറ്റ് താരങ്ങൾ.

ക്യാപ്റ്റൻ: സീ5: സെപ്റ്റംബർ‍‍‍‍‍‍‍‍‍‍‍ 30

ആര്യ നായകനായി എത്തിയ സയൻസ് ഫിക്‌ഷൻ ത്രില്ലര്‍. ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ എട്ടിനാണ് തിയറ്ററുകളിൽ എത്തിയത്. കാര്യമായ ബോക്സ്ഓഫിസ് ചലനം സൃഷ്ടിക്കാനും ചിത്രത്തിനായില്ല. ഐശ്വര്യ ലക്ഷ്മി, കാവ്യ ഷെട്ടി, ഹരീഷ് ഉത്തമൻ, സിമ്രാൻ എന്നിവരാണ് മറ്റ് താരങ്ങൾ.

പ്രിയൻ ഓട്ടത്തിലാണ്: മനോരമ മാക്സ്: സെപ്റ്റംബര്‍ 2

ഷറഫുദ്ദീൻ നൈല ഉഷ എന്നിവർ കേന്ദ്രകഥാപാത്രമായിയെത്തിയ ചിത്രം. മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ സെപ്റ്റംബർ 2ന് ചിത്രം റിലീസ് ചെയ്തു. ഇന്ത്യയിൽ മനോരമ മാക്സിലൂടെയും ഇന്ത്യക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയുമാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഓണം പ്രീമിയറായി ചിത്രം മഴവിൽ മനോരമയിലും സംപ്രേഷണം ചെയ്യും. സിനിമയില്‍ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ജൂൺ 24നാണ് പ്രിയൻ ഓട്ടത്തിലാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ‍അപർണ ദാസാണ് ഷറഫുദ്ദീന്റെ നായിക കഥാപാത്രമായി എത്തിയത്. c/o സൈറ ബാനുവിന് ശേഷം ആന്റണി സോണി ഒരുക്കിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്.

വിക്രാന്ത് റോണ: സീ5: സെപ്റ്റംബർ 2

കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്‍ത ഫാന്‍റസി ആക്‌ഷൻ ചിത്രം. മലയാളത്തിൽ ഡബ്ബ് ചെയ്തുള്ള പതിപ്പ് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം സീ5 പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരിക്കുന്നത്. 3ഡിയിൽ എത്തിയ ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത് വില്യം ഡേവിഡ് ആണ്. ആഷിക് കുസുഗൊള്ളി ആണ് ചിത്ര സംയോജനം. മികച്ച വിഎഫ്എക്സും സ്റ്റണ്ട് കൊറിയോഗ്രഫിയുമാണ് സിനിമയുടെ എടുത്തുപറയേണ്ട പ്രത്യേകത.

പാപ്പന്‍: സീ5: സെപ്റ്റംബര്‍ 7

ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രം. വൻ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കിയ ചിത്രം സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയായിരുന്നു. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഏക് വില്ലന്‍ റിട്ടേൺസ്: നെറ്റ്ഫ്ലിക്സ്: സെപ്റ്റംബർ 9

ജോണ്‍ എബ്രഹാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ഏക് വില്ലൻ റിട്ടേണ്‍സ്'. അര്‍ജുൻ കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മൊഹിത് സുരി ആണ് സംവിധാനം ചെയ്‍തത്. ദിഷ പഠാണിയും താര സുതാരിയയുമാണ് നായികമാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com