ADVERTISEMENT

വിവാഹശേഷം ഉണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. മഹാലക്ഷ്മിയുടേത് മാത്രമല്ല തന്റേതും രണ്ടാം വിവാഹമാണെന്നും ഒന്നര വർഷം നീണ്ടുനിന്ന പ്രണയബന്ധത്തിനു ശേഷമായിരുന്നു വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്നും തമിഴ് ചാനലിനു നൽകിയ അഭിമുഖത്തില്‍ രവീന്ദർ പറഞ്ഞു. സെപ്റ്റംബർ ഒന്നിനാണ് തമിഴിലെ പ്രമുഖ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ദമ്പതികളുടെ വിവാഹ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ആശംസകൾക്കൊപ്പം തന്നെ കടുത്ത സൈബർ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയർന്നു. ‘പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്‌സുമാകും’ എന്നൊക്കെയായിരുന്നു കമന്റുകൾ. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു. 

 

‘‘മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. എന്റെയും ഇത് രണ്ടാം വിവാഹമാണ്. ആ സമയത്തെ എന്റെ ജീവിതത്തെക്കുറിച്ച് അധിമാർക്കും ഇക്കാര്യം അറിയില്ല. അത് ഓർക്കാൻ ഇഷ്ടമല്ലാത്ത ദുരന്ത കാലമായിരുന്നു. നട്പെന്നാ എന്നാന്നു തെരിയുമാ എന്ന ചിത്രം ഷൂട്ടിങ് നടക്കുന്ന സമയത്താണ് വിവാഹമോചനം നടക്കുന്നത്. മഹാലക്ഷ്മിയുടെ കല്യാണം നേരത്തെ കഴിഞ്ഞതാണെന്നും, ഒരു കുട്ടി ഉണ്ട് എന്നും എല്ലാം എനിക്ക് അറിയാം. ഇതൊരു പുരുഷാധിപത്യ സമൂഹം ആയത് കൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാ ലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലവും, അവരെ കുറിച്ച് മീഡിയാസില്‍ വന്ന ചര്‍ച്ചകളും ഒന്നും എനിക്ക് പ്രശ്‌നമേ അല്ല, ഞാന്‍ അറിഞ്ഞ, മനസ്സിലാക്കിയ, എനിക്കൊപ്പം ജീവിക്കുന്ന ആള്‍ എങ്ങിനെയായിരിക്കും എന്നതാണ് എന്റെ ആലോചന. അതൊക്കെ മഹാലക്ഷ്മിയോട് പറഞ്ഞു. അവസാനം ഓകെ പറഞ്ഞു.

 

ഒന്നര വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. ലൗവ് കം അറേഞ്ച്ഡ് മാരിയേജ് ആണ് ഞങ്ങളുടേത്. വീട്ടുകാർ സമ്മതിച്ചെങ്കിലും വിവാഹം മുന്നോട്ടുപോകാൻ കാരണം ഞാനായിരുന്നു. ശരീര ഭാരമൊക്കെ കുറച്ച് വന്നിട്ട് വിവാഹം കഴിക്കാം എന്ന് മഹാലക്ഷ്മിയോട് പറയുമായിരുന്നു. അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് അവൾ തിരിച്ചും പറയും. എന്റെ ശരീര വണ്ണത്തിൽ എന്നേക്കാൾ ആകുലത ഇവിടെയുള്ള ആളുകൾക്കാണ്. എന്റെ ശരീരം കണ്ട് ട്രോള്‍ ചെയ്ത് സന്തോഷപ്പെടുന്നവർ നിരവധിപ്പേരുണ്ട്. അവർക്ക് അത്രയും സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ ഈ ശരീരമുള്ള എനിക്ക് എത്രത്തോളം സന്തോഷം ഉണ്ടാകും.’’–രവീന്ദർ ചന്ദ്രശേഖർ പറയുന്നു.

 

രവീന്ദറിനെ പരിചയപ്പെട്ട് തുടങ്ങിയ സമയം മുതൽ ശരീര ഭാരം എന്നത് മനസിലേ ഇല്ലായിരുന്നുവെന്ന് മഹാലക്ഷ്മി പറയുന്നു. ‘‘രവീന്ദര്‍ നിര്‍മിച്ച ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവിടെ വച്ചാണ് ഞങ്ങള്‍ ആദ്യമായി പരസ്പരം കണ്ടത്. അപ്പോള്‍ ഒന്നും യാതൊരു തര സ്പാര്‍ക്കും തോന്നിയിരുന്നില്ല. പിന്നീട് മെസേജ് അയച്ചു. അപ്പോഴും ഒന്നും ഉണ്ടായിരുന്നില്ല. പതിയെ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. ഒരുപാട് സംസാരിച്ച് കഴിഞ്ഞ്, കുറച്ചു നാളുകള്‍ക്ക് ശേഷമാണ്, രവി പ്രപ്പോസ് ചെയ്തത്. 

 

അദ്ദേഹത്തിന് ശരീര ഭാരത്തിന്റെ കാര്യത്തിൽ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. എനിക്കില്ലാത്ത ടെൻഷൻ നിങ്ങൾക്കെന്തിനാണെന്നായിരുന്നു ഞാൻ മറുപടിയായി പറഞ്ഞിരുന്നത്. വിദേശത്ത് പോയി തടി കുറച്ചുവരാം, കുറച്ച് നാൾ എനിക്ക് തരൂ..എന്നൊക്കെ എന്നോട് പറയുമായിരുന്നു. എങ്ങനെ ഇരുന്നാലും അദ്ദേഹത്തെ എനിക്കിഷ്ടമാണ്. ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം. അല്ലാതെ തടി കുറച്ച് സ്ലിം ആകണമെന്നൊന്നും എനിക്ക് ആഗ്രഹമില്ല.’’–മഹാലക്ഷ്മി പറഞ്ഞു.

 

‘‘തമിഴ്നാട്ടിൽ മഹാലക്ഷ്മിയെപ്പോലെ നിരവധി പെൺകുട്ടികളുണ്ട്. പക്ഷേ സമ്മതം മൂളാൻ ആൺകുട്ടികൾ തയാറല്ല എന്നതാണ് കഷ്ടം. ഇതുപോലുളള വിവാഹങ്ങളിൽ സ്ഥിരം കേൾക്കുന്ന കമന്റുകളുണ്ട്, ഇവൾ പൈസ നോക്കിയാണ് അയാളെ വിവാഹം കഴിച്ചത് എന്നൊക്കെ. പണത്തിനു വേണ്ടി വിവാഹം കഴിക്കുന്ന പെണ്ണാണെങ്കിൽ പോലും തനിക്കു ചേരുന്ന ഒരാളെയാകുമല്ലോ തിരഞ്ഞെടുക്കുക. ഇവിടെ പെൺകുട്ടികളെ ബ്രാൻഡ് ചെയ്യുകയാണ്.

 

ഞങ്ങളുടെ വിവാഹത്തിൽ പോലും, മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം എന്നായിരുന്നു പലരുടെയും തലക്കെട്ടുകൾ. എന്താണ് കൂടുതൽ വിൽക്കപ്പെടുക എന്നതു നോക്കിയാണ് ഇവർ ഇത് തിരഞ്ഞെടുക്കുന്നത്. ഇതുപോലെ നിരവധി ട്രോളുകളും തമ്പ് നെയ്‌ലുകളും ഞങ്ങൾ കണ്ടിരുന്നു. 

 

എന്റെ വയസ്സിനെക്കുറിച്ചും ട്രോൾ ഉണ്ടായിരുന്നു. 42, 51 എന്നൊക്കെയായിരുന്നു കണക്കുകൾ. ചെറിയ പെൺകുട്ടിയെ അടിച്ചുമാറ്റി വിവാഹം കഴിച്ചുവെന്നൊക്കെ കണ്ടു. ഞങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസമോ ഒന്നും അറിയില്ല. എനിക്ക് മുപ്പത്തിയെട്ടും, മഹാലക്ഷ്മിക്ക് മുപ്പത്തിയഞ്ചുമാണ് വയസ്സ്.. പിന്നീട് വന്നത് ബോഡി ഷെയ്മിങ് ട്രോൾ ആയിരുന്നു. അതിനെക്കുറിച്ച് ഒന്നും പറയാനില്ല.’’–രവീന്ദർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com