ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗോൾഡി’ന്റെ റിലീസ് കുറച്ചു കൂടി വൈകുമെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ആരാധകന്റെ കമന്റിന് മറുപടിയായി ഫെയ്സ്ബുക്കിലാണ് അൽഫോൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറച്ച് സംഗീതവും കുറച്ച് കളറിങ്ങുമടക്കമുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാകാനുണ്ടെന്നും ഇപ്പോൾ റിലീസ് തീയതി പറയാൻ കഴിയില്ലെന്നും അദ്ദേഹം കുറിച്ചു.
റിലീസ് ഡേറ്റ് എന്നാണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. അൽഫോൻസിന്റെ മറുപടി ഇങ്ങനെ: ‘കുറച്ചു കൂടി വർക്ക് തീരാനുണ്ട് ബ്രോ. കുറച്ച് കംപ്യൂട്ടർ ഗ്രാഫിക്സ്, കുറച്ച് മ്യൂസിക്, കുറച്ച് കളറിങ്, കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് തീരുമ്പോൾ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയറ്ററിൽനിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ അന്ന് വർക്ക് തീർന്നില്ല. വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചത്. റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്തതിൽ ക്ഷമിക്കണം.’
ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. ഏഴുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അൽഫോൻസ് പുത്രന്റെ ചിത്രം തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.