സ്ഫടികവും ബട്ടർഫ്ലൈസും ബൽറാമും; വില്യംസിന്റെ റിസ്കി ഷോട്ടുകൾ

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 58
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
willaims-mohanlal
ജെ. വില്യംസിനൊപ്പം മോഹൻലാല്‍, കലൂർ ഡെന്നിസ്
SHARE

‘‘ഞാൻ ഇന്നുവരെ ഒരുത്തന്റെ മുൻപിലും ചെന്ന് വർക്ക് ചോദിച്ചിട്ടില്ല. എന്റെ ആദ്യ സിനിമ തന്നെ എന്നെത്തേടി ഇങ്ങോട്ടു വന്നതാണ്. പിന്നെ ഞാൻ വഴക്കാളിയും അഹങ്കാരിയുമാണെന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. അതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. എനിക്കു ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യുന്നു. എല്ലാവരും അങ്ങനെ തന്നെയാണല്ലോ? എന്നോടു താൽപര്യമില്ലാത്തവർ എന്നെ വിളിക്കണ്ട. പക്ഷേ അവന്മാർക്ക് എന്നെ മസ്റ്റ് ആയിട്ടും വിളിക്കാതിരിക്കാനാവില്ല. അവന്മാര് വിചാരിക്കുന്ന തരത്തിലുള്ള റിസ്ക്കി ഷോട്ടെടുക്കണമെങ്കിൽ ഈ ഞാൻ തന്നെ വേണം. പിന്നെ എന്റെ ഡീലിംഗ്സിൽ ഡെന്നിസിന് എന്തെങ്കിലും ഇഷ്ടക്കേടു തോന്നിയിട്ടുണ്ടോ? അങ്ങനെ ഉണ്ടാകില്ലെന്ന് എനിക്കറിയാം.’’

ഞാൻ അതുകേട്ട് നിഷ്കളങ്ക ഭാവത്തിൽ ഒന്ന് ചിരിച്ചു. 

ഇങ്ങനെ എന്നോടു പറഞ്ഞത് മറ്റാരുമല്ല. മലയാള സിനിമയിൽ ക്യാമറ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ചിട്ടുള്ള, വെള്ളിത്തിരയിൽ വിസ്മയം പടർത്താനായി എന്തു സാഹസത്തിനും ഇറങ്ങിപ്പുറപ്പെട്ടിരുന്ന പ്രശസ്ത ഛായാഗ്രാഹകൻ ജെ. വില്യംസിന്റെ വാക്കുകളാണിത്. ഛായാഗ്രഹണ കലയില്‍ വില്യംസിനു മാത്രമേ അതിസാഹസികതയുള്ള അത്തരം ഷോട്ടെടുക്കാൻ കഴിയുകയുള്ളൂ എന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. മനോഹരമായ ഫ്രെയിമുകൾ ഒപ്പിയെടുക്കുന്ന പല ക്യാമറാമാന്മാരും നമുക്കുണ്ടെങ്കിലും വില്യംസിനു മാത്രമേ വളരെ റിസ്ക്കിയായ ഷോട്സുകളെടുക്കാനുള്ള ധൈര്യവും തന്റേടവും ഉണ്ടായിട്ടുള്ളൂ. അതിന്റെ ഒരു അഹങ്കാരവും താൻപ്രമാണിത്തവുമൊക്കെയാണ് വില്യംസിൽ കടന്നുകൂടിയതും. അതല്ലാതെ മറ്റൊരു ഭാഷ്യം കൂടി ആദ്യകാലം മുതലുള്ള വില്യംസിന്റെ അടുത്ത സുഹൃത്തുക്കളിൽനിന്നു ഞാൻ കേട്ടിട്ടുണ്ട്. 

പണ്ട് സിനിമാമോഹവുമായി നടന്നിരുന്ന കാലത്ത് പലരിൽ നിന്നുണ്ടായ അവഗണനയും തിരസ്കാരവും മനസ്സിൽ ഒരു നോവായി വളർന്നപ്പോഴുണ്ടായ കോംപ്ലക്സിൽ നിന്നാണ് വില്യംസിൽ ഈ അഹങ്കാരവും കൂസലില്ലായ്മയും ഒക്കെ കടന്നു കൂടിയത്.

സിനിമ ഒരു യന്ത്രവൽകൃതകലയായതു കൊണ്ട് പലരുടെയും മനസ്സും യന്ത്രമായി മാറിയപ്പോഴുണ്ടായിരുന്ന ശീലപ്രകൃതങ്ങളിൽ നിന്നാണ് വില്യംസിനെപ്പോലുള്ളവരിൽ ഈഗോയും കോംപ്ലക്സുമൊക്കെ വളരുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആരുടെ മുൻപിലും ചെറുതാവാൻ വില്യംസ് നിന്നുകൊടുക്കില്ല. തന്റെ രൂപവും ഭാവവും ഇഷ്ടപ്പെടാത്തതുകൊണ്ട് മനഃപൂർവം എല്ലാവരും ഇൻസൽറ്റ് ചെയ്യുകയാണെന്ന ഒരു തോന്നലിൽ നിന്നാണ് തേച്ചുമിനുക്കാത്ത വാക്കുകൾ ഉപയോഗിക്കുന്നതെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വില്യംസ് ഇതിനെക്കുറിച്ച് പറയാറുള്ള ഒരു വാചകവും അവർ കൂട്ടിച്ചേർത്തു: ‘‘വാക്കുകൾ കത്തി പോലെയാണ്, തമാശയ്ക്കു കുത്തിയാലും ദേഷ്യത്തിൽ കുത്തിയാലും മുറിയും.’’

ഇങ്ങനെയുള്ള സ്വഭാവവിശേഷവുമായി നടക്കുമ്പോൾ നിഷ്കളങ്കമായ ചില അബദ്ധങ്ങളിലും വില്യംസ് ചെന്ന് വീണിട്ടുണ്ട്. 

ഞാൻ സിനിമാ കഥാകാരനായി കടന്നു വന്ന 1978 കാലം. ഞാൻ ആദ്യമായി കഥ എഴുതിയ ‘അനുഭവങ്ങളേ നന്ദി’യുടെ ഡിസ്ക്കഷനു വേണ്ടി ഐ.വി. ശശിയെ കാണാൻ ഞാൻ മദ്രാസിൽ എത്തിയിരിക്കുകയാണ്. കൂടെ ആ ചിത്രത്തിന്റെ നിർമാണ ചുമതലയുള്ള എന്റെ സുഹൃത്തായ സി.സി. ആന്റണിയും ഉണ്ട്. അപ്പോൾ അവിടെ എന്റെയും ജോൺ പോളിന്റെയുമൊക്കെ ആദ്യകാല സുഹൃത്തും നിർമാതാവുമായ ഈരാളിയുടെ ‘ചുവന്ന ചിറകുകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. എൻ. ശങ്കരൻ നായരാണ് സംവിധായകൻ. സോമൻ, ജയൻ, ഹിന്ദി നടി ഷർമ്മിള ടാഗോർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഞങ്ങൾ നടത്തുന്ന ചിത്രപൗർണമിക്കുവേണ്ടി ഷർമിള ടാഗോറിന്റെ ഒരു ഇന്റർവ്യൂ എടുക്കണമെന്ന ആശ എനിക്കപ്പോൾ ഉണ്ടായി. ഈരാളിയുടെ പടമായതു കൊണ്ട് ഇന്റർവ്യൂ എളുപ്പത്തിൽ തരപ്പെടുത്താൻ സാധിക്കുമെന്നു എനിക്ക് തോന്നിയതുകൊണ്ട് ശശിയുമായുള്ള ഡിസ്കഷൻ കഴിഞ്ഞപ്പോൾ ഞാനും ആന്റണിയും കൂടി ഷൂട്ടിങ് നടക്കുന്ന ഈരാളിയുടെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു. 

carnival
കാർണിവൽ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്കും ബാബു ആന്റണിക്കുമൊപ്പം വില്യംസ്

അവിടെ ചെല്ലുമ്പോൾ നല്ലൊരു സീനാണ് എടുത്തുകൊണ്ടിരുന്നത്. ഷർമ്മിള ടാഗോറും കറുത്ത് മെലിഞ്ഞ് തമിഴ് നടനെപ്പോലെ ഇരിക്കുന്ന ഒരു ആർട്ടിസ്റ്റും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. ഷർമ്മിള ടാഗോർ ഇംഗ്ലിഷിലും നടൻ മലയാളവും തമിഴും കലർത്തിയ വാക്കുകളും കൊണ്ട് ഏറ്റുമുട്ടുകയാണ്. അയാൾ പറയുന്നതൊന്നും ഷർമ്മിളയ്ക്ക് മനസിലാകുന്നില്ല. നടൻ ദേഷ്യപ്പെട്ട് ചെടിച്ചട്ടിയെല്ലാം തല്ലിയുടച്ചുകൊണ്ട് പുറത്തേക്ക് പോകുന്നു. അപ്പോൾ ഈരാളി പുറത്തേക്ക് വന്ന് അയാളെ വിളിച്ചു.

‘‘എടാ നീ എന്താണ് കാണിക്കുന്നത്, മര്യാദയ്ക്ക് നീ വന്നു വർക്ക് ചെയ്യ്.’’ അതൊന്നും കേട്ട ഭാവം നടിക്കാതെ അയാൾ മുൻപോട്ടു തന്നെ നടന്നു. അത് ഷൂട്ടിങ്ങല്ല, ഷർമ്മിള ടാഗോറും അയാളും തമ്മിലുള്ള ഉടക്കാണെന്ന് പിന്നീടാണ് എനിക്കു മനസ്സിലായത്. പിണങ്ങിപ്പോയ ആൾ ക്യാമറാമാൻ വില്യംസ് ആണെന്ന് ഈരാളി പറഞ്ഞപ്പോഴാണ് ഞാനറിയുന്നതും.   

അല്പം കഴിഞ്ഞപ്പോൾ വില്യംസ് തിരിച്ചു വന്നിട്ട് ഈരാളിയോട് പറഞ്ഞു ‘‘നീ വിളിച്ചതുകൊണ്ടാണ് ഞാൻ വന്നത്. അല്ലെങ്കിൽ ഞാൻ വരില്ലായിരുന്നു’’. ഒന്നും അറിയാത്ത ഭാവത്തിൽ വില്യംസ് വീണ്ടും ഷൂട്ട് ചെയ്യാൻ തുടങ്ങി. ഷർമ്മിളയ്ക്ക് വില്യംസിനോട് വഴക്കുള്ളതായും തോന്നിയില്ല. ഷർമിള എന്തോ പറഞ്ഞതിലുള്ള ആശയക്കുഴപ്പമാണ് അവർ തമ്മിൽ ഉടക്കാനുണ്ടായ കാരണമെന്ന് ഈരാളി എന്നോട് പറഞ്ഞു. പിന്നെ ഷൂട്ടിങ് തീരുന്നതുവരെ ഷർമ്മിളയും വില്യംസും തമ്മിൽ നല്ല സൗഹാർദമായിരുന്നു. 

ഷൂട്ടിങ് പായ്ക്കപ്പായി ബോംബെയിലേക്ക് പോകാൻ നേരം ഷർമ്മിള ടാഗോർ ഈരാളിയോട് പറഞ്ഞ വാചകം ഇങ്ങനെയായിരുന്നു: ‘‘ആള് ഇങ്ങനെയൊക്കെ ആണെങ്കിലും വില്യംസ് വർക്കിൽ മിടുക്കനാണ്. ഇയാളെ എപ്പോഴും കൂടെ നിർത്തുന്നത് നല്ലതാ.’’

ഇങ്ങനെ വഴക്കും പ്രശ്നങ്ങളും ഒക്കെ ഉണ്ടാക്കുമെങ്കിലും തന്റെ ജോലിയിൽ വില്യംസ് ഒരു പുലിയാണെന്ന് ഈരാളി എന്നോടു പറയുകയും ചെയ്തു. 

ഇതിനിടയിൽ 1993 ൽ രസകരമായ ഒരു സംഭവം കൂടി ഉണ്ടായി. വില്യംസ് ഒരു ഫോറിൻ കാറ് വാങ്ങിയ സമയമാണ്. മദ്രാസിലെ സിനിമക്കാരുടെയിടയിൽ അന്ന് അങ്ങനെയുള്ള കാറൊന്നും എത്തിയിട്ടില്ല. കാണാൻ നല്ല ഭംഗിയുള്ള ഒരു ചുവന്ന സുന്ദരി കാറാണ്. ആരും കണ്ടാൽ ഒന്നു നോക്കിപ്പോകും. 

ആ കാറുമായി എന്തോ ആവശ്യത്തിനായി വില്യംസ് ഒരു ദിവസം മധുരയിൽ പോയി തിരിച്ചു വരുന്ന വഴി ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. കാർ ഹോട്ടലിന്റെ മുൻപിൽ ഒരു കാഴ്ചവസ്തു പോലെയിട്ടാണ് പോയിരിക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ സമയമായതുകൊണ്ട് ഹോട്ടലിൽ അല്‍പം തിരക്കുണ്ട്. ആ ഹോട്ടലിൽ സ്ഥലത്തെ ഒരു പ്രധാന ഗുണ്ട വന്നിരുന്ന് മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ഒരു സീറ്റിലാണ് വില്യംസ് ചെന്നിരുന്നത്. അതുകണ്ട് സപ്ലയർ ഓടി വന്ന് വില്യംസിനോട് പറഞ്ഞു. 

‘‘ഇന്ത സീറ്റിൽ ആളിരുക്ക് സാർ’’

സപ്ലയർ എന്താ പറഞ്ഞത് വില്യംസിന് പെട്ടെന്ന് മനസ്സിലായില്ല. 

‘‘ആളാ. വന്ത ആള് അന്ത സീറ്റിൽ ഇരിക്കട്ടെ’’.

‘‘ഇല്ല സാർ അന്ത ആള് ശീഘ്രം വരും’’. 

‘‘ആള് വരട്ടും. അപ്പോ എൻ ശാപ്പാട് മുടിയും’’ .

‘‘ഇല്ല സാർ ഇന്ത സീറ്റിൽ വേറെ ആരും ഇരിക്ക കൂടാത് സാർ’’ .

‘‘എന്താ ഇത് ചീഫ് മിനിസ്റ്റർ ജയലളിയുടെ സീറ്റ് ഒന്നും അല്ലല്ലോ’’ 

വില്യംസ് പരിഹാസ ചിരിയോടെ പറയുന്നത് കേട്ടപ്പോൾ സപ്ലയറുടെ മുഖത്ത് ടെൻഷൻ കൂടാൻ തുടങ്ങി. 

‘‘സാർ, ഇത് പെരിയ റൗഡി ഡിണ്ടിഗൽ വീരപാണ്ടിയുടെ സീറ്റാണ്. അന്ത ആൾ ദിനവും വന്ത് ശാപ്പിടുന്നത് ഇന്ത സീറ്റിലിരുന്നാണ്.’’

‘‘വീരപാണ്ഡ്യകട്ടബൊമ്മനൊന്നുമല്ലല്ലോ. നീ ടൈം കളയാതെ ശീഘ്രം ഒരു ഫിഷ് കറി മീൽസ് എടുത്ത് കൊണ്ടുവാ. ഒരു ചിക്കൻ ഫ്രൈയും ആയിക്കോട്ടെ, നല്ല പശി.’’

ഈ സമയം ഈ പറയുന്ന വീരപാണ്ടി അങ്ങോട്ടു കടന്നു വന്നു. വലിയ കപ്പടാ മീശയും മുഖത്തു വസൂരി കലയുമുള്ള, നല്ല കറുത്ത് കരിവീട്ടി പോലിരിക്കുന്ന വീരപാണ്ടിയെ കണ്ട് ഹോട്ടൽ ഉടമ പോലും ഭയഭക്തി ബഹുമാനത്തോടെ എഴുന്നേൽക്കുന്നതാണു വില്യംസ് കണ്ടത്. 

തുടർന്ന് അവിടെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വില്യംസ് എന്നോട് പറഞ്ഞതിന്റെ ഒരു ഏകദേശ രൂപം ഇങ്ങിനെയായിരുന്നു. 

vishnu-vijayam

റൗഡി വീരപാണ്ടി കയറിവരുന്നു. വില്യംസിനോട് സീറ്റിൽനിന്ന് ഒഴിഞ്ഞു മാറാൻ പറയുന്നു. വില്യംസ് മാറുന്നില്ല. വാക്കുതർക്കമായി. ഭീഷണിയായി. തുടർന്ന് വീരപാണ്ടി വില്യംസിനെ ക്രൂരമായി മർദിക്കുന്നു. വില്യംസും വിട്ടുകൊടുക്കാതെ തിരിച്ചടിക്കുന്നു. ശങ്കരാടി ഒരു സിനിമയിൽ പറയുന്നതു പോലെ ‘‘പൊട്ടന്റെ ഇടിക്ക് വല്ല ദാക്ഷിണ്യവുമുണ്ടോ’’ എന്ന മട്ടിലാണ് വില്യംസ് വീരപാണ്ടിയോട് പൊരുതിയത്. അവസാനം വില്യംസിന്റെ പ്രകടനം കണ്ട് റൗഡി വില്യംസിനെ അനുമോദിച്ച് കെട്ടിപ്പിടിച്ചെന്നാണ് വില്യംസ് പുരാണം. 

അത് ശരിയായിരിക്കാനാണ് സാധ്യത. വില്യംസ് അങ്ങനെയാണ്. എന്തിനോടും പെട്ടെന്നു കയറി പ്രതികരിക്കുന്ന സ്വഭാവക്കാരനാണ്. അതിന്റെ ഭവിഷ്യത്തുകളൊന്നും അയാൾ ആ സമയം ഓർക്കാറില്ല. 

1974 ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് കമലഹാസൻ നായകനായ ‘വിഷ്ണുവിജയം’ എന്ന ചിത്രത്തിലൂടെയാണ് വില്യംസ് സ്വതന്ത്ര ക്യാമറാമാനായി വരുന്നത്. ശങ്കരൻ നായരുടെ തന്നെ മദനോത്സവം, പൂജയ്ക്കെടുക്കാത്ത പൂവ്, തുലാവർഷം എന്നീ ചിത്രങ്ങളിലും വില്യംസ് തന്നെയാണ് ക്യാമറ ചലിപ്പിച്ചത്.

നീണ്ട മുപ്പതുവർഷക്കാലം പ്രശസ്ത ഛായാഗ്രാഹകനായിരുന്നെങ്കിലും അമ്പതോളം ചിത്രങ്ങൾക്കു മാത്രമേ വില്യംസിനു ക്യാമറ ചലിപ്പിക്കാനായുള്ളൂ. മിസ്റ്റർ മൈക്കിൾ, കാളിയമർദനം തുടങ്ങി പത്തോളം ചിത്രങ്ങളും വില്യംസ് സംവിധാനം ചെയ്തിട്ടുണ്ട്. സ്ഫടികം, കാർണിവൽ, ബട്ടർഫ്ലൈസ് എന്നീ ചിത്രങ്ങൾക്കു പിന്നിലും വില്യംസ് ആയിരുന്നു.

വില്യംസിന്റെ ക്യാമറാവര്‍ക്കു കണ്ടിട്ടാണ് ഞാൻ എഴുതിയ കൂടിക്കാഴ്ച, ഉപ്പുകണ്ടം ബ്രദേഴ്സ്, ജയിംസ്ബോണ്ട് തുടങ്ങിയ സിനിമകളിലേക്ക് കക്ഷിയെ വിളിക്കുന്നത്. ജയിംസ് ബോണ്ട് എന്ന ചിത്രത്തിൽ രണ്ടു വയസ്സു പ്രായമുള്ള കൊച്ചു കുഞ്ഞിനെ വച്ചുള്ള റിസ്കി ഷോട്ടുകൾ എടുക്കുന്നതു കണ്ട് ഞങ്ങൾ എല്ലാവരും ത്രില്ലടിച്ചു നിന്നു പോയിട്ടുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും വില്യംസിന് എന്നോട് വളരെ ഇഷ്ടമായിരുന്നു. ഞാൻ എന്ത് പറഞ്ഞാലും അങ്ങനെ കയറി ഉടക്കുകയൊന്നും ചെയ്തിട്ടില്ല.

ഇന്ന് വില്യംസ് നമ്മോടൊപ്പമില്ല. മരണത്തിന്റെ അനിവാര്യതയിലേക്ക് വില്യംസ് നടന്നു നീങ്ങിയിട്ടു നീണ്ട പതിനേഴ് വർഷങ്ങളാണ് ഓടി മറഞ്ഞിരിക്കുന്നത്. 

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}