ADVERTISEMENT

അധഃസ്ഥിത വർഗത്തിൽപ്പെട്ട സ്ത്രീകൾ അനുഭവിച്ചിരുന്ന ചൂഷണങ്ങൾക്കും ക്രൂരതയ്ക്കും എതിരെ പ്രതികരിച്ച് ഒടുവിൽ ജീവൻ തന്നെ വെടിയേണ്ടി വന്ന നങ്ങേലി സ്ത്രീകൾക്കാകെ പ്രചോദനമാണ്. നങ്ങേലി യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് അഭിപ്രായൈ‌ക്യമില്ലെങ്കിലും വിനയന്റെ ‘പത്തൊൻപതാം നൂറ്റാണ്ടി’ലെ നങ്ങേലി പ്രേക്ഷകർക്ക് ഉജ്വലമായ ഒരനുഭവമാണ്. നങ്ങേലിയെക്കുറിച്ചുള്ള സംവിധായകൻ വിനയന്റെ സങ്കൽപത്തെ പൂർണതയിലെത്തിക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്ന് സിനിമയിൽ നങ്ങേലിയായെത്തിയ കന്നഡ താരം കയാദു ലോഹർ പറയുന്നു. ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദു അതിശക്തയായ നങ്ങേലിയായി മാറുന്ന വിസ്മയക്കാഴ്ചയാണ് ‘പത്തൊൻപതാം നൂറ്റാണ്ടി’ൽ കണ്ടത്. ധാരാളം പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത വിനയന്റെ ഈ കണ്ടെത്തലും തെറ്റിയില്ല. ‘പത്തൊൻപത്താം നൂറ്റാണ്ടി’ന്റെ സെറ്റ് തനിക്കൊരു പരിശീലനക്കളരി ആയിരുന്നുവെന്ന് കയാദു ലോഹർ പറയുന്നു. മലയാളികളുടെ സ്നേഹം കണ്ടു മനസ്സ് നിറഞ്ഞെന്നും കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കയാദു മനോരമ ഓൺലൈനിനോട് പറഞ്ഞു.

ആദ്യത്തെ മലയാളം സിനിമയിൽ ആരും കൊതിക്കുന്ന കഥാപാത്രം

ഞാൻ കേരളത്തിൽ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു ദിവസം ചുറ്റുമുള്ളവർ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നതേ ഇല്ലായിരുന്നു. അതു കേൾക്കുമ്പോൾ തല വട്ടം ചുറ്റുന്നതുപോലെ തോന്നും. മലയാളം എനിക്ക് ശരിക്കും അപരിചിതമായ ഒരു ഭാഷയാണ്. എനിക്ക് തോന്നുന്നത് ഏറ്റവും കഠിനമായ ഭാഷകളിൽ ഒന്നാണ് മലയാളം എന്നാണ്. ‘പത്തൊൻപതാം നൂറ്റാണ്ട്’ ഒരു പീരിയോഡിക് സിനിമയാണ്. എനിക്ക് അത്തരം സിനിമയോ കഥാപാത്രമോ ചെയ്തു പരിചയമില്ല. വിനയൻ സർ ഞങ്ങൾക്ക് 15 ദിവസത്തെ വർക്‌ഷോപ്പ് തന്നു. അതിനു ശേഷമാണ് എനിക്ക് കഥാപാത്രവും ഭാഷയും മനസ്സിലായിത്തുടങ്ങിയത്. ആ വർക്‌ഷോപ്പ് എനിക്ക് ഒരു പഠന യാത്രയായിരുന്നു. ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും അനുഭവപരിചയമുള്ളവരാണ്. ഒരു പുതുമുഖമായ എനിക്ക് ഈ സിനിമയുടെ സെറ്റിൽനിന്ന് ഒരുപാട് പഠിക്കാൻ അവസരം ലഭിച്ചു. കലാകാരിയായിട്ടുള്ള എന്റെ യാത്രയിൽ ഈ അനുഭവങ്ങൾ ഒരു മുതൽക്കൂട്ടായിരിക്കും.

kayadu-lohar-3

ഷൂട്ടിങ് ആയപ്പോഴേക്കും എല്ലാ ഡയലോഗുകളുടെയും അർഥം ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു. ഡയലോഗ് മനസ്സിലാക്കി പറഞ്ഞില്ലെങ്കിൽ ആ കഥാപാത്രത്തിന്റെ ആത്മാവ് ഉൾക്കൊണ്ട് അഭിനയിക്കാൻ കഴിയില്ല. ഞാൻ സ്ക്രിപ്റ്റ് വായിച്ചു സംഭാഷണങ്ങൾ മംഗ്ലീഷിൽ എഴുതിയെടുക്കും പിന്നീട് അവ ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ കന്നഡയിലേക്കോ വിവർത്തനം ചെയ്യും. അതുകൊണ്ടുതന്നെ ഞാൻ എന്താണു പറയാൻ പോകുന്നതെന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് എന്നെക്കാണാൻ ഒരു മലയാളി പെൺകുട്ടിയെപ്പോലെ ഉണ്ടെന്നാണ്. മലയാളികൾ പറയുന്നതുപോലെ ഡയലോഗുകൾക്ക് ചുണ്ടനക്കിയെന്നും കമന്റുകൾ ലഭിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങൾ കേൾക്കുന്നത് സന്തോഷം തന്നെയാണ്. ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് നങ്ങേലി. എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിത്.

സഹതാരങ്ങളുടെ പിന്തുണ

ഒരു മലയാളിയല്ലാത്ത, തുടക്കക്കാരിയായ എനിക്ക് ‘പത്തൊൻപതാം നൂറ്റാണ്ടി’ന്റെ സെറ്റിൽ വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. സിജു വിൽസൻ എന്നെ വളരെയധികം പിന്തുണച്ചിരുന്നു. ഡയലോഗ് പറയുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ശരിയാക്കിത്തരാൻ ഒപ്പമുണ്ടായിരുന്ന എല്ലവരും തയാറായിരുന്നു. ഡയലോഗ് ഞാൻ നന്നായി പഠിച്ചിരുന്നു. അതുകൊണ്ട് ഡയലോഗുകൾ മറന്നുപോയ സന്ദർഭങ്ങളൊന്നുമില്ല. മലയാളി താരങ്ങളോടൊപ്പം അഭിനയിക്കുന്നത് രസകരമായിരുന്നു. എന്തു സംശയവും ക്ലിയർ ചെയ്തു തരാൻ വിനയൻ സാർ എപ്പോഴും തയാറായിരുന്നു. വിഷ്ണു വിനയ്, സെന്തിൽ, രേണു, സുദേവ്, ഇന്ദ്രൻസേട്ടൻ, തുടങ്ങി എല്ലാവരും തന്നെ വളരെ നല്ല പിന്തുണ തന്നു. ഒരു ആക്‌ഷൻ മൂവി ആയതിനാൽ ഞങ്ങൾക്ക് സെറ്റിൽ ചർച്ച ചെയ്യാൻ പരുക്കിന്റെ കഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എപ്പോഴും ആരെങ്കിലും മുടന്തുകയോ കാലിനോ കൈക്കോ മുറിവ് പറ്റുകയോ ഒക്കെയുണ്ടായിരുന്നു. വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. ഞങ്ങൾ ഇതൊക്കെയായിരുന്നു ചർച്ച ചെയ്തുകൊണ്ടിരുന്നത്. 100-200 ജൂനിയർ ആർട്ടിസ്റ്റുകൾ സെറ്റിൽ ഉണ്ടായിരുന്നു. ഭാഷാ തടസ്സം കാരണം ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടായിരുന്നു, പക്ഷേ എല്ലാവരും എന്നോട് ശരിക്കും സഹകരിച്ചു. എന്നെ മലയാളം പഠിപ്പിക്കുകയും അതിലുണ്ടാകുന്ന തമാശ പറഞ്ഞു ചിരിക്കുകയും അങ്ങനെ നല്ല രസമുള്ള സെറ്റായിരുന്നു അത്.

kayadu-lohar-24

ഞാൻ ഒരു പകുതി നങ്ങേലി

ഒരു സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനുണ്ട് എന്നുപറഞ്ഞ് വിനയൻ സാറിന്റെ ഒരു കോൾ വന്നു, അദ്ദേഹം പറഞ്ഞത്, ഓഡിഷൻ ഉണ്ട്, കുട്ടി ഇങ്ങോട്ടു വരൂ എന്നാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഒരേടാണ് ഈ സിനിമ എന്ന് ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്. പീരിയോഡിക് സിനിമയോ കഥാപാത്രമോ ചെയ്തു പരിചയമില്ലാത്തതുകൊണ്ട് എനിക്കിത് ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. മാത്രമല്ല അഭിനയത്തിൽ എനിക്ക് പരിചയവും കുറവാണ്. പക്ഷേ നങ്ങേലിയുടെ കഥ കേട്ടപ്പോൾ ഞാൻ ഇൻസ്പയേഡ് ആയി. നങ്ങേലിയിൽ എന്നെ ആകർഷിച്ചത് അവൾ എത്ര ശക്തയും ധൈര്യമുള്ളവളുമാണ് എന്നതാണ്. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും തുറന്നു പറയാൻ മടിയില്ലാത്തവൾ, മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു ഭയവുമില്ല. ജാതിപരമായ അടിച്ചമർത്തലുകളും സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റവും സഹിക്കാൻ കഴിയാതെ പ്രതികരിച്ച് ഒടുവിൽ ജീവൻ വെടിയുന്ന നങ്ങേലിയിൽ ഞാൻ എന്നെത്തന്നെയാണ് കണ്ടത്. ‌

ഒരാൾ മറ്റൊരാളോട് അനീതി കാണിച്ചാൽ അത് ഞാൻ സഹിക്കില്ല. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണവും ഒന്നും കണ്ടുനിൽക്കാൻ എനിക്കാകില്ല. വളരെയെളുപ്പം പ്രതികരിക്കുന്ന സ്വഭാവമാണ് എനിക്ക്. എന്റെ അഭിപ്രായം എവിടെയും തുറന്നു പറയാൻ മടിക്കാറില്ല. അങ്ങനെയുള്ള എനിക്ക് നങ്ങേലിയുമായി എളുപ്പം കണക്റ്റ് ചെയ്യാൻ കഴിഞ്ഞു. പിന്നീടു നങ്ങേലിയെക്കുറിച്ച് ഞാൻ ഒരുപാട് വായിച്ചു. നങ്ങേലി മലയാളികളുടെ മനസ്സിൽ എത്രമാത്രം ആഴത്തിൽ സ്പർശിച്ചിരുന്നു എന്നൊക്കെ ഞാൻ വായിച്ചറിഞ്ഞു. കൂടുതൽ പറഞ്ഞു തരാൻ വിനയൻ സർ ഉണ്ടായിരുന്നു. കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. നങ്ങേലി ഒരു സത്യമാണോ അതോ വെറും ഭാവനാസൃഷ്ടിയാണോ എന്നൊക്കെയുള്ള ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. പക്ഷേ ഞാൻ നങ്ങേലിയെന്ന വിനയൻ സാറിന്റെ കഥാപാത്രമായി മാറാനാണ് ആഗ്രഹിച്ചത്. സ്വന്തം സിനിമയെക്കുറിച്ച് അദ്ദേഹത്തിനുള്ള സ്വപ്നം പൂർത്തിയാക്കുകയായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ട് നങ്ങേലിയുടെ ചരിത്രത്തിലേക്ക് ഞാൻ ആഴത്തിൽ പോയിട്ടില്ല. വിനയൻ സാറിന്റെ തിരക്കഥയും കാഴ്ചപ്പാടും അനുസരിച്ച് അഭിനയിക്കുകയായിരുന്നു. എന്റെ കഴിവിന്റെ നൂറുശതമാനവും കഥാപാത്രത്തോട് ആത്മാർഥത പുലർത്താൻ ഞാൻ ശ്രമിച്ചു. നങ്ങേലിയായി അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്, വിനയൻ സാറിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കും.

നങ്ങേലിയാകാനുള്ള തയാറെടുപ്പുകൾ

നങ്ങേലി നല്ല മെയ്‌വഴക്കവും ആയോധന കലകൾ വശമുളളതുമായ കഥാപാത്രമാണ്. അതുകൊണ്ട് ആ കഥാപാത്രമായി മാറാൻ ഒരുപാട് പരിശീലനം വേണ്ടിവന്നു. സിനിമയ്ക്കു വേണ്ടി ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചു. അതിൽ കളരിയായിരുന്നു ശരിക്കും ബുദ്ധിമുട്ടുള്ളത്. കളരിയിൽ നമ്മുടെ മെയ്‌വഴക്കമാണ് പ്രധാനം. അതോടൊപ്പം തന്നെ മനസ്സിന്റെ ഏകാഗ്രതയും വേണം. കളരി പഠിച്ചു കഴിയുമ്പോഴേക്കും നമ്മൾ മാനസികമായി ശക്തരാകും. പതിനഞ്ച് ദിവസത്തെ വർക്ക്ഷോപ് കളരിയിൽ ഉണ്ടായിരുന്നു. സിനിമയിൽ ഞാൻ കുതിര സവാരി ചെയ്തില്ലെങ്കിലും കുതിര സവാരിയും പഠിച്ചു. സാഹസികത ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ, അതുകൊണ്ട് ഇത്തരം കാര്യങ്ങളൊക്കെ പഠിക്കുന്നത് വലിയ ഇഷ്ടമാണ്. സിനിമയിൽ വരുമ്പോൾ ഞാൻ കരുതിയത് സുന്ദരിയായ ബബ്ലി ഗേൾ വേഷങ്ങൾ മാത്രമേ എനിക്ക് ലഭിക്കൂ എന്നാണ്. എന്നാൽ ഏതൊരു താരവും കൊതിക്കുന്ന വേഷമാണ് വിനയൻ സർ എനിക്ക് തന്നത്. അതുകൊണ്ട് അതിനോട് നൂറുശതമാനം കൂറ് പുലർത്താൻ എന്തു പഠിക്കാനും ഞാൻ ഒരുക്കമായിരുന്നു. ഒരുപാട് ശാരീരികാധ്വാനമുള്ള ശക്തയായ ഒരു കഥാപാത്രം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെ ആസ്വദിച്ചാണ് ഞാൻ നങ്ങേലിയായി അഭിനയിച്ചത്.

സിനിമയിൽ ഞാനൊരു പുതുമുഖം

ഞാൻ ആദ്യമായി അഭിനയിച്ചത് ‘മുകിൽ പെട്ടേ’ എന്ന കന്നഡ ചിത്രത്തിലാണ്. 'പത്തൊൻപതാം നൂറ്റാണ്ട്' രണ്ടാമത്തെ സിനിമയാണ്. ഒരു തെലുങ്കു ചിത്രം കൂടി ചെയ്തിട്ടുണ്ട്. അത് സെപ്റ്റംബർ 23ന് റിലീസ് ചെയ്യും. ഒരു പുതിയ പെൺകുട്ടി എന്ന നിലയിൽ ഞാൻ ഓരോ സിനിമയിൽനിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കുകയാണ്. ചെയ്യുന്ന ഓരോ സിനിമയും ഒരു സ്റ്റഡി ക്ലാസ് പോലെയാണ്. മലയാള സിനിമയിൽനിന്ന് ഒരുപാട് നല്ല അനുഭവങ്ങൾ കിട്ടി. ഇനിയും നല്ല വേഷങ്ങൾ തേടിയെത്തുമെന്നുള്ള പ്രതീക്ഷയിലാണ്.

സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പ്രതികരണം

എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം ഈ സിനിമ കണ്ട് ത്രില്ലിലാണ്. സിനിമ അവർക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു. ആർആർആർ അല്ലെങ്കിൽ കെജിഎഫ് പോലെയൊരു സിനിമയാണ് ഇത് എന്നാണ് അവർ പറയുന്നത്. ഹിന്ദിയിൽ റീമേയ്ക്ക് ചെയ്‌താൽ അതൊരു ബ്ലാസ്റ്റായിരിക്കും എന്നൊക്കെയാണ് അവരുടെ പ്രതികരണം. സിനിമയുടെ പ്രമോഷനുവേണ്ടി ഞാൻ ഇപ്പോഴും കേരളത്തിൽത്തന്നെയാണ്. ഞാൻ തിരിച്ചെത്തിയിട്ട് എന്റെ ഒപ്പം സിനിമ കാണാൻ കാത്തിരിക്കുകയാണ് കുടുംബം. നാട്ടിലേക്ക് പോകാൻ അവസരം വരുമ്പോൾ ഞാൻ പോയി കുടുംബത്തോടൊപ്പം ‘പത്തൊൻപതാം നൂറ്റാണ്ട്’ വീണ്ടും കാണും.

മലയാളത്തിൽ നിന്നുള്ള പ്രതികരണം അമ്പരപ്പിക്കുന്നത്

ഞങ്ങൾ തിയറ്ററിൽ വിസിറ്റിനു പോകുമ്പോൾ സിനിമ കാണാൻ വരുന്നവർ എല്ലാം സ്നേഹം കൊണ്ട് പൊതിയുകയാണ്. എനിക്കിതൊക്കെ പുതിയ അനുഭവമാണ്. ക്ലൈമാക്സ് സീൻ വളരെ ത്രില്ലിങ് ആണെന്നാണ് എല്ലാവരും പറയുന്നത്. ക്ലൈമാക്സ് കണ്ട് കരഞ്ഞുപോയി എന്ന് പറയുന്നവരുണ്ട്. ക്ലൈമാക്‌സ് കണ്ടപ്പോൾ എനിക്കും എന്തെന്നറിയാത്ത അനുഭവമായിരുന്നു. ഏറെ ശക്തനായ, ആക്‌ഷൻ രംഗങ്ങളെല്ലാം അനായാസമായി ചെയ്യുന്ന ഒരു ഹീറോ ആയതുപോലെയാണ് തോന്നിയത്. ത്രില്ലടിപ്പിക്കുന്ന ഡയലോഗുകളും ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ എന്റെയും കണ്ണ് നനഞ്ഞു. പ്രേക്ഷകർക്കൊപ്പമിരുന്നു സിനിമ കാണുന്നത് വളരെ നല്ല അനുഭവമാണ്. എല്ലാവരും കയ്യടിക്കുന്നതും വിസിലടിക്കുന്നതുമൊക്കെ കാണാം. ആളുകൾ എനിക്ക് നൽകുന്ന സ്നേഹം കണ്ട് മനസ്സ് നിറയുന്നുണ്ട്. അവർ എന്നെ നങ്ങേലിയായി തിരിച്ചറിയുന്നു, എന്നെ നങ്ങേലി എന്ന് വിളിക്കുന്നു.

നമ്മൾ ചെയ്യുന്ന കഥാപാത്രമായി നമ്മളെ തിരിച്ചറിയുന്നതാണ് ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. ഇതിൽ കൂടുതൽ എന്താണ് എനിക്ക് വേണ്ടത്. എന്റെ മുഖത്ത് ധാരാളം മുഖക്കുരു വരുമ്പോൾ സിജു കളിയാക്കി പറയാറുണ്ട് മലയാളത്തിലെ പയ്യന്മാരെല്ലാം ഇപ്പോൾ നിന്റെ ആരാധകരാണ്, അതാണ് നിനക്ക് മുഖക്കുരു വരുന്നത് എന്ന്. എല്ലാവരുടെയും പ്രതികരണം എനിക്ക് സന്തോഷം തരുന്നു. മലയാളികൾ എന്നെയും നങ്ങേലിയെയും ഏറ്റെടുത്തതിൽ ഒരുപാടു നന്ദിയുണ്ട്. മലയാളമാണ് എനിക്ക് പറ്റിയ ഇൻഡസ്ട്രി എന്നാണു തോന്നുന്നത്. കൂടുതൽ മലയാള ചിത്രങ്ങൾ എന്നെത്തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com