ADVERTISEMENT

തിയറ്ററിലെ വിജയത്തിനു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും തല്ലുമാല സിനിമയ്ക്ക് ആരാധകർ കൂടുകയാണ്. ഒടിടിയിൽ ചിത്രം മൊഴിമാറ്റി തെലുങ്കിലും തമിഴിലുമൊക്കെ പുറത്തിറങ്ങിയതോടെ അന്യഭാഷ പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും വലിയ സ്റ്റണ്ട് രംഗങ്ങളിലൊന്നായ തിയറ്ററിനുള്ളില്‍ വച്ചുള്ള ഫൈറ്റ് രംഗത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നു.‌‌

 

dhanraj-theatre

കണ്ണൂരുള്ള ധൻരാജ് തിയറ്ററിൽ വച്ചാണ് ഈ ഫൈറ്റ് രംഗം ചിത്രീകരിച്ചത്. സുപ്രീം സുന്ദറിന്റെ നേതൃത്വത്തിലുള്ള സ്റ്റണ്ട് ആർട്ടിസ്റ്റുകളാണ് ഇതിനു പിന്നിൽ. ജീവൻ പണയം വച്ചാണ് ടൊവിനോ അടക്കമുള്ള താരങ്ങൾ സിനിമയിലെ ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് മേക്കിങ് വിഡിയോ കാണുമ്പോൾ വ്യക്തമാകും.

 

സിനിമയിലെ ഫൈറ്റ് രംഗങ്ങളെക്കുറിച്ച് സുപ്രീം സുന്ദർ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ചുവടെ:

 

‘‘ഇരുനൂറോളം ആളുകൾ വേണ്ടിവന്ന ഒരു തിയറ്റർ അടി ഉണ്ടായിരുന്നു. അവരെ ഞാൻ ചെന്നൈയിൽനിന്നാണ് കൊണ്ടുവന്നത്. പക്ഷേ 200 ആളുകളെ ഈ ഫൈറ്റിനു വേണ്ടി കൊണ്ടുവരുന്നതിന് ഒരുപാട് പണച്ചെലവില്ലേ എന്ന് നിർമാതാവ് ആഷിഖിന് ചെറിയ സംശയമുണ്ടായിരുന്നു. ‘‘സർ, അങ്ങനെ ചെയ്‌താൽ പടം നന്നായി വരും, സർ പേടിക്കണ്ട, ഇത് തിയറ്ററിൽ വരുമ്പോൾ സൂപ്പർ ആയിരിക്കും’’ എന്ന് പറഞ്ഞു. ഇതുപോലെ ഒരു പടത്തിന് വേണ്ടി സംവിധായകനെയും സ്റ്റണ്ട് മാസ്റ്ററെയും വിശ്വസിച്ച് പണം മുടക്കിയ നിർമാതാവിന് എന്റെ നന്ദി. ഞങ്ങളെ വിശ്വസിച്ച് കൂടെ നിന്ന ഈ നിർമാതാവില്ലെങ്കിൽ ഇത്തരമൊരു റിസൾട്ട് ഈ പടത്തിന് കിട്ടില്ലായിരുന്നു. എന്തു ചെയ്യാനും റെഡിയാണ്, പടം നന്നായാൽ മാത്രം മതി എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പ്രൊഡ്യൂസറിന്റെ പിന്തുണയില്ലാതെ ഒരു പടം സ്വാതന്ത്ര്യത്തോടെ ചെയ്യാൻ പറ്റില്ല. ഈ സിനിമയ്ക്ക് വേണ്ടി 48 ദിവസമാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്. 

 

തിയറ്റർ ഫൈറ്റിനു വേണ്ടി കണ്ണൂരുള്ള ഒരു തിയറ്റർ തന്നെയാണ് വാടകയ്ക്ക് എടുത്തത്. കോവിഡ് കാരണം അടഞ്ഞു കിടന്ന തിയറ്ററാണ്. കസേരകളും മറ്റ് ഉപകരണങ്ങളുമെല്ലാം ഒറിജിനലായിരുന്നു. ഫൈറ്റ് ഷൂട്ട് കഴിഞ്ഞപ്പോഴേക്കും തിയറ്ററിലെ സകല സാധനങ്ങളും നശിച്ചുപോയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ആഷിഖ് ഉസ്മാൻ ആ തിയറ്റർ പഴയതുപോലെ ആക്കിക്കൊടുത്തു. കല്യാണപ്പന്തലിലെ അടി ചെയ്യാൻ ഒരു മണ്ഡപം വാടകയ്ക്ക് എടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഒരു ദിവസം പത്തു ലക്ഷമാണ് അവർ വാടക ചോദിച്ചത്. ഞങ്ങൾക്ക് 15 ദിവസത്തെ വർക്ക് ഉണ്ടായിരുന്നു. അവിടെ ഒന്നും ഡാമേജ് വരാൻ പാടില്ല തുടങ്ങിയ നിരവധി നിബന്ധനകൾ ഉണ്ടായിരുന്നു. ആഷിഖ് ചോദിച്ചു, ‘‘ഇതെല്ലാം എന്താണ് മാസ്റ്റർ, ഇത്രയും പണവും കൊടുക്കണം ഒന്നും തൊടാനും പാടില്ല, പിന്നെ എങ്ങനെ നമ്മൾ ഇവിടെ ഷൂട്ട് ചെയ്യും’’ എന്ന്. ഞാൻ പറഞ്ഞു നമുക്ക് സെറ്റിട്ട് ഷൂട്ട് ചെയ്യാം. അങ്ങനെ സെറ്റിട്ട് അറുപത് ആളുകളെ കൊണ്ടുവന്നാണ് കല്യാണ അടി ഷൂട്ട് ചെയ്തത്. പടം നന്നായി വരാൻ പണം എത്ര ചെലവഴിക്കാനും അദ്ദേഹത്തിന് മടിയില്ല. വളരെ ആസ്വദിച്ചാണ് ഓരോ ദിവസത്തെയും ഫൈറ്റ് ഷൂട്ട് ഞങ്ങൾ ചെയ്തത്. പടം തീരുന്നതുവരെ ഞാനും എന്റെ ടീമും കേരളത്തിൽത്തന്നെ തങ്ങി.

 

ഫൈറ്റുകൾ കൂടുതലും ബോൾട്ട് ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്. മലയാളത്തിൽ ആദ്യമായി ട്രാൻസ് എന്ന ചിത്രത്തിന് വേണ്ടിയാണു ബോൾട്ട് ക്യാമറ ഉപയോഗിച്ചത്, അതിനു ശേഷം മമ്മൂട്ടി സാറിന്റെ ഭീഷ്മപർവം എന്ന ചിത്രത്തിലും ഈ ക്യാമറ ഉപയോഗിച്ചു. ട്രാൻസിനു രണ്ടു ദിവസവും ഭീഷ്മപർവത്തിന് 7 ദിവസവും തല്ലുമാലയ്ക്ക് 20 ദിവസവും ബോൾട്ട് ക്യാമറ ഉപയോഗിച്ചു. ഒരു ദിവസം രണ്ടരലക്ഷം രൂപയാണ് ഈ ക്യാമറയുടെ വാടക. അതിന്റെ ഓപ്പറേറ്റർ, ബാറ്റ ഉൾപ്പടെ നാലു ലക്ഷം രൂപ ചെലവു വരും. ഇതുപോലെ വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന ക്യാമറ, ഹെലി ക്യാം, റോപ് ക്യാം, ഗിമ്പൽസ് തുടങ്ങി ഏത് അത്യാധുനിക ഉപകരണം വേണമെങ്കിലും പടത്തിനായി കൊണ്ടുവരാൻ ആഷിഖ് ഉസ്മാൻ റെഡിയായിരുന്നു. എത്ര ചെലവു വന്നാലും കുഴപ്പമില്ല പടം നന്നായാൽ മതി എന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. പടം വിജയിച്ചെങ്കിൽ അതിന്റെ ക്രെഡിറ്റ് നിർമാതാവിന് തന്നെയാണ്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com