സാജൻ അഞ്ചൽ എന്ന ചക്കരയുമ്മ സാജൻ

HIGHLIGHTS
  • സിനിമയിലെ കാണാക്കാഴ്ചകൾ : 59
  • തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് എഴുതുന്ന കോളം
sajan-anchal
സാജൻ അഞ്ചൽ, കലൂർ ഡെന്നിസ്
SHARE

ചില സമയങ്ങളിൽ എന്റെ സിനിമാ ജീവിതത്തിന്റെ സഞ്ചാരവഴികളിലൂടെ ഞാൻ അറിയാതെ എന്റെ ഓർമകൾ പതുക്കെ ഇറങ്ങി അങ്ങനെ നടക്കാറുണ്ട്. ആ യാത്രയിൽ, ഞാൻ കണ്ടുമുട്ടിയ ഒത്തിരി സിനിമാ മുഖങ്ങളിൽ പലരും തെളിഞ്ഞും മറഞ്ഞും എന്റെ മനോമുകുരത്തിലെ സന്ദർശകരാകാറുണ്ട്. എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചവർ തുടങ്ങി കാര്യസാധ്യത്തിനായി ഒരു രസായന ഔഷധമായി കണ്ട്, വാടക വീടുപോലെ, പുതിയ വീട്ടുകാർ വരുമ്പോൾ പഴയ താമസക്കാരെ ഇറക്കിവിടുന്ന ലാഘവത്തോടെ നമ്മളെ വിട്ടിട്ടു പോകുന്നവർ വരെ ഇടയ്ക്കിടയ്ക്ക് എന്റെ ഓര്‍മകളിലേക്ക് കടന്നു വരാറുണ്ട്. അവരെക്കുറിച്ചൊക്കെ പറയാൻ ഏറെയുണ്ടെങ്കിലും മൗനമാണ് നല്ലത്. അതാകുമ്പോൾ ആർക്കും ഒരു പരാതിയും പിണക്കവുമൊന്നും ഉണ്ടാവില്ലല്ലോ എന്നോർത്ത് ഞാൻ സ്വയം മൗനിയായി മാറും. അവരിൽ അരനൂറ്റാണ്ട് കാലം കഴിഞ്ഞാലും എന്റെ ഉള്ളിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ തെളിഞ്ഞു വരുന്ന അപൂർവം ചില നല്ല മനസ്സുകളും ഉണ്ട്. അവരിൽ ഒരാളെക്കുറിച്ചാണ് ഞാനിവിടെ കുറിക്കുന്നത്.

1980 കാലഘട്ടത്തിൽ മലയാളത്തിൽ ഒത്തിരി വിജയചിത്രങ്ങൾ ഒരുക്കിയ സംവിധായക പ്രതിഭ സാജൻ അഞ്ചൽ എന്ന ചക്കരയുമ്മ സാജനിലേക്കാണ് ഇക്കുറി എന്റെ അക്ഷരക്കൂട്ടുകൾ കടന്നുവരുന്നത്. 1979 ൽ ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി രംഗത്തു വന്നെങ്കിലും സാജൻ ഏറെ ശ്രദ്ധിക്കപ്പെട്ടത് 1984 ൽ പുറത്തു വന്ന ചക്കരയുമ്മയിലൂടെയാണ്. ആ ചിത്രത്തിന്റെ വൻ വിജയത്തോടെയാണ് ‘ചക്കരയുമ്മ സാജൻ’ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഞാനായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത്. എസ്.എൻ. സ്വാമിയുടേതായിരുന്നു കഥ. ഈ ചിത്രത്തിന്റെ നിർമാതാവായ സാഗാ അപ്പച്ചന്റെ നാലാമത്തെ ചിത്രമായിരുന്നിത്. ഭരതന്റെ ചാമരവും ഞാനും ജോഷിയും കൂടി ചെയ്ത രക്തവും കർത്തവ്യവും കഴിഞ്ഞാണ്, അപ്പച്ചൻ ചക്കരയുമ്മയുമായി വരുന്നത്. ചാമരവും രക്തവും കർത്തവ്യവുമെല്ലാം ഹിറ്റുകളായി മാറിയതോടെയാണ് അപ്പച്ചൻ പുതിയ ഒരു സംവിധായകനെ വച്ച് സിനിമ എടുക്കാമെന്ന ഒരു തീരുമാനത്തിലേക്ക് വരുന്നത്.

ഒരു ദിവസം അപ്പച്ചൻ എന്നെ വിളിക്കുന്നു.

‘‘നമ്മുടെ അടുത്ത പടം ഒരു പുതിയ സംവിധായകനെക്കൊണ്ട് ചെയ്യിച്ചാലോ? സാജൻ അഞ്ചൽ, ‘ഇഷ്ടപ്രാണേശ്വരി’ എന്നൊരു ചിത്രം മാത്രമേ അയാൾ ചെയ്തിട്ടുളളൂ. അതത്ര വിജയമായില്ല. ഡെന്നി എന്തു പറയുന്നു?’’

കേട്ടപ്പോൾ പെട്ടെന്ന് എനിക്കൊരു മറുപടി പറയാനായില്ല. പിന്നെ സാജനെക്കുറിച്ച് എനിക്കത്ര അറിവുമില്ല. അപ്പച്ചൻ ഒന്നും കാണാതെ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്ന ആളമല്ല. സംവിധായകനാകാൻ വരുന്ന ആളുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും സ്വഭാവവുമൊക്കെ നോക്കി ബോധ്യപ്പെട്ടാൽ മാത്രമേ നറുക്ക് വീഴുകയുള്ളൂ. അങ്ങനെ സിനിമ എടുക്കുന്നതുകൊണ്ടാണ് മറ്റു നിർമാതാക്കളിൽനിന്ന് അപ്പച്ചൻ വ്യത്യസ്തനാകുന്നത്. അതുകൊണ്ടായിരിക്കാം അപ്പച്ചൻ ചെയ്ത യോദ്ധയും, പഞ്ചാബി ഹൗസുമടക്കം പതിനെട്ടു ചിത്രങ്ങളും വിജയത്തേരിലേറിയത്.

സാജൻ ചക്കരയുമ്മയിലേക്ക് വരുന്നതിന് മുൻപ് 1982 ൽ ഞാൻ കക്ഷിയെ കണ്ടിട്ടുണ്ട്. ഗീതാ വീക്കിലിയുടെ പത്രാധിപരായിരുന്ന ഷെരിഫ് കൊട്ടാരക്കരയുമൊത്ത് ഞങ്ങളുടെ ഓഫിസിൽ വന്നപ്പോഴാണ് ഞാൻ സാജനെ ആദ്യമായി കാണുന്നത്. സാജൻ അന്ന് ആദ്യ സിനിമയെക്കുറിച്ചൊന്നും പറയാതെ അൽപം അകലം പാലിച്ച് നിന്നു. പിന്നെ രണ്ടുവർഷം കഴിഞ്ഞാണ് ചക്കരയുമ്മയുടെ സംവിധായകനായി സാജൻ എറണാകുളത്ത് വരുന്നത്. എംജി റോഡിലുള്ള എയർലൈൻസ് ഹോട്ടലിലെ എന്റെ എഴുത്തുമുറിയിൽ വച്ചാണ് ആ കൂടിക്കാഴ്ച. കൂടെ അപ്പച്ചനുമുണ്ട്. ഞാനും എസ്.എൻ. സ്വാമിയും അപ്പച്ചനുമിരുന്ന് കഥാ ഡിസ്കഷനും മറ്റും നടത്തുന്നതിനിടയിൽ ‍ഞാൻ ചോദിച്ചു: ‘‘അന്ന് ഞങ്ങളുടെ ഓഫിസിൽ വന്നപ്പോൾ എന്താണ് സാജൻ എന്നോട് അകലം പാലിച്ചു നിന്നത്?’’

‘‘ഡെന്നിച്ചായൻ സൂപ്പർ ഹിറ്റ് റൈറ്റർ ആയിട്ട് ഓടി നടക്കുന്ന സമയല്ലേ, വെറുതെ ഞാൻ എന്തിനാണ് കേറി വാചകമടിച്ചു സമയം കളയുന്നത്?’’

ഒരാഴ്ചയിരുന്ന് ചക്കരയുമ്മയുടെ ഡിസ്കഷനും കഴിഞ്ഞ് സാജൻ മദ്രാസിലേക്ക് പോയത് നല്ലൊരു സുഹൃത്ബന്ധവും സ്ഥാപിച്ചിട്ടാണ്.

ചക്കരയുമ്മയുടെ ഷൂട്ടിങ് എറണാകുളത്തായിരുന്നു. ഷൂട്ടിങ് ഷെഡ്യൂൾ അനുസരിച്ച് പടം തീർത്തുകൊടുക്കണം. മമ്മൂട്ടി ഒത്തിരി സിനിമകളിൽ ഓടിനടന്ന് അഭിനയിക്കുന്ന സമയമായതുകൊണ്ട് കൃത്യസമയത്തു ഷൂട്ടിങ് തീർക്കാൻ സാജന് വളരെ പാടുപെടേണ്ടി വന്നു. നിർമാതാവ് അപ്പച്ചനും അക്കാര്യത്തിൽ കർക്കശക്കാരനായിരുന്നു. മധു, മമ്മൂട്ടി, കാജൽ കിരൺ, സോമൻ, ബേബി ശാലിനി, ശ്രീവിദ്യ, ജഗതി തുടങ്ങിയ ഏറ്റവും മാർക്കറ്റ് വാല്യു ഉള്ള ആർട്ടിസ്റ്റുകളായിരുന്നു ഇതിൽ അഭിനയിച്ചിരുന്നത്. ചിത്രം റിലീസായപ്പോൾ ഞങ്ങൾ വിചാരിച്ചതിനേക്കാൾ വൻവിജയം നേടാനും കഴിഞ്ഞു.

ഈ സമയത്താണ് വിജയ മൂവീസ് പടം ചെയ്യാനായി ഞങ്ങളെ സമീപിച്ചത്. ഞങ്ങൾ ചെയ്ത അവരുടെ ആദ്യ ചിത്രമാണ് കൂട്ടിനിളംകിളി. മമ്മൂട്ടി. അംബിക, ലാലു അലക്സ്, മേനക, സത്താർ, സുകുമാരി തുടങ്ങിയവർ അഭിനയിച്ച ആ ചിത്രവും വൻ വിജയമായിരുന്നു. അതോടെ ഞാൻ സ്ക്രിപ്റ്റ് എഴുതിയിരുന്ന മാതാ ടൂറിസ്റ്റ് ഹോമിൽ ഞങ്ങളെ വച്ച് പടം ചെയ്യിക്കാനായി നിർമാതാക്കൾ റൂമെടുത്തു താമസിക്കാൻ തുടങ്ങി. ജോഷിക്കുവേണ്ടി മാത്രം ചിത്രം ചെയ്തുകൊണ്ടിരുന്ന എനിക്ക് പിന്നെ സാജന്റെയും സ്ഥിരം എഴുത്തുകാരനായി മാറേണ്ടി വന്നു.

വിജയാ മൂവീസിന്റെ അടുത്ത ചിത്രമായ 'ഒരുനോക്കു കാണാൻ’ എന്ന സിനിമയും ആ വർഷം തന്നെ ഞങ്ങൾ ചെയ്തു. അതെഴുതിയത് ഞാനും എസ്.എൻ. സ്വാമിയുമാണ്. ബേബി ശാലിനി ഡബിൾ റോളിൽ പ്രത്യക്ഷപ്പെട്ട ആ ചിത്രം സ്ത്രീജനങ്ങള്‍ നെഞ്ചിലേറ്റിയതോടെ വൻ ഹിറ്റായി മാറുകയായിരുന്നു.

തുടർന്ന് ഞാൻ സാജനു വേണ്ടി 'തമ്മിൽ തമ്മിൽ', ഉപഹാരം, നാളെ ഞങ്ങളുടെ വിവാഹം, നിറഭേദങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ എഴുതി. നിറഭേദങ്ങൾ പ്രതീക്ഷിച്ചതു പോലെ സാമ്പത്തിക വിജയം നേടാനായില്ലെങ്കിലും മറ്റ് അഞ്ചു ചിത്രങ്ങളും വിജയമായിരുന്നു. എന്നാൽ നിറഭേദങ്ങളെക്കുറിച്ച് വിജയാമൂവീസിന്റെ സേവ്യർ സാർ എന്നോട് പറഞ്ഞ ഒരു വാചകം ഞാൻ ഇന്നും ഓർക്കുന്നു.

‘‘നിറഭേദങ്ങൾ നമ്മൾ വിചാരിച്ചതുപോലെ സാമ്പത്തിക വിജയം നേടാനായില്ലെങ്കിലും ഞങ്ങൾ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണത്’’.

ശരിയായിരുന്നു. എന്റെയും സാജന്റെയും കലാപരമായി മികച്ചു നിന്ന സിനിമയാണ് നിറഭേദങ്ങൾ. കൂടാതെ സാജൻ വിജയാ മൂവീസിനുവേണ്ടി എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ സ്നേഹമുള്ള സിംഹം, കണ്ടു കണ്ടറിഞ്ഞു തുടങ്ങിയ സിനിമകൾ കൂടി ചെയ്തിരുന്നു. എന്നാല്‍ സാജനു വേണ്ടി ഏറ്റവും കൂടുതൽ സ്ക്രിപ്റ്റ് എഴുതിയിട്ടുള്ളത് ഞാനായിരുന്നു– ഏഴു ചിത്രങ്ങൾ.

1984 മുതൽ തൊണ്ണൂറു വരെ ആറു വർഷം കൊണ്ട് മമ്മൂട്ടിയെ വച്ച് ഒൻപതു ചിത്രങ്ങളാണ് സാജൻ ഒരുക്കിയത്. അതിൽ 'കണ്ടു കണ്ടറിഞ്ഞു', 'ഗീതം' എന്നീ സിനിമകളിൽ മമ്മൂട്ടിയോടൊപ്പം മോഹൻലാലും അഭിനയിച്ചിരുന്നു. തൊണ്ണൂറ് കാലഘട്ടം തുടങ്ങിയപ്പോൾ സിനിമയുടെ ട്രെൻഡിൽ മാറ്റം വരാൻ തുടങ്ങി. അതോടെ സാജനും ചിത്രങ്ങൾ കുറഞ്ഞുതുടങ്ങി. ഇതിനിടയിൽ പല ചെറിയ സിനിമകളും ചെയ്തെങ്കിലും സാജന് ഒരു ഗുണവും ചെയ്തില്ല.

കുറേനാളായി പടം ചെയ്യാതെ ഇങ്ങനെ വീട്ടിലിരിക്കുമ്പോഴാണ് സാജനെത്തേടി ഒരു സിനിമ വരുന്നത്. നിർമാതാവ് കെ.ടി. കുഞ്ഞുമോൻ ഒരു ദിവസം സാജനെ വിളിക്കുന്നു, സാജൻ മദ്രാസിൽ ചെല്ലുന്നു. റാഫി മെക്കാർട്ടിന്റെ കയ്യിൽ ഒരു കഥയുണ്ട്. അവർ അന്ന് സിനിമയിൽ വന്നിട്ടൊന്നുമില്ല. ഈരാളിയുടെ ഫ്ലാറ്റിൽ ഏതോ ഒരു പടത്തിന്റെ തിരുത്തൽ വാദികളായി കൂടിയിരിക്കുകയാണ് അവർ. ഈരാളിയാണ് റാഫി മെക്കാർട്ടിനെ കുഞ്ഞുമോന് പരിചയപ്പെടുത്തുന്നത്. അവർ ചെന്നു കുഞ്ഞുമോനോടു കഥ പറഞ്ഞു. കുഞ്ഞുമോന് കഥ ഇഷ്ടപ്പെടുന്നു. എന്നാൽ കുഞ്ഞുമോന്റെ അടുത്ത പടത്തിൽ സ്ക്രിപ്റ്റെഴുതാൻ വേണ്ടി അയാൾ എനിക്ക് അഡ്വാൻസ് തന്നിരിക്കുകയാണ്. റാഫി മെക്കാർട്ടിന് സ്ക്രിപ്റ്റ് എഴുതിയാൽ കൊള്ളാമെന്നു വലിയ ആഗ്രഹമുണ്ട്. കുഞ്ഞുമോൻ അവരോട് എനിക്ക് അഡ്വാൻസ് തന്ന കാര്യം പറഞ്ഞിട്ട് എന്നെ വിളിക്കുന്നു.

‘ഡെന്നിസ് ഭായ്’ എന്ന ആമുഖത്തോടെ സാജന്റെയും റാഫി മെക്കാർട്ടിന്റെയും കാര്യം എന്നോട് പറയുന്നു. ഞാൻ സമ്മതിച്ചാൽ മാത്രമേ കുഞ്ഞുമോൻ അവരെ കൊണ്ട് സ്ക്രിപ്റ്റ് എഴുതിക്കുകയുള്ളൂ. അതുകേട്ടപ്പോൾ ഞാൻ പറഞ്ഞു: ‘‘കുഞ്ഞുമോൻ അവരെക്കൊണ്ട് എഴുതിച്ചോളൂ. പുതിയ ആളുകളാകുമ്പോൾ നല്ല ഐഡിയാസ് ഒക്കെ ഉണ്ടാകും’’

അങ്ങനെയാണ് റാഫി മെക്കാർട്ടിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്സ്’ എന്ന സിനിമയുണ്ടാകുന്നത്. അവരുടെ ആദ്യത്തെ തിരക്കഥയാണ്. ജഗദീഷും സിദ്ദീഖുമാണ് നായകന്മാർ. അവർ തുടർച്ചയായി എന്റെ സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് തുടങ്ങുന്നതിനു കുറച്ചു ദിവസം മുൻപ് സാജൻ എന്നെ വിളിച്ചിരുന്നു: ‘‘ഡെന്നിച്ചായൻ എനിക്ക് ഒരു ഹെൽപ് െചയ്യണം. ജഗദീഷിന്റെയും സിദ്ദീഖിന്റെയും ആറേഴു ദിവസം എങ്ങനെയെങ്കിലും എനിക്ക് അഡ്ജസ്റ്റ് ചെയ്ത് തരണം. അവരുടെ ഡേറ്റ് ശരിയായി വന്നില്ലെങ്കിൽ കുഞ്ഞുമോൻ പടം വേണ്ടെന്നു വയ്ക്കും.’’

അത് കേട്ടപ്പോൾ ഞാൻ ആകെ വല്ലാതായി. ഞാൻ എന്താണ് ചെയ്യേണ്ടതിനുള്ള ആലോചനയിൽ അടുത്തടുത്ത് ഡേറ്റ് വാങ്ങിയിട്ടുള്ള രണ്ടു നിർമാതാക്കളെയും വിളിച്ചു വരുത്തി അവർക്ക് താല്പര്യമില്ലെങ്കിലും മൗനം സമ്മതരൂപത്തിൽ ആക്കിയെടുത്തു. അങ്ങനെയാണ് മിസ്റ്റർ ആൻഡ് മിസ്സിസ്സ് യാഥാർഥ്യമായത്. ആ പടം വലിയ കുഴപ്പമില്ലാതെ ഓടുകയും ചെയ്തു.

പിന്നീട് സാജന് കുറച്ചു കാലത്തെ ഗ്യാപ്പ് വന്നു. പടം തീരെയില്ലാതായെങ്കിലും ഒരു നിർമാതാവിന്റെ മുൻപിലും ചെന്ന് ഒരു സിനിമ തരണമെന്നൊന്നും സാജൻ പറഞ്ഞിട്ടില്ല. തന്റെ ഇമേജിന് ദോഷം വരുന്ന കാര്യത്തിൽ സാജൻ വളരെ ശ്രദ്ധാലുവായിരുന്നു. നാളെ എന്താകുമെന്നോർത്ത് വിഷമിക്കുന്ന ആളല്ല, ഇന്നത്തെ സന്തോഷത്തിനു വേണ്ടി നല്ല നല്ല സ്വപ്‌നങ്ങൾ കാണുക എന്ന തത്വപരമായ ചിന്തയും മനസ്സിൽപേറി നടക്കുന്ന ആളായിരുന്നു സാജൻ.

പോയകാലത്തും പുതിയ കാലത്തും സൗഹൃദം നന്നായിട്ടു സൂക്ഷിക്കുന്ന അപൂർവം വ്യക്തികളിലൊരാളായിരുന്നു സാജൻ. ഞങ്ങൾ തമ്മില്‍ പരിചയപ്പെട്ട അന്നു മുതൽ നീണ്ട മുപ്പത്തിയെട്ടു വർഷം കഴിഞ്ഞിട്ടും ഞങ്ങളുടെ സൗഹൃദം ഇന്നും അഭംഗുരം തുടരുകയാണ്.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}